ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 1

ആദ്യം തന്നെ പറഞ്ഞോട്ടെ.. ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചു പോയവരോ മരിച്ചു ജീവിക്കുന്നതോ ആയ ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയരുമായും ഒരു സാദൃശ്യവും ഇല്ല എന്ന് ഇവിടെ പ്രഖ്യാപിച്ചു കൊള്ളുന്നു.

അങ്ങനെ ബൈജു ഒടുവില്‍ ഉദ്യാന നഗരത്തില്‍ എത്തി. തമിള്‍ നാട്ടില്‍ പോയി കഷ്ടപ്പെട്ട് സംഘടിപ്പിച്ച MCA സര്‍ട്ടിഫിക്കറ്റ് അടങ്ങുന്ന ഒരു ബാഗും മറ്റൊരു വലിയ ബാഗില്‍ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും മനസ്സ് നിറയെ സംശയങ്ങളും ആയിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. ഒപ്പം പഠിച്ച കുറച്ചു സുഹൃത്തുക്കളുടെ അഡ്രസ്‌ ഉണ്ട്. അവന്മാര്‍ എന്നെ പോലെ തന്നെ ജോലി തപ്പാനാണ് ഇവിടെ വന്നിരിക്കുന്നത്. ബാംഗ്ലൂര്‍ ചെന്നാല്‍ കമ്പ്യൂട്ടര്‍ തൊട്ടിട്ടുള്ള ആരെയും പിടിച്ചു ജോലി കൊടുക്കും എന്ന് ആള്‍ക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്.

അങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങി. ഓട്ടോകാര്‍ ചുറ്റിനും കൂടി.

പണ്ടാരം അടങ്ങാന്‍ മലയാളം , ഇംഗ്ലീഷ് , കുറച്ചു തമിള്‍ ഇതല്ലാതെ വേറൊരു വസ്തു അറിയില്ല.കൊണ്ട് പോകുമോ ന്നു ചോദിച്ചു നോക്കാം. അഡ്രസ്‌ കുറിച്ച് വച്ച കടലാസ്സ്‌ നോക്കി വായിച്ചു. മടിവാള . ഇതൊക്കെ സ്ഥലത്തിന്‍റെ പേര് തന്നെയോ ആവോ... തമ്പുരാനറിയാം. അവന്‍ ചോദിച്ചു റൂട്ട് ഗോത്ത എന്ന്. അതെന്തു കുന്തമാണോ . ഒടുവില്‍ കയറാന്‍ പറഞ്ഞു. ഓട്ടോ ഓടി തുടങ്ങി. കൊള്ളാം. ബെസ്റ്റ് സ്ഥലം. പണ്ട് വന്ദനം, ജോണി വോക്കെര്‍ മുതലായ പദങ്ങളില്‍ കണ്ട സ്ഥലങ്ങള്‍ . റോഡില്‍ എവിടെ നോക്കിയാലും കന്നുകാലികള്‍ അലഞ്ഞു നടക്കുന്ന പോലെ പെണ്ണുങ്ങള്‍.. പട്ടികള്‍.. BMTC ബസുകള്‍. അങ്ങനെ ആകെ ഒരു ജഗപൊക. ചുമ്മാതല്ല ഇവിടെ വരുന്നവന്‍ ഒക്കെ തിരിച്ചു പോവാത്തത്‌. ഒടുവില്‍ മടിവാള എത്തി. മീറ്ററില്‍ കാണിച്ചതിന്റെ ഡബിള്‍ ചോദിച്ചു ഓട്ടോക്കാരന്‍. ഒന്നും മിണ്ടാതെ പൈസ കൊടുത്തു കീഴടങ്ങി. കന്നഡ പഠിച്ചേ പറ്റൂ . അല്ലെങ്ങില്‍ ഇവന്മാര്‍ എന്നെ കൊലക്ക് കൊടുക്കും.

മഹേഷിന്‍റെ റൂമിന് മുമ്പില്‍ എത്തി. അവന്‍ വന്നു വാതില്‍ തുറന്നു. 'അളിയാ' എന്നൊരു വിളിയും കെട്ടി പിടിത്തവും ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല.

മുറിക്കുള്ളിലേക്ക് കടന്നപ്പോഴാണ് അതിന്‍റെ കാരണം മനസ്സിലായത്. ആകെ ഒരു മുറി ആണ് ഉള്ളത്. നിലത്തു വിരിച്ച പായില്‍ രണ്ടു പേര്‍ ഇപ്പൊ തന്നെ ഉണ്ട്.

അവിടം ആകെ ചിതറി കിടക്കുന്ന പുസ്തകങ്ങള്‍. .net. java, SQL അങ്ങനെ അങ്ങനെ. resume യുടെ printouts ഉം കാണാം. എനിക്കും ഇതൊക്കെ വേണ്ടി വരുമല്ലോ ഭഗവാനെ..

'കഴിക്കാന്‍ പോണ്ടേ ? ' മഹേഷ്‌ ചോദിച്ചു. മടിച്ചു മടിച്ചു അവനോടു ചോദിച്ചു. 'ഇവിടെ ചോറ് കിട്ടുമോ ചേട്ടാ ? ' ഭാഗ്യം. അവനു ഒരു മെസ്സ് അറിയാം. അവിടെ എല്ലാ കേരള ഐറ്റംസ് ഉം കിട്ടും.അങ്ങോട്ട്‌ പോവുക തന്നെ..

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 2

അങ്ങനെ... മെസ്സില്‍ പോയി ചോറും മീന്‍ കറിയും ഒക്കെ കഴിച്ചു വന്നു. മുറിയില്‍ ബാക്കി ഉള്ളവരെ പരിചയപ്പെട്ടു. സജീവും പ്രിയേഷും. സജീവിന്‍റെ സ്ഥലം പാലക്കാട്. പ്രിയേഷ് കോഴിക്കോട് നിന്നും. ഞാന്‍ കൊല്ലത്ത് നിന്നാണെന്ന് പറഞ്ഞപ്പോ ഒരു ഭീകര ജീവിയെ കണ്ട പോലെ അവന്മാര്‍ നോക്കി. തെക്കന്മാരെ പറ്റി വടക്കുള്ളവര്‍ പറയാറുള്ള ഒരു ചൊല്ല് എനിക്ക് ഓര്‍മ വന്നു. പാമ്പിനെയും തെക്കനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ അടിച്ചു കൊല്ലണം അത്രേ. ഹാം.. കുറച്ചു കൂടി കഴിഞ്ഞോട്ടെ. കാണിച്ചു തരാമെടാ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. അവരോടു വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു. അതൊക്കെ കേട്ടപ്പോ തന്നെ അടുത്ത വണ്ടിക്കു നാട്ടിലേക്ക് വിട്ടാലോ എന്ന് തോന്നി. ഇന്റര്‍വ്യൂ ചോദ്യങ്ങള്‍ പ്രിന്റ്‌ ഔട്ട്‌ എടുതിട്ടിരിക്കുന്നത് കണ്ടിട്ട് തന്നെ തല കറങ്ങുന്നു. ഇവന്മാര്‍ പറയുന്നത് കേട്ടിട്ട് സംഗതി എടങ്ങേര്‍ ആവും ന്ന തോന്നുന്നേ. നാട്ടില്‍ ടോപാസ് ഇന്സ്ടിടൂറ്റ് ല നിന്ന് പഠിച്ച .നെറ്റ് ഒന്നും പോര ഇവിടെ പിടിച്ചു നിക്കാന്‍. എങ്ങാനും ഇന്റര്‍വ്യൂ നു പോയാല്‍, മേലെ പറമ്പില്‍ ആണ്‍ വീടില്‍ ജഗതി പറയുന്ന പോലെ ഇതെന്‍റെ .നെറ്റ് അല്ല. എന്‍റെ .നെറ്റ് ഇങ്ങനല്ല എന്ന് പറയേണ്ടി വരുമല്ലോ ഭഗവാനെ തല കറങ്ങുന്നു. എന്‍റെ ഭാവം കണ്ടിട്ട് മഹേഷ്‌ സമാധാനിപ്പിച്ചു. നീ പേടിക്കണ്ട. ആദ്യം ഒക്കെ ഇങ്ങനെ ഉണ്ടാവും എന്ന് പറഞ്ഞു. നാളെ തന്നെ ഒരു resume ഉണ്ടാക്കണം. അതില്‍ എഴുതാനുള്ളതെല്ലാം ഓര്‍ത്തു കൊണ്ട് ചെകുത്താനെ പ്രാര്‍ഥിച്ചു ഉറങ്ങാന്‍ കിടന്നു

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 3

    നേരം വെളുത്തു. കിടക്കയില്‍ നിന്നെഴുനേറ്റു പുറത്തേക്കിറങ്ങി. വായില്‍ നിന്ന് വന്ന കോട്ടുവാ അവിടെ തന്നെ നിന്ന് പോയി. ചുറ്റിനും നയന മനോഹരമായ കാഴ്ച. എല്ലാ കെട്ടിടങ്ങളില്‍ നിന്നും സുന്ദരികളായ പെണ്‍കിടാങ്ങള്‍ പുറത്തേക്കു വരുന്നു. ചിലര്‍ പരസ്യമായി നിന്ന് പൌഡര്‍ ഒക്കെ ഇടുന്നു. 'ഡാ.. ഇങ്ങു കയറി പോര് '' മഹേഷ്‌ വിളിക്കുന്നത്‌ കേട്ട് തിരിഞ്ഞു നോക്കി. "അതൊക്കെ ലേഡീസ് PG കള്‍ ആണ്. അങ്ങോട്ട്‌ അധികം നോക്കണ്ട ട്ടാ " എന്താണാവോ.. അത് കേട്ടതും ഞാന്‍ അങ്ങോട്ട്‌ തന്നെ നോക്കി. ജോലി വല്ലതും ശരിയാവുന്നത് വരെ ഇവളുമാരെ ഒക്കെ വായി നോക്കാം. നല്ല കമ്പനിയില്‍ വല്ലതും ജോലി ചെയ്യുന്ന ഒരുത്തിയെ കിട്ടിയാല്‍ അവളെ പണിക്കു വിട്ടെങ്കിലും ജീവിക്കമെട എന്നൊക്കെ മഹേഷ്‌ നോട് പകുതി തമാശയും പകുതി സീരിയസ് ആയും പറഞ്ഞു.

അങ്ങനെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞു. നമസ്തേ എന്ന് പറഞ്ഞു resume എടുത്തു. ഇനി ഇത് ശരിയാക്കണം. കുടുംബത്തില്‍ പിറന്ന ഒരു കമ്പനിയിലും ജോലി ചെയ്ത പരിചയം ഇല്ല. experience എന്നാ കോളം എങ്ങനെ ഫില്‍ ചെയ്യുമോ ഈശ്വരാ.. നാട്ടില്‍ രണ്ടു മുറി കടയില്‍ കുന്നേലെ രമേശന്‍ ചേട്ടന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കമ്പ്യൂട്ടര്‍ ഇന്സ്ടിടൂടില്‍ 6 മാസം സ്കൂള്‍ പിള്ളാര്‍ക്ക് MS ഓഫീസ് പറഞ്ഞു കൊടുത്തത് ആണ് ആകെയുള്ള തൊഴില്‍ പരിചയം. മഹേഷിനോട് ചോദിക്കാം. എന്ത് ചെയ്യണം ന്നു . എന്‍റെ സംശയം കേട്ടതും അവന്‍ ഒരു പൊട്ടിച്ചിരി. "ചിരിക്കാതെടാ.. എന്ത് ചെയ്യുമെന്ന് പറ" അവന്‍ പറഞ്ഞു തന്നത് കേട്ടപ്പോ എനിക്കും ചിരി വന്നു. ഞാന്‍ എഴുതി വച്ചിരുന്നതൊക്കെ അവന്‍ അടിമുടി മാറ്റി.

പ്രൊജക്റ്റ്‌ : കോര്‍പ്പറേറ്റ് ഓഫീസ് ഓട്ടോമേഷന്‍ ട്രാന്‍സിഷന്‍ ( പഞ്ചായത്ത് ഓഫീസില്‍ ജോലി ഉള്ള നളിനി ചേച്ചിക്ക് കമ്പ്യൂട്ടര്‍ പഠിപ്പിച്ചു കൊടുത്തതിനാ )

ടെക്നോളജി : മൈക്രോസോഫ്ട്‌ പെപെര്‍ലെസ്സ് ഓഫീസ് ടൂള്‍സ്

റോള്‍ : ട്രാന്‍സിഷന്‍ ലീഡ് ( ആകെ ഞാന്‍ ആണ് അവിടുണ്ടായിരുന്ന ഒരേ ഒരു ഫാക്കല്‍റ്റി )

പീരീഡ്‌ : 6 മാസം ( അപ്പോഴേക്കും രമേശന്‍ ചേട്ടന്‍റെ കട പൂട്ടി )

ഹാവു.. അങ്ങനെ അത് കലക്കി.. പക്ഷെ ഇത് പോര. ഇനിയും വേണം. കുറഞ്ഞത്‌ ഒരു വര്‍ഷം എങ്കിലും കാണിക്കണം. മഹേഷേ.... വീണ്ടും ദയനീയമായി വിളിച്ചു... "ഡാ പേടിക്കണ്ട.. ഒരു ചെറിയ സര്‍ട്ടിഫിക്കറ്റ് നമുക്ക് ഉണ്ടാക്കാം " "അയ്യോ.. വ്യാജ സര്‍ട്ടിഫിക്കറ്റ് ? അത് എന്തായാലും വേണ്ടാ ട്ടാ " എന്നൊക്കെ പറഞ്ഞു. പക്ഷെ അവന്‍ പറഞ്ഞു .. 'ഇങ്ങനെ ഗാന്ധി കളിച്ചു നടന്നിട്ടൊന്നും കാര്യമില്ല മോനെ... നിനക്ക് ജോലി വേണോ അതോ നാട്ടിലേക്ക് തിരിച്ചു പോണോ ? എന്ന് അവന്‍ ചോദിച്ചു.. ശരി. എന്നാ നമുക്ക് റെഡി ആക്കാം. എന്തായാലും ജോലി വേണമല്ലോ. അങ്ങനെ അവന്‍ എന്തൊക്കെയോ അതിന്‍റെ മൂട്ടില്‍ എഴുതി ചേര്‍ത്ത്...നാട്ടിലെ ലത ചേച്ചിയുടെ കല്യാണ ആലോചനക്കു ഉണ്ടാക്കിയ ബയോ ടാറ്റ കണ്ടിട്ടാണ് ഞാന്‍ എന്‍റെ resume ഉണ്ടാക്കിയത്. അതുകൊണ്ട് എന്‍റെ പ്രായം, നിറം, അച്ഛന്‍ , അമ്മ, തറവാട്ട്‌ പേര്, എല്ലാം അതില്‍ അടിച്ചു വച്ചിട്ടുണ്ടാരുന്നു. മഹേഷ്‌ അതൊക്കെ വെട്ടി മാറ്റി. വേര്‍ഡില്‍ ഇട്ടു ഒന്ന് കയറ്റി ഇറക്കി. ഉള്ളത് പറയാമല്ലോ ഇപ്പൊ അത് കണ്ടാല്‍ എന്‍റെ resume ആണെന്ന് ഞാന്‍ പോലും പറയില്ല...


    അങ്ങനെ ആദ്യ കടമ്പ കഴിഞ്ഞു . ഇനി ഒരു ഇളം നീല ഷര്‍ട്ടും പാന്റ്സ് ഉം ഷൂ ഒക്കെ വാങ്ങണം. എങ്ങനെ ഒരു ഇന്റര്‍വ്യൂ അഭിമുഖീകരിക്കാം എന്നൊരു ബുക്ക്‌ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് വാങ്ങി പഠിച്ചു വച്ചിട്ടുണ്ട്. നാളെ തന്നെ മഹേഷിനെയും കൂട്ടി പുറത്തു പോയി ഇതൊക്കെ വാങ്ങണം...

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 4

    ഇന്ന് ചില consultancy യിലൊക്കെ ഒന്ന് പോണം. resume എല്ലായിടത്തും വിതരണം ചെയ്യണം. മഹേഷ്‌ തന്ന ലിസ്റ്റ് നോക്കി ഇറങ്ങി. ആദ്യം കൊടുത്തിരിക്കുന്ന അഡ്രസ്‌ എം ജി റോഡിലുള്ള ഏതോ ഒരെണ്ണം ആണ്. അങ്ങോട്ട്‌ തന്നെ വിടാം ആദ്യം. ബ്രിഗേഡ് റോഡ്‌ ഒക്കെ ഒന്ന് കണ്ടു വരികയും ആവാം. ഒരു ബസില്‍ കയറി പറ്റി. ഒരു പൂരത്തിനുള്ള ആളുണ്ട് അതിനകത്ത്. വോള്‍വോയില്‍ പോയ മതിയാരുന്നു. ബട്ട്‌ സാമ്പത്തിക നില അത്രയ്ക്ക് ഭദ്രം അല്ല. ഒരു ജോലി കിട്ടട്ടെ. അത് വരെ KSRTC യുടെ പാസ്സ് തന്നെ ശരണം. ഈ പരിപാടി കൊള്ളാം . 25 രൂപ കൊടുത്താല്‍ ഒരു ദിവസം മുഴുവന്‍ KSRTC ബസില്‍ കയറി അര്‍മാദിക്കാം. അങ്ങനെ ഒടുവില്‍ അത് ബ്രിഗേഡ് റോഡില്‍ എത്തി. ചാടി ഇറങ്ങി. അറിയാവുന്ന ഹിന്ദി, ഇംഗ്ലീഷ് ഒക്കെ പ്രയോഗിച്ചു ഒടുവില്‍ ഓഫീസ് കണ്ടു പിടിച്ചു. ചെറിയ ഓഫീസ് ആണെങ്കിലും കൊള്ളാം. സെക്യൂരിറ്റി ഒക്കെ ഉണ്ട്. അയാളോട് പറഞ്ഞു ചേട്ടാ ഒരു ജോലിയുടെ കാര്യത്തിനാണെന്ന്. അയാള്‍ തല കുലുക്കി. പുള്ളി ദിവസവും ഇതെത്ര കാണുന്നതാ.

     കയറി ചെല്ലുന്നിടത്ത് കിളി പോലുള്ള ഒരു സുന്ദരി. ഓള്‍ സയിന്റ്സ് കോളേജ് ന്‍റെ അടുത്ത് വച്ച് പണ്ട് ഒരു പെണ്ണിന്‍റെ ഒമ്പതിഞ്ചു വലിപ്പമുള്ള ചെരിപ്പിന്റെ അടി കൊണ്ട് അന്ത്യശ്വാസം വലിച്ച പൂവാലന്‍ വീണ്ടും തല പോക്കുന്നു. വേണ്ട വേണ്ട. ജോലി ആണ് ഇപ്പൊ പ്രധാനം. അടങ്ങി ഇരിക്കാം. എന്നാലും ഇതിനെ ഒക്കെ എന്തിനു ഇങ്ങനെ സൃഷ്ടിക്കുന്നു ഈശ്വരാ എന്ന് മനസ്സില്‍ വിചാരിച്ചു അവളുടെ അടുത്തേക്ക് ചെന്നു.ഒരു CBI ഡയറി കുറിപ്പില്‍ മമ്മുട്ടി പറയുന്ന പോലെ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു. ഇവളെ കണ്ടിട്ട് നോര്‍ത്തി ആണെന്ന് തോന്നുന്നു. "ഐ ആം ബൈജു. ഐ ആം ഫ്രം കേരള . ഐ നീഡ്‌ എ ജോബ്‌ ' എന്നൊക്കെ പറഞ്ഞു. ഇതു ടെക്നോളജിയില്‍ ആണ് പണി എടുക്കുന്നതെന്ന് അവള്‍ ചോദിച്ചു. .NET, SQL, ഒക്കെ വച്ച് കാച്ചി. ഇവള്‍ക്ക് ടെക്നോളജി വലിയ പിടി ഇല്ലെന്നു തോന്നുന്നു. കേരളത്തില്‍ എന്താ ചെയ്തിരുന്നതെന്ന് ചോദിച്ചു. പ്രീവിയസ് എക്സ്പീരിയന്‍സ് അറിയാനാവും. മഹേഷ്‌ പഠിപ്പിച്ചു തന്നതൊക്കെ അടിച്ചു. ഒരു ചായക്കടയും തുന്നല്‍ കടയും ഉള്ള പഴയ ഒരു ഓടിട്ട രണ്ടു നില കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയില്‍ സാഹസികമായി പ്രവര്‍ത്തിച്ചിരുന്ന രമേശന്‍ ചേട്ടന്‍റെ സ്ഥാപനം എന്‍റെ വാക്കുകളിലൂടെ ഒരു വമ്പന്‍ ഷോപ്പിംഗ്‌ മാല്‍ ന്‍റെ ലെവല്‍ 1 ല്‍ നടന്നു വന്നിരുന്ന ഒരു ഹൈ ടെക് സോഫ്റ്റ്‌വെയര്‍ കമ്പനി ആയി മാറി. അവിടുത്തെ ട്രാന്‍സിഷന്‍ ലീഡ് ആയിരുന്നു എന്ന് പറഞ്ഞപ്പോ ആ പെണ്ണ് കണ്ണൊക്കെ ബള്‍ബ്‌ ആയി ഒന്ന് നോക്കി. ഭഗവാനെ.. ഓവര്‍ ആയോ എന്തോ . ഞാന്‍ പറയുന്നത് കേട്ടിട്ട് എനിക്ക് തന്നെ ചിരി വന്നു. എന്തൊക്കെ പുളുവാണോ ഈ പറയുന്നത്. ഇവളെങ്ങാന്‍ അവിടെ വന്നു നോക്കിയാല്‍ ഇവളും ചിരിച്ചു മരിച്ചത് തന്നെ. ഒടുവില്‍ അവള്‍ resume വാങ്ങി ഷെല്‍ഫിലേക്ക്‌ വച്ചു. മുമ്പിലിരിക്കുന്ന കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ഫീഡ് ചെയ്തു. ശരി . ഇനി ഇറങ്ങിയേക്കാം. അടുത്ത സ്ഥലത്തേക്ക് പോണമല്ലോ.

     ബൈ ഒക്കെ പറഞ്ഞു. തിരിച്ചു നടന്നു ഡോറിന്റെ അടുത്ത് വരെ എത്തി. അപ്പൊ അതാ അവള്‍ വിളിക്കുന്നു.. 'ബൈജു .. ഇതാ ഇത് കൂടി എടുത്തോ ' ന്നു .. നല്ല പച്ച മലയാളത്തില്‍. ടോം & ജെറിയില്‍ ചിലപ്പോ ഒക്കെ ടോം ഷോക്ക്‌ അടിച്ചു നിക്കുന്ന പോലെ ഞാന്‍ ഒരു നില്‍പു നിന്ന്. അപ്പോഴതാ അവള്‍ വീണ്ടും.. "ബൈജു.. ആ ഇംഗ്ലീഷും വീര വാദവും ഒക്കെ കേട്ടപ്പോ തന്നെ എനിക്ക് മനസ്സിലായി തന്‍ ഒരു മല്ലു ആണെന്ന്. ഇതു വരെ പോവും എന്നറിയണ ഞാന്‍ ഇത് വരെ വെയിറ്റ് ചെയ്തത്. ഇവിടെ ആദ്യം ആണല്ലേ ? " അവളുടെ ചോദ്യം.. "അതെ" എന്ന് വിക്കി വികി പറഞ്ഞു."കേട്ടപ്പോ തോന്നി. ഒരു ഉപദേശം തരാം. ഇങ്ങനെ ഒരു resume ഉണ്ടാക്കി കൊണ്ട് പോവുമ്പോ കുറഞ്ഞത്‌ ആ consultancy യിലെങ്കിലും ഉള്ളത് പറയണം. അല്ലാതെ ഇവിടെ വന്നു ഇങ്ങനെ വാചകം അടിച്ചു പോയാല്‍ അവസാനം ഒരുത്തനും കാണില്ല രക്ഷിക്കാന്‍. തല്ക്കാലം പേടിക്കാതെ പൊക്കോ. പറ്റിയ ചാന്‍സ് വല്ലതും വന്നാല്‍ ഞാന്‍ അറിയിക്കാം "അപ്പോഴേക്കും എനിക്ക് അവിടുന്ന് എങ്ങനേലും രക്ഷ പെട്ട മതി ന്നായി. "കുട്ടിയുടെ സ്ഥലം എവിടാ ? എന്താ പേര് ? " ചുമ്മാ കുശലം ചോദിച്ചു."എന്‍റെ പേര് പ്രിയ. ഞാന്‍ തിരുവല്ലയില്‍ നിന്നാ. അപ്പൊ ശരി. കാണാം. " എന്ന് പറഞ്ഞു അവള്‍ ഫോണ്‍ എടുത്തു. "ശരി കാണാം" എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി.ഡോര്‍ വരെ നടന്നു. ഡോര്‍ തുറന്നിട്ട്‌ കുറച്ചു ദൂരം ഓടി. "അയ്യോ.. ആവൂ വയ്യ.. " ഇനി നാളെ ആവാം. ഇന്നിനി ആരെയും കാണാനുള്ള ശക്തി ഇല്ല..

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 5

    അങ്ങനെ ഒടുവില്‍ ഒരു ഇന്റര്‍വ്യൂ ഒത്തു വന്നു. നാളെ രാവിലെ 10 നു കോനപ്പന  അഗ്രഹാരത്തിനടുത്തുള്ള കമ്പനി ഓഫീസില്‍ എത്താന്‍ consultant വിളിച്ചു പറഞ്ഞു. എങ്ങനെ ഡ്രസ്സ്‌ ചെയ്യണം എന്നൊക്കെ മഹേഷ്‌ പറഞ്ഞു തന്നു. ഫയല്‍ ഒക്കെ ശരിയാക്കി. സമയത്ത് തന്നെ ഓഫീസില്‍ എത്തി. ഈശ്വരാ. കുറെ ആള്‍ക്കാര്‍ ഇരിപ്പുണ്ട്. സെക്യൂരിറ്റി വന്നു സി വി വാങ്ങി പോയി. ഓരോരുത്തരെ ആയി വിളിക്കാന്‍ തുടങ്ങി. അത് വരെ കരുതി വച്ച ധൈര്യം ഒക്കെ ചോര്‍ന്നു പോയി.പഠിച്ച .നെറ്റ് ഒക്കെ ഒന്ന് കൂടി ഓര്‍ത്തു. രമേശന്‍ ചേട്ടനെ മനസ്സില്‍ ധ്യാനിച്ചു.

      "ബൈജു" "ബൈജു" സെക്യൂരിറ്റി അതാ വിളിക്കുന്നു. അകത്തേക്ക് കയറി. നല്ല കുളിരാ അകത്തു. മൂന്നു ചേട്ടന്മാര്‍ ടൈ ഒക്കെ കെട്ടി ഇരിപ്പുണ്ട്. ഇതൊരു ചെറിയ കമ്പനി ആണേലും ഇവന്മാരെ കണ്ടാല്‍ അത് പറയില്ല. സ്വയം പരിചയപെടുത്താന്‍ പറഞ്ഞു. ഭാരതം നമ്മുടെ രാഷ്ട്രമാണ്. നാമെല്ലാം ഭാരതീയരാണ്‌ എന്നൊക്കെ നാലാം ക്ലാസ്സില്‍ പറഞ്ഞ പോലെ എന്തൊക്കെയോ പറഞ്ഞു. ഇവന്മാര്‍ക്ക് പിടി കിട്ടിയോ ആവോ. ഒരുത്തന്‍ ചിരിക്കുന്നുമുണ്ട്. resume യില്‍ ഒന്ന് നോക്കി ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. surprisingly ചോദ്യങ്ങള്‍ ഒക്കെ വളരെ എളുപ്പമായിരുന്നു. എല്ലാത്തിനും ഉത്തരവും പറഞ്ഞു. ഒടുവില്‍ അത് കഴിഞ്ഞു. പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. തുടിക്കുന്ന ഹൃദയത്തോട് കൂടി പുറത്തിറങ്ങി. ബാക്കി ഉള്ളവരെ ഒക്കെ നോന്നു നോക്കി. ഒരു ചെറിയ സമാധാനം തോന്നി.ഇത് കിട്ടും എന്ന് മനസ്സില്‍ എന്തോ ഒരു പ്രതീക്ഷ ഉണര്‍ന്നു. എന്തായാലും ആദ്യ കടമ്പ കഴിഞ്ഞല്ലോ. ഒരു മണിക്കൂര്‍ കഴിഞ്ഞു. വിളിക്കുന്നില്ലല്ലോ. സമയം ഇഴഞ്ഞു നീങ്ങുകയാണ്. പോയി ഒരു ഗ്ലാസ്‌ വെള്ളം ഒക്കെ എടുത്തു കുടിച്ചു.

     അങ്ങനെ മൂന്നു മണിക്കൂര്‍ കഴിഞ്ഞു അവര്‍ വിളിച്ചു . അകത്തേക്ക് കയറി. Resourcing manager എന്ന് സ്വയം പരിചയപെടുത്തിയ ഒരാള്‍ എന്നോടിരിക്കാന്‍ പറഞ്ഞു. "ബൈജു.. നമ്മള്‍ തങ്ങളുടെ പെര്ഫോര്‍മന്സില്‍ വളരെ ഹാപ്പി ആണ്. നിങ്ങളെ ഹയര്‍ ചെയ്യാന്‍ ഞങ്ങള്‍ റെഡി ആണ്. ഞങ്ങളുടെ കമ്പനിയുടെ പ്രത്യേകത എന്താന്ന് വച്ചാല്‍ ഞങ്ങള്‍ നിങ്ങള്ക്ക് ഒരു ജോലി അല്ല ഓഫര്‍ ചെയ്യുന്നത്. മറിച്ചു ഒരു കരിയര്‍ ആണ്. ബാക്കി കമ്പനീസ് ചെയ്യുന്ന പോലെ നിങ്ങളെ ഒരു കുബിക്കിളില്‍ ഇരുത്തി ഒരു മെഷീന്‍ ആക്കി മാറ്റാന്‍ ഞങ്ങളുടെ കമ്പനി ആഗ്രഹിക്കുന്നില്ല ". "ഹോ ഇവന്മാരെ ഒക്കെ പൂവിട്ടു പൂജിക്കണം. എന്നാണാവോ നമ്മുടെ നാട്ടില്‍ ഒക്കെ ഇങ്ങനെ വരുന്നത് " എന്നൊക്കെ ഞാന്‍ മനസ്സില്‍ വിചാരിച്ചു. അയാള്‍ തുടരുകയാണ്. " ഞങ്ങളുടെ എംപ്ലോയീസ് നെ എല്ലാത്തിലും ഒരു മോഡല്‍ ആക്കാനാണ് ഞങ്ങളുടെ ശ്രമം. അത് കൊണ്ട് നിങ്ങള്‍ ഇവിടെ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് നിര്‍ബന്ധമായും കമ്പനി കണ്ടക്റ്റ് ചെയ്യുന്ന ഒരു ഗ്രൂമിംഗ് കോഴ്സ് അറ്റന്‍ഡ് ചെയ്യണം. ഇത് ഇവിടെ മാത്രമല്ല എവിടെ പോയാലും നിങ്ങള്‍ക്ക് ഒരു വാല്യൂ അടിഷന്‍ ആയിരിക്കും. നിങ്ങളുടെ കയ്യില്‍ നിന്നും ട്രെയിനിംഗ് ഫീ ആയി ഞങ്ങള്‍ വാങ്ങുന്ന 100000 ഒരു നഷ്ടമായി കാണേണ്ടതില്ല. " എന്‍റെ കണ്ണില്‍ ഇരുട്ട് കയറി. "എത്രയാ സര്‍ ? ഒന്ന് കൂടി .. " വിറയലോടെ ചോദിച്ചു. "വെറും ഒരു ലക്ഷം രൂപ. ബട്ട്‌ നിങ്ങള്‍ക്ക് കിട്ടുന്നത് പത്തു ലക്ഷം രൂപയുടെ പാഠങ്ങള്‍ ആയിരിക്കും. " അയാള്‍ വീണ്ടും എന്തൊക്കെയോ തുടര്‍ന്നു. "ശരി സര്‍. ഞാന്‍ ആലോചിച്ചിട്ട് അറിയിക്കാം " എന്നൊക്കെ പറഞ്ഞിട്ട് ഇറങ്ങി.

     പുറത്തു നല്ല ചൂട്. സൂര്യന്‍ തലയ്ക്കു മീതെ തിളക്കുന്നു. തലക്കകത്തും എന്തൊക്കെയോ തിളച്ചു മറിയുന്നു. വഴിയരികില്‍ കണ്ട ഒരു കടക്കാരന്റെ അടുത്ത് നിന്ന് ഒരു തണ്ണി മത്തന്‍ ജൂസ് വാങ്ങി കുടിച്ചു. എന്ത് ചെയ്യണം ? കയ്യിലണേല്‍ അഞ്ചു പൈസ ഇല്ല. ഇന്റര്‍വ്യൂ എന്തായാലും ക്ലിയര്‍ ആയല്ലോ. രണ്ടും കല്പിച്ചു ട്രെയിനിംഗ് നു ചേര്‍ന്നാലോ. മഹേഷിനോട് ചോദിച്ചിട്ട് തീരുമാനിക്കാം. ഹാ ഹാ ഹാ .. കേട്ട പാടെ മഹേഷ്‌ പൊട്ടി ചിരിച്ചു. "ഇതിനാണോ നീ ഇങ്ങനെ വിഷമിചിരിക്കുന്നത്.. ഡാ. നീ രക്ഷ പെട്ട് ന്നു വിചാരിച്ചാല്‍ മതി. ഇങ്ങനത്തെ തട്ടിപ്പ് കമ്പനീസ് ഇവിടെ ഒരുപാടുണ്ട്. നീ കയ്യിലുള്ള പൈസ ഒക്കെ കൊടുത്തു അവിടെ ചെര്‍ന്നാലുണ്ടല്ലോ... ആറുമാസം കഴിയുമ്പോ അവന്മാര്‍ മുങ്ങും. നീ പിന്നെ റോഡിലിറങ്ങി നടക്കേണ്ടി വരും. " ഇവിടെ ആദ്യമായി വരുന്ന ആള്‍ക്കാരില്‍ പലരും ഇങ്ങനെ ചതിയില്‍ വീഴാറുണ്ട്‌" മഹേഷ്‌ തുടര്‍ന്നു. "ഹേ .. ഇതങ്ങനെ ആണെന്ന് തോന്നുന്നില്ല. അവര്‍ എല്ലാം കാണാന്‍ നല്ല മാന്യന്മാര്‍ ആണ്. കമ്പനി ഉം അത്ര ചെറുതല്ല. സെക്യൂരിറ്റി, റിസപ്ഷനിസ്റ്റ് ഒക്കെ ഉണ്ട്. ഫുള്‍ എ സി ഒക്കെ ആണ്. പിന്നെ അവന്മാര്‍ ചോദിച്ച ചോദ്യത്തിനൊക്കെ ശരിയുത്തരം പറഞ്ഞത് കൊണ്ടാണല്ലോ അവര്‍ എന്നെ സെലക്ട്‌ ചെയ്തത് " ഞാന്‍ തര്‍ക്കിച്ചു. "ഡാ. ഇതൊക്കെ അവരുടെ ടെക്നിക് ആണ്. ഇതിനെക്കാള്‍ വലിയ സെറ്റപ്പില്‍ ഉള്ള കമ്പനീസ് ഉണ്ട് ഇവിടെ. .നെറ്റ് ന്‍റെ ഇന്റര്‍വ്യൂ ചോദ്യങ്ങളുടെ പ്രിന്റ്‌ ഔട്ട്‌ ഇവിടെ ഇതു മുറുക്കാന്‍ കടയിലും വാങ്ങാന്‍ കിട്ടും. ശിവ പ്രസാദ്‌ കൊയിരാള എഴുതിയത്. അത് വായിച്ചു പഠിച്ചിട്ടാ എല്ലാവരും ഇതൊക്കെ അറ്റന്‍ഡ് ചെയ്യാന്‍ പോകുന്നത്. അവന്മാര്‍ ചോദ്യം ചോദിച്ചതും ഇതില്‍ നിന്നൊക്കെ തന്നെ ആയിരിക്കും അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. ശരിയാ. ആ ബുക്കിലുള്ള ചോദ്യങ്ങള്‍ തന്നെയാണ് അവന്മാര്‍ ചോദിച്ചത്. മനസ്സില്‍ ഉണ്ടായിരുന്ന സന്തോഷം പകുതി ആയി. "നീ അത് മറന്നേക്കു. എന്നിട്ട് വല്ല നല്ല കമ്പനിയിലും തപ്പാന്‍ നോക്ക്." മഹേഷ്‌ വീണ്ടും.. ശരിയാ. അത് വിട്ടേക്കാം. ദൈവം തല്ക്കാലം രക്ഷിച്ചു എന്ന് കരുതാം.. അടുത്ത കാള്‍ നായി വെയിറ്റ് ചെയ്യാം.

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 6

അങ്ങനെ ഒടുവില്‍ ബൈജു നു ജോലി കിട്ടി. ഉണ്ണിക്കുട്ടന് ജോലി കിട്ടി എന്ന് പറയണ പോലെ. ഇതൊരു കോണ്ട്രാക്റ്റ് ടു ഹയര്‍ ജോബ്‌ ആണ്. അതായതു ആറു മാസം കഴിഞ്ഞാല്‍ ചിലപ്പോ സ്ഥിരമാക്കിയേക്കും. ഓഫര്‍ ലെറ്റര്‍ കിട്ടിയപ്പോഴൊന്നും കഴുവേറികള്‍ ഇതൊന്നും പറഞ്ഞില്ല. ഒടുവില്‍ വീട്ടില്‍ കൊണ്ട് പോയി മഹേഷിനെ കാണിച്ചപ്പോഴാണ്‌ കാര്യം പിടി കിട്ടിയത്. എന്തായാലും ഉള്ളതാവട്ടെ. ഈ കോണ്ട്രാക്റ്റ് എന്ന് പറയണത് എന്തുവാണോ ആവോ.

അങ്ങനെ ഒടുവില്‍ ജോലി തുടങ്ങുകാണ്. രാവിലെ തന്നെ അയ്യപ്പ സ്വാമിയുടെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു. 9 മണിക്ക് തന്നെ ഓഫീസില്‍ എത്തി. അവിടെ ചെന്നപോ എന്തോ ഒരു പന്തികേട്‌. ആരെയും കാണാനില്ല. സെക്യൂരിറ്റി മാത്രം ഉണ്ട്. 'എന്താ ആരും ഇല്ലേ ? ' എന്നൊക്കെ അയാളോട് ചോദിച്ചു. തന്തക്കു വിളി കേട്ട പോലെ അയാള്‍ തുറിച്ചു നോക്കി. പതിനൊന്നു മണി ആകാതെ ഒരുത്തനും വരില്ല എന്ന് അയാള്‍ കന്നടയില്‍ മൊഴിഞ്ഞു. ഇരുന്നു ഇരുന്നു വേര് കിളിച്ചു. അപ്പോഴത ഒരുത്തന്‍ വരുന്നു. കയ്യില്‍ ഒരു ലാപ്ടോപ് ബാഗും വേറൊരു ചെറിയ ബാഗും ഉണ്ട്. tupperware എന്നൊക്കെ എഴുതിയിട്ടുണ്ട്. ചിലപ്പോ ഉച്ചക്ക് കഴിക്കാനുള്ള ഊണ് ആയിരിക്കും. ഒരു വാട്ടര്‍ ബോട്ടിലും ഉണ്ട്. ഗുഡ് മോര്‍ണിംഗ് സര്‍ എന്ന് വച്ചടിച്ചു. അയാള്‍ തിരിച്ചും പറഞ്ഞു. ആരാ .. എന്താ എന്നൊക്കെ ചോദിച്ചു.ഇന്ന് പണിക്കു കയറാന്‍ വന്ന ബൈജു ആണ് ഞാന്‍ എന്നൊക്കെ പറഞ്ഞു . നമ്മുടെ ഇംഗ്ലീഷ് കേട്ടിട്ടാണോ എന്തോ അയാള്‍ അന്തം വിട്ടു അകത്തേക്ക് പോയി. മലയാളികള്‍ക്ക് ഒരു signature accent ഉണ്ട്. ഏതൊരുത്തനും പെട്ടെന്ന് മല്ലു ഇംഗ്ലീഷ് കേട്ടാല്‍ പെട്ടെന്ന് സംഗതി പിടി കിട്ടും. ഇവന്‍ തമിഴന്‍ ആണെന്ന് തോന്നുന്നു. നല്ല കരി വീട്ടിയുടെ നിറം.

     കുറച്ചു കഴിഞ്ഞപോ മുഖം നിറയെ ലിപ്സ്ടിക് ഇട്ടു ഒരു സുന്ദരി വന്നു കയറി. ആഹാ. മനം കുളിര്‍ത്തു. HR executive ആണെന്ന് അവള്‍ സ്വയം പരിചയപെടുത്തി. സപ്രിടിക്കറ്റ് ഒക്കെ എടുത്തു കൊടുത്തു. എല്ലാം ഒന്ന് രണ്ടു തവണ ഒന്ന് നോക്കി. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞിട്ട് അവള്‍ വീണ്ടും വന്നു. ഒരു ലോഡ് കടലാസുകള്‍ എടുത്തു തന്നു. എല്ലാം പൂരിപ്പിച്ചു കൊടുക്കാന്‍ പറഞ്ഞു. പണ്ട് പഞ്ചായത്ത്‌ ഓഫീസില്‍ കരം അടച്ചതിന്റെ സര്ടിഫികറ്റ് വാങ്ങാന്‍ പോയതാണ് ഓര്മ വരുന്നത്. അച്ഛന്റെയും അമ്മയുടെയും വരാന്‍ പോകുന്ന ഭാര്യയുടെയും മക്കളുടെയും വീട്ടിനടുത്തുള്ള ജാനുവിന്റെ വിവരങ്ങള്‍ വരെ ചോദിച്ചിട്ടുണ്ട്. എല്ലാം എഴുതി കൊടുത്തു. എല്ലാം തീര്‍ന്നപ്പോ ആറു മണി ആയി. രാവിലെ ഒരു പതിനൊന്നു മണി ആവുമ്പോ വന്നേക്കാന്‍ പറഞ്ഞിട്ട് അവള്‍ പോയി. ഹാവൂ .. ആശ്വാസമായി. മൊബൈല്‍ എടുത്തു അമ്മയെ വിളിച്ചു. ഓഫീസിനെ പറ്റി കുറെ വര്‍ണിച്ചു. ഓഫീസിലെ എ സി , സെക്യൂരിറ്റി, രാവിലെ കണ്ട കരി വീട്ടി, ഫില്‍ ചെയ്ത കടലാസുകള്‍ .. അങ്ങനെ എല്ലാം വര്‍ണിച്ചു. HR സുന്ദരിയെ പറ്റി ഒന്നും പറഞ്ഞില്ല. അമ്മക്ക് വല്ലതും തോന്നിയാലോ. നാളെ ആദ്യ ദിവസമാണ്. കിടന്നു ഉറങ്ങിയേക്കാം. ഗുഡ് നൈറ്റ്‌

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 7

    അങ്ങനെ നേരം പുലര്‍ന്നു. കോള്‍ഗേറ്റ് പേസ്റ്റ് ഒക്കെ തേച്ചു ചന്ദ്രിക സോപ്പ് തേച്ചു കുളിച്ചിട്ടു റെഡി ആയി. മുറ്റം തൂക്കാന്‍ വരുന്ന കോര്‍പറേഷന്‍ ആന്റിയെ കണി കണ്ടിട്ട് ഇറങ്ങി. ഇന്ന് പണി തുടങ്ങുകാണ്. അങ്ങനെ ഓഫീസില്‍ എത്തി. പതിനൊന്നു മണി ആവാന്‍ കാത്തിരുന്നു. ആള്‍ക്കാര്‍ ഒക്കെ എത്തി തുടങ്ങി. എല്ലാവരും ബാഗ്‌ കൊണ്ട് വച്ചിട്ട് എങ്ങോട്ടോ പോകുന്നുണ്ട്. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു സീറ്റില്‍ ഇരുന്നു മെഷീന്‍ ഓണ്‍ ചെയ്തു അവിടിരുപ്പുണ്ട്. എന്‍റെ മാനേജര്‍ നെ കാണുന്നില്ലല്ലോ. എവിടെ പോയി കിടകുന്നോ ആവോ. അടുത്തിരിക്കുന്നത് ഒരു പെണ്‍ കുട്ടി ആണ്. അവളുടെ മുഖത്തെ കള്ള ലക്ഷണം കണ്ടിട്ട് മലയാളി ആണെന്ന് തോന്നുന്നു. പരിചയപ്പെട്ടു. മലയാളി തന്നെ. കൊള്ളാം. അത്യാവശ്യം ഭംഗി ഒക്കെ ഉണ്ട്. ഇവളോട്‌ അനുരാഗം പൊട്ടി മുളപ്പിച്ചാലോ എന്നോര്‍ത്തു. വേണ്ട. ആദ്യ ദിവസം തന്നെ ജോലി കളയണ്ട. അവളാണ് പറഞ്ഞു തന്നത് അവിടെ ഒരു ടീ വെണ്ടിംഗ് മെഷീന്‍ ഇരിപ്പുണ്ട്. വേണേല്‍ പോയി ചായ കുടിച്ചു വന്നോളാന്‍.

     പറഞ്ഞ സ്ഥിതിക്ക് പോവാതിരുന്നാല്‍ മോശമല്ലേ. നേരെ വിട്ടു. Pantry എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടു. മെഷീന്‍ കണ്ടു. ചുമ്മാതല്ല എല്ലാവനും കുറച്ചു നേരത്തേക്ക് മുങ്ങുന്നത്. ചായ കുടിക്കാന്‍ പോയതാരിക്കും. അതിനടുത്തു കപ്പ്‌, ഷുഗര്‍ ഒക്കെ ഇരിപ്പുണ്ട്. ഈ പണ്ടാരത്തില്‍ നിന്ന് ചായ ഉണ്ടാക്കുന്നതെങ്ങനെ ആണാവോ. മൂന്നു നിറത്തിലുള്ള മൂന്നു ബട്ടണ്‍ ഉണ്ട്. അതിന്‍റെ അടുത്ത് എന്തോ എഴുതിയിട്ടുണ്ട്. കാലപഴക്കം കൊണ്ട് മാഞ്ഞു പോയിരിക്കുന്നു. ഇതില്‍ ചായ ഇതു കുഴലില്‍ കൂടി ആണോ എന്തോ വരുന്നത്. രണ്ടും കല്പിച്ചു കപ്പ്‌ ഒരു ടാപ്പിന്റെ താഴെ വച്ചു. ഒരു ബട്ടണ്‍ പിടിച്ചു അമര്‍ത്തി.പുല്ല്.. അതില്‍ കൂടി ചൂട് വെള്ളം ആണ് വന്നത്. ആരും കാണാതെ പതുക്കെ അത് വാഷ്‌ ബെസിനിലേക്ക് കമഴ്ത്തി. അടുത്തതില്‍ വച്ചു. ബട്ടണ്‍ വീണ്ടും ഞെക്കി. ഹാവൂ. പാല് തന്നെ. അപ്പോഴ അത് ശ്രദ്ധിച്ചത്. രണ്ടു ബട്ടണ്‍ ഉണ്ട് ആ ടാപ്പ്‌ നു. milk നു ഒരു ബട്ടണ്‍, more milk എന്നെഴുതിയ വേറൊരു ബട്ടണ്‍. ഇതേതോ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. ഇനി അല്പം തേയില വേണമല്ലോ. അതെവിടുന്നു ഒപ്പിക്കും? ഒരു പെട്ടി ഇരിപ്പുണ്ട്. അത് തുറന്നു നോക്കി. ഇത് തേയില തന്നെ. ചെറിയ പേപ്പര്‍ പാക്കെറ്റിലാക്കി ലേബല്‍ ഒരു ചരടില്‍ കോര്‍ത്ത്‌ ഇട്ടിട്ടുണ്ട്. അതില്‍ ഒരെണ്ണം എടുത്തു. കീറി തേയില മുഴുവന്‍ കപ്പില്‍ ഇട്ടു. ഇനി ഇത് എങ്ങനെ അരിക്കുമോ ആവോ.അരിപ്പ ഒന്നും അവിടെ കാണാനില്ല. 'ഹോ അപ്പൊ ഇതൊന്നും ഇത് വരെ കണ്ടിട്ടില്ല അല്ലെ ? ' ബൈജു തിരിഞ്ഞു നോക്കി. മുറ്റത്തൊരു മൈന. അവള്‍ പറഞ്ഞു ഇങ്ങനല്ല ഇത് ഉണ്ടാക്കേണ്ടത്. അവള്‍ തന്നെ അത് വാങ്ങി കമഴ്ത്തി കളഞ്ഞു. എന്നിട്ട് ഒരു കപ്പ്‌ എടുത്തു ഒരു ചായ ഉണ്ടാക്കി തന്നു. 'ഈശ്വരാ.. മാനം പോയി'. പതിയെ ചായ കുടിച്ചിട്ട് സീടിലേക്ക് പോയി

    .മാനേജര്‍ എത്തി. സര്‍.. എന്ന് വിളിച്ചു . അദ്ദേഹം തിരിഞ്ഞു നോക്കി. 'ഞാന്‍ ഇന്നലെ ജോയിന്‍ ചെയ്ത ബൈജു...' എന്നൊക്കെ പറഞ്ഞു. അങ്ങനെ പുള്ളി പരിചയപ്പെട്ടു. വിവരങ്ങളൊക്കെ അന്വേഷിച്ചു. കന്നടകാരനാണെന്ന് തോന്നുന്നു. പുരികത്തിനു കൃത്യം നടുക്കായി ഒരു വൃത്തികെട്ട ഒരു പൊട്ട് ഇട്ടിട്ടുണ്ട്. വെറുതെ പുള്ളി പറഞ്ഞ വളിപ്പിനൊക്കെ ചിരിച്ചു കാണിച്ചു. 'തന്‍റെ മെഷീന്‍ ഒക്കെ സെറ്റപ്പ് ചെയ്യാന്‍ രണ്ടു ദിവസം എടുക്കും .. അതുവരെ ഈ documentation ഒക്കെ നോക്കാന്‍ പറഞ്ഞിട്ട് കുറച്ചു പ്രിന്‍റ്ഔട്സ് കുറച്ചു links ഒക്കെ തന്നു. ഊണ് കഴിക്കാന്‍ ടൈം ആയപ്പോ പുള്ളി നിര്‍ത്തി. 'അപ്പൊ ലഞ്ച് കഴിഞ്ഞിട്ട് വായന തുടങ്ങിക്കോ .. all the best' എന്നൊക്കെ പറഞ്ഞിട്ട് അങ്ങേര്‍ പോയി. 'ലഞ്ച് കൊണ്ട് വന്നിട്ടുണ്ടോ എന്ന് അടുത്തിരിക്കുന്ന കുട്ടി ചോദിച്ചു. അവളുടെ പേര് രജനി എന്നാണ്. ഏറ്റവും മുകളിലാണ് cafetaria എന്ന് പറഞ്ഞു അവള്‍. എന്നാല്‍ പിന്നെ ഇവളുടെ ഒപ്പം പോവാം.

     അവിടെ ചെന്നപ്പോഴാണ് കണ്ടത് .. എല്ലാവന്മാരും ഒന്നുകില്‍ ഊണ് കൊണ്ട് വന്നിട്ടുണ്ട്. അല്ലെങ്കില്‍ എന്തോ ഒരു ലോട്ടറി ടിക്കറ്റ്‌ പോലുള്ള ഒരു കടലാസ് കൊടുക്കുകാണ്. അതെന്തു കുന്തമാണെന്ന് രജനിയോട്‌ ചോദിച്ചു. food coupon ആണെന്ന് അവള്‍ പറഞ്ഞു.എനിക്കും അത് കിട്ടും എന്നും പറഞ്ഞു. ഇവിടെ ഒരുത്തനും കാശ് കൊടുത്തു ആഹാരം കഴിക്കില്ല എന്നാ തോന്നുന്നത്. വീട്ടില്‍ ചെന്നിട്ടു മഹേഷിനോട് ചോദിക്കണം എന്താ ചെയ്യേണ്ടതെന്ന്. ഊണ് ഒക്കെ കഴിഞ്ഞിട്ട് ആ documents ഉം എടുത്തു കൊണ്ട് സീറ്റില്‍ വന്നിരുന്നു. ഉള്ളത് പറയാമല്ലോ ആദ്യ പേജ് വായിച്ചപ്പോ തന്നെ നല്ല ഉറക്കം വന്നു. ചുറ്റിനും നോക്കിയപ്പോ സുഖം തന്നെ. എല്ലാവരും നല്ല ഉറക്കം. രജനി മൊബൈല്‍ എടുത്തു ആരോടോ ശബ്ദം താഴ്ത്തി സംസാരിക്കുന്നുണ്ട്. ലവള്‍ engaged ആണോ എന്തോ. സാരമില്ല. വേറെയും കിളികള്‍ ഉണ്ട്. സമയം കിടക്കുക്കല്ലേ. നോക്കാം. അങ്ങനെ ഇരുന്നു ഉറങ്ങിയും ഉണര്‍ന്നും ചുറ്റിനും നോക്കിയും സമയം തള്ളി നീക്കി. ആറു മണി ആയി. എല്ലാവരും ഇപ്പൊ തന്നെ വീട്ടില്‍ പോകുമായിരിക്കും. ഒരുത്തനും അനക്കമില്ലല്ലോ. ഇവനൊന്നും വീടും കുടിയും ഒന്നുമില്ലേ ? അങ്ങനെ കുറച്ചു നേരം കൂടി ഇരുന്നു. അറബികഥയില്‍ ശ്രീനിവാസന്‍ ചോദിക്കുന്ന പോലെ ജോലി സമയം എട്ടു മണികൂര്‍ തന്നെ അല്ലെ എന്ന് രജനിയോട്‌ ചോദിച്ചു. അവളെ സല്ലാപത്തിനിടയില്‍ ശ്യല്യപെടുതിയത് കൊണ്ടാണോ എന്തോ ദഹിപ്പിക്കുന്ന പോലെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു ' ഓഹോ. അപ്പൊ സര്‍ക്കാര്‍ ഓഫീസ് ആണെന്ന് കരുതി വന്നതാണല്ലേ ? ' എന്ന് ചോദിച്ചു. “അടുത്ത മാസം തൊട്ടു ബൈജുവിന്‍റെ അവസ്ഥയും ഇത് തന്നെ ആണ് കേട്ടോ” എന്ന് പറഞ്ഞിട്ട് അവള്‍ പൊട്ടി ചിരിച്ചു. ഒരു കമ്പനിക്ക്‌ വേണ്ടി വെറുതെ ചിരിച്ചു കൊടുത്തു.'അപ്പൊ എന്‍റെ കാര്യം കട്ട പൊക....... അയ്യോ ...'

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 8

    അങ്ങനെ പണി തുടങ്ങി. ചേച്ചി മെസ്സില്‍ ശാപ്പാടടിക്കാന്‍ വരുന്ന സോഫ്റ്റ്‌വെയര്‍ പയലുകള്‍ പറയുന്ന പോലെ ഞാന്‍ പ്രോജെക്ടിലായി. എല്ലാം കൂതറ പ്രൊജെക്ടുകള്‍ ആണ്. എന്തായാലും ഒരു ജോലി ആയല്ലോ. ഇനി ഇവിടിരുന്നു വേണം ചാടാനുള്ള വഴി നോക്കാന്‍. രജനി കൂടുതല്‍ സുന്ദരി ആയി വരുന്നുണ്ട്. വെണ്ടിംഗ് മെഷീന്‍ ഓടിക്കാന്‍ പഠിച്ചു. ജിമെയില്‍, യാഹൂ ഒക്കെ ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്. പ്രോക്സി സെറ്റ് ചെയ്തു നമ്മള്‍ ബ്രൌസ് ചെയ്യും. നമ്മളോട കളി. മാനേജര്‍ വരുമ്പോ എല്ലാം മിനിമൈസ് ചെയ്തു വക്കും. എന്നിട്ട് ഇത് വരെ ചെയ്തിട്ടില്ലാത്ത പോലെ ഒടുക്കലത്തെ കോഡിംഗ് ആണ്. എന്താന്നറിയില്ല . എഴുതുന്ന രണ്ടു വരി കോഡില്‍ നാലും അഞ്ചും ബഗ് ആണ് ടെസ്റ്റ്‌ ചെയ്യുന്നവര്‍ കണ്ടു പിടിക്കുന്നത്‌. എല്ലാവനും ഇരുട്ടടി കൊടുക്കേണ്ടി വരും എന്നാ തോന്നുന്നത്.

    അങ്ങനെ ലോട്ടറി കച്ചവടക്കാര്‍ പറയുന്ന പോലെ സമയം ദിവസങ്ങളായും ആഴ്ച്ചകളായും മാസങ്ങളായും കടന്നു പോയി. രണ്ടു കൊല്ലം ആയി. ഇനി ചാടണം. അതിന്‍റെ ആദ്യ പടി ആയി naukri, monster ളൊക്കെ പോയി സി വി അപ്‌ലോഡ്‌ ചെയ്തു. ഓഫീസില്‍ നിന്ന് പല്ല് വേദന, വയറു വേദന മുതലായ കള്ളങ്ങള്‍ ഇറക്കി ഇന്റര്‍വ്യൂ നു പോയി തുടങ്ങി. ഫോണിലൂടെയും ഇന്റര്‍വ്യൂ എടുത്തു. റസ്റ്റ്‌ റൂമില്‍ പോയി ഒളിച്ചു നിന്നും ഒക്കെ.

     അങ്ങനെ ഇരിക്കെ ഒരു വോക്ക് ഇന്‍ ഒത്തു വന്നു. ഒരു മള്‍ടി നാഷണല്‍ കമ്പനിയിലേക്ക്. അവിടെ എത്തി. ശനി ആഴ്ച ആയതു കൊണ്ട് ലീവിന്‍റെ പ്രശ്നം ഉണ്ടായില്ല.അവിടെ ചെന്നപോഴോ.. ഒരു കുതിര എടുപ്പിനുള്ള ആള്‍ക്കാര്‍ ഉണ്ട്. എങ്ങനെ ഇതിനകത്ത് കയറും. ഒരു വിധത്തില്‍ അകത്തു കയറി സി വിയുടെ ഒരു കോപ്പി കൊടുത്തു. ഇപ്പൊ വിളിക്കും എന്ന് പറഞ്ഞു. അവിടെ ഇരുന്നു. ഉച്ചയായി. വിശന്നിട്ടു വയ്യ. ഇരികുക തന്നെ. ചിലപ്പോ കഴിക്കാന്‍ പോവുമ്പോ വിളിച്ചാലോ. പണ്ട് ചില മലയാളം സിനിമയില്‍ ഒക്കെ കാണിക്കുന്ന പോലെ ഇന്റര്‍വ്യൂ നടത്തുന്ന ആള്‍ ആരാണെന്നു കണ്ടു പിടിക്കാന്‍ ഒരു ശ്രമം നടത്തിയാലോ. .. അല്ലെങ്ങില്‍ വേണ്ട... വെയിറ്റ് ചെയ്യാം. സമയം ഇഴഞ്ഞു നീങ്ങുകയാണ്. ഒടുവില്‍ സന്ധ്യയായി. ഒരുത്തന്‍ പുറത്തു വന്നിട്ട് പറഞ്ഞു പാനല്‍ വീട്ടില്‍ പോയി എന്ന്. ഇനി നെക്സ്റ്റ് വീക്ക്‌ നോക്കാം ന്നു. ഇവനെ ഒക്കെ വായില്‍ പന്നി പടക്കം വച്ച് പൊട്ടിക്കണം. ഹാവൂ.. ഇനി വീട്ടിലേക്കു പോവാം. തിരിഞ്ഞു നോക്കിയപ്പോ അതാ ഒപ്പം വര്‍ക്ക് ചെയ്യുന്ന ഉമ തലയില്‍ ഷാള്‍ ഇട്ടു പുറത്തേക്കു പോണു. ഒരു നാണവുമില്ലാതെ അവളുടെ പുറകെ പോയി തോണ്ടി വിളിച്ചു. അവള്‍ ആകെ ചമ്മി. പണ്ട് ഒളിച്ചും പാത്തും തുണ്ട് പടം കാണാന്‍ തീയറ്ററില്‍ പോവുമ്പോ പരിചയക്കാരെ ആരേലും കണ്ടാല്‍ ചമ്മുന്ന പോലെ അന്തസായി ചമ്മി. അപ്പോഴാണ് പണ്ട് മധു പറഞ്ഞു തന്ന ലോജിക് ഓര്മ വന്നത്. "ഡാ. തിയറ്ററില്‍ വച്ച് ആരേലും കണ്ടാലൊന്നും ചമ്മണ്ട. കാരണം അവരും ഇതിനല്ലേ വന്നിരിക്കുനന്തു" അത് ഓര്‍മയിലേക്ക് വന്നതും ചമ്മല്‍ എങ്ങോ പോയി. ഉമക്ക് ഒരു കൂസലും ഇല്ല. അവള്‍ക്കു ഇത് ശീലമാണെന്ന് തോന്നുന്നു.

"വരൂ. ഒരു ചായ കുടിച്ചിട്ട് പോവാം" അവളെ ക്ഷണിച്ചു. ഇന്റര്‍വ്യൂ ഓ ചീറ്റി. ഇതെങ്കിലും നടക്കട്ടെ. അവളെയും കൂട്ടി കഫെയിലേക്ക് നടന്നു...

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 9

     ജോലി മാറാനുള്ള ശ്രമങ്ങള്‍ അങ്ങനെ ഊര്‍ജിതമായി മുന്നോട്ടു പോവുകയാണെങ്കിലും വരുന്ന ചാന്‍സ് ഒക്കെ അങ്ങ് തട്ടി മുട്ടി പോവുകയാണ്.  ബൈജു പഠിത്തം തുടങ്ങി. ഒടുക്കലത്തെ പഠിത്തം. ഇന്റര്‍നെറ്റില്‍ കയറി ഇന്റര്‍വ്യൂ ചോദ്യങ്ങള്‍ ഒക്കെ ഡൌണ്‍ലോഡ് ചെയ്തു പഠിത്തം തന്നെ .. പഠിത്തം.  ഓഫീസില്‍ പോയാലും ഇത് തന്നെ കഥ. എഴുതികൊണ്ടിരുന്ന കോഡ് ഇല്‍ വരെ ബൈജു ഒരു ഇന്റര്‍വ്യൂ ചോദ്യം എഴുതി വിട്ടു.  യൂസര്‍ ഒരു ഫോം ഫില്‍ ചെയ്തതിനു ശേഷം സബ്മിറ്റ് എന്നൊരു ബട്ടണ്‍ അമര്‍ത്തുമ്പോ സോഫ്റ്റ്‌വെയര്‍ ഒരു confirmation dialog കാണിക്കും.  ബൈജു എഴുതിയ കോഡ് റണ്‍ ചെയ്തപ്പോ കണ്ടത് ഒരു ചോദ്യമാണ്.  'What type of code (server or client) is found in a Code-Behind class? " ആരോടാ.. പാവം യൂസെര്‍നോടാ..

     അങ്ങനെ ആകെ ജഗപൊക ആയി മുന്നേറുകയാണ്. consultants നോട് സംസാരിച്ചു സംസാരിച്ചു ബൈജു ഇപ്പൊ അവരുടെ ഭാഷയിലാണ് സംസാരം ഒക്കെ.  ആരെ വിളിച്ചാലും ഫോണ്‍ എടുത്തിട്ട് ചോദിക്കും . 'Is this the right time to talk to you ? " എന്നൊക്കെ. ബൈജു വിളിക്കുന്നവരും ബൈജുവിനെ വിളിക്കുന്നവര്‍ക്കും ഒക്കെ പ്രാന്തായി . വീട് പണി നടക്കുന്നവര്‍ എന്ത് സംസാരിച്ചാലുംഅവസാനം കറങ്ങി തിരിഞ്ഞു സിമെന്റിന്റെയും കമ്പിയുടെയും വിലയില്‍ എത്തുന്ന പോലെ ബൈജു എന്ത് പറഞ്ഞാലും അവസാനം സി ടി സി യിലും ഓണ്‍ സൈറ്റ് ലും ഒക്കെ വന്നു നിന്ന് തുടങ്ങി. വീട്ടില്‍ വിളിച്ചു സംസാരിക്കുന്നതിനിടെ അച്ഛനോട് എന്നെ എന്നാ റിലീസ് ചെയ്തതെന്നൊക്കെ ചോദിച്ചു അച്ഛന്‍റെ വായിലിരിക്കുന്നത് കേട്ടു ബൈജു.  ബൈജു എഴുതുന്ന കോഡില്‍ ബഗ്സിന്റെ എണ്ണം ക്രമാതീതമായി പെരുകി. ക്വാളിറ്റി ടീം ബൈജുവിന്‍റെ പേര് കാണുമ്പോ തന്നെ ടെസ്റ്റിംഗ് ഫയില്‍ ആയി എന്ന് പറഞ്ഞു കോഡ് മടക്കാന്‍ തുടങ്ങി.  നിരാശനായ ബൈജു വീണ്ടും വീണ്ടും ബഗ്ഗുകളെ വിട്ടുകൊണ്ടിരുന്നു.

    അങ്ങനെ കാലം കടന്നു പോയി. ഒരു ദിവസം ഒരു കമ്പനി ബൈജുവിനെ വിളിച്ചു. ഉഗ്രന്‍ കമ്പനി ആണ്. നഗരത്തിലെ മുന്തിയ ഒരു സോഫ്റ്റ്‌വെയര്‍ പാര്‍ക്കില്‍ ആണ് അവരുടെ ഓഫീസ്. അടുത്ത ബുധനാഴ്ച ആണ് ഇന്റര്‍വ്യൂ. ടി വിയില്‍ രാത്രി വരുന്ന തുണ്ട് പടം പോലും കാണാതെ ബൈജു കുത്തി ഇരുന്നു പഠിച്ചു. ഫുള്‍ ടൈം പഠിത്തം. അറിയാവുന്ന സീനിയെഴ്സിനോടൊക്കെ വിളിച്ചു സംശയം ഒക്കെ ക്ലിയര്‍ ചെയ്തു. ആകെപ്പാടെ ബൈജു റെഡി ആയി.

    ബുധനാഴ്ച വന്നെത്തി. രാവിലെ എണീറ്റ്‌ മാനേജറിനെ വിളിച്ചു പറഞ്ഞു ഭയങ്കര വയറു വേദന ആണെന്ന്. "due to illness me, baiju is not able to attend office today. please grant him leave for one day'..  ന്നൊക്കെ നാലാം ക്ലാസ്സിലെ ഓര്മ വച്ച് ഒരു ഇ-മെയില്‍ കാച്ചി. എന്നിട്ട് നേരെ വച്ച് പിടിച്ചു പുതിയ സ്ഥലത്തേക്ക്. അമ്മെ.. ഉഗ്രന്‍ ഓഫീസ് തന്നെ. കിളി പോലുള്ള പെണ്‍ പിള്ളാര്‍.  പ്രോഗ്രാം ചെയ്തു കണ്ണെല്ലാം കുഴിയില്‍ പോയ ആണ്‍ പിള്ളാരും അവിടെ മ്ലാവി മ്ലാവി നടപ്പുണ്ട്. എച് ആറിന്‍റെ അടുത്ത് ചെന്ന്. 'ഞാന്‍ ബൈജു. ഒരു ഇന്റര്‍വ്യൂ നു വന്നതാണ്‌ " എന്നൊക്കെ പരിചയപ്പെടുത്തി. അവളാണെങ്കില്‍ സ്വന്തം ഭര്‍ത്താവിനെ കണ്ട പോലെ ഭയങ്കര സ്നേഹ പ്രകടനം. അവിടെ ഒന്ന് വെയിറ്റ് ചെയ്യ്. ചായ വേണോ കോഫി വേണോ എന്നൊക്കെ ചോദിച്ചു.  ഒന്നും വേണ്ട... ഈ ജോലി എങ്കിലും കിട്ടിയാ മതിയേ എന്നൊക്കെ ബൈജു മനസ്സില്‍ പറഞ്ഞു.

    പത്തു മിനിട്ടിനുള്ളില്‍ വിളിക്കാം എന്ന് പറഞ്ഞെങ്കിലും ആരെയും കാണുന്നില്ല.  ഒടുവില്‍ ഒരു അമ്മച്ചി വന്നു. ടെക്നോളജി സര്‍വീസേസ് മാനേജര്‍ ആണത്രേ. ബൈജുവിന്‍റെ സി വി എടുത്തു വായിച്ചു. ഓരോ വാക്കും ശ്രദ്ധയോടെ വായിക്കുകയാണ് അവര്‍.  ഈശ്വരാ .. പണ്ട് ആ പെണ്ണ് പറഞ്ഞ പോലെ വല്ലതും അടിക്കുമോ ഇവര്‍.. ഒടുവില്‍ അവര്‍ വായന നിര്‍ത്തി. അത് മടക്കി മേശ പുറത്തു വച്ചു. എന്നിട്ട് പതിയെ പറഞ്ഞു.. 'ബൈജു. നിങ്ങളുടെ പ്രൊഫൈല്‍ കൊള്ളാം. പക്ഷെ ഈ പൊസിഷന് നിങ്ങള്‍ ഫിറ്റ്‌ ആവും എന്ന് തോന്നുന്നില്ല. '' അത് കേട്ടതും ബൈജുവിന്‍റെ മുഖത്തെ ചിരി മാഞ്ഞു.  ഇത് കണ്ടു ആ അമ്മച്ചിയും വല്ലാതെ ആയി. അവര്‍ പറഞ്ഞു 'നിങ്ങള്‍ ഒരു പത്തു മിനിറ്റ് ഇരിക്ക്. വേറെ പോസിഷനുകളും ഓപ്പണ്‍ ആണ്. ഇപ്പൊ പറയാം ' എന്ന് പറഞ്ഞു അവര്‍ പുറത്തേക്കു പോയി.

     ബൈജുവിന് അവരെ ചവിട്ടി കൂട്ടാനുള്ള ദേഷ്യം വന്നെങ്കിലും ഒന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു കാണിച്ചു. അതാ എച് ആര്‍ വരുന്നു.  'ബൈജു.. ഞങ്ങള്‍ക്ക് വേറൊരു ഗുഡ് പൊസിഷന്‍ ഉണ്ട്. ഇപ്പൊ വേറൊരു ലീഡ് വന്നിട്ട് നിങ്ങളെ ഇന്റര്‍വ്യൂ ചെയ്യും. എന്നിട്ട് നോക്കാം' എന്ന് പറഞ്ഞു ആ സുന്ദരി.'വളരെ സന്തോഷം. ഞാന്‍ റെഡി' എന്ന് ബൈജുവും  പറഞ്ഞു. പത്തു മിനിറ്റ് കഴിഞ്ഞു. അതാ വേറൊരുത്തന്‍ വരുന്നു.  കന്നടക്കാരന്‍ ആണെന്ന് തോന്നുന്നു. രണ്ടു കണ്‍ പുരികവും ചേരുന്നതിന്റെ ഒത്ത നടുക്ക് ഒരു കുങ്കുമ പൊട്ട് ഇട്ടിടുണ്ട്. ഇതാണ് ഇവന്മാരുടെ കുഴപ്പം.  ഉള്ള ലുക്ക്‌ കൂടി ആ പൊട്ട് ഇടുമ്പോ പോവും. ങാ...എന്നതേലും ആവട്ടെ. ഇനി ഇവനെന്താ ചോദിക്കാനുള്ളതെന്നു നോക്കാം."ഞാന്‍ നിലേഷ് " എന്ന് പരിച്ചയപെടുതിയിട്ടു അവന്‍ ചോദ്യം ചോദിയ്ക്കാന്‍ തുടങ്ങി. ഒടുക്കലത്തെ ചോദ്യങ്ങള്‍ ആണ് വരുന്നത്.  അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ബൈജു വിയര്‍ത്തു കുളിച്ചു. വെള്ളം വേണോ എന്നൊക്കെ ലവന്‍ ചോദിക്കുന്നുണ്ട്. പണ്ടാരക്കാലന്‍.  മനുഷ്യനെ കളിയാക്കുന്നത് കണ്ടില്ലേ... അങ്ങനെ അവന്‍ നിര്‍ത്തി. ഇനി ഒന്നും ചോദിക്കാനില്ല എന്ന് പറഞ്ഞു. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. പത്തു മിനിറ്റ് കഴിഞ്ഞില്ല . അതാ വരുന്നു ആ അമ്മച്ചി.  വേറൊരു പൊസിഷന്‍ ഉണ്ടെന്നും. ആ ലീഡ് ഒരു ഇന്റര്‍വ്യൂ തരാന്‍ റെഡി ആണെന്ന് പറഞ്ഞു. ഞാന്‍ റെഡി എന്ന് ബൈജു പറഞ്ഞു. അതാ വരുന്നു അടുത്തവന്‍. ഇതൊരു അപ്പൂപ്പന്‍ ആണ് . പ്രായം കണ്ടിട്ട് ഏതോ സീനിയര്‍ ആണെന്ന് തോന്നുന്നു. പതിവുപോലെ നമസ്കാരം പറഞ്ഞു  പരിപാടി തുടങ്ങി. ഇത്തവണ പത്തു മിനിറ്റ് ആവുന്നതിനു    മുമ്പ് തന്നെ ബൈജു അടിയറവു പറഞ്ഞു. അയാളും നിര്‍ത്തി. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. ഈശ്വരാ.. ഇവന്മാര്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആളെ കൂട്ടുകയാണ് എന്നാ തോന്നുന്നേ.എല്ലാവരും നല്ല സന്തോഷത്തിലാണ്.  ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരുത്തനെ തരത്തിന് കിട്ടിയതിലുള്ള സന്തോഷം.

 അതിനിടക്ക് ഒരു സുഹൃത്ത്‌ വിളിച്ചു. 'എന്തായെടാ ബൈജു.. വല്ല രക്ഷയുമുണ്ടോ ? " എന്ന് അവന്‍ ചോദിച്ചു. 'എന്നെ ഇവിടെ വലിച്ചു കീറി ഉണക്കാന്‍ ഇട്ടിരിക്കുകയാടാ. നീ ഇത് വഴി വരുന്നെങ്കില്‍ എടുത്തു കൊണ്ട് പൊക്കോ' എന്ന് അവനോടു പറഞ്ഞു.അതാ .. ആ അമ്മച്ചി വീണ്ടും വരുന്നു. തമ്പുരാനേ.. ഇനിയും ... ഭാഗ്യം. ഒരു മാനേജര്‍ സ്ഥലത്തില്ല. അല്ലെങ്ങില്‍ അയാള്‍ക്ക് കൂടി ഇന്റര്‍വ്യൂ നടത്താന്‍ താല്പര്യം ഉണ്ടെന്നു. അയാള്‍ ഇനി അടുത്ത ചൊവ്വാഴ്ച്ചയെ വരൂ. അപ്പൊ ശരി. കാണാം. റിസള്‍ട്ട്‌ പിന്നെ അറിയിക്കാം എന്ന് പറഞ്ഞു അവര്‍. അത് കേള്‍ക്കേണ്ട താമസം ബൈജു ബാഗ്‌ എടുത്തു.  ജീവനും കൊണ്ട് രക്ഷപെടണം.

     അപ്പോഴതാ നേരത്തെ ഇന്റര്‍വ്യൂ നടത്തിയവന്‍ വീണ്ടും വരുന്നു. നെക്സ്റ്റ് ലെവല്‍ എടുക്കാമോ എന്നറിയാന്‍. ശരി. ഞാന്‍ തയ്യാര്‍.  എന്ത് കുന്തമായാലും ഇന്ന് തന്നെ അറിയാമല്ലോ. ബൈജു സമ്മതം അറിയിച്ചു.അപ്പോഴതാ അയാള്‍ വേറൊരുതനെയും കൂട്ടി വരുന്നു. രണ്ടും കൂടി സ്നേഹത്തോടെ വിളിച്ചു ഒരു റൂമിനകത്തു കയറി.  അവര്‍ രണ്ടുപേരും കൂടി പാവം ബിജുവിനെ കടിച്ചു കീറി.   അര മണിക്കൂറിനുള്ളില്‍ എല്ലാം കഴിഞ്ഞു. 'ഗുഡ് ലക്ക് ബൈജു. വീണ്ടും കാണാം' എന്ന് പറഞ്ഞു അവര്‍ ബൈജുവിനെ യാത്രയാക്കി.

ഹോ. അങ്ങനെ സങ്കീര്‍ണ്ണമായ ഒരു ദിവസം കഴിഞ്ഞു കിട്ടി. എന്താവുമോ എന്തോ എന്‍റെ വിധി.  ബൈജു വെറുതെ ഓര്‍ത്തു. ബസ്‌ കയറി വീട്ടിലെത്തി. എങ്ങനെ ഉണ്ടായിരുന്നു ഇന്റര്‍വ്യൂ എന്ന് ചോദിച്ച എല്ലാവരോടും എന്തൊക്കെയോ പറഞ്ഞിട്ട് ബൈജു നിലത്തു വിരിച്ച പായില്‍ വെറുതെ കിടന്നു. ഫാനിലേക്ക് നോക്കി അങ്ങനെ...'ഫോണ്‍ എടുക്കെടാ.. ഫോണ്‍ എടുക്കെടാ..' മൊബൈല്‍ ശബ്ദിക്കുന്നു. ആ തളര്‍ച്ചയോടെ തന്നെ ഫോണ്‍ എടുത്തു. അയ്യോ .. കമ്പനിയില്‍ നിന്നാണല്ലോ. പേടിച്ചു പേടിച്ചു ഹലോ എന്ന് പറഞ്ഞു.  അപ്പുറത്ത് ആ പെണ്ണ് ആണ്. 'ഹായ് ബൈജു. നിങ്ങള്‍ ഇന്റര്‍വ്യൂ ക്ലിയര്‍ ചെയ്തിട്ടുണ്ട്. കണ്‍ഗ്രാട്സ്..!! നിങ്ങള്‍ക്ക് എന്ന് ജോയിന്‍ ചെയ്യാന്‍ പറ്റും ? "  ബൈജുവിന് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല. 'എന്ന് വേണേലും ജോയിന്‍ ചെയ്യാം പെങ്ങളെ ' എന്ന് പറഞ്ഞു ബൈജു. "വാട്ട് ? " അവള്‍ അപ്പുറത്ത്. അയ്യോ. മലയാളത്തിലായിരുന്നോ പറഞ്ഞത്... 'സോറി. ഐ അം റെഡി  ടു ജോയിന്‍ ദേര്‍ ഇന്‍ അനോതെര്‍ ടു വീക്സ്' എന്ന് പറഞ്ഞു ബൈജു.  അപ്പൊ ശരി. രണ്ടാഴ്ച കഴിഞ്ഞു കാണാം എന്ന് പറഞ്ഞു അവള്‍ ഫോണ്‍ വച്ചു.

    അങ്ങനെ വസന്തം വീണ്ടും വന്നിരിക്കുകയാണ്. ഉറങ്ങി കിടന്ന മഹേഷിനെയും ബാക്കിയുള്ളവരേയും ഒക്കെ വിളിച്ചുണര്‍ത്തി. എഴുനേറ്റ ഉടന്‍ തന്തക്കു വിളിച്ചെങ്കിലും ബൈജുവിന് ജോലി കിട്ടിയതറിഞ്ഞു മഹേഷ്‌ കെട്ടി പിടിച്ചു സന്തോഷം പ്രകടിപ്പിച്ചു.  നാളെ തന്നെ ചെന്ന് രാജികത്ത് വലിച്ചെറിയണം .. അവന്‍റെ ഒരു തുക്കടാ കമ്പനി .. ഹോ. അത്രയ്ക്ക് വേണ്ട... അഹങ്കാരം പാടില്ല.  ബൈജു ബാന്‍ ഗയാ ജെന്റില്‍ മാന്‍ .. എന്നൊക്കെ മനസ്സില്‍ പറഞ്ഞിട്ട് ഉറങ്ങാന്‍ കിടന്നു. സന്തുഷ്ടമായ ഒരു ഭാവിയും സ്വപ്നം കണ്ടു കൊണ്ട്...

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 10

     ഹോ. നാളെയാ ജോയിന്‍ ചെയ്യേണ്ടത്. ഇന്ന് തന്നെ പോയി മുടി ഒക്കെ ഒന്ന് വെട്ടിച്ചു സുന്ദരനാവണം. ബാര്‍ബര്‍ ഷോപ്പില്‍ പോയി. അവനാണെങ്കില്‍ കന്നഡ അല്ലാതെ വേറൊരു വസ്തു അറിയില്ല. അവിടെ വെട്ടല്ലേ വെട്ടല്ലേ എന്ന് പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ എല്ലാം കഴിഞ്ഞു. ഉറക്കത്തില്‍ എലി കടിച്ച പോലെ ആയി തല. വീട്ടില്‍ പോയി മഹേഷിനെ കൊണ്ടു ഒന്ന് കൂടി കത്രിക വപ്പിച്ചു. ഇപ്പൊ തരക്കേടില്ല. മെഗാ മാര്‍ട്ടില്‍ പോയി പുതിയ ട്രൌസര്‍ , ഷര്‍ട്ട് ഒക്കെ വാങ്ങി. പൈസ ഇല്ലാതിരുന്നത് കാരണം സോള്‍ പൊട്ടിയിട്ടും ഇട്ടു കൊണ്ടു നടന്ന ഷൂ എടുത്തു വലിച്ചെറിഞ്ഞു. ബ്രിഗേഡ് റോഡില്‍ പോയി പുതിയ ഒരു ജോഡി വാങ്ങി. ദേഹത്തടിക്കാന്‍ പെര്‍ഫ്യൂം , പൌഡര്‍ ഒക്കെ വാങ്ങി.

     പ്രഭാതം പൊട്ടി വിരിഞ്ഞു. രാവിലെ കുളിച്ചു റെഡി ആയി ഓഫീസില്‍ എത്തി. ഇത് ഒരു അമേരിക്കന്‍ കമ്പനി ആയതു കാരണം എല്ലാവരും casual wear ലാണ്. ബൈജു മാത്രം ആകെ എയര്‍ പിടിച്ചു നില്‍ക്കുകയാണ്. മുടക്കിയ പൈസ ഒക്കെ വേസ്റ്റ് ആയി. ഇവന്‍മാര്‍ മര്യാദക്ക് തുണി ഉടുക്കാത്ത ആള്‍ക്കാര്‍ ആണെന്ന് തോന്നുന്നു. നാളെ ആകെ കോലം കെട്ടി വരാം. പഴയ മലയാളം പടത്തിലൊക്കെ ഇന്റര്‍വ്യൂ സീന്‍ കാണിക്കുന്ന പോലെ. വെറുതെ ടൈ ഒക്കെ വലിച്ചു കെട്ടി.. മോശമായിപോയി.

    അവര്‍ തന്ന ഫോം ഒക്കെ ഫില്‍ ചെയ്തു കൊടുത്തു. വെല്‍ക്കം എബോര്‍ഡ് എന്നൊക്കെ പറഞ്ഞു അവര്‍ ക്ഷണിച്ചു. അകത്തു ചെന്നിട്ടു ഒരു ബാഗും കുറച്ചു പേപ്പര്‍, പേന, നോട്ട് ബുക്ക്‌ ഒക്കെ എടുത്തു തന്നു. കൊള്ളാം. നല്ല ബാഗ്‌. നാട്ടില്‍ ചെന്നിട്ടു വീട്ടില്‍ റബ്ബര്‍ വെട്ടാന്‍ വരുന്ന ജോസിനു കൊടുക്കാം. ശിവകാശിയിലോ മറ്റോ ഉണ്ടാക്കിച്ചതാണെന്ന് തോന്നുന്നു. വൃത്തികെട്ട സാധനം. അതിന്‍റെ കൂട്ടത്തില്‍  ഒരു മഞ്ഞ കളറിലുള്ള ഒരു ചെറിയ ബൂക്കുമുണ്ട്. പക്ഷെ അത് അത്ര പോര. കവര്‍ ഒന്നുമില്ല. കുറച്ചു മഞ്ഞ പേപ്പര്‍ അറ്റത്ത്‌ അല്പം പശ തേച്ചു വച്ചിട്ടുണ്ട്. അതില്‍ പിടിച്ചു വലിച്ചാല്‍ ഓരോന്നായി ഇളകി വരികയും ചെയ്യുന്നു. കമ്പനിയുടെ പേരെഴുതിയ ഒരു കുപ്പിയും കപ്പും കിട്ടി. ലക്ഷണം കണ്ടിട്ട് വെള്ളം കുറെ കുടിക്കേണ്ടി വെറും എന്നാ തോന്നുന്നത്. 

     രണ്ടു ദിവസം കൊണ്ടേ induction കഴിയു എന്ന് അവര്‍ പറഞ്ഞു. അങ്ങനെ ആവട്ടെ എന്ന് ബൈജുവും പറഞ്ഞു. രണ്ടു ദിവസത്തെ പരിപാടി കഴിഞ്ഞപ്പോ ബൈജുവിന് ഒരു കാര്യം മനസ്സിലായി. ഇത് ഒരു നടക്കു പോവില്ല എന്ന്. മാനേജര്‍ ഇരിക്കുന്നത് അമേരിക്കയിലാണ്. ബാക്കി ടീമുകള്‍ കാലിഫോര്‍ണിയ, ലണ്ടന്‍ , ബിജിംഗ് മുതലായ സ്ഥലങ്ങളില്‍ അപ്പൊ എങ്ങനെ വര്‍ക്ക്‌ ചെയ്യും ഈശ്വരാ. ഇനി ഇവന്മാര്‍ എന്നെയും അങ്ങോട്ട്‌ വല്ലതും അയക്കുമോ . ഇല്ല. അത് അപ്പൊ തന്നെ ചീറ്റി. എല്ലാ മീറ്റിങ്ങും വീഡിയോ കോണ്‍ഫെറെന്‍സിംഗ് ,, കോണ്‍ഫറന്‍സ് കാള്‍ മുതലായവയിലൂടെ ആണത്രേ. ശരി. നോക്കാം.

         induction കഴിഞ്ഞു. നാളെ ആണ് ആദ്യ ടീം മീറ്റിംഗ്. കുറച്ചു ടെലിഫോണ്‍ നമ്പറുകള്‍ തന്നു. അതും കൊണ്ടു ഓഫീസില്‍ ചെന്നു. അടുത്തിരിക്കുന്നവരെ പരിചയപ്പെട്ടു. അവിടത്തെ ഒരു സിസ്റ്റം എന്താന്നു വച്ചാല്‍ വര്‍ക്ക്‌ ഫ്രം ഹോം ഓപ്ഷന്‍ ഉള്ള കാരണം എല്ലാവനും എന്നും ഓഫീസില്‍ ഉണ്ടാവണം എന്നില്ല. മിക്കവാറും വീട്ടില്‍ തന്നെ ഇരുന്നാ പണി. അടുത്തിരിക്കുന്ന ചേട്ടന്‍ ഒരു തമിഴന്‍ ആണ്. ബൈജു കേരളത്തില്‍ നിന്ന എന്നറിഞ്ഞപ്പോ അവനു സന്തോഷമായി. അവന്‍ പറഞ്ഞു ഇവിടെ നോര്‍ത്ത് ഇന്ത്യന്‍സിന്‍റെ കളി ആണ് . ഇവന്‍ മാത്രമാണ് ആകെ ഒരു സൌത്ത് ഇന്ത്യന്‍ എന്ന്.  MNC ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. പൊളിറ്റിക്സ് ന്‍റെ കാര്യം പറഞ്ഞാല്‍ അസെമ്ബ്ലിയെക്കാള്‍ കഷ്ടം ആണ് എന്നൊക്കെ അവന്‍ പറഞ്ഞു. രാത്രി പത്തു മണിക്കാണ് മീറ്റിംഗ്. പന്ത്രണ്ടു മണി വരെ ഉണ്ട്. വീട്ടില്‍ ഇന്റര്‍നെറ്റ്‌ ഒന്നുമില്ലാത്തത് കൊണ്ടു ഓഫീസില്‍ ഇരുന്നു അറ്റന്‍ഡ് ചെയ്യാം എന്ന് ബൈജു തീരുമാനിച്ചു. ഏഴു മണി ആയപ്പോ തന്നെ ബൈജു പുറത്തു ജോര്‍ജ് ചേട്ടന്‍റെ മെസ്സില്‍ പോയി ചോറും മീന്‍ കറിയും ഒക്കെ കഴിച്ചിട്ട് വന്നു. ഓഫീസില്‍ ആരുമില്ല. എല്ലാവനും വീട്ടില്‍ പോയി. പിന്നൊരു കാര്യമുണ്ട്. നമ്മളെ പോലല്ല. എല്ലാവനും കെട്ടി, പെണ്ണും പിടക്കോഴിയും ഒക്കെ ഉള്ളവരാ.

     പത്തു മണി ആയി. അവര്‍ തന്ന ബ്രിഡ്ജ് നമ്പര്‍ ഡയല്‍ ചെയ്തു. "വെല്‍ക്കം ടു എനി ടൈം കോണ്‍ഫറന്‍സ് സിസ്റ്റം. പ്ലീസ് ഡയല്‍ യുവര്‍ കോണ്‍ഫറന്‍സ് കോഡ് ' എന്ന് ഒരു മദാമ്മ പറയുന്നത് കേള്‍ക്കാം. ബൈജു കോഡ് ഡയല്‍ ചെയ്തു. പ്ലീസ് സെ യുവര്‍ നെയിം ആന്‍ഡ്‌ പ്രസ്‌ #' എന്ന് വീണ്ടും. 'ബൈജു ഹീയര്‍' എന്ന് പറഞ്ഞിട്ട് ഹാഷ് ബട്ടണ്‍ പ്രസ്‌ ചെയ്തു. 'you will now be placed into the conferensing. Thank you' എന്ന് പറഞ്ഞിട്ട് കാള്‍ കണക്ട് ആയി. ആകെ ഒരു ബഹളമാണ്. ആരൊക്കെയോ വായിട്ടലക്കുന്നുണ്ട്. ഒരു ബീപ് ശബ്ദത്തിനു ശേഷം 'ബൈജു ഹിയര്‍ ' എന്ന് പറഞ്ഞത് ഉറക്കെ കേട്ടു. 'who's just joined ?' എന്ന് മദാമ്മ ചോദിച്ചു. ബൈജുവിന് അത് എന്താന്നു മനസ്സിലായില്ല. അവര്‍ വീണ്ടും ചോദിക്കുകാ. അപ്പൊ ആരോ പറഞ്ഞു ' I think that was Baiju' എന്ന്. അയ്യോ. അപ്പൊ എന്നോടായിരുന്നോ ചോദ്യം .. 'അതെ ബൈജു ഫ്രം ബാംഗ്ലൂര്‍ ഹിയര്‍ '  എന്ന് ബൈജു അലറി. 'കാന്‍ യു പ്ലീസ് അഡ്ജസ്റ്റ് യുവര്‍ വോള്യം ? " എന്ന് മദാമ്മ മൊഴിഞ്ഞു. ശബ്ദം കുറച്ചു കൂടിപോയി എന്ന് തോന്നുന്നു.  സോറി പറഞ്ഞിട്ട് ബൈജു അത് ശരിയാക്കി വച്ചു. അങ്ങനെ മീറ്റിംഗ് തുടങ്ങി. ഒരു സായിപ്പു ആണ് ഇപ്പൊ സംസാരിക്കുന്നത്. അദ്ദേഹം ആണ് ഈ പ്രൊജക്റ്റ്‌ ന്‍റെ പ്രോഗ്രാം മാനേജര്‍. പഴയ കമ്പനിയില്‍ തമിഴ്, തെലുഗു, മല്ലു വെര്‍ഷന്‍ ഇംഗ്ലീഷ് ടയലോഗ്സ് കേട്ടു ശീലിച്ച കാരണം ഇത് ഒരു വസ്തു മനസ്സിലാകുന്നില്ല. ഇത് പ്രശ്നമാവും എന്നാ തോന്നുന്നത്. അതിനിടക്ക് ഒരു പട്ടി കുറയ്ക്കുന്ന ശബ്ദം. എല്ലാവരും ഞെട്ടി. സായിപ്പു കൂള്‍ ആയി പറഞ്ഞു. 'Sorry guys.. That was my Hazer'. പിന്നെ പട്ടിയുടെ അനക്കം ഒന്നുമില്ല.  അയാള്‍ അതിന്‍റെ വായില്‍ തുണി തിരുകി എന്നാ തോന്നുന്നത്. ഇങ്ങനെ ആണെങ്കില്‍ വീട്ടിലിരുന്നു ഇത് അറ്റന്‍ഡ് ചെയ്യുന്ന പരിപാടി ഉപേക്ഷിക്കേണ്ടി വരും.  നമ്മുടെ റൂമിന്‍റെ അടുത്താ ബാംഗളൂര്‍ലെ എല്ലാ പട്ടികളും തമ്പടിച്ചിരിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറും പട്ടിയുടെ കുര ഉള്ള ഇന്ത്യയിലെ ഏക സ്ഥലം ആണ് പതിനൊന്നാം ക്രോസ്.  അങ്ങനെ മീറ്റിംഗ് കഴിയാറായി. ഇപ്പൊ ഒരു മദാമ്മ ആണ് ലൈനില്‍. ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് അവര്‍ ചോദിച്ചു.  'Baiju.. Do you have any question ? " അയ്യോ.. ഇവര്‍ക്കേന്റെ പേരൊക്കെ അറിയാമോ. 'Nothing . Thanks ' എന്ന് ബൈജു പറഞ്ഞു.  കുറച്ചു ഇംഗ്ലീഷ് ഒക്കെ പഠിക്കണമല്ലോ. സായിപ്പന്മാരുടെ ഇംഗ്ലീഷ് ഒക്കെ. സ്ഥിരമായി വ്യാജ DVD വാങ്ങിക്കുന്ന കാക്കയുടെ ഫുട്പാത്ത് ഷോ റൂമില്‍ നിന്ന് കുറച്ചു ഇംഗ്ലീഷ് പടം ഒക്കെ വാങ്ങി സബ് ടൈറ്റില്‍ ഇട്ടു പഠിക്കണം. അങ്ങനെ ആദ്യ മീറ്റിംഗ് കഴിഞ്ഞു. പന്ത്രണ്ടു മണിക്ക് തന്നെ അവസാനിച്ചു. പഴയ കമ്പനിയില്‍ ആണെങ്കില്‍ രണ്ടു മണിക്കൂര്‍ പറഞ്ഞു തുടങ്ങുന്ന മീറ്റിംഗ് പലതും നാല് മണിക്കൂര്‍ കഴിഞ്ഞ തീരുന്നത്. ഇവന്‍മാര്‍ അത് പോലല്ല എന്ന് തോന്നുന്നു. കൊള്ളാം .

    കാബ് കിട്ടി. വീട്ടില്‍ എത്തി.  ഈശ്വരനോട് നന്ദി പറഞ്ഞു. എല്ലാം നല്ലത് പോലെ വരണേ ഭഗവാനേ എന്നൊക്കെ പ്രാര്‍ത്ഥിച്ചു. കുളിച്ചിട്ടു വന്നു കിടന്നു. വീട്ടിലാണെങ്കില്‍ പൊരിഞ്ഞ കല്യാണ ആലോചനകള്‍ തുടങ്ങി.പത്രത്തില്‍ പരസ്യം കൊടുത്തിട്ടുണ്ട്‌. എഴുപത്തെട്ടു മോഡല്‍ ടാറ്റാ ലോറി ഒരെണ്ണം വില്‍ക്കാനുണ്ട് എന്ന് പറയണ പോലെ ബൈജു, 28, MCA, MNC, ബാംഗ്ലൂര്‍ എന്നൊരു രണ്ടു വരി പരസ്യം കൊടുത്തു അച്ഛന്‍. ആരൊക്കെയോ വിളിക്കുന്നുമുണ്ട്. പക്ഷെ ജാതകത്തില്‍ മൂലത്തില്‍ ശുക്രന്‍ ഉദിച്ചു നില്‍ക്കുന്ന കാരണം ഒന്നും അങ്ങട് ശരിയാവുന്നില്ല.  

     ഉറക്കം ശക്തമായി വന്നെങ്കിലും ബൈജുവിന്‍റെ മനസ്സിലേക്ക് ഒരു ചോദ്യം വീണ്ടും വീണ്ടും കയറി വന്നു.. 'എന്തിനായിരിക്കും ആ മഞ്ഞ കടലാസ് ഉള്ള ബുക്ക്‌ ? "

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 11

     ഫസ്റ്റ് സാലറി കിട്ടി. എല്ലാവന്മാര്‍ക്കും ട്രീറ്റ്‌ വേണമെന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്. എന്റെ പോക കണ്ടിട്ടേ അടങ്ങൂ എന്നാ തോന്നുന്നത്. ബൈജു ഓര്‍ത്തു . സാലറി സ്ലിപ് എടുത്തു നോക്കിയിട്ട് ഒന്നും പിടി കിട്ടുന്നില്ല. അടുത്ത മാസം മുതല്‍ ഫുഡ്‌ കൂപ്പണ്‍, ടെലിഫോണ്‍ ബില്‍ ഒക്കെ ചാമ്പി കൊടുക്കണം.  അല്ലെങ്കില്‍ ടാക്സ് കൊടുത്തു മുടിയും.

     ജോലി അങ്ങനെ സാഹസികമായി മുന്നോട് പോകുകയാണ്. ഇവിടെ എല്ലാവനും ഒരു ബൈക്ക് അല്ലെങ്കില്‍ കാര്‍ ഒക്കെ ഉണ്ട്. ഒരു ഗേള്‍ ഫ്രണ്ട് എങ്കിലും ഇല്ലാത്ത ഒരുത്തനും ഇല്ല. വെള്ളിയാഴ്ച ആകുമ്പോ ഓരോരുത്തന്മാരുടെ കൂടെ പോവാന്‍ വരുന്ന പെണ്‍പിള്ളാരെ ഒക്കെ കണ്ടാല്‍  ജീവിച്ചത് മതി എന്ന് തോന്നും. എല്ലാ കിഴങ്ങന്മാര്‍ക്കും ഉണ്ട് ഓരോ കാമുകിമാര്‍. നമ്മുടെ നാട്ടിലെ പോലല്ല. ഇവളുമാര്‍ വലിക്കുകയും കുടിക്കുകയും ഒക്കെ ചെയ്യും. രണ്ടു പേര്‍ക്കും ഒരു ബാറിലായിരിക്കും അക്കൗണ്ട്‌. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും. ഇവന്മാരോടോന്നും അസൂയ തോന്നിയിട്ട് കാര്യമില്ല. നമ്മുടെ വിധി.

     അങ്ങനെ ആകെ ദുഖിതനും കുണ്ടിതനുമായി ബൈജു കാലം കഴിച്ചു കൂട്ടി. അപ്പോഴതാ വരുന്നു ഒരു കല്യാണ ആലോചന. അപ്പനും അമ്മയ്ക്കും ഒറ്റ മകള്‍ ആണ്. അവര്‍ക്ക് വേറെ നിബന്ധനകള്‍ ഒന്നുമില്ല. പയ്യന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരിക്കണം എന്നെ ഉള്ളു. അപ്പോഴാണ് അവര്‍ ബൈജുവിന്‍റെ പത്ര പരസ്യം കണ്ടത്. മകള്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു ബംഗ്ലൂരില്‍ തന്നെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ എഞ്ചിനീയര്‍ ആണ്. അവര്‍ മകളുടെ പ്രൊഫൈല്‍ കേരള മാട്ട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപ്പൊ തന്നെ പെണ്ണിന്‍റെ വീട്ടുകാരെ വിളിച്ചു അവളുടെ ഐ ഡി വാങ്ങാന്‍ ബൈജു അച്ഛനെ ചട്ടം കെട്ടി. അന്ന് വൈകിട്ട് തന്നെ ഐ ഡി കിട്ടി. സൈറ്റില്‍ കയറി നോക്കി. ആഹാ. നല്ല ഒരു കുട്ടി. മുല്ലപ്പൂ ചൂടിയിട്ടുണ്ട്. നല്ല ഐശ്വര്യം. ഇരുപത്തി നാല് വയസ്സ്. അഞ്ചടി ഉയരം. നല്ല നിറം. കൊമ്പ്ലെക്ഷന്‍ ഫെയര്‍ എന്നാണ് ഇട്ടിരിക്കുന്നത്. Modern in outlook ... Respect traditional values... എന്നൊക്കെ ഇട്ടിട്ടുണ്ട്. ട്രാവെലിംഗ്, മ്യൂസിക്‌ ഒക്കെ ആണ് ഹോബ്ബീസ്. അവള്‍ക്കു മാന്യനും ഹ്യൂമര്‍ സെന്‍സ് ഉള്ളതുമായ ഒരു ഒരു പങ്കാളിയെ ആണ് ആവശ്യം എന്ന് ഇട്ടിട്ടുണ്ട്. രക്ഷപെട്ടു. ദൈവം സഹായിച്ചു അത് രണ്ടും എനിക്ക് വേണ്ടുവോളം ഉണ്ട്. ഇത് തന്നെ എന്‍റെ പെണ്ണ്. ബൈജു ഉറപ്പിച്ചു. അച്ഛനെ അപ്പൊ തന്നെ വിളിച്ചു പറഞ്ഞു കൊള്ളാം എന്ന്. ഹോ .. ഇത് എങ്ങനേലും നടന്നാല്‍ മതിയാരുന്നു.  കാവിലമ്മക്കും ഗുരുവായൂരപ്പനും നേര്‍ച്ചകള്‍ നേര്‍ന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകളിലെ സോളമന്‍ സോഫിയയോട് പറയുന്നത് പോലെ നമുക്ക് കഫെ കോഫീ ഡേയില്‍ പോയി രാപാര്‍ക്കാം എന്നൊക്കെ അവളോട്‌ പറയുന്നതോര്‍ത്തു ഉറക്കത്തില്‍ ബൈജു മഹേഷിന്‍റെ ചെവിയില്‍ നുള്ളി സ്വകാര്യം പറഞ്ഞു.  തങ്ങള്‍ക്കുണ്ടാവാന്‍ പോകുന്ന കുട്ടികള്‍ക്ക് എന്ത് പേരിടണം എന്ന് വരെ ബൈജു സ്വപ്നം കണ്ടു. അടുത്ത ദിവസം ഓഫീസില്‍ എത്തിയ ബിജുവിന് ഒന്നിലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എവിടെ നോക്കിയാലും അവളുടെ മുഖം മാത്രം. ഒരു പതിനാറു തവണയെങ്കിലും ബൈജു അവളുടെ ഫോട്ടോ എടുത്തു നോക്കി. ' യരുശലേം പുത്രിമാരെ.. നിങ്ങള്‍ എന്‍റെ പ്രിയനേ കണ്ടുവോ... എങ്കില്‍ ഞാന്‍ പ്രേമ പരവശയായിരിക്കുന്നു വിവരം അവനെ അറിയിക്കുവിന്‍' എന്നൊക്കെ അവള്‍ പറയുന്നതായി ബൈജുവിന് തോന്നി.

     അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. അച്ഛനോട് വിളിച്ചിട്ട് ബൈജു ചോദിച്ചു എന്നാ അവളെ കാണാന്‍ പറ്റുക എന്ന്. പെണ്ണിന്‍റെ വീട്ടുകാര്‍ വിളിക്കട്ടെ. എന്നിട്ട് അറിയിക്കാം എന്ന് അച്ഛന്‍ പറഞ്ഞു. ഇനി എന്നാ അത്.. എന്ന് ക്ഷമ നശിച്ചു ചോദിച്ച ബിജുവിനോട് അച്ഛന്‍ ചൂടായി. ക്ഷമിക്കുക തന്നെ.. ബൈജു മനസ്സില്‍ പറഞ്ഞു. സന്ധ്യ ആവാറായി. അതാ മൊബൈല്‍ അടിക്കുന്നു. അച്ഛനാണല്ലോ. പിടക്കുന്ന ഹൃദയത്തോടെ ബൈജു ഫോണ്‍ എടുത്തു. ഒടുവില്‍ പെണ്ണിന്‍റെ വീട്ടുകാര്‍ വിളിച്ചിരിക്കുന്നു. വരുന്ന ഞായറാഴ്ച കാണാം എന്ന്. അവളും ബാങ്ങ്ലൂരില്‍ ആയതു കൊണ്ട് ഒരു സ്ഥലം തീരുമാനിച്ചിട്ടു അറിയിച്ചാല്‍ മതി എന്ന്. പെണ്ണ് പുറത്തെങ്ങും അധികം ഇറങ്ങുന്ന ടൈപ്പ് അല്ല എന്നും. അത് കൊണ്ടു രാവിലെ വല്ലതും കാണുന്നതായിരിക്കും നല്ലത്. ഇരുട്ടിയാല്‍ അവള്‍ക്കു ഒറ്റയ്ക്ക് പോവാന്‍ പേടി ആയിരിക്കും എന്നൊക്കെ അവളുടെ വീട്ടുകാര്‍ പറഞ്ഞു അത്രേ. അതിനെന്താ രാവിലെ തന്നെ കണ്ടേക്കാം. എന്ന് ബൈജു പറഞ്ഞു. അവര്‍ പറഞ്ഞതൊക്കെ കേട്ടിട്ട് ബൈജുവിന്‍റെ മനം കുളിര്‍ത്തു. ഇവള്‍ അടങ്ങി ഒതുങ്ങി ജീവിച്ച ഒരു പെണ്ണാണ്. ഇവിടെ സാധാരണ കാണുന്ന ആഷ് ബുഷ്‌ ടൈപ്പ് അല്ല. അല്ലെങ്കിലും ഭഗവാന്‍ ബൈജുവിന് ഇപ്പോഴും നല്ലതേ വരുത്തു എന്നൊക്കെ ബൈജു ഓര്‍ത്തു.

     അങ്ങനെ ആ ദിവസം വന്നു. കന്നി പെണ്ണ് കാണലിനു പോവുകയാണ് ബൈജു. രാവിലെ തന്നെ എഴുനേറ്റു കുളിച്ചു കുട്ടപ്പനായി. പുട്ടി ഒക്കെ തേച്ചു മുഖത്തെ ഗട്ടറുകള്‍ ഒക്കെ അടച്ചു. ഫെയര്‍ ആന്‍ഡ്‌ ലവലി തേച്ചു പിടിപ്പിച്ചു ആകെ ഒന്ന് വെളുപ്പിച്ചു. ഏഴു ദിവസം കൊണ്ടു വെളുക്കും എന്നൊക്കെ ഇവന്മാര്‍ പറയുന്നത് വെറുതെയാണെന്ന് തോന്നുന്നു. ഇതൊക്കെ വാങ്ങിച്ചു കൂട്ടി കുടുംബം വെളുക്കും എന്നല്ലാതെ വേറൊരു മെച്ചവും കാണുന്നില്ല. പത്തു മണിക്ക് ആ ഷോപ്പിംഗ്‌ മാളില്‍ വരാം എന്നാ പറഞ്ഞിരിക്കുന്നത്. അര മണിക്കൂര്‍ മുമ്പ് ബൈജു സ്ഥലത്തെത്തി. എന്നിട്ട് ഒരു കടയില്‍ കയറി വെറുതെ അതുമിതും നോക്കി നിന്നു. നേരത്തെ വന്നു എന്ന് കണ്ടാല്‍ അവളുടെ മുമ്പില്‍ വില പോയാലോ. പത്തു മണി ആയി.  അവളെ കാണുന്നില്ലല്ലോ. അച്ഛനെ ഒന്ന് കൂടി വിളിച്ചു നോക്കി. അവള്‍ നിന്നെ വിളിക്കും. അടങ്ങി നില്‍ക്കാന്‍ അച്ഛന്‍ പറഞ്ഞു.   അതാ ആരോ വിളിക്കുന്നു. ഒരു കുയില്‍ നാദം. "ഞാന്‍ പ്രിയ ആണ്. എവിടാ ഇപ്പൊ ഉള്ളത് ? " ഇതവള്‍ തന്നെ. ബൈജു മനസ്സില്‍ പറഞ്ഞു. "ഞാന്‍ ഇപ്പൊ വരാം. കുട്ടി എവിടാ നില്‍ക്കുന്നത് എന്ന് ബൈജു ചോദിച്ചു." അവള്‍ സ്ഥലം പറഞ്ഞു. കെ എഫ് സി യുടെ മുന്നിലാണ്. ബൈജു അവിടെത്തി. രാവിലെ ആയതു കാരണം അവിടെ ആരുമില്ല. ഷോപ്പ് തുറന്നിട്ട്‌ പോലുമില്ല.  ഒരു പെണ്ണ് ജീന്‍സും ടോപ്പുമിട്ട് അവിടെ നിപ്പുണ്ട്. ഇനി ഇവളാണോ അവള്‍. ഹേ .. ആവില്ല. ബൈജു അവളുടെ അടുത്തേക്ക് ചെന്നു. 'ബൈജു അല്ലെ ? ' അവള്‍ ചോദിച്ചു. ഹാവൂ. ഇതവള്‍ തന്നെ. ബട്ട്‌ എന്തൊരു മാറ്റം. ഫോട്ടോയില്‍ കണ്ട പോലെയേ അല്ല. മുല്ലപൂ ചൂടിയ ഒരു സുന്ദരിയെ പ്രതീക്ഷിച്ചിട്ടു ഇപ്പൊ ചെമ്പരത്തി പൂ ചൂടിയ പോലെ ഒരു പെണ്ണ്. ഹെവി മേക് അപ്പ്‌. ഒരു കയ്യില്‍ വാനിറ്റി ബാഗ്. മറ്റേ കയ്യില്‍ ഒരു മൊബൈല്‍. ചെവിയില്‍ എന്തൊക്കെയോ കുത്തി തിരുകിയിട്ടുണ്ട്. 'വില്‍ കാള്‍ യു ഡാ .. ബൈ ' എന്ന് പറഞ്ഞിട്ട് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു.അപ്പൊ ഇവള്‍ ഏതാവനോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു  അല്ലേ. ഏതോ പരസ്യത്തില്‍ പറയുന്ന പോലെ ബൈജുവിന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. Hey.. can we goto that cafe ? അവള്‍ ചോദിച്ചു.

Yes. we can go എന്ന് ബൈജു യാന്ത്രികമായി പറഞ്ഞു. കഫെയില്‍ കയറി. അവിടെയും ആരുമില്ല. തുറന്നിട്ടെ ഉള്ളു. 'കം ഓണ്‍ . ടേക്ക് യുവര്‍ സീറ്റ്‌' എന്നവള്‍ പറഞ്ഞു. അത് കേട്ടതും അനുസരണയോടെ ബൈജു ആ ചെയറില്‍ ഇരുന്നു.

   അവള്‍ തന്നെ ഒരാളെ വിളിച്ചു എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. 'ബൈജു.. അപ്പൊ ഞാന്‍ എന്നെ പറ്റി പറയണോ അതോ ബൈജു സംസാരിച്ചു തുടങ്ങുന്നോ ? " അവള്‍ ചോദിച്ചു. പാവം ബൈജു. പണ്ട് ഇന്റര്‍വ്യൂ നു പോയപ്പോ അടിച്ചതൊക്കെ അല്‍പം പിച്ച് കുറച്ചു പറഞ്ഞു. 'ഞാന്‍ ബൈജു. എനിക്ക് ഇരുപത്തേഴു വയസ്സായി. ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ആണ് ജോലി. എന്‍റെ സി ടി സി ... ' എന്നൊക്കെ ബൈജു എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ പറഞ്ഞു. 'ഒകായ്‌ . അപ്പൊ ഇനി ഞാന്‍ എന്നെ പരിചയപ്പെടുത്താം'. അവള്‍ . ' ശരി . ചുമ്മാ പറ. എന്ന് ബൈജു മനസ്സില്‍ പറഞ്ഞു.'' I am also a software engineer by profession. But on top of it , I am an individual. With my own identity.' അവള്‍ പറഞ്ഞു തുടങ്ങി. ഈശ്വരാ .. തുടക്കത്തില്‍ തന്നെ കല്ലുകടി ആണല്ലോ. 'ഞാന്‍ ചിലപ്പോ ലേറ്റ് നൈറ്റ്‌ ഒക്കെ ഇരുന്നു വര്‍ക്ക്‌ ചെയ്യും. അത് കഴിഞ്ഞു ചിലപ്പോ അര്‍ദ്ധ രാത്രി ഒക്കെ ആയിരിക്കും വരുന്നത്. അപ്പൊ ബൈജു വെറുതെ അത് ഒരു ഇഷ്യൂ ആക്കരുത്. 'My profession is my everything'. ചിലപ്പോ ഞാന്‍ ഓഫീസില്‍ നിന്നു ഔടിംഗ് നും പാര്‍ടികള്‍ക്കും ഒക്കെ പോയെന്നു വരും. 'Don't question me at that time and don't play the chauvinist then' ഈ chauvinist എന്ന് വച്ചാല്‍ എന്താണാവോ .. ബൈജു ഓര്‍ത്തു. 'അതൊന്നും സാരമില്ല.' എന്ന് ബൈജു പറഞ്ഞു. അത് കേട്ടതും അവളുടെ മുഖം വിടര്‍ന്നു. 'പിന്നെ ഒരു ടിപ്പിക്കല്‍ ഇന്ത്യന്‍ സ്റ്റൈല്‍ ഭാര്യ ആയിരിക്കാന്‍ എനിക്ക് പറ്റില്ല. I mean ഒരു സതി സാവിത്രി ലൈന്‍ ഒന്നും എനിക്ക് പറ്റില്ല. എനിക്ക് respect തരുന്ന ഒരു ഭര്‍ത്താവിനെ ആണ് ഞാന്‍ പ്രതീക്ഷിക്കുന്നത് ." അവള്‍ തുടര്‍ന്നു. 'അമ്മേ..ബൈജു അറിയാതെ വിളിച്ചു പോയി. പിന്നെയും അവള്‍ എന്തൊക്കെയോ ഇരുന്നു പറയുകയാണ്‌. മുടിഞ്ഞ ഇന്ഗ്ലീഷും. എല്ലാം ഒന്നും മനസ്സിലായില്ലെങ്കിലും അവള്‍ പറഞ്ഞതിന്‍റെ സാരാംശം ബൈജുവിന് പിടി കിട്ടി. ഒരു ഭര്‍ത്താവിനെ അല്ല ഒരു അടിമയെ ആണ്  അവള്‍ക്കു വേണ്ടത് എന്ന്. ഒടുവില്‍ അവള്‍ സംസാരം നിര്‍ത്തി. 'ബൈജു ഒരു introvert ആണെന്ന് തോന്നുന്നു. എന്താ ഒന്നും സംസാരിക്കാത്തത് ? " അവള്‍ ചോദിക്കുകയാണ്. 'അതിനു നീ ഒന്ന് നിര്‍ത്തിയിട്ടു വേണ്ടേ എനിക്ക് എന്തെങ്കിലും മിണ്ടാന്‍ ' എന്ന് ബൈജു ഉള്ളില്‍ പറഞ്ഞു. 'എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല ചോദിയ്ക്കാന്‍" എന്ന് ബൈജു പറഞ്ഞു. 'അപ്പൊ ശരി. സീ യു.. " എന്ന് പറഞ്ഞു ഒരു ഷേക്ക്‌ ഹാന്റും തന്നു അവള്‍ പിരിഞ്ഞു.

     ആകെ ക്ഷീണിച്ചു തൊണ്ട വരണ്ട ബൈജു അടുത്ത് കണ്ട ജ്യൂസ്‌ കടയില്‍ കയറി എന്തൊക്കെയോ വാങ്ങി കുടിച്ചു. എത്ര കുടിച്ചിട്ടും ദാഹം തീരുന്നില്ല. ഹോ. ഒടുക്കലത്തെ പെണ്ണ് കാണല്‍ ആയിപ്പോയി. അപ്പൊ തന്നെ വീട്ടിലേക്കു വിളിച്ചു. 'മോനെ .. ആ പെണ്ണ് എങ്ങനുണ്ട് ? " അമ്മ ചോദിച്ചു. 'ഇത് ശരിയാവൂല അമ്മേ. ' ബൈജു പറഞ്ഞു.. 'നീ വേഗം തന്നെ അവളെ വിട്ടോ ? ആ കുട്ടിക്ക് ഒറ്റയ്ക്ക് പോവാന്‍ പേടി കാണും' അമ്മ വീണ്ടും. 'അതോര്‍ത്തു അമ്മ പേടിക്കണ്ട. അവള്‍ ഒറ്റയ്ക്ക് വേണേല്‍ ചന്ദ്രനില്‍ വേണേലും പോവും. " എന്ന് പറഞ്ഞു ബൈജു ഫോണ്‍ വച്ചു.  "ഹോ .. ആകെ ക്ഷീണിച്ചു പോയി.. അടുത്ത പെണ്ണ് കാണലിനു മുമ്പ് ഈ തലമുറയിലെ പെണ്ണുങ്ങളെ പറ്റി ഒന്ന് പഠിക്കേണ്ടി ഇരിക്കുന്നു.

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 12

       അങ്ങനെ ആദ്യ ആലോചന ചീറ്റി. ബൈജു ആകെ നിരാശനായി. പിന്നെയും ആരൊക്കെയോ വിളിച്ചു. കുറച്ചു പെണ്ണുങ്ങളെ ഒക്കെ പോയി കണ്ടു. ചായയും ബിസ്കറ്റും ഒക്കെ കഴിച്ചിട്ട് വന്നു. ബട്ട്‌ ഒന്നും അങ്ങട് ശരിയാവുന്നില്ല. എന്നാല്‍ പിന്നെ ആരെയെങ്കിലും പ്രേമിച്ചാലോ..? ഒരു ദുര്‍ബല നിമിഷത്തില്‍ ബിജുവിന് അങ്ങനെ തോന്നി. ഒരാഴ്ച മുഴുവന്‍ ആലോചിച്ചതിനു ശേഷം ബൈജു ജീവിതത്തിലെ നിര്‍ണായകമായ ആ തീരുമാനം എടുത്തു. ഏതെങ്കിലും ഒരു പെണ്ണിനെ പ്രേമിച്ചിട്ടേ ബാക്കി കാര്യമുള്ളൂ. ഇത്രയും കാലം എന്തായാലും വേസ്റ്റ് ആയി.

     
   അപ്പൊ ഇനി പ്രേമിക്കാനുള്ള പെണ്ണിനെ കണ്ടു പിടിക്കണം. ബൈജു സീറ്റിലിരുന്നു ചുറ്റിനും നോക്കി. ആദ്യത്തെ ക്യുബിക്കിളില്‍ ഇരിക്കുന്നത് ഒരു ആന്ധ്രാക്കാരി. അവളെ പ്രേമിച്ചാല്‍ വിവരമറിയും. അന്യായ സൈസ് ആണ്. അവളെങ്ങാനും മറിഞ്ഞു ദേഹത്തൂടെ വീണാല്‍ പിന്നെ തറയില്‍ നിന്ന് ഷേവ് ചെയ്തെടുക്കേണ്ടി വരും.അടുത്തതില്‍ ഒരു നോര്‍ത്തി ആണ്. അവളെ മേക്കാന്‍ എന്നെ കൊണ്ട് പറ്റില്ല. വലിയ ചെലവാ... പക്ഷെ അവളെ കണ്ടാല്‍ ഒടുക്കലത്തെ കളര്‍ ആണ്. നല്ല സൗന്ദര്യവും ഉണ്ട്. പക്ഷെ എന്തുണ്ടായാല്‍ എന്താ.. അവള്‍ വാ തുറന്നാല്‍ പോയി. മനുഷ്യന്‍റെ എല്ലാ മൂടും പോവും.

     

      അടുത്ത ക്യുബിക്കിളില്‍ നോക്കിയതും ബൈജുവിന്‍റെ മുഖം വിടര്‍ന്നു. ഒരു മലയാളി സുന്ദരി ആണ് അതില്‍. പേര് ചിന്നു. ബൈജു അവളെ അടിമുടി ഒന്ന് നോക്കി. അവള്‍ എന്തോ കാര്യമായി പണിയെടുത്തു കൊണ്ടിരിക്കുകയാണ്. ജീന്‍സും ബലൂണ്‍ ടോപ്പും ആണ് വേഷം. ഒരു കണ്ണടയും വച്ചിട്ടുണ്ട്. അത് അവള്‍ക്കു ഒന്ന് കൂടി ഭംഗി നല്‍കുന്നു. വാച്ചിന് പിങ്ക് സ്ട്രാപ് ആണ്. കാതില്‍ വളരെ ചെറിയ രണ്ടു കമ്മലുകള്‍. ക്രിസ്ടല്‍ വച്ച ഒരു ചെറിയ മൂക്കുത്തിയും ഉണ്ട് അവള്‍ക്ക്. ആകെ കൂടി ഇന്നത്തെ പ്രഭാതത്തില്‍ വിരിഞ്ഞ ഒരു ആമ്പല്‍ പൂ പോലെ മനോഹരിയായ ചിന്നു. ഇവളെ തന്നെ നോക്കാം.  ബൈജു ഉറപ്പിച്ചു. നാളെ തന്നെ അവളോട്‌ ചോദിക്കാം ഇഷ്ടമാണോ എന്ന്. അടുത്ത ദിവസം ബൈജു ബാത്ത് റൂമില്‍ കയറി നിന്ന് ഒരു മണിക്കൂര്‍ പ്രാക്ടീസ് ചെയ്തു. 'ചിന്നു. ഒരു കാര്യം ചോദിക്കാനുണ്ട്. എന്നെ തെറി പറയരുത്. എനിക്ക് പറയാനുള്ളത് കേട്ടിട്ട് മറുപടി പറയണം.' എന്നൊക്കെ ബൈജു പറഞ്ഞു നോക്കി. ഹേ. ഇതൊരു രസമില്ല. ഗോഡ് ഫാദര്‍ ഇല്‍ മുകേഷ് പറയുന്ന പോലെ. മാലൂ.. ഇന്നലെ ഞാന്‍ ഉറങ്ങിയില്ല ... അങ്ങനെ തുടങ്ങിയാലോ.. വേണ്ട. രാവിലെ തൊട്ടു ചിന്നുവിന്‍റെ അടുത്തൊക്കെ ചുറ്റി പറ്റി നടന്നെങ്കിലും ബൈജുവിന് അത് ചോദിക്കാനുള്ള ധൈര്യം വന്നില്ല. അങ്ങനെ ഒരാഴ്ച കടന്നു പോയി.

     അങ്ങനെ ഒരു ബുധനാഴ്ച വന്നെത്തി. ബൈജു രാവിലെ തന്നെ ഓഫീസില്‍ ചെന്നപ്പോ ചിന്നു സീറ്റിലുണ്ട്. ബൈജു ലോഗിന്‍ ചെയ്തതിനു ശേഷം അവളുടെ അടുത്തേക്ക് ചെന്നു. 'ഹായ് ബൈജു.. എന്തൊക്കെ ഉണ്ട് ?' എന്ന് അവള്‍ ചോദിച്ചു. 'ഒന്നുമില്ല. സുഖം' എന്ന് ബൈജു മറുപടി പറഞ്ഞു. ഹോ. ഇവളോട്‌ എങ്ങനെ ചോദിക്കും ? അവള്‍ ഞാന്‍ ഒരു മാന്യന്‍ ആണെന്ന് കരുതി ആണ് ഇങ്ങനെ സുഖ വിവരം ഒക്കെ ചോദിക്കുന്നത്. ഇനി ഇത് ചോദിച്ചു കുളമാകുമോ.. ടെന്‍ഷന്‍ ആയി. 'ചിന്നു..എനിക്കൊരു കാര്യം പറയാനുണ്ട്‌.' ബൈജു മടിച്ചു മടിച്ചു പറഞ്ഞു. 'എന്താ ? ' അവള്‍ . 'ഒന്നുമില്ല. നമ്മള്‍ തമ്മില്‍ എന്തോ ഉണ്ടെന്നു ഒരു സംശയം' ബൈജു പറഞ്ഞു. 'അങ്ങനെ ആര് പറഞ്ഞു ? ' അവള്‍ സീറ്റില്‍ നിന്ന് എഴുനേറ്റു. 'അല്ല . എനിക്ക് തന്നെ തോന്നിയതാ.' ബൈജു പേടിച്ചു പേടിച്ചു പറഞ്ഞു. ഒന്ന് അകന്നു നിന്നേക്കാം. അവളെങ്ങാനും ചെരുപ്പ് ഊരിയാലോ. എന്നാല്‍ ആ മറുപടി കേട്ട് അവളുടെ മുഖത്ത് ചുവപ്പ് പടര്‍ന്നു. ചെറിയ ഒരു നാണത്തോടെ അവള്‍ മുഖം കുനിച്ചു. അത് കണ്ടപ്പോ ബൈജുവിന് ധൈര്യം ആയി. ' എനിക്ക് ചിന്നുനോട് ഇഷ്ടമാണെന്ന് ഒരു തോന്നല്‍. ചിന്നുവിന് എന്നെ ഇഷ്ടമാണോ ? ' എന്ന് ബൈജു തുറന്നു ചോദിച്ചു.അവള്‍ ഒന്നും മിണ്ടുന്നില്ല. ഈശ്വരാ. അവള്‍ എന്താ ഒന്നും മിണ്ടാത്തത് ? പണ്ടാരം .. ആ ആന്ധ്രാക്കാരി വരുന്നുണ്ട്. കുന്തം . ചിന്നു അതോടെ വീണ്ടും സീറ്റില്‍ ഇരുന്നു.

     പട പടാ ഇടിക്കുന്ന ഹൃദയത്തോടെ ബൈജു സീറ്റില്‍ പോയിരുന്നു. ഒന്നും ചെയ്യാന്‍ തോന്നുന്നില്ല. അവളുടെ മറുപടി എന്താന്ന് അറിയാനും വയ്യ. വേണ്ടായിരുന്നു. ഇനി അവള്‍ക്കു ഇഷ്ടമല്ലെങ്കില്‍ എന്ത് ചെയ്യും . ഉച്ചക്ക് ഉണ്ണാന്‍ ഇറങ്ങിയപ്പോ ബൈജു അവളെ ഒന്ന് നോക്കി. അവള്‍ ബിജുവിനെ നോക്കുന്നുണ്ടായിരുന്നു. സംഗതി പാളി എന്നാ തോന്നുന്നത്. വൈകിട്ട് പോയി അവളോട്‌ മാപ്പ് പറയാം. ഒരുവിധത്തില്‍ വൈകിട്ട് ആയി. എല്ലാവരും പോയി. ചിന്നു കാര്യമായി എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഇവള്‍ വീട്ടില്‍ പോണില്ലേ ?

ബൈജു എഴുതിയ കോഡ് തന്നെ തൂത്തും തുടച്ചും അവിടെ ഇരുന്നു. ഇവള്‍ ഇറങ്ങുമ്പോ ഒപ്പം പോവാം. അവളും ഇവിടെ അടുത്തെവിടോ ആണ് താമസം. അതാ അവള്‍ ഷട്ട് ഡൌണ്‍ ചെയ്യുന്ന ശബ്ദം. ബൈജുവും ടപെന്നു മെഷീന്‍ ഓഫ്‌ ചെയ്തു. അവള്‍ ഇറങ്ങുകാ. 'ചിന്നു.. ഒരു സെക്കന്റ്‌' എന്ന് ബൈജു പറഞ്ഞു. 'സോറി . ഞാന്‍ വെറുതെ പറഞ്ഞുന്നെ ഉള്ളു. കാര്യമാക്കണ്ട. അത് മറന്നേക്കു' എന്ന് ബൈജു പറഞ്ഞു. അത് കേട്ടതും അവളുടെ മുഖം വാടി. 'ബൈജു ഇവിടുള്ള മറ്റു പയ്യന്മാരെ പോലല്ല എന്നാ ഞാന്‍ കരുതിയത്‌. അപ്പൊ ബൈജുവും അവരെ പോലെ വെറുതെ ലൈന്‍ അടിക്കാന്‍ ആണ് ശ്രമം അല്ലെ ? മോശമായിപോയി. ഇനി സോറി പറഞ്ഞു കൂടുതല്‍ പ്രകടനം ഒന്നും വേണ്ട. ഞാന്‍ ഇതൊക്കെ ഇവിടെ പലരും പലരോടും പ്രയോഗിക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്. ഇനി എന്നോട് മിണ്ടാനും വരണ്ട. ബൈജുവിന് നില്‍ക്കുന്ന ഇടം കുഴിഞ്ഞു പോകുന്നത് പോലെ തോന്നി. വെളുക്കുന്ന വരെ വെള്ളം കോരിയിട്ടു അവസാനം കുടം കൊണ്ടിട്ടുടച്ചല്ലോ ഈശ്വരാ... ആകെ തകര്‍ന്ന ബൈജു ചിന്നു നടന്നു നീങ്ങുന്നതും നോക്കി നിര്‍നിമേഷനായി നിന്നു.

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 13

     വന്ന പാടെ ബൈജു കഥകള്‍ എല്ലാം മഹേഷിനോട് പറഞ്ഞു. അവന്‍ ബൈജുവിനെ സമാധാനിപ്പിച്ചു. രണ്ടു പേരും കൂടി ബാറില്‍ പോയി ഓരോ നാരങ്ങ വെള്ളം അങ്ങട് പിടിപ്പിച്ചു. അതീവ സന്തോഷവാന്‍ ആയാണ് ബൈജു തിരിച്ചു റൂമിലെത്തിയത്. ചിന്നു പോയാല്‍ പോട്ടെ. വേറെ പെണ്ണ് വരും. ഇനി  താന്‍ ഈ പരിപടിക്കില്ല എന്ന് ബൈജു ഉറപ്പിച്ചു. ടി വിയില്‍ ഇമോഷണല്‍ അത്യാചാര്‍ കണ്ടപ്പോ ബൈജുവിന് അല്പം സന്തോഷം കൂടി. അപ്പൊ ഇത്രയൊക്കെയേ ഉള്ളു ഈ സ്നേഹം പ്രേമം എന്നൊക്കെ പറയുന്നത്. ശുദ്ധ തട്ടിപ്പ്.  സ്വപ്നത്തില്‍ ചിന്നു പല തവണ വന്നെങ്കിലും അത് പോലെ തന്നെ പോയി. 

     അങ്ങനെ ഒരാഴ്ച കടന്നു പോയി. സാധാരണ പോലെ തന്നെ ഓഫീസില്‍ പോവാന്‍ ബൈജു ശ്രമിച്ചെങ്കിലും ഇടക്കിടക്ക് എന്തോ ഒരു വിഷമം ബൈജുവിന് അനുഭവപ്പെട്ടു. ആദ്യമൊക്കെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും ബൈജുവിന് അതിന്‍റെ കാരണം താമസിയാതെ മനസ്സിലായി. ചിന്നു. ചിന്നു മനസ്സില്‍ നിന്ന് പോകുന്നില്ല. എല്ലാ ദിവസവും അവളെ കാണുമ്പോ മുഖം തിരിച്ചു നടക്കാന്‍ ബൈജു ശ്രമിക്കാറുണ്ട്. പക്ഷെ ഇനി വയ്യ. അവള്‍ വരുമ്പോഴെല്ലാം ബൈജു ആരും അറിയാതെ തല ചരിച്ചു അവളെ നോക്കാന്‍ തുടങ്ങി. കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ ബൈജുവിന് മനസ്സിലായി അങ്ങനെ പെട്ടെന്ന് ഇറക്കി വിടാവുന്ന ഒരു സ്ഥലത്തല്ല ചിന്നുവിനെ താന്‍  ഇരുത്തിയിരിക്കുന്നതെന്ന്. ദൂരേക്ക്‌ പോയിട്ട് വീണ്ടും ഇരട്ടി ശക്തിയോടെ തിരിച്ചു വരുന്ന ഒരു തിരമാല പോലെ അവള്‍. ചുറ്റിനും നടക്കുന്ന കാര്യങ്ങളില്‍ ബൈജുവിന്‍റെ ശ്രദ്ധ കുറഞ്ഞു. ജീവിതം മുഴുവന്‍ ഒരാളിലേക്കു ചുരുങ്ങി പോകുന്നതായി ബൈജുവിന് തോന്നി. എപ്പോ വെറുതെ ഇരുന്നാലും അവളെ പറ്റിയുള്ള ഓര്‍മകളും അന്നത്തെ ആ ദിവസവും വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. ബൈജുവിന്‍റെ ഉറക്കം ശരിക്കും നഷ്ടപെട്ടു. എല്ലാവരും കിടന്നുറങ്ങുമ്പോള്‍ ബൈജു പായില്‍ എണീറ്റ്‌ വെറുതെ ഇരിക്കാന്‍ തുടങ്ങി. ഉറക്കമില്ലാത്ത രാത്രികള്‍ പതിവായി തുടങ്ങി. അവളെ പറ്റി ഓര്‍ക്കുമ്പോഴൊക്കെ സുഖമുള്ള ഒരു നീറ്റല്‍.. ഒരു വേദന. തനിക്കെന്തോ സംഭവിച്ചിരിക്കുന്നു. ബൈജുവിന് മനസ്സിലായി. വെറുതെ ഒരു തമാശ എന്ന് വച്ച് ചെയ്തത് ഇപ്പോള്‍ ശരിക്കും കാര്യം ആയിരിക്കുന്നു.  ഇതൊക്കെ എല്ലാവര്‍ക്കും ഉണ്ടാവുമോ എന്തോ. താന്‍ കണ്ടിട്ടുള്ള പല ലൈന്‍ അടിക്കാര്‍ക്കും ഇങ്ങനത്തെ വികാരം ഒന്നും കണ്ടിട്ടില്ല. എന്തോ കുഴപ്പം ഉണ്ട്.

     സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതെ ആയ ഒരു ദിവസം ബൈജു മഹേഷിനെ വിളിച്ചു. ഗൗരവമുള്ള ഒരു കാര്യം സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. വൈകിട്ട് അവര്‍ മഞ്ജുനാഥാ ബാറില്‍ ഒത്തു കൂടി. ആ അരണ്ട വെളിച്ചത്തില്‍ മഹേഷിന്‍റെ മുഖത്ത് നോക്കാതെ ബൈജു ഇപ്പൊ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാം  തുറന്നു പറഞ്ഞു. എല്ലാം കേട്ടിട്ട് മഹേഷ്‌ ആദ്യം ഒന്നും മിണ്ടിയില്ല. എന്നിട്ട് പതിയെ പറഞ്ഞു..' I think you are in love..' എന്ന്.  ആദ്യം ഒന്ന് അമ്പരന്നെങ്കിലും ബൈജു വീണ്ടും മഹേഷിനോട് ചോദിച്ചു. 'പക്ഷെ എനിക്ക് മാത്രമല്ലെ അവളോട്‌ സ്നേഹം ഉള്ളു. അവള്‍ എന്താ അത് മനസ്സിലാക്കാത്തത്‌ ? ഇനി ഇപ്പൊ ഞാന്‍ എന്താ ചെയ്യേണ്ടത് ? അത് വരെ നിര്‍വികാരനായി ഇരുന്ന ബൈജുവിന്‍റെ ശബ്ദം ഇടറി. കണ്ണില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിഞ്ഞു.  'ഡാ.. നീ ഇങ്ങനെ ഇമോഷണല്‍ ആകാതെ. അവള്‍ നിന്നോട് ശരിക്കും എന്താ പറഞ്ഞത് ? നിന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞോ ? ബൈജു ഒന്നുകൂടി ഓര്‍ത്തു നോക്കി. 'ഇല്ല. അങ്ങനെ പറഞ്ഞില്ല ' ബൈജു പറഞ്ഞു. 'പക്ഷെ അവള്‍ക്കു തന്നെ പറ്റിയുള്ള ധാരണ മാറിയിരിക്കുന്നു. എന്താ ചെയ്ക.. ' എന്ന് ബൈജു വീണ്ടും പറഞ്ഞു. 'ഡാ. ഇത് വെറും ഒരു തെറ്റി ധാരണ ആണ്. നീ അത് ക്ലിയര്‍ ചെയ്താല്‍ എല്ലാം ശരിയാവും.. കേട്ടിടത്തോളം അവള്‍ നല്ലൊരു കുട്ടിയാണ്. നീ ഒന്നുകൂടി അവളോട്‌ സംസാരിച്ചു നോക്ക്. അവള്‍ക്കു ഇഷ്ടപെട്ടാലും ഇല്ലെങ്കിലും നീ പറയാന്‍ ശ്രമിച്ചത് എന്താണെന്നു അവള്‍ക്കു മനസ്സിലാവണം. എന്നിട്ട് ബാക്കി നോക്കാം.'മഹേഷ്‌ വീണ്ടും പറഞ്ഞു. ശരിയാണ്. അത് ക്ലിയര്‍ ചെയ്യണം. ബൈജു ഉറപ്പിച്ചു. മഹേഷ്‌ അവള്‍ക്കു ഇഷ്ടപെട്ടാലും ഇല്ലെങ്കിലും എന്ന് പറഞ്ഞത് ബൈജുവിന്‍റെ മനസ്സില്‍ വീണ്ടും ഒരു ചാട്ടുളി തറപ്പിച്ചു. ഇഷ്ടപ്പെട്ടില്ലെങ്കിലും എന്ന വാക്ക്. അങ്ങനെ ആണെങ്കില്‍ അത് എങ്ങനെ നേരിടും ? ബൈജുവിന് ഒരു ഇതും പിടിയും കിട്ടിയില്ല.  'ഇനി അവള്‍ക്കു എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലോ ? ' മടിച്ചു മടിച്ചു ബൈജു ചോദിച്ചു. മഹേഷിനു ഒരു കുലുക്കവും ഇല്ല.  'അപ്പൊ പിന്നെ എല്ലാം തീര്‍ന്നില്ലേ. നിനക്ക് പിന്നെ സമാധാനമായി ഇരുന്നു കൂടെ .' എന്ന് മഹേഷ്‌ പറഞ്ഞു. 'നിനക്ക് അങ്ങനെ പറയാം. പക്ഷെ എന്നെ കൊണ്ട് അത് പറ്റുമോ എന്നറിയില്ല. വേണ്ടായിരുന്നു എല്ലാം ' എന്നൊക്കെ ബൈജു പറഞ്ഞു.'ഡാ. വേണ്ടായിരുന്നു എല്ലാം എന്ന് നീ ഇപ്പൊ പറഞ്ഞില്ലേ. അവള്‍ നിനക്ക് ആ സ്നേഹം തിരിച്ചു തന്നാല്‍ നീ ഇതേ വാചകം മാറ്റി പറയും. അന്ന് നമുക്ക് വീണ്ടും ഇവിടെ തന്നെ വരേണ്ടി വരും.'മഹേഷ്‌ തുടര്‍ന്നു. വെറുതെ തമാശക്ക് പറഞ്ഞതാണെങ്കിലും അത് ബൈജുവിന് ഇഷ്ടപ്പെട്ടു. വെറുതെ ഒരു സന്തോഷം ഒക്കെ തോന്നി. കുപ്പി രണ്ടെണ്ണം അടിച്ചു തീര്‍ന്നു. ബാര്‍ അടക്കാറായി. ഇറങ്ങിയേക്കാം. മഹേഷ്‌ പറഞ്ഞു. 

    രണ്ടു പേരും പുറത്തിറങ്ങി. നല്ല നിലാവുണ്ട്. നിരത്തില്‍ അധികം ആള്‍ക്കാര്‍ ഒന്നുമില്ല. ബാംഗ്ലൂരില്‍  എല്ലായിടത്തും ഉള്ള പോലെ കുറച്ചു ചാവാലി പട്ടികള്‍ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. അത് പോലെ തന്നെ ടാഗ് തൂക്കി കുറച്ചു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരും. 'ബാംഗ്ലൂരില്‍ ‍ ഒരു കല്ലെടുത്ത് എറിഞ്ഞാല്‍ ഒന്നുകില്‍ ഒരു പട്ടി അല്ലെങ്കില്‍ ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയര്‍ക്കു ആയിരിക്കും ഏറു കൊള്ളുക' മഹേഷ്‌ ഒരു തമാശ പറഞ്ഞു. പക്ഷെ അതൊന്നും ബൈജു കേട്ടില്ല. താനും ചിന്നുവും മാത്രമുള്ള ഒരു ലോകത്തായിരുന്നു ബൈജു. ചെറുതായി മഞ്ഞ് പൊഴിയുന്നുണ്ട്‌. റോഡിന്‍റെ മറു വശത്ത് ഫുട് പാത്തില്‍ കൂടി ഒരു പയ്യനും ഒരു പെണ്‍കുട്ടിയും തോളില്‍ കയ്യിട്ടു പോകുന്നുണ്ട്. ലോകത്തിലെ ഏറ്റവും സുഖമുള്ള കാഴ്ച പ്രേമിക്കുന്ന രണ്ടു പേര്‍ ഒന്നിച്ചിരിക്കുന്നതാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. വേര്‍ഡ്സ് വര്‍ത്ത് അല്ലെ അത് .. ആത്മ ഗതം കുറച്ചു ഉറക്കെ ആയി പോയി. 'എന്താടാ .. നീ ഫിറ്റ്‌ ആയോ ? ' മഹേഷ്‌ ചോദിച്ചു. അല്ലെടാ.. അല്ലാതെ തന്നെ നല്ല സുഖം.. ബൈജു പറഞ്ഞു..'അതേ ഞാന്‍ ഒരു കാര്യം ആദ്യമേ തന്നെ പറഞ്ഞേക്കാം. ചിലപ്പോ അവള്‍ നോ പറഞ്ഞെന്നിരിക്കും. നീ ഇപ്പോഴേ ഇങ്ങനെ വികാര ഭരിതനായാല്‍ പറ്റില്ല. വളരെ പ്രാക്ടിക്കല്‍ ആയി ഇതിനെ കാണണം. 'മഹേഷ്‌ വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ ബൈജു അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. നാളെ ചിന്നുവിനോട് പറയേണ്ട വാചകങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞു നോക്കുകയായിരുന്നു ബൈജു.. ഒരു തണുത്ത കാറ്റ് വീശി. അരികത്തു നില്‍ക്കുന്ന വാക മരത്തില്‍ നിന്ന് കുറച്ചു പൂക്കള്‍ പൊഴിഞ്ഞു വീണു. ഇന്ന് രാവ് പുലരാതിരുന്നെങ്കില്‍...

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 14

     

     നേരം വെളുത്തു. മിടിക്കുന്ന ഹൃദയവുമായി ബൈജു ഓഫീസിലേക്ക് തിരിച്ചു. ഒരുപാടു നേരത്തെ ആയോ എന്നൊരു സംശയം. എന്തായാലും ചിന്നു അവിടുണ്ട്. രാവിലെ തന്നെ ചെന്ന് പറഞ്ഞേക്കാം. ടെന്‍ഷന്‍ അടിച്ചു ഇവിടെ ഇരിക്കാന്‍ വയ്യ. 'ഹി ചിന്നു , എന്തൊക്കെ ഉണ്ട് ?' ബൈജു ചോദിച്ചു. ചിന്നു മുഖത്തേക്ക് നോക്കി. 'എന്താ പതിവില്ലാതെ രാവിലെ ? അന്നത്തെ പോലെ വല്ലതും പറയാനുള്ള തയ്യാറെടുപ്പാണോ ? ' അത് വരെ സംഭരിച്ചിരുന്ന ധൈര്യം ചോര്‍ന്നു പോകുന്നത് പോലെ ബൈജുവിന് തോന്നി. പക്ഷെ അങ്ങനെ ഇരുന്നിട്ട് കാര്യമില്ല. 'ചിന്നു. അന്ന് ഞാന്‍ ശരിക്കും സീരിയസ് ആയാണ് അത് പറഞ്ഞത്. ചിന്നു അത് എങ്ങനെ എടുത്തു എന്ന് എനിക്കറിയില്ല. പക്ഷെ ഇപ്പോഴും എനിക്ക് അത് തന്നെയേ പറയാനുള്ളൂ. എനിക്ക് ചിന്നുവിനെ മിസ്സ്‌ ചെയ്യുന്നത് പോലൊരു തോന്നല്‍ ' എങ്ങനെയോ ഇത്രയും പറഞ്ഞിട്ട് ബൈജു സ്വന്തം സീറ്റിലേക്ക് പോയി. ചിന്നുവിന്‍റെ മുഖത്ത് നോക്കിയില്ല. അവള്‍ അപ്പോള്‍ തന്നെ നോ എന്ന് പറഞ്ഞാലോ എന്നുള്ള ഭയം. അല്ലെങ്കില്‍ അവള്‍ ഇപ്പോള്‍ എങ്ങനെ പ്രതികരിക്കും എന്ന പേടി. അതാണ് ബിജുവിനെ വേഗം തിരിഞ്ഞു നടക്കാന്‍ പ്രേരിപ്പിച്ചത്. ഉച്ചക്ക് കഴിക്കാന്‍ പോയപ്പോളും വൈകിട്ട് ചായ കുടിക്കാന്‍ കഫെറെരിയയില്‍  പോയപ്പോഴും ചിന്നുവിനെ കണ്ടെങ്കിലും ബൈജു മാറി നടന്നു.

വൈകിട്ട് ജോലി നേരത്തെ തീര്‍ത്തു ബൈജു വീട്ടിലെത്തി. ടി വി വച്ച് നോക്കി. അതില്‍ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന പടം. ജയറാം സൌന്ദര്യയുടെ കല്യാണ നിശ്ചയത്തിന്റെ വാര്‍ത്ത‍ കേട്ടിട്ട് വീട്ടില്‍ വന്നു ആകെ വട്ടായി ഇരിക്കുന്ന ഭാഗമാണ് ഇപ്പൊ കാണിച്ചു കൊണ്ടിരിക്കുന്നത്. അവന്‍മാര്‍ക്ക് അത് കാണിക്കാന്‍ കണ്ട സമയം. പുല്ല്. ടി വി ഓഫ്‌ ആക്കി. കുറച്ചു നേരം ഒറ്റയ്ക്ക് ഇരുന്നു. പുറത്തൊക്കെ ഒന്ന് കറങ്ങി വന്നു. ആകെ ഒരു ടെന്‍ഷന്‍. ഇരിപ്പുറക്കുന്നില്ല. അതാ ഫോണ്‍ അടിക്കുന്നു. ആരാണോ  ആവോ സമയത്ത് .. പരിചയം ഇല്ലാത്ത ഒരു നമ്പര്‍ . 'ഹലോ ബൈജു' അപ്പുറത്ത് ഒരു പെണ്ണിന്‍റെ ശബ്ദം. വല്ല ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനികളും ആയിരിക്കും. ഇവളെ ഇന്ന് ഞാന്‍.. ബൈജുവിന് കലി വന്നു. 'യെസ്. വെരി മച് ഹിയര്‍ ' എന്ന് ബൈജു ഒച്ചയെടുത്തു. അപ്പുറത്തെ സ്ത്രീ ശബ്ദം ഒന്ന് താഴ്ന്നു. 'ഞാന്‍ ചിന്നുവാണ്' . നിന്ന നില്‍പില്‍ ഭൂമി പിളര്‍ന്നു താഴേക്ക്‌ പോകുന്ന പോലെ ബൈജുവിന് തോന്നി. 'ഹേ ചിന്നു. എനിക്ക് തോന്നി ഏതോ മാര്‍ക്കറ്റിംഗ് കാള്‍ ആണെന്ന്. സോറി' ബൈജു പറഞ്ഞു. 'അത് സാരമില്ല. ബൈജു രാവിലെ പറഞ്ഞത് കാര്യമായിട്ടാണോ ? ' ചിന്നു ചോദിച്ചു. 'അതെ. ശരിക്കും. എന്താ അങ്ങനെ ചോദിച്ചത് ? ' ബൈജു മറുപടി പറഞ്ഞു. 'എന്നെ പേടിപ്പിക്കരുത്' അവള്‍ വീണ്ടും. 'എന്തിനാ ചിന്നു പേടിക്കുന്നത് ?' ബൈജു ചോദിച്ചു. 'അല്ല .. ഇത് നടക്കില്ല ബൈജു. സോറി' അവള്‍ പറഞ്ഞു. 'എന്താ ' ബൈജു ചോദിച്ചു. അവന്‍റെ ശബ്ദത്തില്‍ ഒരു വിറയല്‍ ഉണ്ടായിരുന്നു. 'അല്ല എന്‍റെ വീട്ടുകാര്‍ ഈ കല്യാണത്തിന് സമ്മതിക്കില്ല. മാത്രമല്ല നാളെ എന്നെ പെണ്ണ് കാണാന്‍ ഒരാള്‍ വരുന്നുണ്ട് . സോറി. ഇത് മറന്നേക്കു' ഇത്രയും പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു. ആകെ തളരുനന്തു പോലെ തോന്നി ബൈജുവിന്. അവന്‍ അറിയാതെ അവിടെ ഇരുന്നു പോയി. കുറച്ചു നേരത്തേക്ക് ചുറ്റിനും നടക്കുന്നതൊന്നും ബൈജു കാണുന്നുണ്ടായിരുന്നില്ല. ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ബൈജു ഉണര്‍ന്നത്. മഹേഷ്‌ ആണ്. ബൈജുവിന്‍റെ മുഖത്ത് നോക്കിയതും മഹേഷിനു കാര്യം മനസ്സിലായി. 'എന്തായെടാ  ? നീ പറഞ്ഞോ ? ' മഹേഷ്‌ ചോദിച്ചു. 'ഉവ്വ്. ചോദിച്ചു. പക്ഷെ അത് നടക്കില്ലെടാ' ബൈജു ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു. 'എന്താ അവള്‍ നിന്നെ ഇഷ്ടമല്ലെന്നു പറഞ്ഞോ ? ' മഹേഷ്‌ ചോദിച്ചു. 'അങ്ങനെ പറഞ്ഞില്ല. പക്ഷെ കല്യാണം നടക്കില്ല എന്ന് പറഞ്ഞു. വീട്ടുകാര്‍ സമ്മതിക്കില്ല എന്ന്' ഇത് കേട്ടിട്ട് മഹേഷ്‌ ചിരിച്ചു. എന്നിട്ട് പറഞ്ഞു  ' ഡാ പുല്ലേ. അവള്‍ക്കു നിന്നെ ഇഷ്ടമാണ് എന്നത് മൂന്നു തരം. അല്ലെങ്കില്‍ അവള്‍ ഇപ്പൊ തന്നെ കല്യാണം വരെ ഒന്നും കടന്നു ആലോചിക്കില്ല. നീ ധൈര്യമായിട്ടിരിക്ക്. അവള്‍ നിന്നിലേക്ക്‌ തന്നെ തിരിച്ചു വരും. " .

'ഇല്ല ഒന്നും നടക്കില്ല' ബൈജു തുടര്‍ന്നു. 'ഡേ. നീ വെറുതെ ഒരു നിരാശ കാമുകന്‍ കളിക്കല്ലേ. നിന്നോട് ഞാന്‍ ആദ്യമേ പറഞ്ഞതാ ഇതൊക്കെ. കൂള്‍ ഡൌണ്‍. ' മഹേഷ്‌ ശാസിച്ചു. ബൈജു കിടക്കയിലേക്ക് വീണ്ടും മറിഞ്ഞു

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 15

     

    നേരം വെളുത്തു. ബിജുവിന് കിടക്കയില്‍ നിന്ന് എഴുനേല്‍ക്കാന്‍ തോന്നിയില്ല. എന്തിനാണ് ഓഫീസിലേക്ക് പോകുന്നത്. ആരെ കാണാന്‍. എന്ത് ചെയ്യാന്‍ എന്നൊക്കെ ബൈജു ആകെ നിരാശനും പരവശനും ആയി അവിടിരുന്നു ആലോചിച്ചു. ജീവിതം ആകെ തകര്‍ന്നിരിക്കുന്നു. കുറച്ചു നേരം അവിടെ മൂടി പിടിച്ചിരുന്നു. അത് കഴിഞ്ഞപ്പോ മഹേഷ്‌ വന്നു ഇളക്കി വിട്ടു. അങ്ങനെ ഓഫീസില്‍ പോകാന്‍ റെഡി ആയി. റോഡില്‍ ബൈജു ആരെയും കാണുന്നുണ്ടായിരുന്നില്ല. ഉള്ളില്‍ ഇന്നലെ അവള്‍ പറഞ്ഞത് തിളച്ചു മറിയുകയാണ്. നടന്നു നടന്നു ഓഫീസില്‍ എത്തി. ചിന്നു അവിടിരുന്നു ജോലി ചെയ്യുന്നുണ്ട്. അവള്‍ ബൈജുവിനെ ഒന്ന് നോക്കി. എന്നിട്ട് പതിയെ തല താഴ്ത്തി. അവള്‍ക്കെന്തു നോക്കാനാ. എനിക്കല്ലേ പ്രശ്നം എന്നൊക്കെ ബൈജു സ്വയം ചിന്തിച്ചു. ഈ പെണ്ണുങ്ങള്‍ക്ക്‌ ഇതൊക്കെ വളരെ എളുപ്പമായിരിക്കും. വൈകിട്ട് ആയപ്പോഴേക്കും ബൈജു സ്വന്തം മനസ്സിനെ കൈപ്പിടിയില്‍ ആക്കി. അവള്‍ അങ്ങനെ പറഞ്ഞു എന്ന് വച്ച് എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. അവള്‍ക്കു ഇഷ്ടമില്ല എന്നൊന്നും പറഞ്ഞില്ലല്ലോ. അപ്പൊ ഇത് സ്വീകരിക്കുക തന്നെ. അവള്‍ പറഞ്ഞത് അക്സെപ്റ്റ് ചെയ്യുക. അതാണ് മാന്യത. അല്ലാതെ സിനിമയിലൊക്കെ കാണുന്ന പോലെ നിരാശ കാമുകന്‍ ആയി നടന്നു അവളെ ദ്രോഹിക്കാന്‍ പാടില്ല. ചിന്നുവിന്‍റെ അടുത്തേക്ക് ചെന്നു. ചെറുതായി മുരടനക്കി. 'അപ്പൊ പെട്ടെന്ന് ചിന്നു അങ്ങനെ പറഞ്ഞപ്പോ എനിക്ക് ഒരു ഷോക്ക്‌ ആയി. സാരമില്ല. എന്‍റെ തെറ്റ് ആണ്. ഒരാളെ സ്നേഹിക്കുന്നതിനു മുമ്പ് അയാളുടെ സമ്മതം കൂടി  നോക്കണമല്ലോ. ഇനി ഞാന്‍ ഇത് പറഞ്ഞു ചിന്നുവിന്‍റെ പുറകെ വരില്ല. എനിക്ക് ദേഷ്യമൊന്നുമില്ല. നമുക്ക് നല്ല ഫ്രണ്ട്സ് ആയി തുടരാം. ' ബൈജു പറഞ്ഞു. 'സോറി. ഞാന്‍ മന പൂര്‍വ്വം പറഞ്ഞതല്ല. ബൈജുവിന് വിഷമമൊന്നും തോന്നരുത്. എന്‍റെ സിടുവേഷന്‍ കൂടി ആലോചിക്കു.' ചിന്നു മറുപടി ആയി പറഞ്ഞു.

     അങ്ങനെ ആ എപിസോഡ് അവിടെ അവസാനിച്ചു. ബൈജു ചിന്നുവിനോടുള്ള സംസാരവും കളിയും ചിരിയും ഒക്കെ തുടര്‍ന്നു. എപ്പോഴെങ്കിലും ഒരിക്കല്‍ അവള്‍ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ബൈജു പല തവണയും ദൈവത്തോട് പ്രാര്‍ഥിച്ചു എങ്കിലും ഒരിക്കല്‍ പോലും അത് പുറത്തു വരാത്ത രീതിയില്‍ , ഒരു നല്ല കൂട്ടുകാരനെ പോലെ മാത്രം അവന്‍ ചിന്നുവിനോട് പെരുമാറി. ചിന്നു തിരിച്ചും. പക്ഷെ അത് അത്ര എളുപ്പമായിരുന്നില്ല. ബൈജുവിന്‍റെ ഉള്ളില്‍ അത് ചുട്ടു പൊള്ളുന്ന ഒരു തീക്കനല്‍ പോലെ കിടന്നു. അവള്‍ അന്ന് പറഞ്ഞ കല്യാണ ആലോചന എന്തായോ എന്തോ . ചിലപ്പോ അത് ഉറപ്പായി കാണും. അതാ അവള്‍ക്കു ഈയിടെ ആയി ഒരു സന്തോഷം മുഖത്ത് കാണാനുണ്ട്. പക്ഷെ ഇപ്പൊ ഒരു മാസം കഴിഞ്ഞു. അവളോട്‌ അത് ചോദിച്ചാല്‍ അവള്‍ വിചാരിക്കും വീണ്ടും അപ്രോച് ചെയ്യുന്നതാണെന്ന്. അത് വേണ്ട. എന്തായാലും. അവര്‍ തമ്മിലുള്ള സുഹൃദ് ബന്ധം പക്ഷെ വളരെ നന്നായി. ചിന്നുവിന്  എന്ത് സംശയം  ഉണ്ടെങ്കിലും അതൊക്കെ ആദ്യം ചോദിക്കുന്നത് ബൈജുവിനോടാണ്. അങ്ങനെ ഒരു മാസം കൂടി കഴിഞ്ഞു. ആ കല്യാണ ആലോചന പോയിക്കാണും. ഒരു കല്യാണം ഉറപ്പിച്ച ലക്ഷണം ഒന്നും അവളുടെ മുഖത്ത് കാണാനില്ല. പക്ഷെ ഞാന്‍ എന്തിനാ ഇങ്ങനൊക്കെ ചിന്തിക്കുന്നത്. അവളെ എന്‍റെ ജീവിതത്തില്‍ നിന്നും ഞാന്‍ മാറ്റി നിര്‍ത്തിയിരിക്കുകയല്ലേ. പിന്നെ അവളെ ആരു കാണാന്‍ വന്നാലെന്താ.. ആര് കേട്ടിയാലെന്താ.. ഇങ്ങനൊന്നും വിചാരിക്കേണ്ട ഒരു കാര്യവുമില്ല. Friendship often ends up in love. But love never ends in friendship എന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ടല്ലോ. പക്ഷെ ..

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 16

       ഒരു മാസം കടന്നു പോയി. അവര്‍ തമ്മിലുള്ള അടുപ്പം കുറച്ചു കൂടി സ്ട്രോങ്ങ്‌ ആയി. പക്ഷെ അപ്പോഴൊന്നും ചിന്നു ഒന്നും തുറന്നു പറഞ്ഞില്ല. ബൈജുവും. പലപ്പോഴും ചിന്നുവിന്‍റെ അടുത്ത കൂട്ടുകാരികളോട് പോലും പറയാത്ത കാര്യങ്ങള്‍ ചിന്നു ബൈജുവിനോട് ചര്‍ച്ച ചെയ്തു വന്നു. അവള്‍ വരുമ്പോഴെല്ലാം ഒരിക്കലെങ്കിലും എന്നെ ഇഷ്ടമാണെന്ന് പറയണേ എന്ന് ബൈജു പ്രാര്‍ഥിച്ചു എങ്കിലും ഒന്നും നടന്നില്ല. ബാന്‍ഗ്ലൂര്‍ ചലിച്ചു കൊണ്ടിരുന്നു. മരങ്ങള്‍ ഇലകള്‍ പൊഴിച്ചു. കാനയില്‍ അഴുക്കു വെള്ളം വീണ്ടും നിറഞ്ഞു. സൂര്യന്‍ ഉദിക്കുകയും വൈകിട്ട് പോയിട്ട് ചന്ദ്രനെ പറഞ്ഞു വിടുകയും ചെയ്തുകൊണ്ടിരുന്നു.

    അങ്ങനെ ഇരിക്കെ ഒരു ദിവസം... രാവിലെ തന്നെ ഒരു ഇഷ്യൂ. കസ്റ്റമര്‍ ആകെ കലി തുള്ളി നില്‍ക്കുകയാണ്. എസ്കലെഷന്‍ ഇതു ലെവല്‍ വരെ ആയെന്നു പ്രൊജക്റ്റ്‌ മാനെജെര്‍ക്ക് പോലും അറിയില്ല. ആകെ യുദ്ധ സമാനമായ ഒരു അന്തരീക്ഷം. ചിന്നു ആണ് ആ ഏരിയാസ് ഹാന്‍ഡില്‍ ചെയ്യുന്നത്. അവള്‍ ടെന്‍ഷന്‍ കയറിയിട്ട് ആണെന്ന് തോന്നുന്നു ആ ഫ്ലോറില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇറങ്ങി നടക്കുന്നുണ്ട്. ബൈജു സീറ്റിലിരുന്നു അതൊക്കെ കാണുന്നുണ്ട്. അവനു ചിന്നുവിന്‍റെ അടുത്ത് പോയി സഹായിക്കണം എന്നുണ്ട്. 'ഇന്ന് ചിന്നുവിന് പണി കിട്ടും എന്നാ തോന്നുന്നത്' അടുത്തിരുന്ന തെലുങ്കന്‍ പറയുന്നു. അവന്‍റെ കരണ കുറ്റിക്ക് ഒന്ന് കൊടുക്കാനാണ് ബൈജുവിന് തോന്നിയത്. ഓഹോ. പ്രൊജക്റ്റ്‌ മാനേജര്‍ ഒരു പേപ്പര്‍ കഷണവുമായി അവളുടെ അടുത്തേക്ക് പോകുന്നുണ്ട്. എന്തൊക്കെയോ പറഞ്ഞതിന്ശേ ഷം അയാള്‍ പോയി. എന്തായോ എന്തോ. ബൈജുവിനും ടെന്‍ഷന്‍ ആയി. അപ്പോഴതാ മുന്നിലെ സ്ക്രീനില്‍ ഒരു മെസ്സേജ്. ചിന്നുവിന്‍റെ . 'can u pls cme ? ' എന്ന്. ബൈജു എണീറ്റ്‌ പതിയെ അവളുടെ സീറ്റിലേക്ക് പോയി. ഒരു പേപ്പര്‍ നീട്ടി എന്തോ ഡൌട്ട് ചോദിക്കുന്ന പോലെ നിന്നു. 'എന്താ ചിന്നു ? എന്താ പ്രോബ്ലം ? ' ബൈജു ചോദിച്ചു. ചിന്നു ഒന്നും മിണ്ടുന്നില്ല. നോക്കിയപ്പോള്‍ അവള്‍ കരയുകയാണ്. മനോഹരമായ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. മൂക്കിന്‍റെ തുമ്പു ചുവന്നിട്ടുണ്ട്. 'ഹേയ്. കരയല്ലേ ചിന്നു. എന്താ പറ്റിയത് ? ഞാന്‍ ഹെല്‍പ് ചെയ്യാം. ഇഷ്യൂ അയച്ചു താ' എന്ന് പറഞ്ഞിട്ട് ബൈജു സീറ്റിലേക്ക് പോയി. അവനു ആകെ വിഷമമായി. ചിന്നു ഒന്നും അയക്കുന്നുമില്ല. ചാറ്റ് അപ്പ്ലിക്കെഷനിലൂടെ ഒരു മെസ്സേജ് വിട്ടു. ഒന്ന് രണ്ടു തവണ അങ്ങനെ ചെയ്തതിനു ശേഷം ആണ് ചിന്നു റിപ്ല്യ്‌ ചെയ്തത്. ' വേണ്ട.I don't need any help. Thanks' എന്ന്. ബൈജുവിന് അത് കണ്ടതും വട്ടായി. 'കാര്യം എന്താണെന്നു പറയുന്നുണ്ടോ ?' എന്ന് ബൈജു ഒന്ന് കൂടി മെസ്സേജ് ചെയ്തു. അനക്കമൊന്നുമില്ല. ഒടുവില്‍ സഹി കേട്ട് അവന്‍ അവളുടെ സീറ്റിനു മുന്നില്‍ കൂടി ഒരു തവണ നടന്നു. ദേഷ്യപ്പെട്ട മുഖത്തോടെ അവളെ ഒന്ന് നോക്കി. വീണ്ടും തിരികെ വന്നു സീറ്റിലിരുന്നു.അപ്പോഴതാ ഒരു മെയില്‍. ചിന്നു. ഇഷ്യൂ അയച്ചതാണ്. ബൈജു അത് തുറന്നു നോക്കി. ചെറിയ ഒരു ലോജിക്കല്‍ മിസ്റ്റെക്ക് ആണ്. അപ്പൊ തന്നെ ശരിയാക്കി തിരിച്ചു വിട്ടു. ചിന്നുവിനോട് അത് ടെസ്റ്റിംഗ് നു അയക്കാന്‍ പറഞ്ഞു. അങ്ങനെ അത് അര മണിക്കൂറില്‍ തന്നെ എല്ലാം കഴിഞ്ഞു കസ്റ്റമര്‍ക്ക് അയച്ചു കൊടുത്തു. ഇഷ്യൂ ശരിയായി. ചിന്നു വീണ്ടും അവിടിരിപ്പുണ്ട്‌. ഇങ്ങോട്ടും അനങ്ങുന്നില്ല. ബൈജു അതും നോക്കി അവിടെ ഇരുന്നു. ചിലപ്പോ വൈകിട്ട് പോകുന്നതിനു മുമ്പ് അവള്‍ വരുമായിരിക്കും എന്നൊക്കെ ബൈജു കരുതി. പക്ഷെ അന്ന് പിന്നെ ചിന്നു ബൈജുവിനെ മൈന്‍ഡ് ചെയ്തതേ ഇല്ല. ബൈജുവിന് ആകെ വിഷമമായി. അവള്‍ കാര്യം കണ്ടു കഴിഞ്ഞപ്പോ പിന്നെ തിരിഞ്ഞു നോക്കിയില്ലല്ലോ എന്ന്.. പോട്ടെ. സാരമില്ല.

    രാത്രി ആയി. റൂമിലെ ക്ലോക്ക് 11 മണിയുടെ ബെല്‍ അടിച്ചു. അപ്പൊ പത്തര ആയി. ക്ലോക്ക് അര മണിക്കൂര്‍ ഫാസ്റ്റ് ആണ്. എന്നിട്ട് തന്നെ ഒരുത്തനും സമയത്ത് ഓഫീസില്‍  പോകാറില്ല. മൊബൈല്‍ ശബ്ദിച്ചു. ചിന്നുവാണ്. അവള്‍ക്കെന്താണ് ഇപ്പൊ പറയാന്‍. ബൈജു ഫോണ്‍ എടുത്തു. ഇപ്പൊ പണ്ടത്തെ പോലെ അവളുടെ പേര് കണ്ടാല്‍  ടെന്‍ഷന്‍ ഒന്നുമില്ല. ഒരിക്കലും ഇതൊന്നും നടക്കാന്‍ പോണില്ല എന്ന് ബൈജു സ്വന്തം മനസ്സിനെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. 'ഞാന്‍ ചിന്നുവാണ്. ബൈജു ഉറങ്ങിയോ ?' അപ്പുറത്ത് ചിന്നു. 'ഇല്ല. ഉറങ്ങാന്‍ സമയമായിട്ടില്ല. ഇന്ന് ടി വിയില്‍ സിനിമ ഉണ്ട്. അത് കണ്ടിട്ടേ കിടക്കൂ.' ബൈജു പറഞ്ഞു. 'ഞാന്‍ അപ്പൊ ഒന്നും സംസാരിക്കാനുള്ള ഒരു അവസ്ഥയില്‍ ആയിരുന്നു ബൈജു. അതാ ഒന്നും മിണ്ടാതെ പോയത്. സോറി' അവള്‍ പറഞ്ഞു. ഉള്ളില്‍ ചെറിയ ചൊറിച്ചില്‍ തോന്നി എങ്കിലും ബൈജു ഒന്നും പുറത്തു കാണിച്ചില്ല. 'അതിനെന്താ ചിന്നു. എനിക്കറിയില്ലേ. എന്നിട്ട് അത് എന്തായി ? ക്ലോസ് ആയോ ? ' ബൈജു ചോദിച്ചു. 'ആയി. കസ്റ്റമര്‍ മെയില്‍ ചെയ്തു. ഇതിന്‍റെ ക്രെഡിറ്റ്‌ ബൈജുവിനാണ്. അല്ലാതെ ഇത് എന്‍റെ മിടുക്കല്ല. thanks a lot ബൈജു ..' ചിന്നു തുടര്‍ന്നു. 'ഇങ്ങനത്തെ പ്രശ്നം ആണെങ്കില്‍ ചിന്നു എന്താ ആരോടും ചോദിക്കാതെ ഇരുന്നത്. ആദ്യം തന്നെ ആരോടെങ്കിലും ചോദിച്ചിരുന്നെങ്കില്‍ അവര്‍ ഹെല്‍പ് ചെയ്യില്ലായിരുന്നോ ? ' എന്നൊക്കെ ബൈജു ചോദിച്ചു. ' അത് എന്‍റെ പ്രോബ്ലം ആണ്. ബൈജുവിനോട് ചോദിക്കുന്ന പോലെ വേറൊരാളോട്  ചോദിയ്ക്കാന്‍ എനിക്ക് പറ്റില്ല' പതിവില്ലാതെ അവളുടെ ശബ്ദത്തില്‍ കൃത്രിമമായ ഒരു ഗൌരവം ഉണ്ടായിരുന്നു. ' ബൈജു മാത്രമാണ് എന്തെങ്കിലും ചോദിച്ചാല്‍ ആ സെന്‍സില്‍ തന്നെ മനസ്സിലാക്കി എനിക്ക് ഒരു ഉത്തരം തരുന്നത്. പ്രൊഫെഷണല്‍ ആയാലും പേര്‍സണല്‍ ആയാലും' ചിന്നു പറഞ്ഞു.' അതൊക്കെ ചിന്നുവിന് തോന്നുന്നതാ.. you too are intelligent. smart.. ചിന്നുവിന് സോള്‍വ്‌ ചെയ്യാന്‍ പറ്റാത്ത ബിഗ്‌ ഇഷ്യുസ് ഒന്നുമല്ല ഇതൊക്കെ. ' ബൈജു പ്രോത്സാഹിപ്പിച്ചു. 'അല്ല ബൈജു. അതൊക്കെ ബൈജു എന്നെ സമാധാനിപ്പിക്കാന്‍ പറയുന്നതാ. ഞാന്‍ ശരിക്കും ഒരു മന്ദബുദ്ധി ആണ്. I can't do all these things.. I am goin to resign' ചിന്നു കരയുകയാണ് . അത് കേട്ട് വയ്യാതെ ആയെങ്കിലും ബൈജു ഒരു വിധത്തില്‍ അവളെ സമാധാനിപ്പിച്ചു.

     സമയം പതിനൊന്നര കഴിഞു. സമയം പോയതറിഞ്ഞില്ല. മഹേഷും ബാക്കിയുള്ളവരും ചീട്ടു കളിയില്‍ ആണെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്. 'ആരാട ഫോണില്‍ ' എന്നൊക്കെ അവിടിരുന്നു ചോദിക്കുന്നുണ്ട്.  ചിന്നുവനെങ്കില്‍ കരച്ചില്‍ നിര്‍ത്തുന്നതും ഇല്ല. ഒടുവില്‍ എങ്ങനെയോ അവള്‍ നോര്‍മല്‍ ആയി. എന്തൊക്കെയോ വളിപ്പ് ഒക്കെ പറഞ്ഞു ബൈജു അവളെ ചിരിപ്പിച്ചു. എന്നിട്ട് തമാശ ആയി പറഞ്ഞു ' ചിന്നു ഇങ്ങനെ ആയാല്‍ ശരിയാവില്ല. ഇപ്പോഴും ഇങ്ങനെ വന്നു ഹെല്‍പ് ചെയ്യാന്‍ ഞാന്‍ ഉണ്ടാവില്ല ട്ടോ ' ' അതെന്താ ? ' ചിന്നു ചോദിച്ചു. ' കുറച്ചു കഴിയുമ്പോ നമ്മള്‍ രണ്ടു വഴിക്ക് പോവില്ലേ. അത് മാത്രമല്ല എല്ലായിടത്തും വന്നു ഇപ്പോഴും ഹെല്‍പ് ചെയ്യാന്‍ എനിക്ക് പറ്റുമോ ? പിന്നെ ചിന്നു വിചാരിക്കുന്ന പോലെ അത്ര ബുദ്ധി ഇല്ലാത്ത കുട്ടി ഒന്നുമല്ല. ടെന്‍ഷന്‍ മാറ്റി വച്ചാല്‍ ചിന്നുവിന് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ഒക്കെ ഉള്ള കഴിവുണ്ട്. ഡോണ്ട് വറി' ബൈജു സമാധാനിപ്പിച്ചു. 'അപ്പൊ ബൈജു എപ്പോഴും  ഉണ്ടാവില്ല അല്ലെ ? ' ചിന്നു ആ ചോദ്യം രണ്ടു തവണ ഉരുവിട്ടു. അബോധാവസ്ഥയില്‍ എന്നാ പോലെ. 'എന്ത് പറ്റി ചിന്നൂ ? വിഷമം ആയോ ? ഞാന്‍ നടക്കാന്‍  പോകുന്ന കാര്യം അല്ലെ പറഞ്ഞത് ? ' ബൈജു ചോദിച്ചു. 'അപ്പൊ അന്ന് പറഞ്ഞതോ ? ' ചിന്നുവിന്‍റെ ആ ചോദ്യം തികച്ചും അപ്രതീക്ഷിതം ആയിരുന്നു. 'അതൊക്കെ നമ്മള്‍ വേണ്ട എന്ന് വച്ചില്ലേ ?' ബൈജു വിറയലോടെ ചോദിച്ചു. ' അങ്ങനെ അത് വേണ്ട എന്ന് വക്കാന്‍ ഒരു നിമിഷം കൊണ്ട് പറ്റുമോ ബൈജു ? ' വിതുമ്പുന്ന ശബ്ദത്തോടെ പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു.

     ബൈജു ആകെ ബേജാറിലായി. അവള്‍ എന്താ അങ്ങനെ പറഞ്ഞത്. എല്ലാവരും ഉറങ്ങാന്‍ കിടന്നു. ബൈജുവും കിടക്ക വിരിച്ചു. ഉറങ്ങുന്ന പോലെ കണ്ണടച്ച് കിടന്നു. പക്ഷെ ചിന്നുവിന്‍റെ വാക്കുകള്‍ വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കുന്നത് പോലെ ബൈജുവിന് തോന്നി. അവള്‍ അപ്പൊ അതൊന്നും മറന്നില്ലേ ?  അപ്പൊ സ്നേഹം എന്നാണോ പറഞ്ഞത് ? ആകെ കണ്‍ഫൂഷന്‍ ആയല്ലോ. നാളെ അവളെ കാണുന്ന വരെ ഇനി മന സമാധാനം ഇല്ല. നേരം വെളുത്തു.  പതിവിലും നേരത്തെ ബൈജു ഓഫീസില്‍ എത്തി. ഇത് ഇപ്പൊ ഒരു പതിവായിരിക്കുകയാണ്. ചിന്നു വന്നിട്ടുണ്ട്. ബാഗ്‌ കൊണ്ട് സീറ്റില്‍ വച്ചതിനു ശേഷം ബൈജു ചിന്നുവിന്‍റെ അടുത്തേക്ക് പോയി.  പതിവില്‍ നിന്ന് വ്യത്യസ്തമായി ചിന്നുവിന്‍റെ മുഖത്ത് എന്തോ ഒരു വ്യത്യാസം ഉള്ളത് പോലെ ബൈജുവിന് തോന്നി. പുലര്‍ സൂര്യന്‍റെ കിരണങ്ങള്‍ പോലെ അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു. മേല്‍ച്ചുണ്ടില്‍ പൊഴിഞ്ഞു വീഴാന്‍ തുടങ്ങുന്ന പോലെ രണ്ടു വിയര്‍പ്പു തുള്ളികള്‍. പകുതി അടഞ്ഞ കണ്ണുകള്‍. ബൈജുവിനെ കണ്ടതും അത് ഒരു ആമ്പല്‍ പൂ വിരിയുന്ന പോലെ വിടര്‍ന്നു. ഒരു നിമിഷം നേരെ നോക്കിയ ശേഷം അവള്‍ മുഖം താഴ്ത്തി. ആ മുഖത്തെ വികാരം വായിച്ചെടുക്കാന്‍ ബൈജുവിന് പറ്റിയില്ല. ഒരു ചെറിയ ചുമയോടെ ബൈജു തുടങ്ങി..' അല്ല ചിന്നു. ഇന്നലെ രാത്രി എന്താ അവസാനം പറഞ്ഞത്  ? എനിക്ക് അത് ക്ലിയര്‍ ആയിട്ടില്ല .. ' ചിന്നു ഒന്നും മിണ്ടുന്നില്ല. 'അപ്പൊ ഇപ്പോഴും എന്നെ ഇഷ്ടമാണ് എന്നാണോ  ഉദ്ദേശിച്ചത് ? ' അവന്‍ നേരിട്ട് തന്നെ കാര്യത്തിലേക്ക് കടന്നു. 'അല്ല അങ്ങനല്ല..' ചിന്നു പറഞ്ഞു. ' അപ്പൊ ഇന്നലെ പറഞ്ഞതോ ? ' ബൈജു വീണ്ടും ചോദിച്ചു. 'ഇഷ്ടമൊക്കെ തന്നെ ആണ്. പക്ഷെ ..' ചിന്നുവിന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 'എന്താ ഒരു പക്ഷെ..? അപ്പൊ ഇഷ്ടമല്ലേ ? ' ബൈജുവിന്‍റെ മുഖം വാടി. ' അല്ല ഇഷ്ടം തന്നെയാണ്. ' ചിന്നു പറഞ്ഞു. ' മതി. ഇത്രയും കേട്ടാല്‍ മതി. ഇന്ന് ചിന്നു ഇനി ഒന്നും പറയണ്ട' എങ്ങനെയോ ഇത്രയും പറഞ്ഞിട്ട് ബൈജു സീറ്റിലേക്ക് പോയി.   അവന്‍റെ ഹൃദയം പ്രകാശ വേഗത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് ബൈജുവിന് പിടി കിട്ടുന്നുണ്ടായിരുന്നില്ല. ഒടുവില്‍ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഒരാള്‍.

ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ താന്‍ ആണെന്ന് ബൈജുവിന് തോന്നി. ഓഫീസില്‍ നിന്ന് ഇറങ്ങിയ ബൈജു നടക്കുകയായിരുന്നില്ല. ഓടുകയായിരുന്നു.  വഴിയില്‍ കോര്‍പറേഷന്‍ ആന്റി നില്‍ക്കുന്നത് കണ്ടു. എന്നും തോന്നുന്ന ദേഷ്യമൊന്നും ബൈജുവിന് തോന്നിയില്ല. അവരെ നോക്കി ചിരിക്കാന്‍ തോന്നി ബൈജുവിന്. മാത്രമല്ല തെരുവില്‍ കൂടി പോകുന്ന എല്ലാവര്ക്കും ഇന്ന് ഒരു പ്രത്യേകം സൌന്ദര്യം ഉള്ളത് പോലെ ബൈജുവിന് തോന്നി. സിനിമയില്‍ ഒക്കെ കാമുകന്മാര്‍ എന്ത് കൊണ്ടാണ് ഇത്തരം സിറ്റുവേഷന്‍സില്‍ ആകാശത്തേക്ക് തുള്ളി ചാടുന്നതെന്ന് ബൈജുവിന് ഇന്ന് മനസ്സിലായി. The Pursuit Of Happyness ല്‍ വില്‍ സ്മിത്ത് ആള്‍ക്കൂട്ടത്തിനിടയില്‍ കൂടി സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ പോകുന്നതൊക്കെ ബൈജു വെറുതെ ഓര്‍ത്തു. റൂമില്‍ എത്തി. ആരും വന്നിട്ടില്ല. നേരെ കണ്ണാടിയുടെ മുന്നില്‍ പോയി നിന്നു. സ്വന്തം മുഖത്തേക്ക് നോക്കി ചിരിച്ചു. പിന്നീട് കിടക്കയില്‍ വന്നു കിടന്നു. ആകെ ഒരു റസ്റ്റ്‌ലെസ്സ്നെസ്. കുറച്ചു കഴിഞ്ഞപ്പോ മഹേഷ്‌ വന്നു. 'എന്താടാ നിന്‍റെ മുഖത്ത് പതിവില്ലാതെ അവലക്ഷണം കേട്ട ഒരു ചിരി ? '

 മഹേഷ്‌ ചോദിച്ചു. ബൈജു ഒന്നും പറഞ്ഞില്ല. അവന്‍റെ മനസ്സ് പിടി വിട്ടു പാറി നടക്കുകയായിരുന്നു... ബൈജുവിന്‍റെ ഉള്ളില്‍ ഒരു ചെറിയ അഹങ്കാരവും തോന്നി. നിങ്ങളൊക്കെ അന്ന് കളിയാക്കിയില്ലേ .. എന്നിട്ട് ഒടുവില്‍ അവളെ എനിക്ക് കിട്ടിയില്ലേ ... എന്നൊക്കെ ബൈജു സ്വയം ചോദിച്ചു...

രാത്രി വളരെ വൈകി. പതിനൊന്നര മണി ആയി . അതാ മൊബൈല്‍ ശബ്ദിക്കുന്നു. ആരോ മെസ്സേജ് അയച്ചതാണ്. ആ HFDC ബാങ്ക് ആയിരിക്കും. ഇവനൊന്നും ഉറക്കവും ഇല്ലേ ? ബൈജു മൊബൈല്‍ എടുത്തുനോക്കി. ചിന്നു... ചിന്നു അയച്ച മെസ്സേജ്. അവന്‍ അത് ഓപ്പണ്‍ ചെയ്തു. ഒറ്റ വരിയില്‍ 'good night' എന്ന്. 'ചിന്നുവിനും ഗുഡ് നൈറ്റ്‌ ' എന്ന് ബൈജു തിരിച്ചയച്ചു.. എന്നിട്ട് പതിയെ കിടക്കയിലേക്ക് ചരിഞ്ഞു.. അകലെ പട്ടികള്‍ ഓരിയിടുന്നു.. ചന്ദ്രന്‍ ഒരു വിളറിയ പ്രകാശത്തോടെ അവിടെ ചഞ്ഞു നില്‍പ്പുണ്ട്. കാള്‍ സെന്ററുകളില്‍ നിന്നും കാള്‍ ഗേള്‍സും കാള്‍ ബോയ്സും ഒക്കെ വീട്ടിലേക്കു പോകുന്നു. ചെറിയ ഒരു കാറ്റ് വീശുന്നുണ്ട്. ഒരു മഴ പെയ്താല്‍ കൊള്ളാമായിരുന്നു. ചിന്നുവിനെ കാണാന്‍ വല്ലാത്ത ആഗ്രഹം. ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കില്‍. അവള്‍ക്കു ഒരു മെസ്സേജ് കൂടി അയച്ചാലോ.. വേണ്ട. പാതിരാത്രി ആയി. വെളുക്കുന്നത്‌ വരെ വെള്ളം കോരിയിട്ടു അവസാനം കുടം ഇട്ടിടുയ്ക്കണ്ട. ഗുഡ് നൈറ്റ്‌ ചിന്നു എന്ന് മനസ്സില്‍ ഒന്നുകൂടി പറഞ്ഞതിന് ശേഷം ബൈജു ഉറങ്ങാന്‍ കിടന്നു...

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 17

     

    നേരം വെളുത്തു. അല്ല. വെളുപ്പിച്ചു എന്ന് പറയുന്നതാവും ശരി. സാധാരണ രാവിലെ ഉണര്‍ന്നാല്‍ ബൈജു ആദ്യം ചെയ്യുന്നത് അടുത്ത് കിടക്കുന്ന മഹേഷിന്‍റെ ചന്തിക്കിട്ടൊരു തൊഴി ആണ്. അപ്പൊ മഹേഷ്‌ ഉണര്‍ന്നു എണീറ്റ്‌ പോയി ചായ ഉണ്ടാക്കും. എന്നാല്‍ ഇന്ന് അങ്ങനൊന്നും ചെയ്യാന്‍ ബൈജുവിന് തോന്നിയില്ല. മഹേഷ്‌ ഒന്നും അവന്‍റെ മനസ്സിലേക്ക് വന്നതേയില്ല എന്ന് വേണം പറയാന്‍. ഇന്നലത്തെ ഗുഡ് നൈറ്റ്‌ മെസ്സേജ് ഒന്ന് കൂടി കാണാന്‍ ഒരു ആഗ്രഹം. അവന്‍ ആ ഫോണ്‍ എടുത്തു നോക്കി. അതാ പുതിയ ഒരെണ്ണം. 'ഗുഡ് മോര്‍ണിംഗ് ' രാവിലെ അഞ്ചു മണിക്ക് ചിന്നു അയച്ചിരിക്കുന്നു. ശ്ച്ചായ് .. കിടന്നു പോത്ത്  പോലെ ഉറങ്ങിയത് കാരണം കണ്ടില്ല. അപ്പൊ തന്നെ ഒരു ഗുഡ് മോര്‍ണിംഗ് തിരിച്ചു വിട്ടു. രണ്ടു മിനിറ്റ് കഴിഞ്ഞില്ല അതാ വരുന്നു അടുത്തത്. 'ബൈജു എണീറ്റോ ? എപ്പോഴാ വരുന്നത് ? ' .. ഇത് സംഗതി കൊള്ളാമല്ലോ. 'ഞാന്‍ ദേ എത്തി..' എന്ന് ബൈജു തിരിച്ചയച്ചു. രാവിലെ എണീറ്റ്‌ ഇതില്‍ കുത്തി കൊണ്ടിരിക്കുന്നത് കണ്ടിട്ട് മഹേഷ്‌ തുറിച്ചു നോക്കി.'എന്തുവാടേ രാവിലെ പണിയുന്നത് ? ' മഹേഷ്‌ ചോദിച്ചു. 'ഒന്നുമില്ലടാ.. നീ കിടന്നോ. ഞാന്‍ ചായ ഇട്ടിട്ടു വരാം' ബൈജുവിന്‍റെ മറുപടി കേട്ട് മഹേഷ്‌ ചാടി എണീറ്റു. 'അളിയാ നിനക്കെന്തു പറ്റി ? കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ? സ്വന്തം ഭര്‍ത്താവിനോട് പറയുന്ന പോലെ ഇത്രയ്ക്കു സ്വീറ്റ് ആയി ചായ ഇട്ടു കൊണ്ട് വരാം എന്നൊക്കെ രാവിലെ പറയുന്നത് കേട്ടിട്ട് ചോദിച്ചതാ ' അവന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ആരെങ്കിലും ഇങ്ങനെ പറഞ്ഞാല്‍ കുറഞ്ഞത്‌ ആ പറഞ്ഞവന്‍റെ പൂജ്യ പിതാശ്രീയെ വിളിച്ചിട്ടാണ് ബൈജു മറുപടി പറയാറുള്ളത്. എന്നാല്‍ ഇത്തവണ അവന്‍ വെറുതെ ഒന്ന് ചിരിച്ചതെ ഉള്ളു.

     ചായ ഒക്കെ ഇട്ടു കൊടുത്തിട്ട് ബൈജു കുളിക്കാന്‍ പോയി. തിരികെ വന്നു വെറുതെ മൊബൈല്‍ ഒന്ന് കൂടി എടുത്തു നോക്കി. ഇല്ല. പുതിയ മെസ്സേജ് ഒന്നുമില്ല. വെറുതെ ഇന്‍ബോക്സ് ഒന്ന് കൂടി ചെക്ക്‌ ചെയ്തു. ഇല്ല. പുതിയതൊന്നുമില്ല. പെട്ടെന്ന് തന്നെ മേക്കപ്പ് ഒക്കെ പൂര്‍ത്തിയാക്കി ഇറങ്ങി. ഓഫീസിലേക്ക് പോകുന്ന വഴിക്ക് വീണ്ടും മൊബൈല്‍ ചെക്ക്‌ ചെയ്തു. അങ്ങനെ ഓഫീസില്‍ എത്തി. അകത്തു കയറിയ പാടെ ചിന്നുവിന്‍റെ സീറ്റിലേക്ക് ഒന്ന് പാളി നോക്കി. അവള്‍ എത്തിയിട്ടില്ല. ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. ഇവള്‍ എവിടെ പോയി കിടക്കുന്നു. ഒരു മെസ്സേജ് അയച്ചു നോക്കാം. ഹേയ് ചിന്നു . വേര്‍ ആര്‍ യു ? എന്ന് ടൈപ്പ് ചെയ്തു. അപ്പൊ അതാ അതിലേക്കു ഒരു കാള്‍.'ചിന്നു കാളിംഗ്' എന്ന് ഡിസ്പ്ലേയില്‍ തെളിയുന്നു. അപ്പൊ തന്നെ ഫോണ്‍ എടുത്തു. ''ബൈജു. ഞാന്‍ ചിന്നുവാ. ബൈജു ഓഫീസില്‍ ആണോ ? ' അവള്‍ ചോദിച്ചു. 'അതെ ഞാന്‍ എത്തി. ചിന്നു എവിടെയാ ? ' ബൈജുവിന്‍റെ ആകാംഷ അവന്‍റെ ശബ്ദത്തില്‍ നിന്നു തിരിച്ചറിയാമായിരുന്നു. 'ഇന്ന് ഞാന്‍ വരുന്നില്ല ബൈജു. നല്ല സുഖമില്ല.' അവളുടെ ശബ്ദത്തില്‍ നല്ല ക്ഷീണം. 'എന്ത് പറ്റി ചിന്നു ? ബൈജു വിഷമത്തോടെ ചോദിച്ചു. 'ഒന്നുമില്ല. നല്ല സുഖമില്ല. നാളെ കാണാം.' എന്ന് പറഞ്ഞു അവള്‍ ഫോണ്‍ വച്ചു. ബൈജു ആകെ വിഷമത്തില്‍ ആയി. എന്ത് അസുഖമാണോ എന്തോ അവള്‍ക്ക്. പാവം അവള്‍ ആ പീ ജി യില്‍ ഒറ്റക്കായിരിക്കും. എന്താണ് കുഴപ്പം എന്ന് പറഞ്ഞെങ്കില്‍ എന്തെങ്കിലും ഹെല്‍പ് ചെയ്യാമായിരുന്നു. ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. ബൈജു ആകെ ഡൌണ്‍ ആയി. 'എന്താ ബൈജു കുരങ്ങു ചത്ത കാക്കാലനെ പോലെ ഇവിടെ ഇരിക്കുന്നതെന്ന് ചായ കുടിക്കാന്‍ പോയപ്പോ കൂടെ വര്‍ക്ക് ചെയ്യുന്ന രമേശന്‍ ചോദിച്ചു. 'ഹോ. എന്ത് പറയാനാ' എന്ന് പഴയ സിനിമയില്‍ മധു ഒക്കെ ചെയ്യുന്ന പോലെ ആകാശത്തേക്ക് നോക്കി ബൈജു ഗദ്ഗതപെട്ടു. അന്ന് അവിടെ ഇരിക്കാന്‍ ബൈജുവിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. ലീവ് ഇനി അധികം ഇല്ലാത്തതു കൊണ്ട് മാത്രം ബൈജു അവിടിരുന്നു എന്തൊക്കെയോ അടിച്ചു കൂട്ടി. ഇടയ്ക്കു എങ്ങനുന്ടെന്നു അറിയാന്‍ ബൈജു മെസ്സേജ് അയച്ചു. 'കുറവുണ്ട്. എനിക്ക് മാനേജ് ചെയ്യവുന്നത്തെ ഉള്ളു എന്ന് പറഞ്ഞു ഒരു റിപ്ല്യ്‌ വന്നു.'

     വൈകിട്ട് ആയി. എങ്ങനേലും പണി മതിയാക്കി ബൈജു ഇറങ്ങി. പുറത്തിറങ്ങിയിട്ടു അവളെ ഒന്ന് വിളിച്ചു നോക്കി. ബട്ട്‌ എടുക്കുന്നില്ല. പിന്നെ ബൈജു വിളിച്ചില്ല. രാത്രി ആയി. മഹേഷ്‌ ഒക്കെ വന്നു. ചീട്ടുകളി തുടങ്ങി. ബിജുവും മനസ്സില്ല മനസ്സോടെ അവരുടെ ഒപ്പം ഇരുന്നു ഇരുപത്തെട്ടു കളിക്കുകയാണ്. ബോഡി അവിടെയാണെങ്കിലും മനസ്സ് മുഴുവന്‍ ചിന്നുവാണ്. മുമ്പിലിരിക്കുന്ന പേപ്പറില്‍ വീഴുന്ന ജോക്കറില്‍ വരെ അവളുടെ മുഖം. പാതി ഒഴിഞ്ഞിരിക്കുന്ന ഓ സീ ആര്‍ ഗ്ലാസില്‍ ചിന്നുവിന്‍റെ മുഖം പ്രതിഫലിക്കുന്നത് പോലെ ബൈജൂനു തോന്നി. വെള്ളമടി പഠിക്കാഞ്ഞതു  കഷ്ടമായി പോയി. അല്ലെങ്കില്‍ അടിച്ചു റോഡ്‌ വീലര്‍ ആകാമായിരുന്നു ( റോഡ്‌ വീലര്‍ എന്ന് വച്ചാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ആ പട്ടിയുടെ പേരല്ല. അടിച്ചു വീല്‍ ആയി റോഡില്‍ കിടക്കുന്നവരെ നമ്മള്‍ വിളിക്കുന്ന ഓമന പേരാണ് ) . കിടന്നുറങ്ങിയെക്കാം. ബൈജു പതുക്കെ എണീറ്റു പായ വിരിച്ചു. അതാ ഫോണ്‍ അടിക്കുന്നു. ബൈജു ഒന്ന് കിടുങ്ങി.ജീവിതത്തില്‍ ആദ്യമായി ഫോണ്‍ വരുന്ന പോലെ ഓടി പോയി എടുത്തു. കോക്കനട്ട്. കമത്ത്അവറാന്‍ എന്ന് എല്ലാവരും വിളിക്കുന്ന സുരേഷ് ആണ്. വൃത്തികെട്ടവന് വിളിക്കാന്‍ കണ്ട സമയം. എടുത്ത പാടെ അവനെ പത്തു തെറി അങ്ങ് വിളിച്ചു. എന്നിട്ട് ഫോണ്‍ കട്ട്‌ ചെയ്തു. സകല സന്തോഷവും പോയി. ഉറക്കവും . അതാ ഫോണ്‍ വീണ്ടും അടിക്കുന്നു. അവറാന്‍  ആണ്. പാവം തെറി കേട്ട് അവന്‍റെ ചെവി പോയെന്നു തോന്നുന്നു. മാത്രമല്ല എന്തിനാണ് ബൈജു തെറി വിളിച്ചതെന്നും പാവം കമത്തിനു മനസ്സിലായില്ല. അവനെ ഒരുവിധത്തില്‍ സമാധാനിപ്പിച്ചിട്ട് ബൈജു കിടന്നു. എന്നാലും ചിന്നു ഒന്ന് വിളിച്ചില്ലല്ലോ .

     അങ്ങനെ കുറച്ചു നേരം ഒന്ന് മയങ്ങി. ഫോണ്‍ പോക്കറ്റില്‍ ഇട്ടിട്ടുണ്ട്. ഒരു പതിനൊന്നു മണി ആയിട്ടുണ്ടാവും. അതാ പോക്കറ്റില്‍ ഒരു വിറയല്‍. എടുത്തു നോക്കി. ചിന്നു. ബൈജുവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവന്‍ ചുറ്റും നോക്കി. എല്ലാവരും കിടന്നു. ബൈജു പതുക്കെ ഫോണ്‍ എടുത്തു പുറത്തിറങ്ങി. ബാല്‍ക്കണിയില്‍ ചെന്ന് പടിയില്‍ ഇരുന്നു. ഫോണ്‍ എടുത്തു.  'എന്താ ചിന്നു ? ഇപ്പൊ എങ്ങനുണ്ട് ? ' ചിന്നു ഒന്നും മിണ്ടുന്നില്ല.

'ഹലോ ചിന്നു. കേള്‍ക്കാന്‍ പറ്റുന്നില്ലേ ? ' ബൈജു വീണ്ടും ചോദിച്ചു. 'ഉണ്ട്' ചിന്നു കരയുകയാണ്. ബൈജു അത് കേട്ട് വല്ലാതായി. 'അല്ല ചിന്നു എന്തിനാ കരയുന്നത് ? ' ബൈജു ചോദിച്ചു.' അസുഖം മാറിയില്ലേ ? ' ബൈജു വീണ്ടും ചോദിച്ചു. പക്ഷെ ചിന്നു ഒരു മറുപടിയും പറയുന്നില്ല. ബൈജുവിന് ഒന്നും മനസ്സിലായില്ല. ' അല്ല. ബൈജു ഇങ്ങനെ ഒരു ക്യാരക്ടര്‍ ആണെന്ന് ഞാന്‍ കരുതിയില്ല. ' അവള്‍ പറയുന്നത് കേട്ട് ബൈജു ആകെ ഞെട്ടി. 'എന്താ ചിന്നു ഈ പറയുന്നത് ? ഞാന്‍ എന്താ ചെയ്തത് ? ' അവന്‍ അന്തം വിട്ടു. ' എനിക്ക് ഇങ്ങനെ വയ്യാതെ ആയിട്ട് ബൈജു തിരിഞ്ഞു നോക്കിയോ ? ' അവള്‍ പൊട്ടി കരയുകയാണ്. ബൈജുവിന് ഒരു വസ്തു മനസ്സിലായില്ല. ഇത്രയും ഒക്കെ കരയാന്‍ ഞാന്‍ എന്ത് ചെയ്തു ഭഗവാനേ.. കുറെ തവണ ബൈജു അതെ ചോദ്യം തന്നെ ചോദിച്ചു കൊണ്ടിരുന്നു. ഒടുവില്‍ കുറച്ചു സമയം കഴിഞ്ഞപ്പോ ചിന്നു മറുപടി പറഞ്ഞു. 'ഞാന്‍ കരുതിയത്‌ ബൈജു എന്‍റെ എല്ലാ വിഷമത്തിലും ഒപ്പം ഉണ്ടാവും എന്നാണ്. എന്നിട്ട് ഞാന്‍ വയ്യാതെ കിടന്നിട്ടു ബൈജു തിരിഞ്ഞു നോക്കിയോ ? അപ്പൊ ഈ സ്നേഹം ഉണ്ടെന്നൊക്കെ എന്തിനാ പറഞ്ഞത് ? ' അവള്‍ എണ്ണി എണ്ണി പറയുകയാണ്. പാവം ബൈജു ചോദിച്ചു. 'അല്ല ചിന്നു . ഞാന്‍ ഇന്ന് മെസ്സേജ് അയച്ചപ്പോ സ്വയം മാനേജ് ചെയ്യാവുന്നതെ ഉള്ളു. അത്ര സീരിയസ് ഒന്നുമല്ല എന്നല്ലേ ചിന്നു  പറഞ്ഞത് ? ' ദാ വരുന്നു ചിന്നുവിന്‍റെ ഉഗ്രന്‍ മറുപടി.'അങ്ങനെ പറഞ്ഞുന്നു വച്ചു... ? ' അവള്‍ ചോദിക്കുന്നു. അടുത്തുണ്ടായിരുന്നെങ്കില്‍ കാലു മടക്കി ഒരെണ്ണം കൊടുക്കാനാണ് ബൈജുവിന് തോന്നിയത്. കഷ്ടപ്പെട്ട് അവന്‍ കോപം നിയന്ത്രിച്ചു. അവന്‍ ആവുന്ന പോലെ ഒക്കെ അവളെ സമാധാനിപ്പിച്ചു. പക്ഷെ അവള്‍ ഒട്ടു അടങ്ങുന്നതുമില്ല അസുഖം എന്താണ് എന്ന് പറയുന്നതുമില്ല. ഒടുവില്‍ അവള്‍ പറഞ്ഞു തലവേദന ആണെന്ന്. പനിയും ഉണ്ട്.

മരുന്ന് കഴിച്ചോ എന്ന് ചോദിച്ചതിനും കിട്ടി.' ഇവിടെ വാങ്ങി വച്ചിരിക്കുന്നോ ? എന്നൊരു ചാട്ടം.അതും കൂടി കേട്ടപ്പോ ബൈജുവിന്‍റെ പിടി വിട്ടു. ലവള്‍ ആണെങ്കില്‍ വീണ്ടും കരച്ചില്‍. ഒടുവില്‍ എന്തൊക്കെയോ പറഞ്ഞിട്ട് അവള്‍ ഫോണ്‍ ഇടിച്ചു വച്ചു. ആ ശബ്ദം കേട്ട് ബൈജു അവിടെ തന്നെ കുറച്ചു നേരം ഇരുന്നു പോയി. ഒടുവില്‍ കൊതുക് ഓടിച്ചിട്ട്‌ കടിച്ചപ്പോഴാണ് ബൈജു എണീറ്റത്.

     അകത്തു പോയി. മഹേഷ്‌ ഉണര്‍ന്നു. ബൈജുവിന്‍റെ മുഖ ഭാവം കണ്ടപ്പോ മഹേഷ്‌ എന്താ എന്ന് ചോദിച്ചു. മഹേഷ്‌ എണീറ്റു ബിജുവിനെ പുറത്തേക്കു കൊണ്ട് പോയി. 'എന്താടാ കാര്യം ? എന്താ നീ വല്ലാതിരിക്കുന്നത് ? ആരായിരുന്നു ഫോണില്‍ ? അവളാണോ ? മഹേഷ്‌ ചോദിച്ചു.

ഒടുവില്‍ ബൈജു എല്ലാം തുറന്നു പറഞ്ഞു. 'അല്ലെടാ .. ഞാന്‍ എന്ത് തെറ്റ ചെയ്തത് ? രാവിലെ മുതല്‍ ഞാന്‍ അവള്‍ക്ക് വയ്യാത്തത് കൊണ്ട് അവളുടെ കാര്യം മാത്രം ആലോചിച്ചു ഇരിക്കുകയായിരുന്നു. എന്നിട്ട് അവള്‍ക്ക് മെസ്സേജ് അയച്ചപ്പോ അവള്‍ തന്നെ ആണ് പറഞ്ഞത് കുഴപ്പമൊന്നുമില്ല എന്ന്. എന്നിട്ട് ഇപ്പൊ വിളിച്ചു ഇങ്ങനെ കരയാന്‍ അവള്‍ക്ക് എങ്ങനെ തോന്നി ? മഹേഷ്‌ ഒരു നിമിഷം ചിരിച്ചു. എന്നിട്ട് പറഞ്ഞു. ' മോനേ.. ഇതാണ് പെണ്ണുങ്ങളുടെ കുഴപ്പം. അവര്‍ ഒരിക്കലും എല്ലാം ക്ലിയര്‍ ആയി പറയില്ല. Then they want us to understand everything from thin air ... അവര്‍ക്ക് ഒരാളെ ഇഷ്ടപെട്ടാല്‍ പിന്നെ ഇരുപത്തി നാല് മണിക്കൂറും നമ്മള്‍ അവരെ മാത്രം നോക്കി ഇരിക്കണം എന്നൊക്കെയാ പെണ്ണുങ്ങളുടെ വിചാരം.. മഹേഷ്‌ ഒരു നിമിഷം നിര്‍ത്തിയിട്ടു ഒരു സിഗരറ്റ് കത്തിച്ചു. 'ഹേയ്.. ചിന്നു അങ്ങനോന്നുമല്ല. അവള്‍ സാധാരണ പെണ്ണുങ്ങളെ പോലെ അല്ല. പുള്ളിക്കാരി കുറച്ചു മെച്ചമാണ്. നല്ല ചിന്തിക്കുന്ന ഒരു കുട്ടിയാണ് അവള്‍. and moreover she is not a crying baby.. അവളുടെ അവസ്ഥ അതായിരിക്കും. അതാവും അവള്‍ ഇങ്ങനെ വിഷമിചിരിക്കുന്നത്. എന്നാല്‍ മഹേഷ്‌ ഇതൊക്കെ കേട്ട് പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. 'ഡാ ബൈജുവേ. നീ വെറും ഒരു പുതുമുഖമാണ്. നീ  ഒന്നും കണ്ടിട്ടില്ല. ഇനി കാണാനിരിക്കുന്നതേ ഉള്ളൂ. intellect എന്ന് വിളിക്കാവുന്ന ഒരു പെണ്ണ് ഇത് വരെ ഭൂമിയില്‍ ജനിച്ചിട്ടില്ല. അത് കൊണ്ട് നീ അത് വിട്. പിന്നെ ഇപ്പൊ ചിന്നു കാണിച്ചത്‌ കണ്ടിട്ടൊന്നും നീ വിഷമിക്കണ്ട. നാളെ നീ ചെല്ലുമ്പോ അവള്‍ ഇതൊന്നും കാണിക്കാതെ നിന്നോട് ഇടപെടും. നോക്കിക്കോ " മഹേഷ്‌ പറഞ്ഞു. എന്തായാലും അത് കേട്ടപ്പോ ബൈജുവിന് സമാധാനം ആയി. പെട്ടെന്ന് മൊബൈലില്‍ നിന്നു ഒരു മണി നാദം. മെസ്സേജ് വന്നതിന്‍റെ. 'കണ്ടോ , സത്യം.' മഹേഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു. ബൈജു എടുത്തു നോക്കി.ചിന്നുവിന്‍റെ മെസ്സേജ്. അവന്‍ അത് തുറന്നു. ഇത്ര മാത്രം .' സോറി ബൈജു. ഗുഡ് നൈറ്റ്‌ '

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 18

     

     ആ മെസ്സേജ് ബൈജു ഒന്ന് രണ്ടു തവണ കൂടി നോക്കിയ ശേഷം ഉറങ്ങാന്‍ കിടന്നു. നാളെ എന്താവുമോഎന്തോ. മഹേഷ്‌ വെറുതെ സമാധാനിപ്പിക്കാന്‍ പറഞ്ഞതാവും. അവളുടെ മൂഡ്‌ മാറുമോ. കിടന്നിട്ടു ഉറക്കംവരുന്നില്ല. എന്തായാലും ഈ പരിപാടികള്‍ ഒക്കെ തുടങ്ങിയതിനു ശേഷം ഉണ്ടായ ഒരു വലിയ മാറ്റംഅതാണ്. പണ്ട് പോത്ത് പോലെ ഉറങ്ങിയിരുന്ന ബൈജു ഇപ്പൊ ഉറക്കമില്ലാത്ത അവസ്ഥയില്‍ ആയി.  എന്താഈ പെണ്ണുങ്ങള്‍ ഒക്കെ ഇങ്ങനെ. ചുമ്മാതല്ല പണ്ട് ഡിഗ്രിക്ക് പഠിച്ചിരുന്നപ്പോ മത്തായി സാര്‍ ഒരിക്കല്‍ വെള്ളമടിച്ചിട്ട് പറഞ്ഞത്. 'ഡാ മക്കളെ.. ദൈവം ഈ പെണ്ണുങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്എന്തിനാണ് എന്നറിയാമോ ? ' അപ്പൊ ബൈജുവിന് ഉള്ളില്‍ വന്ന മറുപടി അല്പം അശ്ലീലം ആയിരുന്നു.ബൈജുവിന് മാത്രമല്ല അവന്‍റെ കൂട്ടുകാര്‍ക്കും. പക്ഷെ അതിനു മുമ്പ് തന്നെ മത്തായി  സാര്‍ ഉത്തരംപറഞ്ഞു. 'അവളുമാരെ ദൈവം ഉണ്ടാക്കിയിരിക്കുന്നത് ആണുങ്ങള്‍ക്ക് പണി കൊടുക്കാനാടാ. അല്ലെങ്കില്‍ആണുങ്ങള്‍ അഹങ്കാരികള്‍  ആയി മാറിപോവും.' അതിന്‍റെ അര്‍ഥം ഇപ്പോഴാണ്‌ ശരിക്കും മനസ്സിലായത്.  എന്തായാലും നേരം വെളുക്കട്ടെ. അപ്പൊ അറിയാമല്ലോ

 ആര്‍ക്കും  വേണ്ടി കാത്തു നില്‍ക്കാതെ അന്നും നേരം വെളുത്തു. ബൈജു എഴുനേറ്റു. ഉറക്കത്തില്‍ നിന്നു എന്ന് പറയാന്‍ പറ്റില്ല. ഈയിടെ ആയി ഉറക്കം തീരെ ഇല്ല. എണീറ്റപാടെ മൊബൈല്‍ എടുത്തു കുത്തി നോക്കി. ഇല്ല. ചിന്നുവിന്‍റെ മെസ്സേജ് ഒന്നുമില്ല. ഇതും ഇപ്പൊ ഒരുശീലമായി മാറി കഴിഞ്ഞു. വെറുതെ ഇരിക്കുമ്പോ ഫോണ്‍ എടുത്തു കുത്തിക്കൊണ്ടിരിക്കുക. മനുഷ്യന്‍റെഓരോ അവസ്ഥയേ. ഇന്ന് എന്താവുമോ എന്തോ. മഹേഷ് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അതൊക്കെവെറുതെ സമാധാനിപ്പിക്കാന്‍ ആവും. ഇന്നും അവള്‍ വരില്ലേ ? വരുമായിരിക്കും. വിളിച്ചില്ലല്ലോ. 'എന്തുവാടെ രാവിലെ ഭയങ്കര ചിന്ത ? ഇന്ന് റിലീസ് വല്ലതും ഉണ്ടോ ? ' മഹേഷ്‌ ‌ ചോദിക്കുന്നു. 'ഇല്ലഅണ്ണാ. ആകെ ഒരു ടെന്‍ഷന്‍ ..' ബൈജു പറഞ്ഞു.'നീ എന്തിനടെയ് പേടിക്കുന്നത്. എല്ലാം ശരിയാവും. നീ ധൈര്യമായി പോ. ഞാനല്ലേ പറയുന്നേ ? 'മഹേഷ് പറഞ്ഞു. ശരി നോക്കാം. ബൈജു പതിവ് പോലെ എണീറ്റു പേരിനു വേണ്ടി പല്ല് തേച്ചു,കുളിച്ചുഡ്രസ്സ് മാറി ഇറങ്ങി. പുറത്തു ഇറങ്ങിയപ്പോഴാണ് എന്തോ മറന്നത് പോലെ ഒരു തോന്നല്‍. ശരിയാ.ലാപ്ടോപ് എടുക്കാന്‍  മറന്നു. കൊള്ളാം. ഇങ്ങനെ പോയാല്‍ ജോലിയുടെ കാര്യം ഒരു തീരുമാനമാവും.

     ലവള്‍ അവിടെ ഇരിക്കുന്നുണ്ട്‌. ആകെ അലങ്കോലമായ മുഖം. എന്തായാലും അങ്ങോട്ട് പോയിമിണ്ടണ്ട. ഇന്നലെ അത്രയും ഒക്കെ പറഞ്ഞതല്ലേ. അവളുടെ മൂഡ് എന്താ എന്ന് നോക്കിയിട്ട് പോവാം. അതാനല്ലത്. ഇടയ്ക്കിടയ്ക്ക് ബൈജു പ്രൊജക്റ്റ്‌ മാനെജെറിനെ  കാണാന്‍  എന്ന വ്യാജേന ഒന്ന് രണ്ടു തവണഅത് വഴി പോയെങ്കിലും മനപൂര്‍വം അങ്ങോട്ട്‌  നോക്കിയില്ല.  പുറമേ സ്മാര്‍ട്ട്‌ ആയി നടന്നെങ്കിലുംബൈജുവിന്‍റെ ഉള്ളില്‍ ഡിസ്കോ ഡാന്‍സ് നടക്കുകയായിരുന്നു. എന്തായാലും അവളുടെ അടുത്ത് പോയിസംസാരിക്കില്ല എന്ന് ബൈജു ഉറപ്പിച്ചു. അതിനു വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ലല്ലോ.  അങ്ങനെ ഉച്ച ആയി.ലഞ്ച് കഴിക്കാന്‍ പോയപ്പോള്‍ ചിന്നുവിനെ കണ്ടു. അവരുടെ കണ്ണുകള്‍ തമ്മിലുടക്കിയെങ്കിലുംബൈജു ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. ചിന്നുവും ഒരു വിളറിയ ചിരി ചിരിച്ചു.

     സമയം വീണ്ടും ഇഴഞ്ഞു നീങ്ങി. ചായയുടെ സമയം ആയി. ബൈജുവിന്‍റെഅടുത്ത ക്യുബിക്കിളില്‍ ഇരിക്കുന്നത്  ഒരു  സര്‍ദാര്‍ജി ആണ്. പ്രേമിന്ദര്‍ സിംഗ്.  പ്രേമിന്ദര്‍ എന്നാണ്പേരെങ്കിലും സ്വഭാവം വിരേന്ദര്‍ സിംഗിന്റെ ആണ്. പ്രേമി എന്നാണ് ചേട്ടന്‍റെ ഓമന പേര്.  പ്രേമി എന്തോഒരു ഡൌട്ട് ചോദിയ്ക്കാന്‍ വിളിച്ചു. ബൈജു അടുത്തേക്ക് ചെന്നു. മുടിഞ്ഞ കോഡ് . ഒരു വസ്തുമനസ്സിലാവുന്നില്ല. ഈശ്വരാ. സര്‍ദാര്‍ജിമാര്‍ ഒക്കെ ഇത് എന്ത് വിചാരിച്ചാ.. തല കറങ്ങുന്നു. ഒടുവില്‍ വളരെ മനോഹരമായ വാക്കുകളില്‍ സംഗതി പിടി കിട്ടിയില്ല എന്ന് പ്രേമിയോടുപറഞ്ഞു. ചിന്നുവിന് ചിലപ്പോ അറിയാമായിരിക്കും എന്ന് പ്രേമി പറഞ്ഞു. എന്നിട്ട് പുള്ളി തന്നെഓഫീസ് ചാറ്റില്‍ കൂടി ചിന്നുവിനെ വിളിച്ചു. ചിന്നു അപ്പുറത്ത് സീറ്റില്‍ നിന്നു എഴുനേറ്റു. എന്നാല്‍ ബൈജുവിനെ കണ്ടിട്ട് അവള്‍ വീണ്ടും അത് പോലെ തന്നെ ഇരുന്നു. അത് ബൈജു കാണുകയുംചെയ്തു. അപ്പോഴതാ പ്രേമിയുടെ സ്ക്രീനില്‍ അവളുടെ മെസ്സേജ്. ആ ഇഷ്യൂ സോള്‍വ്‌ ചെയ്യാനുള്ളകോഡ്. പ്രേമി ആ കോഡ് വായിച്ചു നോക്കുകയാണ്. അപ്പുറത്ത് ചിന്നു വീണ്ടും എണീറ്റു.വീണ്ടും ബൈജുവിനെ കണ്ടിട്ട് അവള്‍ പതിയെ അവിടെ ഇരുന്നു. ഭാഗ്യം. പ്രേമി വീണ്ടും ശക്തിതെളിയിച്ചു. ചിന്നു അയച്ചു കൊടുത്ത കോഡ് മുകളിലോട്ടും താഴോട്ടും ഓടിച്ചു നോക്കുന്നതല്ലാതെ എന്ത്ചെയ്യണമെന്നു പാവത്തിന് മനസ്സിലാവുന്നില്ല. തര്‍ബനില്‍ നിന്നു പുക വരുന്നുണ്ട്.  ബൈജു ഉള്ളില്‍ ചിരിച്ചു. ഹോ. ആദ്യമായി നീ ഒരു നല്ല കാര്യം ചെയ്തു എന്‍റെ പ്രേമീ ...എന്ന് മനസ്സില്‍ പറഞ്ഞു ബൈജു. പാവം പ്രേമി ചിന്നുവിനെ വീണ്ടും വിളിക്കുകയാണ്‌. ഒടുവില്‍ മറ്റു ഗതിഇല്ലാതെ ചിന്നു പ്രേമിയുടെ ക്യുബിക്കിളിലേക്ക് വന്നു. പ്രേമിക്കു എല്ലാം വിശദീകരിച്ചു കൊടുത്തു. പ്രേമിഅത് കേട്ടിട്ട് സ്വന്തം കോഡില്‍ ചില തിരുത്തലുകള്‍ ഒക്കെ നടത്തി. ഇതെല്ലാം  കണ്ടു കൊണ്ട് ചിന്നുവുംബൈജുവും പ്രേമിയുടെ സീറ്റിനു പുറകില്‍ നില്‍ക്കുകയാണ്. ഇവന്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിനില്‍ക്കുകയാണ് ബൈജു. പെട്ടെന്ന് ആരോ തന്‍റെ കയ്യില്‍ തലോടുന്ന പോലെ ബൈജുവിന് തോന്നി. ബൈജുഞെട്ടി താഴോട്ട് നോക്കി. ചിന്നു കയ്യില്‍ തോണ്ടിയതാണ്. അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. 'സോറി.പിണക്കമാണോ ? ' ചിന്നു പതിയെ ചോദിച്ചു. ' ക്യാ ? ' പ്രേമി തിരിഞ്ഞു നോക്കി. 'ഡേയ് നിന്നോടല്ല. നീ തിരിഞ്ഞിരുന്നു നിന്‍റെ പണി ചെയ്യ് ' എന്ന് ബൈജു പറഞ്ഞു. പ്രേമി തിരിഞ്ഞിരുന്നു പണി തുടര്‍ന്നു.. 'ബൈജുഅവളുടെ മുഖത്ത് നോക്കി. 'ഞാനോ ? ' എന്ന് ചോദിച്ചു. എന്താണെന്നറിയില്ല ബൈജുവിന്‍റെ മുഖത്ത് ഒരുമന്ദഹാസം വിടര്‍ന്നു.. അതിന്‍റെ  തുടര്‍ച്ച  ആയി ചിന്നുവിന്‍റെ മുഖം വിടര്‍ന്നു തുടുത്തു. ആ മുഖത്ത്ചുവന്ന നിറം ഇരച്ചു കയറി. അവളുടെ കൈ ബൈജു സ്വന്തം കയ്യില്‍ കവര്‍ന്നെടുത്തു. അത് വരെഉണ്ടായിരുന്ന എല്ലാ വിഷമവും ഭാരവും എല്ലാം എല്ലാം ഉരുകി ഒലിച്ചത് പോലെ... ചുറ്റിനുംആയിരം പനിനീര്‍ പുഷ്പങ്ങള്‍ വിരിഞ്ഞ പോലെ ബൈജുവിന് തോന്നി. ചിന്നുവിനും അങ്ങനെതന്നെയായിരിക്കും തോന്നിയത് എന്ന് ബൈജു വെറുതെ സങ്കല്‍പിച്ചു. ചിന്നുവിന്‍റെ മുഖത്ത് അന്ന് വരെകണ്ടിട്ടില്ലാത്ത അതി മനോഹരമായ ഒരു പുഞ്ചിരി. 'ഓയെ.. മില്‍ഗയാ ..!!!' പെട്ടെന്ന്ഒരു അലര്‍ച്ച കേട്ട് അവര്‍ ഞെട്ടി അകന്നു. പ്രേമി നിലവിളിച്ചതാണ്. കോഡ് ശരിയായത്രേ.. പുറകില്‍ നടക്കുന്ന സംഗതികള്‍ ഒന്നും പാവം പ്രേമി കണ്ടില്ല. ഭാഗ്യം. ബൈജു മനസ്സിലോര്‍ത്തു. അവരുടെരണ്ടു പേരുടെയും മുഖത്ത് കണ്ട നിറഞ്ഞ സന്തോഷംകോഡ് ശരിയായതിന്റെ ആണെന്നോര്‍ത്തു പാവം  പ്രേമി രണ്ടുപേര്‍ക്കും ഓരോ ഷേക്ക്‌ ഹാന്‍ഡ്‌ ഒക്കെ കൊടുത്തു. ചിന്നുവിന് പാര്‍ട്ടി ഓഫര്‍ ചെയ്തു. ചിന്നു സീറ്റിലേക്ക് പോയി. ബൈജുവും.

   അവന്റെ മുഖത്ത് വെറുതെ ഒരു ചിരി പടര്‍ന്നു.  മുഖം ആകെ പ്രസന്നമായി. ഉള്ളില്‍ നടന്നുകൊണ്ടിരുന്ന ഡിസ്ക്കോ ഇപ്പൊ ഒരു സല്‍സ ആയി മാറി. ചിന്നുവും  വേറൊരു ലോകത്തായിരുന്നു.എന്തിനായിരുന്നു ഇന്നലെ വഴക്ക് കൂടിയത് എന്നായിരുന്നു അവര്‍ രണ്ടു പേരും ഓര്‍ത്തു കൊണ്ടിരുന്നത്. ബൈജുവിന്‍റെ  മൊബൈല്‍ ശബ്ദിച്ചു. അതാ അവളുടെ മെസ്സേജ്. അവന്‍ തുറന്നു നോക്കി. 'സോറിബൈജു. ക്ഷമിക്ക്വോ എന്നോട് ? ' . പിന്നല്ലാതെ. വേറാരാ ക്ഷമിക്കാന്‍ . ഞാന്‍  എപ്പോഴേ ക്ഷമിച്ചുഎന്നൊക്കെ ബൈജു മനസ്സില്‍ പറഞ്ഞു. 'ഹേയ് ഞാന്‍ അത് കാര്യമായി എടുത്തിട്ടേ ഇല്ല. എന്താ ചിന്നുഇങ്ങനൊക്കെ ചോദിക്കുന്നത് ? ' എന്നൊരു മറുപടി അയച്ചു. പാവം ചിന്നു. അല്ലെങ്കിലും  പെണ്ണ് ഇത്രയേഉള്ളു. മണ്ടി പെണ്ണ് . എന്നൊക്കെ പ്രേമ നസീറിനെ പോലെ പറഞ്ഞിട്ട് ബൈജു മോണിട്ടറില്‍ നുള്ളി.അവന്റെ മനസ്സില്‍ ചിന്നുവിന്‍റെ  മുഖം മാത്രം. എവിടെ തിരിഞ്ഞാലും ചിന്നു. സന്തോഷം കാരണംഎന്തൊക്കെയോ ചെയ്യണം എന്ന് ബൈജുവിന് തോന്നി. അമിതമായ സന്തോഷം കാരണം അവന്‍ പത്തു വരികോഡ് കൂടുതല്‍ എഴുതി ചേര്‍ത്തു. ഇരിക്കട്ടെ. മാനെജേര്‍ക്കും  സന്തോഷം ആവട്ടെ.  ഈവനിംഗ് ആയി.ബൈജു ഓഫീസില്‍ നിന്നിറങ്ങി. മെഷീന്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍  തുടങ്ങിയപ്പോ അതാ ഒരു മെസ്സേജ്. 'ഇന്ന് രാത്രി ഞാന്‍ വിളിക്കാം. Please settle down somewhere alone' ചിന്നു അയച്ചതാ . ബൈജുഅങ്കലാപ്പിലായി. ഇനി ഇത് എന്ത് തേങ്ങയാണോ ആവോ .. ഉണ്ടായിരുന്ന സന്തോഷം ഒക്കെ പോയി.  എങ്ങനേലും രാത്രി ആയാല്‍ മതിയായിരുന്നു.

     ഇരുന്നിരുന്നു രാത്രി ആക്കി. ഒന്പതര ആയി. ഫോണ്സൈലന്റ് മോഡില്‍ ആക്കി വച്ചിരിക്കുകയാണ്.ആരെങ്കിലും കാണണ്ട. അതാ ഫോണ്‍ വൈബ്രേറ്റ്ചെയ്യുന്നു. ചിന്നു. പതുക്കെ കട്ട്ചെയ്തു.എന്നിട്ട് പ്ലാനില്‍   ഫോണും കൊണ്ട്  ടോയിലറ്റില്‍  കയറി. എന്നിട്ട് അവളെ വിളിച്ചു. ഗുഡ്. അടിച്ചപാടെ അവളും കട്ട്‌  ചെയ്തു. ഭഗവാനേ പ്രശ്നം ആയോ... ബൈജു പതുക്കെ ഷര്‍ട്ട് എടുത്തിട്ടു.ഡേ മഹേഷ്‌ . ഞാന്‍ പുറത്തു പോയി നെറ്റ് ഒന്ന് നോക്കീട്ടു വരാം. എന്റെ ഒരു ഫ്രണ്ട് യു എസ്സില്നിന്നുഇപ്പൊ ഓണ്‍ലൈന്‍ ഉണ്ട്. അവന്‍ ഇപ്പൊ വിളിച്ചു എന്ന് പറഞ്ഞു. ശരിയെടെയ്. നീ പോയിട്ട് വാ ..എന്ന് മഹേഷ് പറഞ്ഞു. അവന്‍ എന്തൊക്കെയോ മനസ്സില്‍ വച്ചു കൊണ്ട് സംസാരിക്കുകയാണോ ? പോട്ട്പുല്ല്. ബൈജു പുറത്തിറങ്ങി.

രണ്ടു തവണ വിളിച്ചു നോക്കി. രണ്ടു തവണയും ചിന്നു കട്ട്ചെയ്തു. എല്ലാം തകര്‍ന്നു . കുന്തം. ബൈജുനിരാശനായി തിരിച്ചു നടന്നു. ഗേറ്റില്‍ എത്തി. കൃത്യം അതാ അപ്പൊ ഫോണ്‍  അടിക്കുന്നു. ചിന്നുവാണ്.ആദ്യത്തെ റിങ്ങില്‍ തന്നെ ബൈജു ചാടി എടുത്തു. 'ഹലോ' എന്ന് നിലവിളിക്കുന്ന പോലെ പറഞ്ഞു. 'സോറിബൈജു.. ഞാന്‍ റൂം മേറ്റ്‌ കാണാതിരിക്കാന്‍ കട്ട്ചെയ്തതാ.. പേടിച്ചോ ? വീണ്ടും പിണങ്ങി എന്ന്കരുതിയോ ? ' അവള്‍ ചെറു ചിരിയോടെ പറയുന്നത് കേട്ടപ്പോള്‍ ബൈജുവിന് സമാധാനം ആയി. 'ഹേയ്..ഇല്ല ഇല്ല.. എന്നാലും ഞാന്‍ വിചാരിച്ചു...' എന്ന് ഒരു വളിച്ച ചിരിയോടെ ബൈജുവും പറഞ്ഞു. 'ബൈജു..അങ്ങനെ ഒക്കെ കാണിച്ചതിന് സോറി ട്ടോ. ഞാന്‍ മനപൂര്‍വമല്ല . അപ്പൊ എനിക്ക് എന്തോ ദേഷ്യം ഒക്കെവന്നു. പിന്നെ എന്‍റെ കയ്യിലും തെറ്റുണ്ട്. Most of the time I forget that I am a girl and I have to be in my limits .' ചിന്നു താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു. 'അതൊന്നും സാരമില്ല ചിന്നൂ .. I can understand..'എന്ന് ബൈജുവും പറഞ്ഞു. 'ബൈജു എന്നെ ഇങ്ങനെ ഇത് വരെ ശല്യപെടുതിയിട്ടില്ല. മാത്രമല്ലഇപ്പോഴും എന്‍റെ ഇത്തരം സ്വഭാവം ഒക്കെ സഹിക്കുകയും ചെയ്യും. പക്ഷെ ഞാന്‍ ശരിക്കും ചൊറിഞ്ഞുഅല്ലെ ? ' ചിന്നു ചോദിച്ചു. പിന്നല്ലാതെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ബൈജു അത്പറഞ്ഞില്ല.. ' ഹേയ്. അതൊക്കെ ചിന്നുവിന് തോന്നുന്നതാ.. എനിക്ക് അതൊന്നും ഫീല്‍  ആയില്ല. അല്ലെങ്കില്‍ ഞാന്‍  ഇപ്പൊ ഇങ്ങനെ സംസാരിക്കുമോ ? ' എന്നൊക്കെ ബൈജു ചോദിച്ചു.അവളെ സമാധാനിപ്പിക്കാന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അവസാനം ചിന്നു പുഞ്ചിരിച്ചു.അതോടെ ബൈജുവിന് സന്തോഷം ആയി. അവര്‍ ഓരോ തമാശകള്‍ ഒക്കെ പറയാന്‍ തുടങ്ങി.അതിനിടക്ക് ബൈജു പഴയ കാര്യത്തിലേക്ക് അറിയാതെ വന്നു.. ' അന്ന് ചിന്നു അങ്ങനൊക്കെകാണിച്ചപ്പോ ഞാന്‍ കരുതിയത്‌ ചിന്നുന് ഒരിക്കലും എന്നെ ഇഷ്ടമാവില്ല എന്നൊക്കെയാണ്...ഇങ്ങനെ നമ്മള്‍ അടുക്കും എന്ന് ഞാന്‍ കരുതിയില്ല' ബൈജു പറഞ്ഞു... 'അതല്ല ബൈജു.. എന്‍റെ ഫാമിലിഈ കല്യാണത്തിന് സമ്മതിക്കില്ല... അവസാനം ഒരു വിഷമം ഉണ്ടാവുന്നതിനേക്കാള്‍ നല്ലത് ഇപ്പൊ തന്നെഇത് വേണ്ട എന്ന് വയ്ക്കുന്നതല്ലേ ? ഒരു ചെറിയ വിഷമം അല്ലെ ഇപ്പൊ ഉണ്ടാവു ..'ചിന്നുവിന്റെ വാക്കുകള്‍ . 'അപ്പൊ ഇഷ്ടമാണെന്ന് രണ്ടു ദിവസം മുമ്പ് പറഞ്ഞതോ ? ' ബൈജുവിന്റെസ്വരം ഇടറിയിരുന്നു. 'ഹേയ്. ഇഷ്ടമൊക്കെ തന്നെ ആണ്.. പക്..' ചിന്നുവിനെ അത് മുഴുമിപ്പിക്കാന്ബൈജുഅനുവദിച്ചില്ല. 'കല്യാണമൊക്കെ പിന്നെയല്ലേ.. അപ്പൊ നോക്കാം അത്... പക്ഷെ ഇഷ്ടമാണെന്ന് പറഞ്ഞത്മാറ്റി പറയല്ലേ ചിന്നു... ' അവന്റെ ശബ്ദം കേഴുന്ന പോലെ ആയിരുന്നു.. 'അങ്ങനെ ഞാന്‍ പറയുമോബൈജു.. ഇഷ്ടമല്ലെന്നു എപ്പോഴെങ്കിലും ഞാന്‍ പറഞ്ഞോ ? കല്യാണം നടക്കണം എന്നുള്ളത് കൊണ്ടല്ലേഞാന്ഇങ്ങനൊക്കെ ചിന്തിച്ചത്... ? ' അവളുടെ ചോദ്യം കേട്ട് ബൈജു മഹേഷിനെ മനസ്സില്സ്തുതിച്ചു.അണ്ണാ. അങ്ങ് ഭയങ്കരന്‍ തന്നെ... ' എന്നാലും ഇപ്പൊ അതൊന്നും ഓര്‍ക്കണ്ട ചിന്നു. നമ്മുടെ കല്യാണംനടക്കും. 'ഞാന്‍ അങ്ങനൊക്കെ കാണിച്ചപ്പോ ബൈജുവിന് ശരിക്കും ദേഷ്യം വന്നോ ? എന്നോട് ? എന്നെവെറുതില്ലേ ? സത്യം പറ  ' ചിന്നു ചോദിച്ചു. 'ഇല്ല ചിന്നു. ചിന്നു എന്ത് കാണിച്ചാലും എനിക്ക് ദേഷ്യംവരില്ല. ' ബൈജു പറഞ്ഞു. ' ഹേയ് അല്ല. ശരിക്കും ദേഷ്യം വന്നു കാണും. എനിക്കറിയാം . സോറി .' അവള്‍ വീണ്ടും. 'അല്ല ചിന്നു. ഞാന്‍ ശരിക്കും പറഞ്ഞതാ. എനിക്ക് അങ്ങനെചിന്നുവിനെ വെറുക്കാന്‍ പറ്റുമോ ? ' ബൈജു സ്നേഹം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു .  അപ്പുറത്ത്ചിന്നുവും ഹാപ്പി യെന്നു തോന്നുന്നു. അവളുടെ ശബ്ദത്തിലും മധുരം. 'I love you Baiju..'ചിന്നുവിന്റെ വാക്കുകള്‍  പുതു മണ്ണില്‍ വീഴുന്ന ആദ്യ മഴ തുള്ളികള്‍ പോലെബൈജുവിന്റെ കാതുകളില്‍ വീണു. ഒരു നിമിഷം നിശബ്ദനായ ബൈജു 'I love you too chinnu...' എന്ന്എങ്ങനെയോ പറഞ്ഞൊപ്പിച്ചു. സത്യം പറഞ്ഞാല്‍ അത് കേട്ട നിമിഷം ബൈജു ഭൂമിയില്‍ നിന്നു ഉയര്‍ന്നു പൊങ്ങി പറന്നു നടക്കുന്നത് പോലെ തോന്നി.

അടുത്ത് കണ്ട ഒരു മൈല്‍ കുറ്റിയില്‍ ബൈജു ഇരുന്നു. റോഡ് വിജനമാണ്. 'എന്‍റെ ചിന്നു..ഇതൊന്നു കേള്‍ക്കാന്‍  വേണ്ടി ആണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്. എന്റെ കാത്തിരിപ്പ്‌ വെറുതെയായില്ല. Now I am the happiest man on earth...' ബൈജു എന്തെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു... വാചകങ്ങള്‍ ഒക്കെ പലരും പറഞ്ഞും സിനിമയിലും മറ്റും കേട്ടിട്ടുണ്ടെങ്കിലും ഇതിനു ഇത്രയ്ക്കുമധുരം ഉണ്ടെന്നു ഇന്നാണ് മനസ്സിലായത്. 'അതേയ് ചിന്നു... എനിക്ക്  പേര് വിളിക്കുന്നത്‌ ഒരു സുഖമില്ല.നമ്മളുടെ ഇടയില്‍ ഒരു ഗാപ് ഉള്ള പോലെ. കുറച്ചു കൂടി ഇന്റിമേറ്റ്ആയി വിളിക്കുന്നതൊക്കെയാ എനിക്കിഷ്ടം.. ' ബൈജു പറഞ്ഞു. 'അതിനെന്താ ബൈജു.... എന്ത് വേണേല്‍ വിളിച്ചോ.. തെറിമാത്രം വിളിക്കാതിരുന്നാല്‍ മതി..' ചിന്നുവിന്റെ മറുപടി കേട്ട് ബൈജു ചിരിച്ചു പോയി. അപ്പൊ നിനക്ക്ഒരു പൊടിക്ക് ഹ്യൂമര്‍ സെന്‍സ് ഒക്കെ ഉണ്ടല്ലേ.. ? ചൊറിയാന്‍ മാത്രമല്ല അറിയാവുന്നത്... ' ബൈജുതമാശയായി പറഞ്ഞു... 'ഹേയ് ബൈജു... പ്ലീസ്.. അത് ഇനി പറയല്ലേ... സോറി ..' ചിന്നുവിന്റെ സ്വരംവീണ്ടും താഴ്ന്നു. 'ഇല്ല ചിന്നു. ഞാന്‍ ഒരു തമാശ അടിച്ചതല്ലേ.. അത് പോട്ടെ... സാരമില്ല ട്ടോ .. ബൈജുസമാധാനിപ്പിച്ചു. 'ബൈജു ഞാന്‍ വയ്ക്കട്ടെ..  എന്‍റെ റൂം മേറ്റ്അവളുടെ ഫിയന്‍സിയോടു സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ടെറസില്‍.. ഇപ്പൊ വരും. നാളെ കാണാം ' ചിന്നു ചോദിച്ചു. 'ശരി . എന്നാല്‍ നാളെകാണാം . വച്ചോ.' എന്ന് പറഞ്ഞിട്ട് ബൈജു ഫോണ്‍ വച്ചു.

     കുറച്ചു നേരം കൂടി സംസാരിക്കണം എന്ന് അവനു ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു. വാച്ച് നോക്കി.ഈശ്വരാ മണി പന്ത്രണ്ടു ആയോ .. എന്തായാലും കൊള്ളാം. ജീവിതത്തിലെ ഏറ്റവും മനോഹരമായനിമിഷങ്ങള്ആണ് കഴിഞ്ഞു പോയതെന്ന് ബൈജുവിന് തോന്നി. ഒരിക്കലെങ്കിലും പ്രണയിക്കാത്തവന്റെജീവിതം ഒരു വേസ്റ്റ്  പലരും പറഞ്ഞതിന്റെ പൊരുള്‍ ഇന്നാണ് മനസ്സിലായത്. ബൈജു അവിടിരുന്നു തന്നെആകാശത്തേക്ക് നോക്കി. നിറയെ നക്ഷത്രങ്ങള്‍. അതില്‍ നിറയെ ചിന്നുവിന്‍റെ മുഖം പ്രതിഫലിക്കുന്നു .  അയ്യേ. ഞാന്‍ വെറും ഒരു പൈങ്കിളി ആയി മാറിയോ . പണ്ട് ഇതിനെ ഒക്കെ എത്രകളിയാക്കിയിട്ടുള്ളതാ..

പണ്ട് ഇങ്ങനെ പ്രേമിക്കുകയും ഇങ്ങനത്തെ സാഹിത്യം പറയുന്നവനെയും ഒക്കെ കളിയാക്കി പരിപ്പ് എടുത്തിട്ടുള്ളതാ ഈ ബൈജു. ആ ബൈജുവാണ് ഇപ്പൊ...

     പുറകില്‍ നിന്നു എന്തോ ഒരു ഈര്‍പ്പം ബര്‍മുടയില്‍ പടരുന്നത്‌ അനുഭവപ്പെട്ടപ്പോ ആണ്ബൈജു ഭൂമിയില്‍ തിരിച്ചെത്തിയത്‌ . തിരിഞ്ഞു നോക്കിയപ്പോ ഒരു ശുനകന്‍. ബൈജു ഇരിക്കുന്ന മൈല്‍ കുറ്റിയില്‍ അവന്‍ മുള്ളിയതാ . ... അയ്യേ... ശ്ചൈ... ചാടി എഴുനേറ്റു ബൈജു. അടുത്ത് കണ്ട ഒരു കല്ലെടുത്ത്ശുനകനിട്ടു വീക്കി.  പട്ടി  അവിടിരുന്നു ഏറു കൊണ്ട് ഒരു വിളി വിളിച്ചു. ഹമ്മേ.. അതാഒരു പറ്റം പട്ടികള്‍ അതാ വരുന്നു... സി  ഡിസ്... എസ്കേപ് ...' ബൈജു ജീവനും കൊണ്ടോടി...

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 19

     

    നേരം പുലര്‍ന്നു. ( ഈ ഒരു വാചകം കോണ്ടാണ് ഇപ്പൊ ഇതിന്‍റെ എല്ലാ ഭാഗങ്ങളും തുടങ്ങുന്നതെന്ന് പ്രിയപ്പെട്ട വായനക്കാര്‍ പരിഭവപ്പെടരുത് . കാതല്‍ നേരങ്ങളില്‍ ഓരോ ദിനമും ഒരു കവിതൈ. ) ബൈജു ചാടിക്കൂട്ടി എണീറ്റു. ഇപ്പൊ ഓഫീസില്‍ പോകാന്‍ നല്ല ഉത്സാഹമാണ്. ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടല്ല എന്ന് മാത്രം. കുളിച്ചതിനു ശേഷം ബാഗില്‍ ഒളിച്ചു സൂക്ഷിച്ചിരുന്ന ക്രീം എല്ലാം എടുത്തു തേച്ചു. പുട്ടി ഇട്ടതു പോലുണ്ട്. ഒരു അരയിഞ്ചു കനം വരും. ഏറ്റവും നല്ല ഷര്‍ട്ട്‌ എടുത്തിട്ടു. ഇത് പോര. കുറച്ചു പുതിയ ഡ്രസ്സ്‌ എടുക്കണം. ചിന്നു വളരെ സിമ്പിള്‍ ആണ്. എന്നാലും  ഒട്ടും കുറയ്ക്കണ്ട.

     ബൈജു ATM ഇല്‍ പോയി ഉണ്ടായിരുന്ന അവസാനത്തെ ചില്ലറ വരെ വലിച്ചു. ATM ചോര തുപ്പി. ആകെ ആയിരത്തി അഞ്ഞൂറ് രൂപ ഉണ്ട്. ഇതുകൊണ്ട് എന്തൊക്കെ വാങ്ങും എന്‍റെ ഈശ്വരാ. നേരെ ബ്രിഗേഡ് റോഡിലേക്ക് വിടാം. അവിടെയെ ക്ലാസ്സ്‌ സാധനം കിട്ടൂ. ഒരു ബി എം ടി സി ബസ്സില്‍ വലിഞ്ഞു കയറി ബൈജു നേരെ ബ്രിഗേഡ് റോഡിലേക്ക് വിട്ടു. നല്ല സമയം. വൈകുന്നേരം ആയതു കൊണ്ട് നിറയെ പെണ്‍ കുട്ടികള്‍ ( പണ്ടായിരുന്നേല്‍ ബൈജു റോഡ്‌ നിറയെ പീസുകള്‍  എന്ന് പറഞ്ഞേനെ . അറിയാതെ ചിന്നുവിനോട് ഇങ്ങനെ വല്ലതും പറഞ്ഞു പോയാല്‍ കുളമാകും എന്ന് വിചാരിച്ചു ഇപ്പൊ അങനെ ഒന്നും ബൈജു പറയാറില്ല ). റോഡരികില്‍ നിറയെ കടകള്‍ ഉണ്ട്. എല്ലാത്തിന്റെയും മുന്നില്‍ കണ്ണാടി കൂടില്‍ വന്‍ പ്രതിമകള്‍ ഒക്കെ വച്ചിട്ടുണ്ട്. ആദ്യം കണ്ട കടയില്‍ തന്നെ കയറി. വെല്‍ക്കം സര്‍ എന്നൊക്കെ പറഞ്ഞിട്ട് ഒരു പെണ്ണ് വന്നു. തിരിച്ചൊരു താങ്ക് യു വച്ചു കൊടുത്തു. ഏറ്റവും നല്ല ഷേട്സ് ഒക്കെ പോരട്ടെ എന്ന് ബൈജു പറഞ്ഞു. അവള്‍ ഒരു ഷര്‍ട്ട്‌ എടുത്തു കാണിച്ചു. കൊള്ളാം. ഇട്ടു നോക്കി. നല്ല ഫിറ്റ്‌ എന്ന് അവള്‍ പറഞ്ഞു. ശരി. വില നോക്കി. ഹെന്റമ്മേ .. ബൈജുവിന്‍റെ കണ്ണ് രണ്ടും ബള്‍ബ്‌ ആയി. 3500 രൂപ. പതുക്കെ അത് ഊരി അവിടെ വച്ചു. വേറെ എടുക്കട്ടെ എന്ന് ലവള്‍. ശരി എടുത്തോ എന്ന് ബൈജു പറഞ്ഞു. അവള്‍ അകത്തു പോയി കുറെ ഷര്‍ട്ട്‌ ഒക്കെ ആയി വന്നു. ബൈജു എല്ലാത്തിന്റെയും വില ഒക്കെ ഒന്ന് നോക്കി. ഇത് ശരിയാവൂല. ഒടുക്കലത്തെ വില. പതുക്കെ അവിടുന്ന് ഇറങ്ങി. അടുത്ത കടയില്‍ കയറി. അവിടെ പിന്നെ കയറിയപ്പോ തന്നെ നല്ല സ്റ്റൈലില്‍ പറഞ്ഞു ..  casual use നാണു . അത്രയ്ക്ക് വില കൂടിയതൊന്നും വേണ്ട എന്ന് പറഞ്ഞു.കയ്യില്‍ കാശില്ലാത്തത്‌ കൊണ്ടാണെന്ന് അവര്‍ അറിയണ്ട. പക്ഷെ അത് കേട്ട ഉടനെ അവരും അവരുടെ നിലപാട് വെളിപ്പെടുത്തി. അവന്‍മാരുടെ റേഞ്ച് തുടങ്ങുന്നത് തന്നെ മൂവായിരത്തില്‍ ആണെന്ന്. അത് നന്നായി. അധികം സമയം അവിടെ കളയേണ്ടി വന്നില്ല. ചുമ്മാതല്ല. ഈ കടകളില്‍ ഒക്കെ കണ്ണാടി കൂട്ടില്‍ നില്‍ക്കുന്നതൊക്കെ ഇവിടെ സാധനം വാങ്ങാന്‍ വന്നവരായിരിക്കും. പൈസ കൊടുക്കാനില്ലാത്തത് കൊണ്ട് പിടിച്ചു വച്ചിരിക്കുന്നതായിരിക്കും

നേരം ഇരുട്ടാറായി. ഒരുവിധം ഉള്ള എല്ലാ കടകളും കൊള്ള സങ്കേതങ്ങള്‍ പോലെ തോന്നി ബൈജുവിന്. ഈശ്വരാ രക്ഷിക്കണേ. ഹോ. ഭഗവാന്‍ ബൈജുവിന്‍റെ പ്രാര്‍ത്ഥന കേട്ട് എന്ന് തോന്നുന്നു. അതാ മ്യെഗാ മാര്‍ട്ട് തൊട്ടു മുന്നില്‍. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ എന്നൊക്കെ വന്‍ പരസ്യം. ആ പരസ്യവും ആ കടയും ദൈവം തനിക്കു വേണ്ടി തുറന്നത് പോലെ തോന്നി അവനു. അകത്തു കുതിരയെടുപ്പിനുള്ള ആളുണ്ട്. ബൈജു ഒരു വിധം അതിനകത്ത് കയറിപ്പറ്റി. അത് ശരി. അകത്തു കയറിയപ്പോ അല്ലെ സംഗതി പിടി കിട്ടിയത്. എല്ലാം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ .. അതും ഒന്നാംതരം മലയാളികള്‍.. ഹോ. ഇവന്‍മാരെ കൊണ്ട് തോറ്റു.. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കില്ല. ഓഫര്‍ ഒക്കെ ഉണ്ടെങ്കിലും വില കണക്കാ. ആയിരത്തി അഞ്ഞൂറ് രൂപ ഒക്കെ ആണ് ഒരു ഷര്‍ട്ട്‌ നു. എന്നാലും സാരമില്ല. രണ്ടെണ്ണം എടുക്കാമല്ലോ. ഒരു കാര്യം ചെയ്യാം. മഹേഷിനെ വിളിച്ചിട്ട് അവനും കൂടി ഒരു ഷര്‍ട്ട്‌ എടുക്കാം. അപ്പൊ ഷെയര്‍ ചെയ്യാം. മഹേഷ്‌ സമ്മതിച്ചു.

സൈസ് 40 നോക്കി ഒരെണ്ണം എടുതെക്കാന്‍ അവന്‍ പറഞ്ഞു. കേള്‍ക്കേണ്ട താമസം ബൈജു ഫോണ്‍ വച്ചു. എന്നിട്ട് നേരെ പോയി കൂറ കളറിലുള്ള ഒരു ഷര്‍ട്ട്‌ മഹേഷിനു വേണ്ടി എടുത്തു.

അടിപൊളി ഒരെണ്ണം തനിക്കു വേണ്ടിയും. പുറത്തിറങ്ങി. ബ്രിഗേഡ് റോഡ്‌ ഒഴുകുകയാണ്.

സുന്ദരികളും സുന്ദരന്‍മാരും കുട്ടികളും. വഴിയരികില്‍ ഒരു പൊടി കുട്ടിയും അവന്‍റെ ഒപ്പം ഒരു കൊച്ചു പെണ്‍ കുട്ടിയും ( അവന്‍റെ ഗേള്‍ ഫ്രണ്ട് ആണോ എന്തോ ) ഐസ് ക്രീം നുണഞ്ഞു കൊണ്ട് നില്‍ക്കുന്നു. നല്ല ഓമന കുട്ടികള്‍. ബൈജു സ്നേഹത്തോടെ പയ്യന്‍സിന്റെ തലയില്‍ ചെറുതായി ഒന്ന് തലോടി. 'ഹായ് .. ടുംകുടു' എന്ന് പറഞ്ഞു. 'നീ പോടാ ' പയ്യന്‍റെ മറുപടി പെട്ടെന്നായിരുന്നു. ഓഹോ. അത് ശരി. അപ്പൊ മലയാളി ആണല്ലേ. വൃത്തികെട്ടവന്‍. ഇവന്‍റെ അപ്പനും അമ്മയും ഒന്നും അടുതില്ലേ. രണ്ടു ചോദിക്കാമായിരുന്നു. ഇങ്ങനാണോ മക്കളെ പഠിപ്പിക്കുന്നതെന്ന്. അലവലാതി. എന്തായാലും സ്ഥലം വിട്ടേക്കാം. അടുത്ത ബസ്‌ പിടിച്ചു. റൂമിലെത്തി. വലിയ സംഭവം പോലെ ആ ഷര്‍ട്ട്‌ എടുത്തു മഹേഷിനെ കാണിച്ചു. ഭാഗ്യം അവന്‍ അച്ഛനെ വിളിച്ചില്ല. അല്ല. അവനെ പറഞ്ഞിട്ട് കാര്യമില്ല. ആരായാലും വിളിച്ചു പോകും. അത്രയ്ക്ക് മ്ലേച്ചമായ കളര്‍ ആണ്. എന്തായാലും സ്വന്തം ഷര്‍ട്ട്‌ അനക്കണ്ട. അല്ലെങ്കില്‍ മഹേഷ്‌ അത് പിടിച്ചു വാങ്ങിക്കും..

     ഇതിനിടക്ക്‌ ചിന്നു എന്തൊക്കെയോ മെസ്സേജ് അയച്ചിരുന്നു. എവിടെയാ , എന്ത് ചെയ്യുകയാ ഒന്നൊക്കെ ചോദിച്ചിട്ട്. മറുപടി ഇപ്പഴാ അയക്കുന്നത്. പ്രശ്നമാവുമോ എന്തോ. ഇന്നലത്തെ പോലെ ഇന്നും അവള്‍ വിളിച്ചാല്‍ മതിയായിരുന്നു. ഒരു ദിവസം സംസാരിച്ചതിന്റെ സുഖം ഇത് വരെ വിട്ടു മാറിയിട്ടില്ല. മെസ്സില്‍ പോയി ബീഫും പൊറോട്ടയും ഒക്കെ കടിച്ചു വലിക്കുമ്പോഴും ബൈജുവിന്‍റെ മനസ്സില്‍ ചിന്നുവിന്‍റെ ഫോണ്‍ വരുമോ എന്ന ചിന്ത ആയിരുന്നു. ഇന്നത്തെ വിശേഷങ്ങള്‍ ഒക്കെ പറയാമായിരുന്നു. തിരിച്ചു വീട്ടിലെത്തി. ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചിട്ട് കിടന്നു. അതാ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യുന്നു. ഇപ്പൊ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യുമ്പോ ഒരു കാരണവുമില്ലാതെ ബൈജുവിന്‍റെ നെഞ്ചും ഒന്ന് വിറയ്ക്കും. എടുത്തു നോക്കി. ചിന്നുവാണ് . സന്തോഷമായി. പതുക്കെ പുറത്തേക്കിറങ്ങി. മഹേഷ്‌ റൂമിലുണ്ട്. ബട്ട്‌ അവനു സംഗതി പിടി കിട്ടിയെന്നു തോന്നുന്നുന്നു. ഒന്നും ചോദിച്ചില്ല. റൂമില്‍ ബാക്കിയുള്ള രണ്ടു താരങ്ങള്‍ ഏതോ ബാറില്‍ അടിച്ചു പൂക്കുറ്റി ആയി ഇരിപ്പാണ്. വരാന്‍ ലേറ്റ് ആവും എന്ന് തോന്നുന്നു.

'ബൈജു എന്താ ഇന്ന് നേരത്തെ പോയത് ? ' ഈശ്വരാ . തുടക്കം തന്നെ ഒരു ചോദ്യത്തിലാണല്ലോ.

'അല്ല ചിന്നു. ഞാന്‍ ഒരു ചെറിയ ഷോപ്പിങ്ങിനു പോയതാ.' ബൈജു പറഞ്ഞു. ' എന്നിട്ടെന്താ എന്നോട് പറയാതിരുന്നത് ? ഞാനവിടെ ഒക്കെ നോക്കിയല്ലോ ' ചിന്നുവിന്‍റെ മറുപടി. 'അതെന്തിനാ പറയുന്നേ ? ' ബൈജു ചോദിച്ചു. 'ഓഹോ. അത് ശരി ' ചിന്നുവിന്‍റെ ശബ്ദം കടുത്തു. ആ 'ഓഹോ' യുടെ ശബ്ദം കേട്ടപ്പോ സംഗതി പിശകാണെന്ന് ബൈജുവിന് മനസ്സിലായി. 'അല്ല ചിന്നു. ഞാന്‍ അപ്പൊ പറയാന്‍ വേണ്ടി സീറ്റില്‍ വന്നതാ. ബട്ട്‌ അപ്പൊ നീ ചായ കുടിക്കാന്‍ പോയിരിക്കുകയായിരുന്നു. ലേറ്റ് ആവുമെന്ന് കരുതി ഞാന്‍ നേരത്തെ അങ്ങ് ഇറങ്ങി. ' ബൈജു എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഈശ്വരാ . എത്ര നമ്പര്‍ ഇറക്കിയാലാണ് ജീവിച്ചു പോകാന്‍ പറ്റുക. എന്തായാലും അത് ഏറ്റു. 'ഒഹ്. എന്നാല്‍ പിന്നെ അത് പറയണ്ടേ . ഞാന്‍ കരുതി വൈകിട്ട് ആയപ്പോ എന്നെ മറന്നു കാണും എന്ന് ' ചിന്നു ചെറിയ ചിരിയോടെ പറഞ്ഞു. അവള്‍ തമാശ ആയിട്ടാണ് പറഞ്ഞതെങ്കിലും ആ ടയലോഗ് ബൈജുവിന് ഇഷ്ടപ്പെട്ടു. 'എന്നിട്ട് എന്തൊക്കെയാ വാങ്ങിയത് ? ' അവള്‍. ബൈജു അങ്ങനെ പോയ കഥ ഒക്കെ വിവരിച്ചു.

പൈസ തികയാത്തത് കാരണം മഹേഷിനു കൂടി ഷര്‍ട്ട്‌ വാങ്ങിച്ചു അഡ്ജസ്റ്റ് ചെയ്തത് പറഞ്ഞില്ല. വെറുതെ ഇമേജ് പോവണ്ട. 'നാളെ അത് ഇട്ടുകൊണ്ട്‌ വരണം. എന്നിട്ട് ആദ്യം എന്നെ കാണിക്കണം കേട്ടോ. എങ്ങനുന്ടെന്നു നോക്കട്ടെ..' അവള്‍ പറഞ്ഞു. 'ശരി ചിന്നൂ.രാവിലെ ആദ്യം അങ്ങോട്ട്‌ തന്നെ വരാം.' ബൈജു പറഞ്ഞു. 'അതൊക്കെ പോട്ടെ. എനിക്കെന്താ വാങ്ങിച്ചതെന്നു പറ .. അതോ അത് സസ്പെന്‍സ് ആക്കി വച്ചിരിക്കുകയാണോ ? ' അവള്‍ ചോദിക്കുന്നു. ഈശ്വരാ. കുടുങ്ങി. 'അത് പിന്നെ ചിന്നു... ഞാന്‍ ഇപ്പൊ ഒന്നും വാങ്ങിയിട്ടില്ല.. ' ബൈജു നിര്‍ത്തി നിര്‍ത്തി പറഞ്ഞു. അവള്‍ ഒന്നും പറഞ്ഞില്ല. ഇത്തവണ രക്ഷ പെട്ടു. ഇനി സംസാരിക്കുമ്പോ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. ബൈജു മനസ്സില്‍ ഓര്‍ത്തു. പതുക്കെ വിഷയം മാറ്റാം. 'അതേയ്. റെക്സില്‍ രാവണ്‍ ഓടുന്നുണ്ട്. നല്ല തിരക്കാ. ചിന്നുവിന് അഭിഷേകിനെ ഇഷ്ടമാണോ ? ' അവന്‍ ചോദിച്ചു. 'ങ്ങാ.. തരക്കേടില്ല. ഹൃതിക് ആണ് കുറച്ചു കൂടി നല്ലത്. ഇപ്പൊ പിന്നെ രണ്ബീര്‍ കൊള്ളാം. എനിക്ക് നല്ല ഇഷ്ടമാ .' ചിന്നു പറഞ്ഞു. അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്കൊക്കെ ഇവന്‍മാരെ ഒക്കെ മതി. തൊലി വെളുപ്പുണ്ടല്ലോ. അഭിനയിക്കാന്‍ അറിയാവുന്നവനെ ആര്‍ക്കും വേണ്ട.  'ഐശ്വര്യാ റായി നല്ല കിടു ആണല്ലേ. എന്താ അവളുടെ ഒരു ഭംഗി ..' ബൈജു പറഞ്ഞു. 'എനിക്കവളെ അത്ര ഇഷ്ടമല്ല. ഈ പറയുന്ന പോലെ ഒക്കെ എന്താ ഇത്ര പ്രത്യേകത അവള്‍ക്ക് .' ചിന്നു പിന്നെയും വേറെന്തൊക്കെയോ ഒക്കെ പറഞ്ഞു. കേട്ടാല്‍ തോന്നും ഐശ്വര്യാ അവളെ പിടിച്ചു കടിച്ചു എന്ന്. ബൈജു പക്ഷെ ഈ മറുപടി പ്രതീക്ഷിച്ചിരുന്നു. അറിയാവുന്ന ഒരൊറ്റ പെണ്ണ് പോലും ഇത് വരെ അവളെ പറ്റി നല്ലത് പറഞ്ഞു കേട്ടിട്ടില്ല. എന്തായാലും ഐശ്വര്യയെ പറ്റിയുള്ള സംസാരം അതോടെ നിര്‍ത്തി. 'ചിന്നുന് മലയാളത്തില്‍ ആരെയാ ഇഷ്ടം ? മോഹന്‍ ലാലിനെ അറിയാമോ ? ' അവന്‍ ചോദിച്ചു. കാര്യമുണ്ട്. അവള്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ അഹമ്മദാബാദിലാണ്.'അതെന്തു ചോദ്യമാ ബിജൂ. മോഹന്‍ ലാലിനെ ആര്‍ക്കാ അറിയാത്തത് ? ' അവള്‍ പറഞ്ഞു. ഹോ. ഭാഗ്യം. ഞാന്‍ വിചാരിച്ചാ പോലെ അത്രയ്ക്ക് ഹൈ ഫൈ ഒന്നുമല്ല ഇവള്‍. ലാലേട്ടനെ ഒക്കെ അറിയാമല്ലോ.  'മോഹന്‍ ലാലിന്‍റെ മൂവീസ് ഒക്കെ എനിക്ക് നല്ല ഇഷ്ടമാണ്. അവിടെ ഡി വി ഡി ഒന്നും അങ്ങനെ കിട്ടില്ല. പഴയ ഒരു പടം പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത് കണ്ടിട്ടുണ്ട്. മോഹന്‍ ലാല്‍ ഒരു കടുവയെ പിടിക്കാന്‍ വരുന്നത് . ഒരു സ്ഥലത്ത് കടുവ ഇറങ്ങി ആള്‍ക്കാരെ ഒക്കെ കൊല്ലും. അതിനെ കൊല്ലാന്‍ വേണ്ടി നാട്ടുകാര്‍ ചേര്‍ന്ന് മോഹന്‍ ലാലിനെ കൊണ്ട് വരും.. അതിന്‍റെ പേര് ഓര്‍മയില്ല. ബൈജുനു അറിയാമോ ? ' ചിന്നു ചോദിക്കുകയാണ്. 'ബെസ്റ്റ്. ഇതാണോ നീ ലാലേട്ടനെ അറിയാം. ഇഷ്ടമാണ് എന്നൊക്കെ അടിച്ചു വിട്ടത്. കഴുതേ.. അത് മമ്മൂട്ടിയാണ്. മൃഗയ എന്നാ പടത്തിന്റെ  പേര്. ഡീ മോഹന്‍ ലാല്‍ എന്ന് വച്ചാല്‍ ഈ മലബാര്‍ ജൂവലറിയുടെ പരസ്യത്തില്‍ ഇവിടെ ടി വിയില്‍ കാണിക്കാറില്ലേ ആ ചേട്ടനാ .. ഹേമ മാലിനിയുടെ ഒപ്പം വരുന്ന ആ അങ്കിള്‍ ..' ബൈജു വിശദീകരിച്ചു. 'എന്താ ബൈജു ഇങ്ങനെ കളിയാക്കണേ ? എനിക്ക് അറിയാഞ്ഞിട്ടല്ലേ ..' ചിന്നു വിഷമത്തോടെ പറഞ്ഞു. സംഗതി തമാശ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നിട്ടും ബൈജുവിന് ചെറിയ വിഷമം തോന്നി . 'വെറുതെ പറഞ്ഞതല്ലേ എന്‍റെ ചിന്നൂട്ടി ..' അവന്‍ അറിയാതെ പറഞ്ഞു  പോയി. 'അയ്യേ. ചിന്നൂട്ടിയോ ? അതെന്താ ?' അവള്‍ നാണിച്ചു കൊണ്ട് പറഞ്ഞു..  'സ്നേഹം കൊണ്ട് പറഞ്ഞതല്ലേ ചിന്നു. ഇഷ്ടപെട്ടില്ലെങ്കില്‍ ഞാന്‍ വിളിക്കുന്നില്ല. ' ബൈജു താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു. 'ഹേയ്. ബൈജു അപ്പോഴേക്കും പിണങ്ങിയോ .. ഞാന്‍ വെറുതെ പറഞ്ഞതല്ലേ ..എനിക്കത് എത്ര ഇഷ്ടമായി എന്നോ .. ഞാന്‍ ഇവിടെ goose bumps ഒക്കെ ആയി ഇരിക്കുകയാ. അറിയാമോ ? ' പാവം ചിന്നു.. ബൈജുവിന് ആകെ സന്തോഷമായി എങ്കിലും ഈ goose bumps എന്ന് വച്ചാല്‍ എന്ത് കുന്തമാണെന്ന് മനസ്സിലായില്ല. എന്തായാലും അതിന്‍റെ അര്‍ഥം ചോദിച്ചു കുളമാക്കണ്ട. വീട്ടില്‍ ചെന്നിട്ടു വിക്കിപീടിക തുറന്നു നോക്കാം. 'അയ്യോ ബൈജു.. കൌ ... ബൈ ' എന്ന് പറഞ്ഞിട്ട് ചിന്നു ടപേ എന്ന് പറഞ്ഞു ഫോണ്‍ വച്ചു.  കുന്തം. അവള്‍ക്ക് വരാന്‍ കണ്ട സമയം. കൌ എന്ന് പറയുന്നത് ചിന്നുവിന്‍റെ റൂം മേറ്റ്‌ ആണ്.

ഒരു ആന്ധ്രാക്കാരി. കൌസ്തുഭ എന്നാ പേര്. ഓമന പേരാണ് കൌ. കൌ വുഡ്ബീയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരിക്കും. ഇത്ര പെട്ടെന്ന് അവള്‍ തിരിച്ചു വരണ്ടായിരുന്നു. അതാ ഫോണ്‍ വീണ്ടും അടിക്കുന്നു. ചിന്നുവാണ്. 'അത് കൌ അല്ലാരുന്നു. എനിക്ക് തോന്നിയതാ. എന്തായാലും ലേറ്റ് ആയി. അവള്‍ ഇപ്പൊ വന്നേക്കും. ഞാന്‍ വയ്ക്കുകയാ.. നാളെ കാണാം. ഇഷ്ടമല്ലായിരുന്നിട്ടും ബൈജു മനസ്സില്ലാ മനസ്സോടെ ഫോണ്‍ വച്ചു.

 നേരം പാതി രാത്രി ആയി. കറന്റ്‌ ഇല്ല എന്ന് തോന്നുന്നു. സ്ട്രീറ്റ് ലൈറ്റ് ഒന്നും കത്തുന്നില്ല. വേറെ ഒന്ന് രണ്ടു പേര്‍ ഇത് പോലെ ഫോണുമായി അവിടെ ഒക്കെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. വീട്ടിലേക്കു വിട്ടേക്കാം. ഇരുട്ടത്ത്‌ ഇവന്മാരുമായി കൂട്ടി ഇടിക്കണ്ട. അതാ നല്ലത്. ചെന്ന പാടെ ലാപ്ടോപ് തുറന്നു വച്ചു. കറന്റ്‌ വന്നു . ഭാഗ്യം. നെറ്റ് എടുത്തു അതിന്‍റെ അര്‍ഥം നോക്കി. ഓഹോ.. രോമാഞ്ചം ആയിരുന്നോ.. പുല്ല്. ഇത് അപ്പ അറിയാമായിരുന്നെങ്കില്‍ കുറച്ചു കൂടി വിശദീകരിക്കമായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോ ഇംഗ്ലീഷ് ക്ലാസ്സ്‌ ബങ്ക് ചെയ്തതിനു ജീവിതത്തില്‍ ആദ്യമായി ബൈജുവിന് കുണ്ടിതവും ഗദ്ഗധവും കുന്തവും കുടച്ചക്രവും ഒക്കെ തോന്നി. ഇന്ന് കാമത്തില്‍ നിന്നു മസാല ദോശ അടിച്ച വിവരം പറഞ്ഞപ്പോ ചിന്നു പറഞ്ഞു ഒരു ദിവസം നമുക്ക് പോകാം എന്ന്. ഇപ്പൊ നമ്മള്‍ , നമുക്ക് എന്നൊക്കെ ആണ് ഇപ്പോഴും പറയുന്നത്. എപ്പോഴാണാവോ അത് അങ്ങനെ ഒക്കെ മാറിയത് . പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ട്... Love is in the air when 'I' and 'You' goes and 'We' comes in.. എന്ന്. എത്ര സത്യം. ഇവനെ ഒക്കെ നമിക്കണം അണ്ണാ. ആറ്റം ബോംബ്‌ കണ്ടു പിടിക്കാന്‍ ആര്‍ക്കും പറ്റും. പക്ഷെ ഇങ്ങനുള്ള കാര്യങ്ങള്‍ ഒക്കെ കണ്ടു പിടിക്കുന്നവനാണ് യഥാര്‍ത്ഥ ജീനിയസ്. കിടന്നേക്കാം. ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കുടിച്ചിട്ട് ഉറങ്ങാന്‍ കിടന്നു.

     രാവിലെ തന്നെ എഴുനേറ്റു കുളിച്ചു . പുതിയ ഷര്‍ട്ട്‌ ഇട്ടു റെഡി ആയി. നേരത്തെ പോയി ചിന്നുവിനെ കാണിക്കാം. ഓഫീസില്‍ എത്തി. ചിന്നു അവിടുണ്ട്. നേരെ അവളുടെ അടുത്തേക്ക് പോയി. 'എങ്ങനുണ്ട് ചിന്നു ? ' അവന്‍ ചോദിച്ചു. അവള്‍ ബൈജുവിനെ അടിമുടി ഒന്ന് നോക്കി. 'കൊള്ളാം ട്ടോ. ബൈജുവിന്‍റെ സെലെക്ഷന്‍ മോശമല്ല. ' അവള്‍ പറഞ്ഞു. 'അതെങ്ങനെ മോശമാവും ? നിന്നെ ഞാന്‍ സെലക്ട്‌ ചെയ്തത് കണ്ടില്ലേ ? ' അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..'ഗുഡ് മോര്‍ണിംഗ് ഗയ്സ് ..' അവര്‍ രണ്ടും തിരിഞ്ഞു നോക്കി. പ്രേമി ആണ്. ഇവനെന്ത് പറ്റി രാവിലെ തന്നെ ഓഫീസില്‍ വന്നിരിക്കുന്നു.. തിരിച്ചു ഗുഡ് മോര്‍ണിംഗ് പറഞ്ഞതിന് ശേഷം ബൈജു അവനോടു ചോദിച്ചു എന്താ നേരത്തെ വന്നതെന്ന്.. കുറച്ചു പണി ഉണ്ടെന്നു. ഇന്ന് ഈവെനിംഗ്  ആവുന്നതിനു മുമ്പ് തീര്‍ക്കണം എന്നാ മാനേജര്‍ പറഞ്ഞിരിക്കുന്നതെന്നും ഒക്കെ പ്രേമി പറഞ്ഞു. 'പിന്നേയ്.. ബഗ് ഉണ്ടാക്കാനല്ലേ.. അതിനു ഇത്ര നേരത്തെ വരേണ്ട ആവശ്യമുണ്ടായിരുന്നോ എന്‍റെ പ്രേമീ .. വെറുതെ സ്ഥലം മിനക്കെടുതത്തെ സ്വര്‍ഗത്തിലെ

കട്ടുറുംപാവാതെ  ഒന്ന് പോടെയ്' എന്ന് ബൈജു മനസ്സില്‍ പറഞ്ഞു. അപ്പോഴാണ് പ്രേമി ബൈജുവിന്‍റെ പുതിയ ഷര്‍ട്ട്‌ ശ്രദ്ധിച്ചത് ..'അരേ.. നയാ ഷര്‍ട്ട്‌ ഹെ ക്യാ ? കിത്നാ ഗന്ധ കളര്‍ ഹെ യാര്‍ ? ' ആ വൃത്തികെട്ടവന്‍ പറയുകയാണ്. അലമ്പ് കളര്‍ ആണ് പോലും. ബൈജു ഒന്നും മിണ്ടാതെ സീറ്റില്‍ പോയി ഒറ്റ ഇരുപ്പിരുന്നു. അത് കണ്ടു ചിന്നുവിനും വിഷമമായി.  അവള്‍ ഒരു പേപ്പര്‍ എടുത്തിട്ടു ബൈജുവിന്‍റെ സീറ്റിലേക്ക് ചെന്നു. 'ഹേയ് ബൈജു. ആ ബാജി പറഞ്ഞത് കേട്ടിട്ട് വിഷമമായോ ? ഷര്‍ട്ട്‌ ശരിക്കും നന്നായിട്ടുണ്ട്. ഞാനല്ലേ പറയുന്നേ.. അവന്‍ പറയുന്നത് കേള്‍ക്കണ്ട ' എന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. ആരെങ്കിലും കണ്ടാല്‍ അവര്‍ എന്തോ പ്രോബ്ലം ഡിസ്കസ് ചെയ്യുകയാണ് എന്നേ തോന്നു. പ്രേമി പറഞ്ഞത്‌ കേട്ടിട്ട് ചെറിയ വിഷമം ആയെങ്കിലും ഇപ്പൊ അത് മാറി. 'ഹേയ് ഇല്ല ചിന്നു. ഇപ്പൊ എനിക്ക് സന്തോഷമായി. ചിന്നുവിന് ഇഷ്ടപെട്ടല്ലോ .. അത് മതി ' അവന്‍ പറഞ്ഞു. ചിന്നു തിരികെ സീറ്റിലേക്ക് പോയി.

     നേരം കടന്നു പോയി. ഇപ്പൊ എണീറ്റു കഴിഞ്ഞാല്‍ നേരം ഇരുട്ടാനുള്ള കാത്തിരിപ്പാണ്. രണ്ടു ദിവസമായി തുടരുന്ന സംസാരം ഒക്കെ ബൈജുവിനെ വേറൊരു ലോകത്തെതിച്ചു കഴിഞ്ഞിരുന്നു. പണ്ടൊക്കെ ബൈജു അല്പം സമയം കിട്ടിയാല്‍ അടുത്തിരിക്കുന്ന പ്രേമിയെയും കവിതയും ഒക്കെ പോയി ചൊറിഞ്ഞു കൊണ്ടിരിക്കുമായിരുന്നു. ഇപ്പൊ ബൈജു ആകെ സൈലന്റ് ആയി. എന്നാല്‍ മുഖത്തൊരു പ്രകാശം കാണാനുണ്ട് താനും. ഇടയ്ക്കു പ്രേമി വന്നു സ്നേഹത്തോടെ എന്താ ബൈജു ജി..എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്നൊക്കെ ചോദിച്ചെങ്കിലും എന്തോ അവതാ പറഞ്ഞു അവനെ ഓടിച്ചു വിട്ടു ബൈജു.. മൂന്നു മണി ആയി. ചായ കുടിച്ചിട്ട് അവന്‍ സീറ്റില്‍ വന്നിരുന്നു. പണി കുറച്ചു കൂടി ഉണ്ട് തീര്‍ക്കാന്‍. അതാ ചിന്നു വീണ്ടും ഒരു പേപ്പര്‍ ഉം ആയി വരുന്നു. എന്നാല്‍ രാവിലെ കണ്ട മുഖമല്ല. ആകെ വീര്‍ത്തിരിക്കുന്നു. അടുത്ത് വന്നിട്ട് അവള്‍ 'ബൈജു ' എന്ന് വിളിച്ചു. ബൈജു തലയുയര്‍ത്തി നോക്കി. അവളുടെ ശബ്ദം ഇടറിയിട്ടുണ്ട്. എന്തോ കുഴപ്പമുണ്ട്. ഈശ്വരാ. 'എന്താ ചിന്നു ? ' അവന്റെയും ശബ്ദം ഇടറി. പെട്ടെന്ന് അവളുടെ കണ്ണില്‍ നിന്നു ഒരു തുള്ളി കണ്ണ് നീര്‍ അവന്‍റെ കയ്യിലേക്ക് അടര്‍ന്നു വീണു..

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 20

    ചിന്നുവിന്‍റെ വിളറിയ മുഖം കണ്ടപ്പോഴേ ബൈജു ആകെ വല്ലാതായി. എന്താണ് എന്ന് അവള്‍ പറയുന്നുമില്ല. ഒന്നും മിണ്ടാതെ വന്നത് പോലെ തന്നെ സീറ്റിലേക്ക് പോയി. മനസമാധാനം പോയി. മൊബൈല്‍ ബീപ് ചെയ്തു. എടുത്തു നോക്കി. ചിന്നുവിന്‍റെ മെസ്സേജ്. അത് വായിച്ച ബൈജു ശരിക്കും ഞെട്ടി. ഒരാള്‍ പെണ്ണ് കാണാന്‍ വരുന്നു എന്ന്. ഐ ബി എമ്മില്‍ ജോലി ചെയ്യുന്ന ഒരാള്‍. ബൈജുവിന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി. ഹൃദയമിടിപ്പിന്‍റെ താളവും വേഗവും വര്‍ധിച്ചു. അറിയാതെ തന്നെ അവന്‍ എഴുനേറ്റു പോയി. ചിന്നുവിന്‍റെ സീറ്റിലെത്തി. ഓഫീസില്‍ ആരും വന്നിട്ടില്ല. ഉള്ളില്‍ നുര പൊന്തുന്ന സമ്മര്‍ദ്ദം സഹിക്ക വയ്യാതെ അവന്‍ അവളോട്‌ എന്തൊക്കെയോ ചോദിച്ചു. അവള്‍ കരയുന്നതല്ലാതെ ഒന്നും പറയുന്നില്ല. ഒരു നിമിഷം ആശയക്കുഴപ്പത്തില്‍ നിന്നു പോയെങ്കിലും ബൈജു അവളെ സമാധാനിപ്പിക്കാന്‍ എന്തൊക്കെയോ പറഞ്ഞു. അപ്പോഴേക്കും ആരോ വന്നു. ബൈജു തിരികെ സ്വന്തം ക്യുബിക്കിളിലേക്ക് മടങ്ങി.

     എന്ത് ചെയ്യും ഈശ്വരാ ? അവന്‍ ജീവിതത്തിലാദ്യമായി മനമുരുകി ഭഗവാനോട് ചോദിച്ചു. ചിന്നുവിനോട് സംസാരിക്കാതിരുന്നിട്ടു ഇരിപ്പുരയ്ക്കുന്നുമില്ല . വൈകിട്ടായെങ്കില്‍ അവളെ വിളിച്ചു ഒന്ന് സംസാരിക്കാമായിരുന്നു. അങ്ങനെ ഒരു വിധത്തില്‍ സമയം തള്ളി നീക്കി. ഓരോ നിമിഷവും ഓരോ മണിക്കൂറുകള്‍ പോലെ ആണ് ബൈജുവിന് തോന്നിയത്. ഇടക്കെപ്പോഴോ നോക്കിയപ്പോള്‍ ചിന്നു അവിടെയിരുന്നു മുഖം തുടയ്ക്കുന്നത് കണ്ടു. ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നോര്‍ത്തിട്ട് ബൈജുവിനു ആകെ വട്ടായി. അവിടിരുന്നു അവന്‍ ഗുരുവായൂരപ്പനും കാവിലമ്മയ്ക്കും ഒക്കെ നേര്‍ച്ചകള്‍ നേര്‍ന്നു. ഒരു കാര്യം ചെയ്യാം. മഹേഷിനോട് ചോദിക്കാം. അവന്‍റെ കയ്യില്‍ എന്തെങ്കിലും പരിഹാരം ഉണ്ടാവാതിരിക്കില്ല. നേരത്തെ ഇറങ്ങാം. ബൈജു മനസ്സിലോര്‍ത്തു.

     അങ്ങനെ വൈകുന്നേരം ആയി. നടന്നിട്ട് വേഗം കിട്ടാത്തത് കൊണ്ട് ബൈജു ഒരു ഓട്ടോ പിടിച്ചു. ഭാഗ്യം. മഹേഷ്‌ വന്നിട്ടുണ്ട്. വന്നപാടെ ആശാന്‍ ടിവി തുറന്നു വച്ചു ഏതോ സിനിമ കണ്ടുകൊണ്ടിരിക്കുകയാ. പരിഭ്രാന്തനായ ബൈജുവിന്‍റെ മുഖം കണ്ടപ്പോഴേ മഹേഷിനു എന്തോ കുഴപ്പമുണ്ടെന്നു പിടികിട്ടി. ബൈജു എല്ലാം പറഞ്ഞു. അത് കേട്ടിട്ട് മഹേഷ്‌ ഒരു നിമിഷം ഒന്നും മിണ്ടിയില്ല. എന്നിട്ട് പറഞ്ഞു. 'മോനേ . പ്രശ്നമാണല്ലോ ' . അത് കേട്ട ബൈജു അറിയാതെ നിലത്തു വിരിച്ച പായില്‍ ഇരുന്നു പോയി. ' ഒരു കാര്യം ചെയ്യ്. നീ അവിടിരിക്ക്‌. ഞാന്‍ ഒന്ന് ആലോചിക്കട്ടെ .' മഹേഷ്‌ പറഞ്ഞു. എന്നിട്ട് അവന്‍ വീണ്ടും പഴയ പോലെ ടി വി യുടെ മുമ്പില്‍ പോയിരുന്നു. അത് കണ്ട ബൈജുവിന് ദേഷ്യം വന്നു. ഇവിടെ അമ്മായിക്ക് പ്രാണ വേദന . മരുമകള്‍ക്ക് വീണ വായന എന്ന് പറഞ്ഞ പോലെ. എന്നാല്‍ മഹേഷ്‌ തിരിച്ചു ചൂടായില്ല. 'ഡാ നീ അവിടിരിക്ക്‌. ഞാന്‍ അതെപ്പറ്റി തന്നെയാ ആലോചിച്ചു കൊണ്ടിരിക്കുന്നത്. ബൈജു ഒന്നും മിണ്ടിയില്ല. ആകെ ഒരു ജഗപൊക. അവന്‍ താടി തടവി നോക്കി. ഇന്ന് ഷേവ് ചെയ്തിട്ടില്ല എന്ന് അപ്പോഴാണ് ഓര്‍മ വന്നത്. പകുതി ബോധത്തോടെ ബൈജു ബാത്‌റൂമില്‍ കയറി. എന്നിട്ട് ടൂത്ത് ബ്രഷ് എടുത്തു പേസ്റ്റ് തേച്ചു നന്നായി പല്ല് തേച്ചു. മുഖം ഒക്കെ കഴുകി തുടച്ചതിനു ശേഷം പുറത്തിറങ്ങി. വീണ്ടും താടി തടവി. ഈശ്വരാ താടി അവിടെ തന്നെ ഉണ്ട്. അപ്പൊ ഷേവ് ചെയ്തില്ലേ . കണ്‍ഫൂഷന്‍ ആയല്ലോ ഭഗവാനേ. ബൈജു സമാധാനമായി ഒന്ന് കൂടി ചിന്തിച്ചു നോക്കി. ഹോ. ശരിയാണ്. ഷേവ് ചെയ്യുന്നതിന് പകരമാണ് പല്ല് തേച്ചത്. ഇങ്ങനെ പോയാല്‍ താമസിയാതെ പണി കിട്ടും. ബൈജു മഹേഷിനെ ഒന്ന് നോക്കി. അവന്‍ അവിടിരുന്നു രസം പിടിച്ചു സിനിമ കണ്ടു കൊണ്ടിരിക്കുകയാണ്. കണ്ണില്‍ ചോരയില്ലാത്തവന്‍. ബൈജു മനസ്സിലോര്‍ത്തു.

കുറച്ചു കഴിഞ്ഞു. മഹേഷ്‌ ടി വി ഓഫ്‌ ആക്കി. 'ഡാ . ആകെ രണ്ടു വഴികള്‍ ആണുള്ളത്. ഒന്ന്. എന്തെങ്കിലും തറ വേല കാണിച്ചു ഈ പെണ്ണ് കാണല്‍ മുടക്കുക. അല്ലെങ്കില്‍ അവളോട്‌ പറഞ്ഞിട്ട് ചെറുക്കനോട് തുറന്നു പറയാന്‍ പറ. അല്ലാതെ ഒന്നും എന്‍റെ തലയില്‍ വരുന്നില്ല ' മഹേഷിന്‍റെ വാക്കുകള്‍ കേട്ട് ബൈജു ഒരു നിമിഷം നിന്നു. ആദ്യത്തെ വഴി നോക്കണമെങ്കില്‍ ആദ്യം കാണാന്‍ വരുന്നവന്റെ ഡീറ്റയില്‍സ്  അറിയണം. അത് ചിന്നുവിന് തന്നെ അറിയില്ല. എവിടെ വച്ചാണ് കാണേണ്ടത് എന്ന് തന്നെ നാളെയെ അറിയാന്‍ പറ്റു. രണ്ടാമത്തെ വഴി ആലോചിക്കാവുന്നതാണ്. പക്ഷെ അവള്‍ക്ക് അതിനുള്ള ധൈര്യമുണ്ടാവുമോ ആവോ. എന്തായാലും ഇത് കേട്ട് അല്‍പം ആശ്വാസം ആയി. നേരം ഒന്ന് ഇരുട്ടട്ടെ. ചിന്നു വിളിക്കുമ്പോ പറയാം. എന്നാല്‍ എന്നും വിളിക്കുന്ന സമയം കഴിഞ്ഞിട്ടും അവളുടെ വിളി വന്നില്ല. ബൈജുവിന്‍റെ ടെന്‍ഷന്‍ വീണ്ടും കൂടി. അവിടെ എന്തായോ എന്തോ.

     അതാ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യുന്നു. ചിന്നുവാണല്ലോ. എന്നത്തേയും പോലെ അന്ന് ഫോണ്‍ എടുക്കാന്‍ ബൈജുവിന് പറ്റിയില്ല. അവന്‍റെ ശ്വാസോച്ച്വാസം ഉറക്കെ ആയി. നെഞ്ഞിടിപ്പ്‌ കൂടി. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അവന്‍ എങ്ങനെയോ ആ ഫോണ്‍ എടുത്തു. 'എന്‍റെ ബൈജു..' ചിന്നുവിന്‍റെ ശബ്ദം. അവള്‍ കരയുകയാണോ ചിരിക്കുകയാണോ എന്നറിയാന്‍ പറ്റുന്നില്ല. 'നമ്മുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. പെണ്ണ് കാണല്‍ ക്യാന്‍സല്‍ ആയി' ആകെ കുഴഞ്ഞു മറിഞ്ഞ ശബ്ദത്തില്‍ ചിന്നു. 'അച്ഛന്‍ ജാതകം കൊണ്ട് നോക്കിയപ്പോള്‍ പണിക്കര്‍ പറഞ്ഞു അത് ചേരില്ല എന്ന്. അങ്ങനെ അത് വേണ്ടാന്നു വച്ചു.' ആരോ ഹൃദയത്തില്‍ ഒരു പിടി മഞ്ഞു കട്ടകള്‍ വാരി വിതറിയ പോലെ തോന്നി ബൈജുവിന്. ഉള്ളില്‍ ആളി കത്തികൊണ്ടിരുന്ന തീ ഒരു നിമിഷം കൊണ്ട് അണഞ്ഞു. ഒരു നിമിഷം ബൈജു സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു. ചിന്നു അപ്പുറത്ത് എന്തൊക്കെയോ പറയുന്നുണ്ട്. അവള്‍ക്കും സന്തോഷം കൊണ്ട് വാക്കുകള്‍ ഒന്നും പുറത്തേക്കു വരുന്നില്ല.

കുറച്ചു നേരം അവ്യക്തമായ ശബ്ദങ്ങളിലൂടെ അവര്‍ രണ്ടും സന്തോഷവും ആശ്വാസവും പങ്കു വച്ചു. ഫോണ്‍ വച്ചിട്ട് ബൈജു നേരെ മഹേഷിന്‍റെ അടുത്തേക്ക് ചെന്നു. അവനെ കെട്ടിപിടിച്ചു. 'എല്ലാം ശരിയായെടാ മോനേ.. ' അവന്‍ വിളിച്ചു കൂവി. 'എന്താടാ അത് ചീറ്റിയോ ? ' മഹേഷ്‌ ചോദിച്ചു. 'അതേടാ.. ജാതകം രക്ഷിച്ചു ' ബൈജു സന്തോഷത്തോടെ പറഞ്ഞു. 'ഡേയ് . നീ സന്തോഷിച്ചത്‌ മതി. ഇത് പോലത്തെ പ്രശ്നങ്ങള്‍ ഇനിയും വരും. അപ്പൊ നീ എന്ത് ചെയ്യും ? അത് മാത്രമല്ല നീ നിങ്ങളുടെ ജാതകം നോക്കിയിട്ടുണ്ടോ ? അത് ചെര്‍ന്നില്ലെങ്കില്‍ എന്ത് ചെയ്യും ? ' മഹേഷ്‌ ചോദിച്ചു. 'ഷിറ്റ് .!!' സുരേഷ് ഗോപി അലറുന്ന പോലെ ബൈജുവും അലറി. 'മനുഷ്യനെ ഒരു നിമിഷം സമാധാനമായി ഇരിക്കാന്‍ സമ്മതിക്കില്ല അല്ലെടാ ? ' ബൈജു നിരാശയും വിഷമവും ഒക്കെ കലര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു. 'ഡാ നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. ഇതൊക്കെ സംഭവിക്കുന്ന കാര്യങ്ങളാ. നീ ഒരു കാര്യം ചെയ്യ്. അവളുടെ ജാതകം ഉണ്ടെങ്കില്‍ അത് എടുത്തിട്ടു , നാളെ ഇവിടെ ഒരു പണിക്കര്‍ ഉണ്ട്. അയാളെ കൊണ്ട് കാണിക്കാം. അത് ഒന്ന് ഉറപ്പു വരുത്തിയേക്കാം. ' ഇത്രയും പറഞ്ഞിട്ട് മഹേഷ്‌ ആ പണിക്കരുടെ അഡ്രസ്‌ ഒക്കെ എടുത്തു ബൈജുവിന് കൊടുത്തു. ഒരു യന്ത്രത്തെ പോലെ അത് എഴുതി എടുത്ത ശേഷം ബൈജു കിടന്നു. അന്ന് ചിന്നുവിന്‍റെ ഗുഡ് നൈറ്റ്‌ മെസ്സെജിനു മറുപടി അയച്ചുമില്ല. രാവിലെ അവള്‍ തല തിന്നും. എന്നാലും പോട്ടെ.

     രാവിലെ തന്നെ ജാതകവും കൊണ്ട് പണിക്കരെ കാണാന്‍ ഇറങ്ങി. അവിടെ ചെന്നപ്പോ നല്ല തിരക്കാണ്. മല്ലേശ്വരം എന്ന സ്ഥലത്താണ്. ഒടുവില്‍ ബൈജുവിന്‍റെ നമ്പര്‍ വന്നു. അവന്‍ അകത്തു കയറി. വിചാരിച്ച പോലെ പ്രായമായ പണിക്കര്‍ ഒന്നുമല്ല. പുള്ളി നല്ല മോഡേണ്‍ ആണ്. ലാപ്ടോപ് ഒക്കെ വച്ചിട്ടുണ്ട്. രണ്ടു ഗ്രഹനിലയും വാങ്ങി. ശു , കു എന്നൊക്കെ എന്തൊക്കെയോ എഴുതിയിട്ടുണ്ട്. പുള്ളിക്കാരന്‍ അതില്‍ നോക്കിയിട്ട് കുറച്ചു കവിടി വാരി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇട്ടുരുട്ടി. അത് ഉരുളുന്നത് കണ്ടിട്ട് ബൈജുവിന്‍റെ ഉള്ളില്‍ കാവടി തുള്ളല്‍ നടക്കുകയായിരുന്നു. എന്താവുമോ എന്തോ. പണിക്കര്‍ ഇടയ്ക്കു മേശപ്പുറത്തിരിക്കുന്ന കടലാസ്സില്‍ എന്തൊക്കെയോ എഴുതുന്നുമുണ്ട്. ഒടുവില്‍ പുള്ളി അടിയറവു പറഞ്ഞു. വ്യാഴം എഴില്‍ നില്‍ക്കുന്നത് കൊണ്ട് രാഹു എട്ടില്‍ നില്‍പ്പുണ്ട് . അത് സാരമില്ല. എന്നാല്‍ ശുക്രന്‍ മേലെ ഉദിച്ചു വരുന്നുമുണ്ട് . അപ്പൊ അതും നല്ലത്. എന്നൊക്കെ പുള്ളി തട്ടി വിടുന്നുണ്ട്. ഇങ്ങേര്‍ക്ക് നടക്കുമോ ഇല്ലയോ എന്ന് പറഞ്ഞാല്‍ പോരെ. മിന്നാരത്തില്‍ ശങ്കരാടി ഡി എന്‍ എ ടെസ്റ്റ്‌ റിസള്‍ട്ട്‌ വാങ്ങിക്കാന്‍ പോയിട്ട് വന്നു തിലകനോട് പറയുന്നതാണ് ബൈജുവിന് ഓര്‍മ വന്നത്. 'ഈ ജാതകങ്ങള്‍ തമ്മില്‍ ഉത്തമ പൊരുത്തം ഉണ്ട്. വിവാഹം നടത്തുന്നതില്‍ കുഴപ്പമില്ല.' ഒടുവില്‍ പണിക്കര്‍ വിധി പ്രഖ്യാപിച്ചു. ആശ്വാസമായി. പുള്ളിക്ക് ഒരു മുന്നൂറു രൂപയും കൊടുത്തിട്ട് ബൈജു പതുക്കെ ഇറങ്ങി. ഹോ. ഇനി ഈ പരിപടിക്കില്ല. വെറുതെ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു. ആ കവിടി വേറെ എങ്ങോട്ടെങ്കിലും ഉരുണ്ടിരുന്നെങ്കില്‍ കഥ ആകെ മാറിയേനെ. എന്തായാലും ദൈവം കാത്തു.

      നാളെ ഓഫീസില്‍ ഓണാഘോഷം ആണ്. ചിന്നുവിന് ഒരു ഓണ സമ്മാനം കൊടുക്കണമല്ലോ. പെണ്‍കുട്ടികള്‍ ഒക്കെ നാളെ മുണ്ടും നേരിയതും ഉടുത്തിട്ടാണ് വരുന്നതെന്ന് കേട്ടു. ചിന്നുവിനെ സാരി ഉടുത്തു ഇത് വരെ കണ്ടിട്ടില്ല. എങ്ങനെ ഇരിക്കുമോ ആവോ. ആണുങ്ങള്‍ ഒക്കെ മുണ്ട് ഷര്‍ട്ട് ഇടണം. ആകെ ഉള്ള ഒരു മുണ്ട് കഴിഞ്ഞയാഴ്ച കഴുകിയിട്ടത് നന്നായി.  അതെടുത്തു ഇപ്പൊ തന്നെ അയണ്‍ ചെയ്യാന്‍ കൊടുത്തേക്കാം. പണ്ടാരമടങ്ങാന്‍ .. ആ മുണ്ടില്‍ കാക്ക അപ്പിയിട്ടിരിക്കുന്നു. ഇനി ഇത് കഴുകി എടുത്താല്‍ ആകെ കുളമാകും. പുറത്തു പോയി ഒരെണ്ണം വാങ്ങിയിട്ട് വരാം. ബൈജു വേഷം മാറി പുറത്തിറങ്ങി. അടുത്ത ഹാന്‍ഡ്‌വീവ് ഷോറൂമില്‍ പോയി ഒരു മുണ്ട് വാങ്ങി. അങ്ങനെ എല്ലാ അനുസാരികളും റെഡി ആയി. ഇനി രാവിലെ എണീറ്റു കുളിച്ചു ഇതൊക്കെ ഉടുത്തു പോയാല്‍ മതി. പക്ഷെ അവന്‍റെ മനസ്സ് നിറയെ ചിന്നുവായിരുന്നു. വൈകിട്ട് ചിന്നു മെസ്സേജ് അയച്ചു. 'നാളെ ഞാന്‍ എങ്ങനെയാ വരുന്നത് എന്നറിയാമോ ? ബൈജു മുണ്ട് വാങ്ങിയോ ? നല്ലത് പോലെ തേച്ചു വെടിപ്പാക്കി ഉടയാതെ ഇട്ടിട്ടു വരണം കേട്ടോ. മുടി ഇപ്പൊ കുറച്ചു കൂടുതലാ. ഇപ്പൊ തന്നെ പോയി ഒന്ന് ട്രിം ചെയ്തേക്കു. ഷേവ് ചെയ്യാനും മറക്കണ്ട. ' അങ്ങനെ നൂറു കൂട്ടം ഉപദേശങ്ങള്‍. ആദ്യം ചെറിയ മുറുമുറുപ്പ് തോന്നിയെങ്കിലും പിന്നെ ബൈജുവിന് സന്തോഷം തോന്നി. അമ്മക്ക് ശേഷം ആദ്യമായാണ് ഒരാള്‍ ഇങ്ങനത്തെ കാര്യങ്ങള്‍ പറയുന്നത്. നമുക്ക് വേണ്ടി ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനും ഇതൊക്കെ പറഞ്ഞു തരാന്‍ ഒരാളുള്ളതും ഒരു സുഖമുള്ള കാര്യം തന്നെ. എന്തായാലും അവള്‍ പറഞ്ഞ സ്ഥിതിക്ക് മുടി ഒന്ന് മുറിക്കാം. ബാര്‍ബര്‍ ഷോപ്പില്‍ ചെന്നു. ഒരുപാടു പേര് വെയിറ്റ് ചെയ്യുന്നുണ്ട്. ബൈജു  അവിടിരുന്നു ഒരു കന്നഡ പേപ്പര്‍ എടുത്തു പടം നോക്കാന്‍ തുടങ്ങി. അടുത്തിരിക്കുന്നവന്‍ ഫോണില്‍ ആരോടോ സംസാരിക്കുകയാണ്. 'ഡീ ചെയ്യാം. അങ്ങനെ തന്നെ പറയാം. ഇവന്മാരോടൊക്കെ പറഞ്ഞാല്‍ മനസ്സിലാവുമോ എന്തോ . വെട്ടി നശിപ്പിക്കുമോ ആവോ. നീ ദയവു ചെയ്തു ഫോണ്‍ വയ്ക്ക് ' . അവന്‍റെ ഗേള്‍ ഫ്രണ്ട്നോടാണെന്ന് തോന്നുന്നു. ബൈജുവിന് ചിരി വന്നു. അപ്പൊ എല്ലാവന്റെയും  സ്ഥിതി ഇത് തന്നെ. ആശ്വാസമായി ഭഗവാനേ.

     നേരം വെളുത്തു. എന്തോ. അന്നത്തെ പ്രഭാതത്തിനു പതിവില്ലാത്ത ഒരു സൌന്ദര്യം ഉണ്ടെന്നു ബൈജുവിന് തോന്നി. ആകാശത്ത് നിന്നു വീഴുന്ന സൂര്യ രശ്മികള്‍ക്ക് ഒരു പ്രത്യേക നിറം. അത് ആ മഞ്ഞിലൂടെ വെള്ള നിറത്തിലുള്ള വരകള്‍ നാലുപാടും വരച്ചിരിക്കുന്നു. ബാല്‍ക്കണിയില്‍ നിന്നു ബൈജു പുറത്തേക്കു നോക്കി. അപ്പുറത്തെ പീ ജിയില്‍ നിന്നു കുറച്ചു പെണ്‍കുട്ടികള്‍ നേരിയതുടുത്തു പോകുന്നത് കണ്ടു. ഇന്ന് നേരത്തെ തന്നെ ഇറങ്ങിയേക്കാം. പെട്ടെന്ന് കുളിച്ചു ഷേവ് ചെയ്തു റെഡി ആയി. ഇറങ്ങാന്‍ തുടങ്ങിയപ്പോഴേക്കും ചിന്നുവിന്‍റെ ഒരു മെസ്സേജ്. 'ഇന്ന് ഞാന്‍ ഒരു ഓണ സമ്മാനം കൊണ്ട് വന്നിട്ടുണ്ട്.  നേരത്തെ വരുമോ ? '. അത് കണ്ട പാതി കാണാത്ത പാതി ബൈജു ചാടി ഇറങ്ങി. അടുത്ത കവലയില്‍ എത്തിയപ്പോഴേക്കും റോഡ്‌ നിറയെ പട്ടികള്‍. കോര്‍പറേഷന്‍ വണ്ടി വന്നു കിടപ്പുണ്ട് വേസ്റ്റ് വാരാന്‍. അതാ ഇത്രയും പട്ടികള്‍. അതിനടുതെത്തിയതും ഒരു പട്ടി ബൈജുവിന് നേരെ ചീറി വന്നു. ബൈജു ഒരു വിധത്തില്‍ അവന്‍റെ ആക്രമണത്തില്‍ നിന്നു രക്ഷപെട്ടു ഒരു ഓട്ടോയില്‍ കയറി.

     ഓഫീസില്‍ എത്തി. പുറത്തെ ഗേറ്റ് ഒക്കെ അലങ്കരിച്ചിട്ടുണ്ട്. ഇവള്‍ എവിടെ പോയി ഇരിക്കുകയാണോ ആവോ. ബൈജു ഒരു മെസ്സേജ് അയച്ചു. അപ്പോഴതാ അവള്‍ വിളിക്കുന്നു. 'ഞാന്‍ ഇവിടെ ക്യുബിക്കിളില്‍ ഉണ്ട്. ഇങ്ങോട്ട് വാ' . ബൈജു അങ്ങോട്ട്‌ ചെന്നു. ക്യുബിക്കിള്‍ അടുക്കുന്തോറും അവന്‍റെ കാലുകള്‍ക്ക് ഒരു വിറയല്‍. ചിന്നു അവിടെ മുണ്ടും നേരിയതും ഉടുത്തു ഇരിക്കുന്നുണ്ട്‌. ഇന്നലത്തെ പെണ്ണ് കാണല്‍ ചീറ്റിയതിന്റെ സന്തോഷം അവളുടെ മുഖത്തുണ്ട്‌. എന്നാല്‍ ചിന്നുവിനെ കണ്ടു ബൈജു ഒരു നിമിഷം നിശബ്ദനായി പോയി. അവള്‍ ആ വേഷത്തില്‍ ജ്വലിക്കുകയാണ്. ഇത്രയും സുന്ദരിയായിരുന്നോ ചിന്നു... 'ഹേയ് ബൈജു. എന്താ ഇങ്ങനെ നിക്കുന്നത്. ഞാന്‍ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട്. തരട്ടെ ? ' അവള്‍ ചോദിച്ചു. ആദ്യമായി ബൈജുവിന് അവളെ ഒരു മുതിര്‍ന്ന പെണ്ണായി തോന്നി. ചിലപ്പോ ആ വേഷത്തിന്‍റെയാവും. ബൈജുവിനുള്ള വിറയല്‍ ഒന്നും അവള്‍ക്കില്ല. ചിന്നു പതിയെ ബാഗിനുള്ളില്‍ നിന്നു ഒരു പൊതി എടുത്തു നീട്ടി. 'ഇനി എനിക്കുള്ള സമ്മാനം താ ' അവള്‍ പറഞ്ഞു. ആ ചോദ്യം കേട്ടു ബൈജു ഒന്ന് ഞെട്ടി. ഇന്നലെ വിചാരിച്ചതാണെങ്കിലും അത് പിന്നെ മറന്നു പോയിരുന്നു. ഒന്നും വാങ്ങിയിട്ടില്ല. ആ ചോദ്യം കേട്ടു ബൈജു തല താഴ്ത്തി. 'ഒന്നും വാങ്ങിയില്ല ചിന്നു. ഞാന്‍ മറന്നു പോയി ' അവന്‍ പറഞ്ഞു. 'അയ്യേ. അതിനു വിഷമിക്കണ്ട ട്ടോ. ഇന്ന് ആഘോഷിക്കുകയല്ലേ. സാരമില്ല ട്ടോ. പിന്നെ വാങ്ങി തന്നാല്‍ മതി.' അവള്‍ പറഞ്ഞു. ബൈജുവിന് എന്തോ അവളോട്‌ അപ്പൊ ഒരു പ്രത്യേക സ്നേഹം തോന്നി. അവന്‍ അവളുടെ കൈ പിടിച്ചു സ്വന്തം കയ്യില്‍ വച്ചു. 'ഹേയ് ബൈജു. വേണ്ട. ആരെങ്കിലും കാണും.' ചിന്നു പറഞ്ഞു. അത് അവന്‍ കാര്യമാക്കിയില്ല. ചിന്നുവിനെ അവന്‍ നെഞ്ചോടു ചേര്‍ത്തു. എന്നിട്ട് ആ നെറുകയില്‍ ഒരു ഉമ്മ കൊടുത്തു. പെട്ടെന്ന് തന്നെ ചിന്നു അകന്നു മാറി. ബൈജുവും ചുറ്റിനു നോക്കി. ഇല്ല. ഭാഗ്യം. ആരും കണ്ടിട്ടില്ല. എന്നാല്‍ ചിന്നുവിനുണ്ടായ മാറ്റം ഒന്ന് കാണേണ്ടതായിരുന്നു. അവളുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി ചുവന്നു തുടുത്തു. ആ മുഖത്ത് വിരിഞ്ഞ നാണം ആ ശോണ രേഖ ഒന്ന് കൂടി വര്‍ധിപ്പിച്ചു. അത്രയും നേരം സ്മാര്‍ട്ട്‌ ആയി നിന്ന ചിന്നു അതോടെ ആകെ ഡൌണ്‍ ആയി.  നാണിച്ചു മുഖം താഴ്ത്തി അവള്‍ അവിടെ തന്നെ കുറച്ചു നേരം മരവിച്ചു ഇരുന്നു. ബൈജുവും സീറ്റിലേക്ക് പോയി. പെട്ടെന്നുണ്ടായ ഒരു വികാര തള്ളിച്ചയില്‍ ചെയ്തതാണെങ്കിലും അവനും വേറൊരു ലോകത്തേക്ക് എടുത്തെറിയപ്പെട്ടത്‌ പോലെ തോന്നി. ആദ്യ ചുംബനം ഭയങ്കര സംഭവമാണെന്ന് പലരും പറഞ്ഞിരിക്കുന്നത് ശരിയാ. അതാ അവളുടെ മെസ്സേജ്. 'ഇത്രയും നല്ല ഒരു സമ്മാനം ഇത് വരെ എനിക്ക് കിട്ടിയിട്ടില്ല . എനിക്കിനി വേറെ സമ്മാനം ഒന്നും വേണ്ട എന്‍റെ ബൈജു.'ചിന്നുവിന്‍റെ മെസ്സേജ് ആണ്.  

    അങ്ങനെ ഓണാഘോഷം ഒക്കെ ഗ്രാന്‍ഡ്‌ ആയിരുന്നു. . പൂക്കളവും സദ്യയും ഒക്കെ ഉണ്ടായിരുന്നു.  ഓഫീസ് മുഴുവന്‍ കുരുത്തോല ഒക്കെ കൊണ്ട് അലങ്കരിച്ചു. കുരുത്തോലയും പറയും നിറയും ഒക്കെ കണ്ടിട്ട് മലയാളികളല്ലാത്തവര്‍ ഒക്കെ ഓരോ സംശയങ്ങള്‍ ഒക്കെ ചോദിച്ചു. പ്രേമി അതൊക്കെ ക്ലിയര്‍ ചെയ്തു കൊടുക്കുന്നത് കണ്ടു. ഇവനിതൊക്കെ എങ്ങനെ പഠിച്ചു ഈശ്വരാ. സദ്യ എങ്ങനെയാണു കഴിക്കേണ്ടത്‌ എന്ന് ഒരു ഡെമോ ഉണ്ടായിരുന്നു. എന്നാല്‍ അത് തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രേമി അവന്‍റെ ബുദ്ധി കാണിച്ചു. പായസം എടുത്തു തൊണ്ട തൊടാതെ വിഴുങ്ങി. അത് അവസാനമാണ് കഴിക്കെണ്ടാതെന്നു പറഞ്ഞപ്പോ പാവം പ്രേമിയുടെ കണ്ണ് തള്ളി. എന്തായാലും പുള്ളി അവിയല്‍ ഒക്കെ സ്വാദോടെ കഴിക്കുന്നത്‌ കണ്ടു.

അങ്ങനെ വൈകിട്ട് പരിപാടികള്‍ ഒക്കെ അവസാനിച്ചു.

     ഇന്ന് വൈകിട്ട് നാട്ടിലേക്ക് പോവുകയാണ്. മൂന്നു ദിവസം പിരിഞ്ഞിരിക്കേണ്ടി വരുന്നതിന്‍റെ വിഷമം രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. റൂമില്‍ ചെന്നതിനു ശേഷം അവന്‍ ചിന്നു തന്ന ആ പൊതി തുറന്നു നോക്കി. ഒരു ബെല്‍റ്റ്‌. ബൈജുവിന്‍റെ അപ്പോഴത്തെ ബെല്‍റ്റ്‌ മാറ്റാന്‍ സമയമായി ഇരിക്കുകയിരുന്നു. പാവം ചിന്നു അത് നോക്കി വച്ചിട്ട് വാങ്ങി കൊണ്ട് വന്നതാണ്‌. ഗിഫ്റ്റ് ഒക്കെ കൊടുക്കുന്നെങ്കില്‍ ഇങ്ങനെ വേണം. ഇത് വരെ ബൈജു അങ്ങനൊന്നും ചിന്തിച്ചിരുന്നില്ല. എന്തായാലും ഈ സ്നേഹം തുടങ്ങിയ ശേഷം പഠിച്ച പടങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടി. ചിന്നുവിന്‍റെ മെസ്സേജ് അതാ വീണ്ടും. 'എനിക്ക് ശരിക്കും പോവാന്‍ മടിയാവുന്നു ബൈജു. രാവിലത്തെ ആ ... നു ശേഷം I wanted to be with you always... അതാ ഞാന്‍ ഇന്ന് മുഴുവന്‍ ബൈജുനെ ചുറ്റി പറ്റി നടന്നത്. ' പാവം ചിന്നു. ബൈജുവിന് വിഷമം തോന്നി. 'എനിക്കും അതേ. പോയല്ലേ പറ്റൂ.ഓണം കഴിഞ്ഞിട്ട് പെട്ടെന്ന് വാ ട്ടോ ' എന്ന് അവന്‍ മറുപടിയും അയച്ചു. ഉള്ളില്‍ മധുരമുള്ള ഒരു ചെറിയ വേദനയുമായി ആ രണ്ടു പേരും ബാന്‍ഗ്ലൂര്‍ വിട്ടു.

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 21

    അങ്ങനെ ഓണാഘോഷം ഒക്കെ കഴിഞ്ഞു. ബൈജു വീണ്ടും ബാന്‍ഗ്ലൂര്‍ തിരിച്ചെത്തി. ചിന്നു ഒരു ദിവസം കൂടി കഴിഞ്ഞിട്ടേ വരൂ. നേരത്തെ വരണ്ടായിരുന്നു. അവള്‍ കൂടി വന്നിട്ട് പോന്നാല്‍ മതിയായിരുന്നു. ബൈജു വെറുതെ ഇരുന്നു ആലോചിച്ചു. വീട്ടില്‍ നിന്നു കൊണ്ട് വന്ന കായ വറുത്തത്, പലഹാരങ്ങള്‍ ഒക്കെ എല്ലാവര്‍ക്കും വിതരണം ചെയ്തു. ചിന്നു ഇല്ലാത്ത ബാന്‍ഗ്ലൂര്‍ ഒരു വരണ്ട മരുഭൂമി പോലെ ഒക്കെ ബൈജുവിന് തോന്നി. നാളെ അവള്‍ തിരിക്കും. വൈകിട്ട് അവള്‍ വിളിക്കുമായിരിക്കും. 'എന്തുവാടെ ഒരുമാതിരി അണ്ണാനെ പോലെ ഇരിക്കുന്നത് ? ' മഹേഷിന്‍റെ ചോദ്യം കേട്ടു ബൈജു ചിന്തയില്‍ നിന്നു ഉണര്‍ന്നു. ആലോചിച്ചാല്‍ ഒരു അന്തവുമില്ല. ആലോചിചില്ലേല്‍ ഒരു കുന്തവുമില്ല എന്നൊക്കെ ഓര്‍ത്തു ബൈജു വെറുതെ മൊബൈല്‍ റേഡിയോ തുറന്നു വിവിധ ഭാരതി വച്ചു കേള്‍ക്കാന്‍ തുടങ്ങി.

         അങ്ങനെ അടുത്ത ദിവസമായി. ഒരു വിധത്തില്‍ സമയം പോകുന്നില്ല. പണിക്കു പോകുമ്പോ ശട പടെന്നാണ്‌ സമയം പോകുന്നത്.  ഒരുവിധത്തില്‍ സമയം തള്ളി നീക്കി. അഞ്ചു മണിക്കാണ് അവളുടെ ട്രെയിന്‍. വിട്ടു കഴിഞ്ഞിട്ട് വിളിക്കാം. ഏഴു മണി ആയി. ചിന്നു ഇത് വരെ വിളിച്ചിട്ടില്ല. ബൈജുവിന് ചെറുതായി ടെന്‍ഷന്‍ ആയി തുടങ്ങി. ഇനി അവള്‍ക്ക് ട്രെയിന്‍ മിസ്സ്‌ ആയോ ? അതോ വേറെന്തെങ്കിലും പ്രശ്നം ? മനസമാധാനം പോയല്ലോ ഈശ്വരാ. അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നു കാളിംഗ്. വിറച്ചു വിറച്ചു ഫോണ്‍ എടുത്തു. അത് വരെ അവളുടെ ശബ്ദം കേള്‍ക്കാന്‍ കൊതി ആയിരുന്നെങ്കിലും ഇപ്പൊ പേടി ആയി. അകാരണമായ ഒരു ഭീതി. 'ഹലോ' ഒടുവില്‍ അവന്‍ വിറച്ചു വിറച്ചു പറഞ്ഞു കൊണ്ട് ഫോണ്‍ എടുത്തു. അപ്പുറത്ത് നിന്നും മധുരമായ ഒരു ഹലോ. ഹോ. ആ ടെന്‍ഷന്‍ അതോടെ പോയി. എന്താ ചിന്നു ഇതുവരെ വിളിക്കാതിരുന്നത് ? എത്ര നേരമായി ഞാന്‍ നോക്കിയിരിക്കുന്നെന്നോ ? ബൈജു എന്തൊക്കെയോ പറഞ്ഞു. 'ഹേയ് ബൈജു.. നിര്‍ത് നിര്‍ത്.. ഞാന്‍ പറയട്ടെ.. ' അവള്‍. 'എന്നാ പറയ്‌. ' ബൈജു പറഞ്ഞു. 'ഇത് വരെ എന്റെ ഒരു കസിന്‍ ഒപ്പമുണ്ടായിരുന്നു. അയാള്‍ ഇപ്പൊ ആലുവയില്‍ ഇറങ്ങി. അതുകൊണ്ടാ ഞാന്‍ വിളിക്കാതിരുന്നത്. പിണങ്ങല്ലേ ..' ചിന്നുവിന്‍റെ സംസാരം കേട്ടപ്പോ ബൈജുവിന്‍റെ ഉള്ളൊന്നു കുളിര്‍ത്തു. അവന്‍റെ ദേഷ്യം ഒക്കെ എങ്ങോ പോയി. 'നീ നാളെ എപ്പോഴാ എത്തുന്നത്‌ ? അതിരാവിലെ എത്തിയാല്‍ വീട്ടിലേക്കു എങ്ങനെ പോകും ? ' ബൈജു ചോദിച്ചു. 'അതിനെന്താ ? ബസ്‌ ഉണ്ടല്ലോ. അതില്‍ കയറി ഞാന്‍ സിഗ്നലില്‍ ഇറങ്ങും. എന്നിട്ട് രണ്ടു മിനിറ്റ് നടന്നാല്‍ പോരെ ? ' ചിന്നു പറഞ്ഞു. 'എങ്ങനെ ? ഒറ്റക്കോ ? വേണ്ട വേണ്ട.. ' ബൈജു പറഞ്ഞു.  'അയ്യേ . ബൈജു എന്തിനാ ഇങ്ങനെ പേടിക്കുന്നത് ? ഞാന്‍ കൊച്ചു കുട്ടിയോ മറ്റോ ആണോ ? ' അവള്‍. 'നീ കൊച്ചു കുട്ടി അല്ല. അത് കൊണ്ടാ ഞാന്‍ ഒറ്റയ്ക്ക് വരണ്ട എന്ന് പറഞ്ഞത്. മനസ്സിലായോ കഴുതേ ? ' ബൈജു ദേഷ്യപ്പെട്ടു.

         എന്ത് കുന്തമാണോ എന്തോ. ബൈജു അപ്പൊ പറഞ്ഞത് ചിന്നുവിന് ഒട്ടും പിടിച്ചില്ല. 'വെറുതെ ഇങ്ങനെ ഓവര്‍ പോസ്സെസ്സിവ് ആകരുത് ട്ടോ. എനിക്കത് ഇഷ്ടമല്ല. ഒറ്റയ്ക്ക് വന്നാല്‍ എന്താ പ്രോബ്ലം ? ' അവള്‍ വീണ്ടും ചോദിച്ചു. 'പോസ്സെസ്സിവ് ആയതു കൊണ്ടൊന്നുമല്ല. നീ അറിയുന്നില്ലേ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍. അസമയത്ത് ഒറ്റയ്ക്ക് വരുന്നത് റിസ്ക്‌ ആണ് . അതുകൊണ്ടല്ലേ. ' അവന്‍ ആകുന്ന വിധം വിശദീകരിച്ചു. ' ബൈജു. എന്താ ഇത് ? ഞാന്‍ ഒറ്റയ്ക്ക് പൊയ്ക്കോളാം. എന്നെ ഇങ്ങനെ കണ്ണാടി കൂട്ടില്‍ വച്ചു നോക്കല്ലേ ..' അവള്‍ വീണ്ടും ആവര്‍ത്തിച്ച്‌. അത് കേട്ടതോടു കൂടി ബൈജുവിന്‍റെ പിടി വിട്ടു. 'ചിന്നു . വെറുതെ കാര്യമുണ്ടാക്കരുത്. നിന്നെ ഉള്ളം കയ്യില്‍ വച്ചു നോക്കാന്‍ ഒന്നുമല്ല ഞാന്‍ അങ്ങനെ പറഞ്ഞത്. പേടി കൊണ്ടാ. ' അവന്‍ അത്രയും പറഞ്ഞു നിര്‍ത്തി. എന്താ ഇവള്‍ക്ക് മനസ്സിലാകാത്തത് ? നമുക്ക് ഇഷ്ടമുള്ള ഒരാളെ നല്ലത് പോലെ നോക്കുന്നത് ഒരു തെറ്റാണോ ? അവള്‍ സേഫ് ആയി വീട്ടിലെത്തണം എന്ന് ആഗ്രഹമുള്ളത്‌ കൊണ്ടല്ലേ ... ഒരു മണിക്കൂര്‍ ബൈജു കണ്ട്രോള്‍ ചെയ്തു ഇരുന്നു.  ചിന്നു അതാ വീണ്ടും വിളിക്കുന്നു. 'അതേ. കുറച്ചു കൂടി കഴിയുമ്പോ ട്രെയിന്‍ കോയമ്പത്തൂര്‍ ഇതും. അപ്പൊ ഞാന്‍ ഡിന്നര്‍ കഴിക്കും. ' അവള്‍ ഫോണ്‍ എടുത്തപ്പോ തന്നെ പറഞ്ഞു..  'അതിനു നീ എപ്പോ ആണ് ഡിന്നര്‍ കഴിക്കുന്നതെന്നു ഞാന്‍ ചോദിച്ചോ ? ' ബൈജു ചോദിച്ചു. ' അപ്പൊ പിണക്കത്തിലാണോ ? എങ്കില്‍ ശരി' അവള്‍ ഫോണ്‍ വച്ചു. അപ്പൊ ബൈജുവിന് ആകെ വിഷമമായി. വെറുതെ ചൊറിയന്ടായിരുന്നു. ഇനി എന്തായാലും ഇപ്പൊ അങ്ങോട്ട്‌ വിളിക്കണ്ട.

കുറച്ചു നേരം കഴിഞ്ഞു. ബൈജു വെറുതെ ടി വി വച്ചു നോക്കി. സന്തോഷ്‌ പാലി വന്നു എന്തോ ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഫോണ്‍ ഇന്‍ പ്രോഗ്രാം ആണ്. ഹോ. ഇവന്‍റെ ഒക്കെ ഒരു പഞ്ചാര.. ഒരു പെണ്ണിനെ പോലും ഇവന്‍ വെറുതെ വിടുന്നില്ലല്ലോ ഈശ്വരാ... എന്ത് കുന്തമായാലും കുറച്ചു നേരം അത് കണ്ടു കൊണ്ടിരുന്നപ്പോഴേക്കും ബൈജുവിന്‍റെ മനസ്സിലേക്ക് ചിന്നു ശക്തമായി തിരിച്ചു വന്നു. നേരം കുറെ ആയി. ഇപ്പൊ അവള്‍ ഡിന്നര്‍ കഴിച്ചു കാണും. ഉറങ്ങിയോ എന്ന് വെറുതെ ഒന്ന് മെസ്സേജ് അയച്ചു നോക്കാം. ഇനി ഞാന്‍ പിണങ്ങിയിട്ടാണ്  എന്ന് വേണ്ട.  ബൈജു ഓര്‍ത്തു. 'ഉറങ്ങിയോ ? ' എന്ന് ഒരു എസ് എം എസ് അയച്ചു. അപ്പൊ തന്നെ മറുപടി വന്നു. 'നോ' എന്ന്. അമ്പടി കള്ളീ .. അപ്പൊ നീ ഉറങ്ങീല അല്ലേ. ബൈജു അപ്പൊ തന്നെ ചിന്നുനെ വിളിച്ചു. അവള്‍ ഫോണ്‍ എടുത്തിട്ടു ഒന്നും മിണ്ടിയില്ല. എന്നിട്ട് പറഞ്ഞു 'ബൈജുവിനെ പറ്റി ഞാന്‍ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചത്..' വീണ്ടും അതേ വാചകം. അവന്‍ മനസ്സിലോര്‍ത്തു. 'അതെന്താ ചിന്നു നീ അങ്ങനെ പറയുന്നത് ? ' ബൈജു ചോദിച്ചു. 'അല്ല. ബൈജു ഇങ്ങനെ ഒന്നും കാണിക്കരുത് ട്ടോ . എന്‍റെ ഒരു ഫ്രണ്ട് ഉണ്ട്. അവളുടെ ഭര്‍ത്താവു ഇങ്ങനെ ആണ്. അവള്‍ പറയുന്നതിന് അപ്പുറത്തേക്ക് അങ്ങേര്‍ ചലിക്കില്ല. മാത്രമല്ല. ഇപ്പോഴും പുള്ളിക്കാരത്തി ഉണ്ടോ ഉറങ്ങിയോ കുളിച്ചോ എന്നൊക്കെ ചോദിച്ചു പുറകെ നടക്കും . എനിക്കങ്ങനത്തെ ആള്‍ക്കാരെ ഇഷ്ടമല്ല. ' അവള്‍ അടിച്ചു വിടുകയാണ്. 'അപ്പൊ ഞാന്‍ അത് പോലെ  hen pecked ആണെന്നാണോ നീ പറയുന്നത് ? ' ബൈജുവിന് നല്ല ദേഷ്യം വന്നെങ്കിലും അവന്‍ ഒന്നും കൂടുതല്‍ പറഞ്ഞില്ല. 'അങ്ങനല്ല. പക്ഷെ അങ്ങനെ ആവരുത് എന്നാണു ഞാന്‍ പറഞ്ഞത്. ' അവള്‍ വിശദീകരിച്ചു. ' എന്നാല്‍ നീ ഒരു കാര്യം ഇനിയെങ്കിലും മനസ്സിലാക്കൂ.

നമ്മള്‍ സ്നേഹിക്കുന്നവരുടെ കാര്യത്തില്‍ അല്‍പം അമിത ശ്രദ്ധ ഉണ്ടാവും എല്ലാവര്‍ക്കും. ഞാന്‍ പുറത്തു പോയി വേറെ പെണ്‍പിള്ളേര്‍ പറയുന്നത് കേട്ടു നടക്കുന്ന ഒരു പെണ്‍ കോന്തന്‍ അല്ല. അങ്ങനെ ആവും എന്ന് ഇതൊക്കെ കേട്ടിട്ട് നീ പ്രതീക്ഷിക്കുകയും വേണ്ട. ഒറ്റയ്ക്ക് അസമയത്ത് അവിടെ വന്നിറങ്ങിയാല്‍ നീ വീട്ടിലെത്തുന്നത് വരെ എനിക്കും ടെന്‍ഷന്‍ ആയിരിക്കും. എന്‍റെ സ്ഥാനത്ത് വേറെ ആരായിരുന്നാലും അങ്ങനെ തന്നെ ആയിരിക്കും.  അതൊരു കുറച്ചില്‍ ആയി എനിക്ക് തോന്നുന്നില്ല. അപ്പൊ ശരി. നീ തനിച്ചു പൊയ്ക്കോ. ഞാന്‍ വരുന്നില്ല. ഗുഡ് നൈറ്റ്‌' ഇത്രയും പറഞ്ഞിട്ട് ബൈജു ഫോണ്‍ വച്ചു.

     മഹേഷ്‌ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. 'എന്തിനാട നീ ഇങ്ങനെ ടല്‍ ആയി ഇരിക്കുന്നത്. എന്ത് പറ്റി. അവള്‍ വല്ലതും പറഞ്ഞോ ? പിണങ്ങിയോ ? എന്നൊക്കെ മഹേഷ്‌ ചോദിച്ചു. ബൈജു നടന്നതെല്ലാം മഹേഷിനോട് പറഞ്ഞു. 'ഇത്രയേ ഉള്ളോ കാര്യം ? കൊള്ളാം. ഡാ. ഈ പെണ്ണുങ്ങള്‍ എന്ന് പറയുന്ന ജാതികള്‍ക്കു ബോധം എന്നൊരു സാധനം അല്‍പം കുറവാണെന്ന കാര്യം അറിയില്ലേ നിനക്ക് ? ' മഹേഷ്‌ ചിരിച്ചു കൊണ്ട് ചോദിച്ചു. 'നീ ഒരു കാര്യം ചെയ്യ്. ഇപ്പൊ ഒന്നും മിണ്ടണ്ട. നാളെ അവള്‍ വരട്ടെ. അങ്ങനെ താഴ്ന്നു കൊടുക്കേണ്ട കാര്യം ഒന്നുമില്ല. മനസ്സിലായോ ? ' അത്രയും പറഞ്ഞിട്ട് മഹേഷ്‌ അകത്തേക്ക് പോയി. 'അവന്‍ പറഞ്ഞത് ശരിയാ. അവളല്ലേ പറഞ്ഞത് ഞാന്‍ ഓവര്‍ ആണെന്ന്. എന്നാ കാണിച്ചു കൊടുത്തേക്കാം. ' ബൈജുവും തീരുമാനിച്ചു. എന്നിട്ട് കുറച്ചു നേരം എസ് എസ് മ്യൂസിക്‌ കണ്ടിട്ട് അവന്‍ കിടന്നു.

     രാത്രി ഒരു പന്ത്രണ്ടു മണി ആയിക്കാണും. ഒന്ന് മുള്ളാന്‍ വേണ്ടി ബൈജു എഴുനേറ്റു. തിരിച്ചു വന്നു കിടന്നപ്പോ അതാ ഫോണ്‍ ലൈറ്റ് കത്തി കിടക്കുന്നു. അപ്പൊ ഏതോ മെസ്സേജ് വന്നതിന്‍റെ ആണ്. വല്ല ബാങ്കുകാരും ലോണ്‍ വേണോ എന്നറിയാന്‍ അയച്ചതാരിക്കും. എടുത്തു നോക്കി. അയ്യോ. ചിന്നുന്റെ മെസ്സേജ് ആണ്. 'ഗുഡ് നൈറ്റ്‌' എന്ന്. അപ്പൊ അവള്‍ ഇത് വരെ ഉറങ്ങിയില്ലേ ? അതോടെ ബൈജുവിന്‍റെ ഉറക്കവും പോയി. അവന്‍ പോയി സുര്യ ടി വി വച്ചു. അതില്‍ എന്തോ മിട്നൈറ്റ് മസാല. റോജ ആടിപാടി അഭിനയിക്കുന്ന ഒരു അഴകൊഴമ്പന്‍ പാട്ട്. പക്ഷെ ബൈജു റോജയെ കണ്ടില്ല. അവന്‍റെ മുന്നില്‍ മുഴുവന്‍ ചിന്നു ആയിരുന്നു. എന്ത് ചെയ്യണം ? അവള്‍ക്ക് ചിലപ്പോ ശരിക്കും വിഷമം ആയിക്കാണും. മഹേഷ്‌ പറഞ്ഞതൊക്കെ ബൈജു മറന്നു. മണി നാലാകുമ്പോ അത് സ്റ്റേഷനില്‍ ഇതും. ഒന്ന് പോയാലോ ? ഇവന്മാര്‍ ഒക്കെ എഴുനെല്‍ക്കുന്നതിനു മുമ്പ് പോയിട്ട് വരാം.

         എന്തിനേറെ പറയുന്നു. മൂന്നു മണി ആയപ്പോ ബൈജു എഴുനേറ്റു. പല്ല് കൂട്ടി ഇടിക്കുന്ന പോലത്തെ തണുപ്പ്. ഒരു സ്വെറ്റെര്‍, അതിനു മുകളില്‍ ഒരു ജാക്കറ്റ് ഒക്കെ ഇട്ടിട്ടു പതുക്കെ ഇറങ്ങി. പുറത്തു റോഡില്‍ ഓട്ടോ റിക്ഷ കിടപ്പുണ്ട്. ഒരുത്തനോട്‌ ചോദിച്ചു. ചേട്ടാ മജെസ്ടിക് വരെ പോകാം എന്ന്. ഭാഗ്യം അയാള്‍ രിക്ഷയുടെ  വില ചോദിച്ചില്ല. അതില്‍ കയറി. പുള്ളി മയില്‍ വാഹനം പോലെ പതുക്കെ ആണ് ഓടിക്കുന്നത്.  കുറച്ചു കൂടി സ്പീഡില്‍ വിടൂ ചേട്ടാ. ബൈജു പറഞ്ഞു. പുള്ളി കുറച്ചു കൂടി വേഗത കൂട്ടി. അടുത്ത മഴക്കാലത്തിനു  മുമ്പ് എത്തുമോ എന്തോ. അപ്പോഴാണ് ബൈജു ഒരു കാര്യം ഓര്‍ത്തത്‌. അങ്ങോട്ട്‌ വരുന്നുണ്ടെന്ന കാര്യം അവളോട്‌ പറഞ്ഞിട്ടില്ല. എന്ത് ചെയ്യണം ..

എന്തായാലും വന്നതല്ലേ. വിളിച്ചു പറഞ്ഞേക്കാം. അങ്ങനെ മടിച്ചു മടിച്ചു ബൈജു അവളെ വിളിച്ചു. അപ്പോഴേക്കും നാല് മണി ആയി. ചിന്നു ഉണര്‍ന്നിരിക്കുന്നു. 'എന്താ ബൈജു ? ' അവള്‍ ചോദിച്ചു. 'അല്ല .. നീ സ്റ്റേഷനില്‍ എത്തിയോ ? ഞാന്‍ ഇവിടെ ഉണ്ട് ..' അവന്‍ പറഞ്ഞു.  'എന്താ ബൈജു പറഞ്ഞത് ? ഇവിടെ എത്തിയോ ? ' അവള്‍ ആശ്ചര്യപ്പെട്ടു. 'അതേ. ഞാന്‍ ഇവിടുണ്ട്. എത്തിയാല്‍ എന്നെ വിളിക്ക്.' അത്രയും പറഞ്ഞിട്ട് ബൈജു ഫോണ്‍ കട്ട്‌ ചെയ്തു. റിക്ഷക്കാരന്‍ ചോദിച്ച പൈസ കൊടുത്തു അവനെ പറഞ്ഞു വിട്ടു. പത്തു മിനിറ്റ് കഴിഞ്ഞപ്പോ ട്രെയിന്‍ വന്നു. അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോ ചിന്നു വിളിച്ചു. 'ഞാന്‍ ഇവിടെ പുറത്തു എത്തി. എന്ട്രന്‍സ് ലേക്ക് വാ ' അവള്‍ വിളിച്ചു. ബൈജുവും അവിടെ തന്നെ ഉണ്ടായിരുന്നു. അവന്‍ അങ്ങോട്ടേക്ക് നടന്നു.

         പാവം. അപ്പൊ ടയലോഗ് ഒക്കെ അടിച്ചെങ്കിലും അവിടെ ആകെ തണുത്തു വിറച്ചാണ് നില്‍ക്കുന്നത്. അവള്‍ ഒരു ചുരിദാര്‍ ആണ് ഇട്ടിരിക്കുന്നത്. ശക്തിയോടെ അടിക്കുന്ന തണുത്ത കാറ്റിനെ പ്രതിരോധിക്കാന്‍ അതിനു പറ്റുന്നില്ല. ബൈജുവിനെ കണ്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. കയ്യില്‍ രണ്ടു ബാഗ് ഉണ്ട്. ഒരെണ്ണം ചുമലില്‍. ഒരെണ്ണം കയ്യില്‍. അത് ഭാരക്കൂടുതല്‍ കൊണ്ടാണെന്ന് തോന്നുന്നു ചിന്നു ഒരു വശത്തേക്ക് ചരിഞ്ഞാണ് നില്‍ക്കുന്നത്. ഒന്നും ചോദിക്കാതെ ബൈജു ആ ബാഗ് അവളുടെ കയ്യില്‍ നിന്നു വാങ്ങി. വേണ്ട എന്ന് ഒരു തവണ പറഞ്ഞെങ്കിലും പിന്നെ അവള്‍ ഒന്നും മിണ്ടിയില്ല. പുറത്തു കണ്ട ഒരു റിക്ഷയില്‍ അവന്‍ ആ ബാഗ്‌ കൊണ്ട് പോയി വച്ചു. എന്നിട്ട് ചുമതലബോധമുള്ള ഒരു ഭര്‍ത്താവിന്റെ ഭാവത്തോട് കൂടി അവളോട്‌ അകത്തേക്ക് കയറാന്‍ പറഞ്ഞു. ഒന്നും മിണ്ടാതെ അവള്‍ അതിനകത്തേക്ക് കയറി. ബൈജുവും ഒന്നും മിണ്ടിയില്ല.

റിക്ഷ വിട്ടു. ഉണര്‍ന്നു വരുന്ന നഗരത്തിന്‍റെ ശൂന്യമായ നിരത്തില്‍  കൂടി അത് പാഞ്ഞു.  സ്പീഡ് കൂടിയത് കൊണ്ട് അകത്തേക്ക് അടിക്കുന്ന കാറ്റിന്റെ ശക്തിയും കൂടി. ചിന്നു കിടു കിടാ എന്ന് വിറയ്ക്കുന്നത് അവന്‍ കണ്ടു. ഒന്നും മിണ്ടാതെ ജാക്കറ്റ് ഊരി അവള്‍ക്ക് കൊടുത്തു. അവള്‍ അത് ഒന്നും മിണ്ടാതെ വാങ്ങി. ജാക്കറ്റ് ഇട്ടപ്പോ അവള്‍ക്ക് ആശ്വാസം ആയി എന്ന് തോന്നുന്നു. മിററിലൂടെ ബൈജു അവളെ ഒളിഞ്ഞു നോക്കി. ഇപ്പൊ സ്മാര്‍ട്ട്‌ ആയി ഇരിപ്പുണ്ട്. എന്തോ പറയാന്‍ വെമ്പി നിക്കുന്ന പോലെ ആണ് അവള്‍ ഇരിക്കുന്നത്. വണ്ടി റിച്ച്മോണ്ട് ഫ്ലൈ ഓവറിനു താഴെ എത്തി. പെട്ടെന്ന് കയ്യില്‍ എന്തോ ഇഴയുന്ന പോലെ ബൈജുവിന് തോന്നി. അവന്‍ പെട്ടെന്ന് ഞെട്ടി മാറി. ഹോ. ചിന്നുവാണ്. അവള്‍ കയ്യില്‍ പിടിച്ചതാണ്. ബൈജു അവളുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. 'സോറി ബൈജു. പിണങ്ങല്ലേ..' അവള്‍ വിക്കി വിക്കി പറഞ്ഞു. ' ഞാന്‍ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും ബൈജു വന്നല്ലോ.  വല്ലവരും പറയുന്നത് കേട്ടിട്ട് ഞാന്‍ വെറുതെ.. ഇത്രക്കും കെയറിംഗ് ആണല്ലോ ബൈജു.  ഞാന്‍ അല്ലേ ദുഷ്ട... ' എന്നൊക്കെ എന്തൊക്കെയോ അവള്‍ പറഞ്ഞു. ബൈജു അവളുടെ വായ പൊത്തി. 'എന്താ ചിന്നു ഇങ്ങനൊക്കെ. എനിക്കറിയില്ലേ നീ ഇത്രയേ ഉള്ളു എന്ന്. വിഷമിക്കണ്ട ട്ടോ . ' . അവന്‍ അവളെ സമാധാനിപ്പിച്ചു. ഡ്രൈവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ തകര്‍ത്തു പോവുകയാണ്. അവള്‍ അവന്‍റെ ചുമലിലേക്ക് ചാഞ്ഞു. കുറച്ചു കൂടി എത്തിയപ്പോള്‍ അവള്‍ കണ്ണുകള്‍ അടച്ചു. ചെറിയ ഒരു മയക്കത്തിലേക്കു വീണു എന്ന് തോന്നുന്നു. ബൈജു അവളുടെ വശത്തുള്ള ടാര്‍പോളിന്‍ കൊണ്ടുള്ള കര്‍ട്ടന്‍ അഴിച്ചിട്ടു.

പുറത്തു നല്ല തണുപ്പ്. എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം ഇടയ്ക്കിടക്ക് ഉള്ളിലേക്ക് തെറിച്ചു വീഴുന്നുണ്ട്‌.  ബൈജു ചിന്നുവിനെ നോക്കി. പാവം തളര്‍ന്നു ഉറങ്ങുകയാണ്. വെറുതെ അവളെ കരയിച്ചു. എന്ത് ചെയ്യാനാ.. ഇപ്പൊ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടാണോ.. ഒടുവില്‍ റിക്ഷ അവളുടെ വീട്ടിന്‍റെ അടുതെത്തി. ചിന്നുവിനെ വിളിച്ചുണര്‍ത്തി. ഇനി ഒരു ചെറിയ ക്രോസ് റോഡ്‌ ഉണ്ട്. അതിലേക്കു കയറണം.

         റോഡ്‌ നിറയെ പട്ടികള്‍ നിരന്നു നില്‍ക്കുന്നു. പട്ടിയെ കണ്ടതും ചിന്നു പേടിച്ചു പിറകിലോട്ടു ചാടി. 'അയ്യോ പട്ടി. കടിക്കും... അയ്യോ..' അവള്‍ നിലവിളിച്ചു. 'നില്‍ക്കു അവിടെ. പേടിക്കണ്ട. എന്‍റെ ഇടത്തോട്ട് നിന്നോ. ' ബൈജു പറഞ്ഞു. അത് കേട്ടിട്ട് ചിന്നു ബൈജുവിന്‍റെ ഇടാതെ കയ്യില്‍ തൂങ്ങി. പട്ടിയെ കടന്നു പോയി. 'ഇത്രയേ ഉള്ളൂ. കണ്ടോ. വെറുതെ കിടന്നു നിലവിളിച്ചു. ധൈര്യശാലി ... ' ബൈജു അവളെ കളിയാക്കി. ചിന്നു വെറുതെ അത് കേട്ടു ചിരിച്ചു കാണിച്ചു. നിഷ്കളങ്കമായ ഒരു ചിരി.  അത് കണ്ടു ബൈജുവും ചിരിച്ചു. അവള്‍ ഇപ്പോഴും കൈ വിട്ടിട്ടില്ല.  'ഹേയ് .. മാറി നടന്നോ ട്ടോ. വീട് എത്തി. നിന്‍റെ റൂം മേറ്റ്‌ കാണും. ' ഇഷ്ടതോടെയല്ലെങ്കിലും ബൈജു അവളോട്‌ പറഞ്ഞു. അവള്‍ ഒരു ചെറിയ നാണത്തോടെ അകന്നു മാറി... 'താങ്ക് യു ബൈജു... സോറി ... ഞാന്‍ വിളിക്കാം ട്ടോ... ' അവള്‍ പറഞ്ഞു...

     നേരം പുലര്‍ന്നു കഴിഞ്ഞു. സൂര്യപ്രകാശം അവിടെയെല്ലാം പരന്നിരിക്കുന്നു. മരചില്ലകള്‍ക്കിടയില്‍ കൂടി വീഴുന്ന പ്രകാശത്തിനു വല്ലാത്ത ഭംഗി. ബൈജു നേരെ റൂമിലേക്ക്‌ നടന്നു.. ഒരു ചെറിയ മൂളിപ്പാട്ടോടെ...

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 22

   

     പ്രണയം ഒരു വല്ലാത്ത സംഗതി ആണ് . അത് ഏത്‌ കല്ലിനെയും അലിയിക്കും എന്നു പണ്ട് കുട്ടേട്ടന്‍ വെള്ളമടിച്ചിട്ട് പറഞ്ഞത് ശരിയാണ്. ബൈജു ആകെ മാറിപ്പോയി. ആദ്യമായി അവന്‍ സ്വന്തം സൌന്ദര്യത്തെ പറ്റി ശ്രദ്ധിക്കാന്‍ തുടങ്ങി. ദിവസവും ഷേവ് ചെയ്യുക, പൌഡര്‍ ഇടുക. ആവശ്യമില്ലാത്ത ക്രീം ഒക്കെ വാങ്ങി തേയ്ക്കുക ഒക്കെ തുടങ്ങി. ചിന്നുവും അത് പോലെ തന്നെ. അവളെക്കാള്‍ സുന്ദരിയായ ഒരു പെണ്ണ് ആ പ്രദേശത്ത് ഇല്ല എന്നു ഒക്കെ ബൈജുവിന് ഇടയ്ക്കു തോന്നാറുണ്ട്.  മഹേഷിനെ ഒരിക്കല്‍ ബൈജു അവളുടെ ഫോട്ടോ കാണിച്ചു. അത് കണ്ടിട്ട് മഹേഷ്‌ പറഞ്ഞു.. ഇതൊരു സാധാരണ പെണ്ണല്ലേ.. നീയല്ലേ പറഞ്ഞത് ലോക സുന്ദരി ആണെന്നൊക്കെ.. ? അത് കേട്ടിട്ട് ബൈജുവിന് നല്ല ദേഷ്യം വന്നു. പക്ഷെ അവന്‍ അത് കണ്ട്രോള്‍ ചെയ്തു. മഹേഷ്‌ ചെറുതായി ഒന്ന് ചിരിച്ചു.  എന്നിട്ട് പറഞ്ഞു.. ' ഡാ . അവള്‍ ഒരു സാധാരണ പെണ്ണ് ആണ്. നിനക്ക് അവളോടുള്ള സ്നേഹം കൊണ്ടാണ് അവള്‍ക്കുള്ള അത്ര സൌന്ദര്യം വേറെ എങ്ങും നീ കാണാത്തത്...' അത് ശരിയാണെന്ന് ബൈജുവിനും തോന്നി.. എന്തായാലും ഇനി ഈ ഫോട്ടോ ആരെയും കാണിക്കണ്ട.  എന്റെ കണ്ണില്‍ അവള്‍ തന്നെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി. ബൈജു ഉറപ്പിച്ചു.  അവന്‍ അവളോട്‌ അഭിപ്രായങ്ങള്‍ ഒക്കെ ചോദിയ്ക്കാന്‍ തുടങ്ങി. പുതിയ ഡ്രസ്സ്‌ എടുക്കാന്‍ പോകുമ്പോ ഏത്‌ സ്റ്റൈല്‍ എടുക്കണം ... മുടി വെട്ടുമ്പോ നീളം ഒരുപാടു കുറക്കണോ .. താടിയും മീശയും ഇല്ലാത്ത ചിന്നുവിനോട് ബൈജു ഷേവ് ചെയ്യുന്നതിനെ പറ്റി പോലും അഭിപ്രായം ചോദിച്ചു. അവള്‍ക്ക് പറ്റുന്ന പോലൊക്കെ അവള്‍ ബിജുവിനോട് സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് ഓഫീസില്‍ നിന്നു വൈകിട്ട് നേരത്തെ ഇറങ്ങി അവര്‍ ആര്യ ഭവനിലും ഉടുപ്പി ഗാര്‍ഡനിലും ഒക്കെ പോയി ചായ കുടിക്കുമായിരുന്നെങ്കിലും ഇത് വരെ അവര്‍ അല്ലാതെ ഒരുമിച്ചു പുറത്തു പോയിരുന്നില്ല. ബൈജുവിന് നല്ല ആഗ്രഹമുണ്ടായിരുന്നെങ്കിലും ചിന്നു എന്ത് പറയും എന്നു വിചാരിച്ചു അവന്‍ അത് വരെ അവളോട്‌ സ്വന്തം ആഗ്രഹം തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ ഓഫീസില്‍ ബാക്കിയുള്ള ബൈനറികള്‍ ( ബൈനറി എന്നു വച്ചാല്‍ 10. സ്വാഭാവികമായും 1 എന്നു പറയുന്നത് കാമുകിയും 0 എന്നു പറയുന്നത് കാമുകനെയും. ഇത്രയും നന്നായി ആരാണാവോ ഒരു പേര് കണ്ടു പിടിച്ചത് .. ഹി ഹി .. ) ഒക്കെ പബ്ബിലും ബാറിലും ഡിസ്കൊയിലും ഒക്കെ ചുറ്റി നടക്കുമ്പോ ബൈജുവിന് ചെറിയ അസൂയ തോന്നാതിരുന്നില്ല.

ബൈജുവിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒരു ദിവസം രാത്രി ചിന്നു ഫോണ്‍ ചെയ്തു കൊണ്ടിരുന്നപ്പോ അവളുടെ ഒരു റൂം മേറ്റ്‌ എവിടെയോ പോയ കാര്യം പറഞ്ഞു. അവര്‍ അവിടെ പോയി.. ഇവിടെ പോയി.. എന്നൊക്കെ ചിന്നു അടിച്ചു വിടുകയാണ്. കിട്ടിയ അവസരം ബൈജു പാഴാക്കിയില്ല. 'ഡീ. നമുക്കും എവിടെയെങ്കിലും പോകണ്ടേ ? വരുന്നോ ? ' അവന്‍ ചോദിച്ചു. 'അയ്യേ. എവിടെ പോവാന്‍. ഞാനില്ല. ആരെങ്കിലും കാണും ' എന്നു അവളുടെ മറുപടി അപ്പൊ തന്നെ കിട്ടി. 'ശരി. എന്ന വേണ്ട' എന്നു പകുതി നിരാശയോടെ ബൈജു പറഞ്ഞു. കുറച്ചു നേരം കൂടി സംസാരിച്ച ശേഷം ഫോണ്‍ വച്ചു. രണ്ടു പേരും പോയി കിടന്നു. അര മണിക്കൂര്‍ കഴിഞ്ഞില്ല. അതാ അവളുടെ വിളി വീണ്ടും. ഭാഗ്യം ആരും കണ്ടില്ല. ഫോണ്‍ എടുത്തു ബൈജു പുറത്തിറങ്ങി. 'അതേയ് ബൈജു. നമുക്ക് നാളെ അവധിയല്ലേ. എവിടെയെങ്കിലും പോയാലോ ? ' ചിന്നു മുക്കിയും മൂളിയും ചോദിക്കുകയാണ് .'അതല്ലേ പോത്തെ ഞാന്‍ നേരത്തെ ചോദിച്ചത്. അപ്പൊ നീയല്ലേ പറഞ്ഞത് വേണ്ട ന്നു ? ' അവന്‍ ചോദിച്ചു. 'ആരെങ്കിലും കണ്ടാലോ എന്നു പേടിച്ചിട്ടാ.. ' അവള്‍ പറഞ്ഞു. 'ഇപ്പൊ പേടിയൊക്കെ പോയോ ? ' അവന്‍ ചോദിച്ചു. ' ഇല്ല. പക്ഷെ ഞാന്‍ ഒരു പ്ലാന്‍ ഉണ്ടാക്കി. ആരും കാണില്ല' അവള്‍ പറയുന്നു. ' നമുക്ക് രാവിലെ അമ്പലത്തില്‍ പോകാം. ഒരുമിച്ചു പോയി പ്രാര്‍ഥിചിട്ടു  വരാം. എങ്ങനുണ്ട് ? ' അവളുടെ ചോദ്യം. ' ശരി.പോയേക്കാം ' ബൈജു പറഞ്ഞു. അമ്പലമെങ്കില്‍ അമ്പലം. ദൈവത്തോട് നമ്മുടെ കല്യാണം നടത്താന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാമല്ലോ. അവനും സന്തോഷം ആയി.' നീ ഒരു ആറു മണി ആകുമ്പോ സിഗ്നലിന്റെ അടുത്തുള്ള സ്റ്റോപ്പില്‍ നിന്നോ. ഞാന്‍ അവിടെ വരാം. എന്നിട്ട് ഒരു ഓട്ടോ റിക്ഷയില്‍ പോകാം. ജെയിന്‍ ഹോസ്പിടലിന്റെ അടുത്ത് ഒരു അയ്യപ്പ ക്ഷേത്രം ഉണ്ട്. അവിടെ പോയേക്കാം.' അവന്‍ പറഞ്ഞു. ചിന്നുവും അത് സമ്മതിച്ചു.

 രാവിലെ അഞ്ചു മണിക്ക് തന്നെ ബൈജു എഴുനേറ്റു റെഡി ആയി. അവളെ വിളിച്ചു. അവള്‍ പത്തു മിനിട്ടിനുള്ളില്‍ സിഗ്നലില്‍ എത്താം എന്നു പറഞ്ഞു. അവന്‍ പുറത്തിറങ്ങി. സിഗ്നല്‍ വരെ നടന്നു പോകാം. റോഡില്‍ പട്ടികള്‍ കാണും. പക്ഷെ നല്ല സുഖം നടക്കാന്‍. ചെറിയ തണുപ്പേ ഉള്ളൂ. റോഡില്‍ അധികം തിരക്കും ഇല്ല. സിഗ്നലിന്റെ അടുത്ത് എത്തി. ചിന്നു ദൂരെയായി നില്‍ക്കുന്നത് കാണാം. അടുത്തെത്തി. അവള്‍ ഒരു കസവ് കരയുള്ള സാരിയാണ് ഉടുത്തിരിക്കുന്നത്. അമ്പലത്തിലേക്ക് പോകാനാണ് ഇറങ്ങിയതെങ്കിലും അവളെ കണ്ടപ്പോള്‍ ബൈജുവിന്റെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു. 'പെട്ടെന്ന് പോയേക്കാം. ഇവിടെ ചുറ്റി പറ്റി നില്‍ക്കണ്ട. ' അവന്‍ പറഞ്ഞു. ഒരു റിക്ഷ വന്നു. ഭാഗ്യം കൂടുതല്‍ ഇന്റര്‍വ്യൂ നടത്താതെ അയാള്‍ അവരെ കയറ്റി. ബാംഗ്ലൂരിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ പോലെ ആണ്. കഥ ഇഷ്ടപെട്ടില്ലെങ്കില്‍ ഒഴിവാക്കാന്‍ വേണ്ടി അടുത്ത കാലത്തെങ്ങും കാള്‍ ഷീറ്റ് ഇല്ല അല്ലെങ്കില്‍ താങ്ങാന്‍ പറ്റാത്ത ഒരു പ്രതിഫലം  ചോദിക്കുക എന്നൊക്കെ നമ്പര്‍ ഇടുന്നത് പോലെ ചെറിയ ദൂരം ആണെങ്കില്‍ ഇവന്മാര്‍ ഒന്നുകില്‍ വരുന്നില്ല അല്ലെങ്കില്‍ ഒടുക്കലത്തെ റേറ്റ് ഒക്കെ ചോദിച്ചു കളയും. റിക്ഷയില്‍ കയറിയതും ചിന്നുവിന്റെ മട്ടു മാറി. അത് വരെ പേടിച്ചു അരണ്ട അവളുടെ മുഖത്ത് ഒരു നേരിയ ചിരി പരന്നു. ' വല്ലതും കഴിച്ചിട്ടാണോ ഇറങ്ങിയത്‌ ?' അവള്‍ ചോദിച്ചു. 'കഴുതേ. ക്ഷേത്രത്തില്‍ പോകുമ്പോ മൂക്ക് മുട്ടെ തിന്നിട്ടാണോ പോകുന്നത് ? നീ വല്ലതും കഴിച്ചോ ? ' അവന്‍ ചോദിച്ചു. 'ഇല്ല . പക്ഷെ എനിക്ക് വിശക്കുന്നുണ്ട്. ' അവള്‍ പറഞ്ഞു. എന്നു മാത്രമല്ല വഴിയില്‍ ഓരോ ഹോട്ടല്‍ കാണുമ്പോഴും അവള്‍ പറയാന്‍ തുടങ്ങി നമുക്ക് അമ്പലത്തില്‍ നിന്നിരങ്ങിയിട്ടു അവിടുന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം എന്നു. 'ഡീ. നമ്മള്‍ ഒരു തീറ്റ മത്സരതിനല്ല പോകുന്നത്. ക്ഷേത്രതിലെക്കാ. വാങ്ങിച്ചു തരാം. അവിടെ അടങ്ങി ഇരിക്ക് ' ബൈജു പറഞ്ഞു. ചിന്നു അത് കേട്ടു ഒന്ന് മന്ദഹസിച്ചു. ക്ഷേത്രത്തില്‍ എത്തി. നല്ലത് പോലെ പ്രാര്‍ഥിച്ചു. ചിന്നു ഗണപതിയുടെ മുന്നില്‍ പോയി ഏത്തം ഒക്കെ ഇടുന്നത് കണ്ടു. ഭാഗ്യം. രണ്ടു പേരുടെയും കൂട്ടുകാര്‍ക്കു ആര്‍ക്കും അമ്പലത്തില്‍ പോകുന്ന ശീലം ഒന്നുമില്ല. അതുകൊണ്ട് ആരെയും പേടിക്കണ്ട. ഒരു അര്‍ച്ചന ഒക്കെ നടത്തി. കുറച്ചു നേരം അവിടെ ഇരുന്നതിനു ശേഷം ഇറങ്ങി. അടുത്തുള്ള കാമത്ത് ഹോട്ടലില്‍ പോയി ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ അടിച്ചു. ചിന്നു പറഞ്ഞത് ശരിയായിരുന്നു എന്നു അവള്‍ ഇഡ്ഡലി കഴിക്കുന്നത്‌ കണ്ടപ്പോ ബൈജുവിന് മനസ്സിലായി. 'നീ നല്ല തീറ്റ ആണല്ലോ കുഞ്ഞേ ' അവന്‍ പറഞ്ഞു. 'ഹേയ് എന്നുമില്ല. ഇന്ന് നല്ല വിശപ്പായിട്ടാ.. അതൊക്കെ പോട്ടെ.. ഒരു മസാല ദോശ കൂടി കിട്ടുമോ ' അവള്‍ പറഞ്ഞു. ' കിട്ടും കിട്ടും. ചാമ്പിക്കോ ..' അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു ചെറു ചിരിയോടെ ചിന്നുവും കഴിപ്പ്‌ തുടര്‍ന്നു...' ഒടുവില്‍ ഒരു പത്തു മണി ആയപ്പോഴേക്കും അവര്‍ തിരിച്ചെത്തി. അവളെ സിഗ്നലില്‍ ഇറക്കിയിട്ട്‌ ബൈജു അടുത്ത വഴിയിലൂടെ റൂം ലക്ഷ്യമാക്കി നടന്നു. അവള്‍ അതാ വിളിക്കുന്നു. 'ഹേയ് ബൈജു.. കൊള്ളാമായിരുന്നു അല്ലേ ഇന്നത്തെ പോക്ക്... നമുക്ക് വേറെ പ്ലാന്‍ ഇട്ടാലോ ? ' അവള്‍ ചോദിക്കുന്നു. 'അതിനെന്താ .. പോകാം. ഒരു കാര്യം ചെയ്യാം. വാലന്‍റ്റയിന്‍സ്  ഡേ വരുകല്ലേ. അന്ന് ഞാന്‍ നിനക്ക് ഒരു ട്രീറ്റ്‌ തരാം. എന്ത് പറയുന്നു ? ബൈജു ചോദിച്ചു. 'അത് കൊള്ളാം. ഏറ്റു. പ്ലാന്‍ ചെയ്തിട്ട് പറഞ്ഞാല്‍ മതി. ' അവള്‍ സമ്മതിച്ചു. അപ്പൊ ശരി. അവന്‍ ഫോണ്‍ വച്ചു. കൊള്ളാം . നാളെ വാലന്‍റ്റയിന്‍സ്  ഡേ ആണ്. നല്ല ദിവസം തന്നെ.

 പോകേണ്ട സ്ഥലം ഫിക്സ് ചെയ്തു. ബാര്‍ബിക്യൂ നേഷന്‍ . അവന്‍മാര്‍ തലയെണ്ണിയിട്ടാണ് പൈസ വാങ്ങിക്കുന്നത്. പെര്‍ തല 500 രൂപ. ബാര്‍ബിക്യൂ  ആണ് അവന്‍മാരുടെ സ്പെഷ്യാലിറ്റി. ടാക്സ് ഒക്കെ ചേര്‍ത്തു നല്ല പൈസ ആകും. ആദ്യത്തെ ട്രീറ്റ്‌ ആയതു കൊണ്ട് പൈസ മുടക്കാന്‍ തന്നെ ബൈജു തീരുമാനിച്ചു. JK ആയാലും സാരമില്ല.( JK എന്നു വച്ചാല്‍ ജോക്കി കീറുക എന്നു പറയും ). ആറു  മണിക്ക് അവിടെ എത്താം എന്നു രാവിലെ തന്നെ ചിന്നുവിനെ വിളിച്ചു പറഞ്ഞു. ഒരുങ്ങി വരണം എന്നൊക്കെ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. കൃത്യ സമയത്ത് തന്നെ ബൈജു അവിടെ ഹാജരായി. ഭാഗ്യം പുറത്തൊന്നും ആരെയും കാണാനില്ല. മിക്ക കാമുകി കാമുകന്മാരും പിച്ചകള്‍ ആയതു കാരണം ഇത് പോലുള്ള സ്ഥലത്തും വരില്ല. ചിന്നുവിനെയും കാണാനില്ല. ഇനി ഇറങ്ങിയില്ലേ ആവോ . അതാ അവള്‍ വിളിക്കുന്നു. 'അതേയ് .. ഞാന്‍ ഇപ്പൊ എത്തും. ഒരുങ്ങിയിറങ്ങിയപ്പ ലേറ്റ് ആയതാ .' 'ശരി. നീ പെട്ടെന്ന് വാ.' അവന്‍ പറഞ്ഞു.

     അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ഒരു ഓട്ടോ വന്നു നിന്നു. ചിന്നു ഇറങ്ങി വന്നു. അവള്‍ പറഞ്ഞത് ശരിയാ. അടിമുടി ഒരുങ്ങിയിട്ടുണ്ട്. മുഖത്ത് അരയിഞ്ചു കനത്തില്‍ എന്തോ തേച്ചു പിടിപ്പിച്ചിട്ടുണ്ട്. ലിപ് ഗ്ലോസ് എന്തോ ഇട്ടിട്ടുണ്ട്. അങ്ങനെ ആകെ ഒരു വന്‍ കളര്‍ ഫുള്‍ വേഷം. പടി കയരിക്കൊണ്ടിരുന്നപ്പോ അവള്‍ ചോദിച്ചു. 'ഞാന്‍ എങ്ങനെ ഉണ്ട് ? ' 'നല്ല ബെസ്റ്റ് ആയിട്ടുണ്ട്‌. ഒരു സ്ട്രീറ്റ് ലുക്ക്‌ ' ബൈജു പറഞ്ഞു. അവന്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും അത് കേട്ട പാതി അവളുടെ മുഖം വാടി. ' അപ്പോഴേക്കും സീരിയസ് ആയോ ? ഞാന്‍ ചുമ്മാ പറഞ്ഞതാ . നന്നായിട്ടുണ്ട് ' ബൈജു അപ്പൊ തന്നെ തടി രക്ഷിക്കാന്‍ വേണ്ടി പറഞ്ഞു. 'വേണ്ട. വെറുതെ പറയണ്ട.' ചിന്നു ചൂടായി. 'ഈശ്വരാ.. പണി പാളിയോ ? ' ബൈജു മനസ്സിലോര്‍ത്തു. അകത്തു കയറി.

ഉഗ്രന്‍ ആംബിയന്‍സ്. കോട്ടും സൂട്ടും ഇട്ട ഒരു ചേട്ടനും ഒരു ചേച്ചിയും കൂടി വന്നു അകത്തേക്ക് ആനയിച്ചു കൊണ്ട് പോയി. നോണ്‍ വെജ് ബാര്‍ബിക്യൂ ആണ് വേണ്ടത് എന്നു പറഞ്ഞു. 'ഇപ്പ ശരിയാക്കി തരാം' എന്നു പറഞ്ഞിട്ട് അവര്‍ ഒരു ടേബിളില്‍ കൊണ്ടിരുത്തി. 'ഇപ്പൊ വരാം' എന്നു കടുപ്പിച്ച ശബ്ദത്തില്‍ പറഞ്ഞിട്ട് അവള്‍ റസ്റ്റ്‌ റൂമിലേക്ക്‌ പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ചിന്നു തിരിച്ചു വന്നു. മുഖത്തുള്ള മേക് അപ്പ്‌ ഒക്കെ കഴുകി വൃത്തിയാക്കിയിരിക്കുന്നു. ഉള്ളത് പറഞ്ഞാല്‍ അവള്‍ ഇപ്പൊ ആണ് ഒരു സുന്ദരി ആയതെന്നു ബൈജുവിന് തോന്നി. അവന്‍ പതുക്കെ പറഞ്ഞു.. ' ഡീ.. സത്യം പറയാമല്ലോ. ഇപ്പൊ ആണ് നീ സ്മാര്‍ട്ട്‌ ആയതു. വെറുതെ അതും ഇതും ഒന്നും വാരി തെയ്ക്കണ്ട എന്നു പറയുന്നത് ഇത് കൊണ്ടാ...' എന്തായാലും ഈ ടയലോഗ് കേട്ടപ്പോ ചിന്നുവിന്‍റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി വിടര്‍ന്നു. അവള്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു ' ശരിക്കും പറഞ്ഞാല്‍ എനിക്കും അങ്ങനെ തോന്നിയതാ. കുറച്ചു ഒരുക്കം കൂടി പോയി എന്നു. ' ബൈജു അത് കേട്ടു ഉറക്കെ ചിരിച്ചു. 'മതി ചിരിച്ചത്. ' അത് പറഞ്ഞിട്ട് അവളും ചിരിച്ചു.

     നേരത്തെ പോയ ചേട്ടന്‍ അതാ വരുന്നു. ഇവിടത്തെ രീതികള്‍ ഒക്കെ പറഞ്ഞു തരാന്‍. മേശപ്പുറത്തു ഒരു കൊടി കൊണ്ട് വച്ചു. ആദ്യം അവര്‍ സ്റ്റാര്‍ട്ടര്‍ ടിഷുകള്‍ കൊണ്ട് വന്നു കൊണ്ടേയിരിക്കും മതിയവുമ്പോ ആ കൊടി താഴ്ത്തി വച്ചാല്‍ മതി. കൊള്ളാമല്ലോ. രണ്ടു പേരും തമ്മില്‍ തമ്മില്‍ പറഞ്ഞു. അതാ വേറൊരുത്തന്‍ വരുന്നു. മേശപ്പുറത്തു നടുക്കുനിന്ന് ഒരു പലക എടുത്തു മാറ്റി. അവിടെ ഒരു അടുപ്പ് കൊണ്ട് വച്ചു. അതിന്മേല്‍  ചിക്കനും മട്ടനും ഫിഷും ഒക്കെ കമ്പിയില്‍ കോര്‍ത്ത്‌ വച്ചിട്ടുണ്ട്. അതില്‍ പുരട്ടാന്‍ കൂറെ അനുസാരികളും.ബ്രഷും ഒക്കെ ഉണ്ട്. പകുതി കുക്ക് ചെയ്ത സാധനങ്ങള്‍ ആണത്രേ. ബാക്കി നമ്മള്‍ ചെയ്തു കഴിക്കണം. 'ഇവന്മാര്‍ കൊള്ളാമല്ലോ. പൈസയും കൊടുക്കണം പാചകവും ചെയ്യണം ' ബൈജു അവളോട്‌ തമാശയായി പറഞ്ഞു. ബട്ട്‌ ചിന്നു അപ്പോഴേക്കും പണി തുടങ്ങിയിരുന്നു . ആദ്യത്തെ പീസ്‌ അവള്‍ തന്നെ ഒരു ഫോര്‍കില്‍ എടുത്തു അവനു കൊടുത്തു. അത് ബൈജുവിന് വളരെ ഇഷ്ടപ്പെട്ടു. " കല്യാണം കഴിഞ്ഞാലും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കുമോ ? അതോ നീ മാത്രം വെട്ടി വിഴുങ്ങുമോ ? " അവന്‍ ചോദിച്ചു. അവള്‍ തീറ്റ നിര്‍ത്തിയിട്ടു ബൈജുവിനെ ഒരു നിമിഷം നോക്കി. എന്നിട്ട് പറഞ്ഞു . 'അത് ശരി. അപ്പൊ അങ്ങനെ വിചാരിച്ചു ഇരിക്കുകയാണ് അല്ലേ ... കല്യാണം കഴിഞ്ഞാല്‍ എനിക്ക് ബൈജു ഉണ്ടാക്കി തരണം. ഞാന്‍ ഇവിടെ അതും പ്രതീക്ഷിച്ചു ആണ് ഇരിക്കുന്നത് ' . അത് കേട്ടിട്ട് ബൈജു ഉറക്കെ ചിരിച്ചു. 'വേണ്ട വേണ്ട. ആരെങ്കിലും ശ്രദ്ധിക്കും. അതെടുത്തു കഴിക്കാന്‍ നോക്കു. അവള്‍ പറഞ്ഞു. പിന്നെ കുറേ നേരത്തേക്ക് രണ്ടു പേരും കൂടി വന്‍ പാചകവും തീറ്റയും ആയിരുന്നു. 'ഇനി കൊടി താഴ്ത്തിയെക്കാം ' അവന്‍ പറഞ്ഞു. 'ശരിയാ. അടുത്ത പരിപാടിയിലേക്ക് നീങ്ങാം ' ചിന്നുവും പറഞ്ഞു. അടുത്ത ഐറ്റം ബഫെ ആണ്. അവിടെ ഇരിക്കുന്ന സാധനങ്ങള്‍ കണ്ടിട്ട് അവര്‍ക്ക് ബോധക്കേട് വന്നു. അത്രയ്ക്ക് വെറൈറ്റി . അതും എന്തായാലും കുറേ അകത്താക്കി. 'കുടിക്കാന്‍ എന്തെങ്കിലും പറഞ്ഞാലോ ? ' അവന്‍ ചോദിച്ചു. ചിന്നു മെനു എടുത്തു നോക്കി.

എന്നിട്ട് പതുക്കെ പറഞ്ഞു ' വേണ്ട . ഇവിടുന്നു വല്ലതും കുടിക്കുന്ന പൈസ ഉണ്ടെങ്കില്‍ ഒരു കൊല്ലം വേറെ എവിടുന്നെങ്കിലും കഴിക്കാം ' . രണ്ടു പേരും കൂടി ഗമ വിടാതെ കുറച്ചു തണുത്ത വെള്ളം ഒക്കെ എടുത്തു കുടിച്ചു തല്ക്കാലം ആശ്വസിച്ചു. 'ഇനി ഇറങ്ങിയേക്കാം ..' ബൈജു പറഞ്ഞു.

സന്ധ്യ മാഞ്ഞു തുടങ്ങി. ചെറിയ ഇരുട്ട് വീണിരിക്കുന്നു. ചിന്നുവിന്റെ വീട്ടിലേക്കു നടക്കാവുന്ന ദൂരമേ ഉള്ളൂ. അവളുടെ റൂം മേറ്റ്‌ എത്തിയിട്ടുണ്ട്. ഇടയ്ക്കു വിളി ഒക്കെ വരുന്നുണ്ട്. 'ഒരു കാര്യം ചെയ്യാം. റൂമിനടുത്തു വരെ ഞാന്‍ കൂടി വരാം ' ബൈജു പറഞ്ഞു . അവള്‍ സമ്മതിച്ചു. റോഡിനു വശത്തായി ഒരു പാര്‍ക്ക്‌ ഉണ്ട്. അവിടെ കമിതാക്കള്‍ സല്ലപിച്ചു ഇരിക്കുന്നത് കാണാം. എല്ലാവരുടെയും കയ്യില്‍ റോസ് പുഷ്പങ്ങള്‍ ഉണ്ട്. ചിന്നു അവിടേക്ക് നോക്കിയ ശേഷം ബൈജുവിനെയും നാണത്തോടെ ഒന്ന് നോക്കി. 'എന്താന്നറിയില്ല. എന്തോ ഒരു സന്തോഷം പോലെ ' അവള്‍ പറഞ്ഞു. 'എനിക്കും ' അവനും പറഞ്ഞു. ഒരു വളവു തിരിഞ്ഞു. അടുത്ത വളവിലാണ് ചിന്നുവിന്റെ റൂം. തിരിച്ചു പോകണം. റോഡില്‍ ആരുമില്ല. ഒരു പോസ്റ്റില്‍ സ്ട്രീറ്റ് ലൈറ്റ് നല്ല പ്രകാശത്തോടെ നില്‍പ്പുണ്ട്. അതിന്റെ ചുവട്ടില്‍ എത്തി അവര്‍ നിന്നു. 'എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ട്രീറ്റ്‌ ചിന്നൂ ? അവന്‍ ചോദിച്ചു. 'എനിക്ക് ഇഷ്ടപ്പെട്ടു ബൈജു... ഞാന്‍ നേരത്തെ പറഞ്ഞ പോലെ എന്തോ ഒരു ഹാപ്പിനെസ്സ് ..' അവള്‍ ചുവന്നു തുടുത്ത മുഖത്തോടെ പറഞ്ഞു. എങ്ങോ നിന്നു  ഒരു കൂട്ടം കിളികള്‍ ചെറിയ കലപില ശബ്ദത്തോടെ പറന്നു പോയി. അവ ഏതോ ഒരു മരത്തില്‍ ചെന്നു ചേര്‍ന്നു എന്നു തോന്നുന്നു.ആ ശബ്ദം നേര്‍ത്തു നേര്‍ത്തു ഇല്ലാതായി . ആകാശത്ത് ചന്ദ്രന്‍ അരണ്ട വെളിച്ചത്തില്‍ നില്‍പ്പുണ്ട്. ചെറിയ നിലാ വെളിച്ചം അവിടെ പരന്നു കിടക്കുന്നു. പഴയ ചില ബോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള അതേ അന്തരീക്ഷം. അവിടെ ആ സ്ട്രീറ്റ് ലൈറ്റ് ഒട്ടും ചേരാത്ത ഒരു ഏച്ച് കെട്ടല്‍ പോലെ അവര്‍ക്ക് രണ്ടു പേര്‍ക്കും തോന്നി. അവരുടെ മനസ്സില്‍ നടന്നു കൊണ്ടിരുന്നതൊക്കെ ആരോ കേട്ടിട്ടെന്ന പോലെ പെട്ടെന്ന് കറന്റ്‌ പോയി. ആ ഭാഗം ഇരുട്ടിലമര്‍ന്നു. നിലാ വെളിച്ചം മാത്രം. ഈ ഒരു നിമിഷത്തിനു വേണ്ടി കാത്തിരുന്നതെന്ന പോലെ അവര്‍ക്ക് രണ്ടിനും തോന്നി. ബൈജു അവളെ ദേഹത്തോട് ചേര്‍ത്തു. എന്നിട്ട് കവിളത്ത് ഒരു ഉമ്മ കൊടുത്തു. അടുത്ത നിമിഷം കറന്റ്‌ വന്നു. ചിന്നു അകന്നു മാറി. 'ഞാന്‍ പൊയ്ക്കോട്ടേ ' എന്നു പറഞ്ഞിട്ട് അവള്‍ ഓടിപോയി. ആ വളവു തിരിയുന്നതിന് മുമ്പ് അവള്‍ ഒരു തവണ തിരിഞ്ഞു നോക്കി. ആ മുഖത്തെ ചുവപ്പ് അപ്പോഴും മാഞ്ഞിട്ടില്ലയിരുന്നു... ബൈജു അവിടെ ഒരു നിമിഷം നിര്‍നിമേഷനായി നിന്നു പോയി... ആ മരത്തില്‍ നിന്നു മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കള്‍ ഇതളുകളായി പൊഴിഞ്ഞു റോഡില്‍ വീഴുന്നുണ്ട്‌. ഇളം കാറ്റ് വീശുന്നുണ്ട്. അവന്‍ തിരിച്ച് നടന്നു.

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 23

നാളെ ആണ് ഹൈക്ക് ലെറ്റര്‍ കിട്ടുന്നത് . ശമ്പളം എത്ര കൂടും എന്ന് നാളെ അറിയാം. ബൈജു ആകെ പുളകിതനായി ഇരിക്കുകയാണ്. ടീം ലീഡിനു ബിജുവിനെ പറ്റി വന്‍ അഭിപ്രായം ആണ്. ഇത്തവണ ഒരു ഉഗ്രന്‍ ഹൈക്ക്  കിട്ടിയത് തന്നെ. ലെറ്റര്‍ കിട്ടിയിട്ട് അങ്ങേര്‍ക്കു ഒരു ട്രീറ്റ് കൊടുക്കണം.  ബൈജു ഉറപ്പിച്ചു. ടീമില്‍ മുഴുവന്‍ ആന്ധ്രാക്കാര്‍ ആണെങ്കിലും ലീഡിനു ബൈജുവിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. മിക്കപ്പോഴും രാത്രി വൈകി പണി ഒക്കെ തീര്‍ത്തു കൊടുക്കാന്‍ ബൈജു ശ്രമിച്ചിട്ടുണ്ട്. ചിന്നുവിന്റെ വക നല്ല തെറി കിട്ടുമായിരുന്നെങ്കിലും .

പെണ്ണുങ്ങള്‍ക്ക്‌ ഇതൊന്നും അറിയണ്ടല്ലോ. എന്നാല്‍ ഇതിന്റെ പേരില്‍ ജോലി പോയാല്‍ അവര്‍ തന്നെ ചോദിക്കുകയും ചെയ്യും എന്ത് മണ്ടത്തരമാണ് കാണിച്ചത് എന്ന് .

അങ്ങനെ നേരം പുലര്‍ന്നു. കുളിച്ചു കുട്ടപ്പനായി ബൈജു ഓഫീസില്‍ എത്തി. പന്ത്രണ്ടു മണി ആയിട്ടും മെയില്‍ ഒന്നും കാണാനില്ല. ഒരു മണി ആയി. ലഞ്ച് കഴിക്കാന്‍ ഇറങ്ങിയപ്പോ പ്രേമി പറഞ്ഞു അവനു മെയില്‍ കിട്ടി എന്ന്. രണ്ടു മണിക്ക് മീറ്റ്‌ ചെയ്യാന്‍. പ്രേമിയും വന്‍ പ്രതീക്ഷയില്‍ ആണ്. ഊണ് കഴിഞ്ഞു വന്ന ഉടന്‍ തന്നെ പ്രേമി എച് ആറിനെ മീറ്റ്‌ ചെയ്യാന്‍ പോയി. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അതാ വരുന്നു ആകെ വിയര്‍ത്തു അവശനായി പ്രേമി. ബൈജു പ്ലാനില്‍ അവന്റെ അടുത്തേക്ക് പോയി. എന്തായി എന്ന് ചോദിച്ചു. ഹിന്ദിയില്‍ നല്ല പുളിച്ച തെറി ആയിരുന്നു മറുപടി. അവനു ആകെ അഞ്ചു ശതമാനം ആണ് കിട്ടിയതത്രേ. മാത്രമല്ല അവന്റെ പണി അത്ര പോര എന്ന് പറഞ്ഞു കുറെ ഉപദേശവും കിട്ടി. പ്രേമിയുടെ ദേഷ്യം കണ്ടിട്ട് അവന്‍ ഇന്ന് ഓഫീസില്‍ ബോംബ്‌ വയ്ക്കും എന്നാ തോന്നുന്നത്. ബൈജു ഓര്‍ത്തു. വൈകിട്ട് ആയപ്പോ ബൈജുവിന് മെയില്‍ കിട്ടി. അടുത്ത ദിവസം രാവിലെ പതിനൊന്നു മണിക്ക് എച് ആറിനെ കാണാന്‍.

ചിന്നു വിളിച്ചു. ' ബൈജുവേ.. എന്തായി. എത്ര കിട്ടി ? ' . 'ഒന്നുമായിട്ടില്ല. നാളെയാ മീറ്റിംഗ്. ഇത്തവണ നല്ലത് കിട്ടാതിരിക്കില്ല. ' ബൈജു പറഞ്ഞു. 'നിനക്ക് എന്നാ അപ്പ്രയിസല്‍ ? " അവന്‍ ചോദിച്ചു.

"നമ്മുടേത്‌ കുറെ കഴിഞ്ഞേ ഉള്ളൂ .. " അവള്‍ പറഞ്ഞു. 'ഹൈക്ക് കിട്ടിയിട്ട് എനിക്ക് ട്രീറ്റ് ചെയ്യണം കേട്ടോ ' അവള്‍ ഓര്‍മിപ്പിച്ചു. വളരെ വേഗത്തിലാണ് സമയം പറന്നു പോയത്. രാവിലെ പതിനൊന്നു ആയി. ബൈജു എച് ആറിന്റെ മുറിയിലേക്ക് കയറി. ഒരു വിടര്‍ന്ന ചിരിയോടെ എച് ആര്‍ ബിജുവിനെ സ്വീകരിച്ചു. 'ബൈജു . നിങ്ങള്‍ ഒരു നല്ല എമ്പ്ലോയീ ആണ്. നിങ്ങളുടെ ജോലിയില്‍ ഞങ്ങള്‍ എല്ലാം വളരെ ഹാപി ആണ് .' ഇത് കേട്ട് ബൈജുവിന്‍റെ മുഖം ഒന്ന് വിടര്‍ന്നു.

'പക്ഷെ ചില കാര്യങ്ങളില്‍ നിങ്ങള്‍ ഇനിയും ഇമ്പ്രൂവ് ചെയ്യാനുണ്ട്'. അത് വരെ ചിരിച്ചു കൊണ്ടിരുന്ന എച് ആര്‍ ചിരി നിര്‍ത്തി. എന്നിട്ട് ഐഡിയ സ്റ്റാര്‍ സിംഗറില്‍ ജഡ്ജിമാര്‍ പറയുന്ന പോലെ ബൈജുവിനെ പൊളിച്ചടുക്കി. 'നിങ്ങള്‍ വിഷമിക്കണ്ട. ഹൈക്ക് ഉണ്ട്. നിങ്ങള്ക്ക് ഞങ്ങള്‍ എട്ടു ശതമാനം ആണ് തരുന്നത്. ഇത് വളരെ കൂടുതല്‍ ആണ് . പിന്നെ നിങ്ങളെ പറ്റിയുള്ള ഫീട്ബാക്ക് ലീഡ് ആണ് തന്നത്. ഇമ്പ്രൂവ്  ചെയ്യാന്‍  ശ്രമിക്കുക' എന്നൊക്കെ പറഞ്ഞു എച് ആര്‍ ബൈജുവിനെ യാത്രയാക്കി. ഇമ്പ്രൂവ് ചെയ്യാന്‍ വേണ്ടി പറഞ്ഞതൊക്കെ ഓര്‍ത്തപ്പോ ബൈജുവിന് കുറച്ചു വിഷമം ഉണ്ടായെങ്കിലും എട്ടു ശതമാനം ഹൈക്ക് കിട്ടിയല്ലോ എന്ന് അവന്‍ സന്തോഷിച്ചു. ബാക്കിയുള്ളവര്‍ക്ക് എന്തായാലും കുറവായിരിക്കും. ഒറ്റ ഒരെണ്ണം പണി എടുക്കാത്തവന്മാര്‍ ആണ്.

ചിന്നുവിനെ അറിയിച്ചു. അവള്‍ എന്തായാലും അഭിപ്രായം ഒന്നും പറഞ്ഞില്ല.

വൈകിട്ട് ചായ കുടിക്കാന്‍ പോയപ്പോഴാണ് പ്രേമി ആ രഹസ്യം പൊട്ടിച്ചത്. ഇവര്‍ക്ക് രണ്ടു പേര്‍ക്കും മാത്രമാണത്രേ ഏറ്റവും കുറവ് ഹൈക്ക് കിട്ടിയത്. ബാക്കിയുള്ള കുളിക്കുകയും പല്ല് തേക്കുകയും ചെയ്യാത്ത എല്ലാ അന്ധ്രാക്കാര്‍ക്കും വന്‍ ഹൈക്ക് ആണ് കിട്ടിയിരിക്കുന്നത്. വേണ്ട സമയം വന്നപ്പോ ലീടിന്റെ ഗുല്‍റ്റി ( gulte എന്ന് വച്ചാല്‍ telugu എന്നത് തിരിചെഴുത്തുന്നതാ. നമ്മളെ ഒക്കെ മല്ലു എന്ന് വിളിക്കുന്നത്‌ പോലെ ) സ്പിരിറ്റ്‌ വര്‍ക്ക്‌ ചെയ്തു. കള്ള ബടുവാ എന്നൊക്കെ പറഞ്ഞു പ്രേമി പൊട്ടിത്തെറിച്ചു. സങ്കടം സഹിക്ക വയ്യാതെ ബൈജുവും കുറെ തെറി വിളിച്ചു. വൈകിട്ട് ബാറില്‍ പോകാന്‍ പ്രേമി അവനെ ക്ഷണിച്ചു. വെള്ളമാടിക്കില്ല എന്ന് ബൈജു മറുപടി പറഞ്ഞതും കുറച്ചു തെറി അവനും കിട്ടി. താനൊക്കെ എന്തിനാടോ ജീവിച്ചിരിക്കുന്നത്‌ എന്ന് പറഞ്ഞു പ്രേമി ആരെയോ വിളിച്ചു കൊണ്ട് പോയി. ചിന്നുവിനെ വിളിച്ചു. നടന്നതൊക്കെ ബൈജു പറഞ്ഞു.

ആകെ നിരാശയായി. എട്ടു ശതമാനം എന്ന് പറഞ്ഞപ്പോ എട്ടിന്റെ പണി ആവും എന്ന് പാവം ബൈജു അറിഞ്ഞിരുന്നില്ല. ചിന്നുവിനും വിഷമമായി. അവള്‍ക്കു അടുത്ത മാസം പുതുക്കിയ സാലറി കിട്ടുമ്പോ ഒരു ജീന്‍സും ടോപ്പും വാങ്ങി കൊടുക്കാം എന്നൊക്കെ പറഞ്ഞതാ. എന്തായാലും പാവം ചിന്നു അതിനെ പറ്റി ഒന്നും പറഞ്ഞില്ല. അവള്‍ എന്തൊക്കെയോ പറഞ്ഞു ബൈജുവിനെ സമാധാനിപ്പിച്ചു. 'വേണ്ട ചിന്നൂ. എന്നെ വെറുതെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കണ്ട. ഞാന്‍ കമ്പനി മാറാന്‍ തീരുമാനിച്ചു ' അവന്‍ പറഞ്ഞു. രാത്രി തന്നെ നൌകരി , മോന്‍സ്ടര്‍ ഒക്കെ പോയി അപ്ഡേറ്റ് ചെയ്തു. ഇവന്മാരെ കാണിച്ചു കൊടുത്തിട്ട് തന്നെ വേറെ കാര്യം.

രാവിലെ ആയി. ഓഫീസില്‍ പോകാന്‍ തോന്നുന്നില്ല. ഇത്രയൊക്കെ പണി എടുത്തിട്ടും ഇതാണല്ലോ അനുഭവം. ഉറക്കം ഉണര്‍ന്നിട്ടും വെറുതെ കിടന്നു. ഈയിടെ ഓഫീസ് മാറ്റി കുറച്ച് ദൂരെ ആക്കിയിട്ടുണ്ട് റൂമിന് മുന്നില്‍ കൂടി ഒരു ബി എം ടി സി ബസ്‌ ഉണ്ട്. അത് കുറച്ചു അപ്പുറത്ത് ഒരു ഡെഡ് എന്‍ഡില്‍ പോയിട്ട് തിരിച്ചു വരും. അപ്പൊ അതില്‍ കയറിയാല്‍ ഒറ്റ ബസില്‍ ഓഫീസില്‍ ഇറങ്ങാം. .   ഇപ്പൊ തിരിച്ചു വരും. ബൈജു ഒരുവിധം റെഡി ആയി ഓടി ബസില്‍ കയറിപ്പറ്റി.

'എല്ലി മഗാ ?' കണ്ടക്ടര്‍ ചോദിച്ചു. സ്ഥലം പറഞ്ഞു ബൈജു ടിക്കറ്റ്‌ എടുത്തു. കണ്ടക്ടര്‍ വേറെ എന്തോ കൂടി പറഞ്ഞു. ബൈജുവിന് മനസ്സിലായില്ല. കന്നഡ ഇപ്പോഴും അത്രയ്ക്ക് ശരിയായിട്ടില്ല.

ഇനി വണ്ടി വേറെ എങ്ങോട്ടെങ്കിലും പോവുകയാണോ ? അറിയില്ല. എതിരെ ഇരിക്കുന്നവന്മാര്‍ ഒക്കെ മുഖത്തേക്ക് നോക്കി ചിരിക്കുന്നുണ്ട്. ഇനി താന്‍ പറഞ്ഞതില്‍ വല്ല കുഴപ്പവും ഉണ്ടോ. ബൈജുവിന് സംശയമായി. അല്ല. അതിനു കാരണം ഉണ്ട്. പണ്ട് ബൈജു എം സി എ ക്ക് പഠിച്ചത് തമിഴ്നാട്ടിലാണ്. അന്ന് ബൈജുവിന് തമിഴ് ഒന്നും വലിയ പിടി ഇല്ലായിരുന്നു. കോളേജില്‍ പോകാന്‍ വേണ്ടി ആദ്യ ദിവസം ഇത് പോലെ ഒരു ബസ്സില്‍ ചെന്ന് കയറി. പക്ഷെ ആ ബസ്‌ ശരിക്കും കോളേജ് ജങ്ക്ഷനില്‍ നിന്ന് തിരിച്ചു വരുന്ന ബസ് ആയിരുന്നു. ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ പറഞ്ഞു തമ്പീ ഇത് കോളേജില്‍ നിന്ന് കിളംബി വരുന്ന ബസ്‌ ആണ്. ഇവിടിറങ്ങി കിഴക്കോട്ടുള്ള ബസ്‌ പിടിക്കാന്‍. അങ്ങേര്‍ പറഞ്ഞതില്‍ പകുതിയും ബൈജുവിന് പിടി കിട്ടിയില്ല. നേരം പുലര്‍ന്നിട്ടെ ഉള്ളൂ. ചിലപ്പോ ആദ്യം കൊടുക്കുന്ന പൈസ കിഴക്കോട്ടു തിരിഞ്ഞു നിന്ന് കൊടുക്കണം എന്നായിരിക്കും അണ്ണാച്ചി  പറഞ്ഞത് എന്ന് ബൈജു വിചാരിച്ചു. പുള്ളിക്കാരന്‍ കുറെ ഭസ്മ കുറി ഒക്കെ തൊട്ടു ഒരു മാന്യന്‍ ആണ്.  ഇവന്മാരുടെ ഓരോ വിശ്വാസങ്ങള്‍ എന്നൊക്കെ മനസ്സിലോര്‍ത്തു ബൈജു കിഴക്കോട്ടു തിരിഞ്ഞു നിന്നിട്ട്  ഒരു പത്തു രൂപ എടുത്തു നീട്ടി. അതോടെ നമ്മുടെ കണ്ടക്ടര്‍ ന്റെ സ്വഭാവം മാറി. 'എന്നയ്യാ വിളയാട്റിയാ ? ശോംബെറി .. തിരുട്ടു പയലേ.. ' എന്നൊക്കെ പറഞ്ഞു വന്‍ തെറി. അതോടെ അറിയാത്ത ഭാഷ ഉപയോഗിക്കുന്ന പരിപാടി ബൈജു നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്തായാലും ബസില്‍ നിന്നിരങ്ങിയിട്ടും വഴിയില്‍ കാണുന്നവര്‍ ഒക്കെ ഒരു കള്ള ചിരിയോടെ ആണ് പോകുന്നത്.

ഓഫീസില്‍ എത്തി. ആരും വന്നിട്ടില്ല. ഹൈക്കിന്റെ ഇമ്പാക്റ്റ് . പ്രേമി അവിടെ കീബോര്‍ഡ് തല്ലി പൊട്ടിച്ചു കൊണ്ട് ഇരിപ്പുണ്ട്. ബൈജുവിനെ കണ്ടതും പ്രേമി തല ഉയര്‍ത്തി നോക്കി. 'അരേ ബൈജു .. തു ആഗയാ ?" എന്നൊക്കെ ഒരു കുശല പ്രശ്നം നടത്തി. പക്ഷെ ഒരു അത്ഭുതം സംഭവിച്ചു. അത് വരെ വലിഞ്ഞു മുറുകി നിന്നിരുന്ന പ്രേമിയുടെ മുഖം ഒന്ന് വിടര്‍ന്നു. എന്നിട്ട് അവന്‍ ആ ഫ്ലോര്‍ കിടുങ്ങുന്ന പോലെ ഒന്ന് പൊട്ടിച്ചിരിച്ചു. അവന്റെ ചിരി കേട്ടിട്ട് അടുത്ത ക്യുബിക്കിളില്‍ ഇരുന്ന അന്ന എഴുനേറ്റു വന്നു . വന്ന ഉടനെ അവളും ചിരി തുടങ്ങി.'ബൈജു . ആ പേന ഒന്ന് തരാമോ ? ' അവള്‍ ചോദിച്ചു. 'അതിനെന്താ . ഇതാ .' എന്ന് പറഞ്ഞിട്ട് ബൈജു പോക്കെറ്റില്‍ നിന്ന് പേന എടുത്തു നീട്ടി. ഈശ്വരാ.. പല്ല് തേച്ച ബ്രഷ്. അപ്പൊ പേന അല്ലായിരുന്നോ രാവിലെ പോക്കറ്റില്‍ ഇട്ടതു. ചുമ്മാതല്ല എല്ലാവനും കളിയാക്കി ചിരിച്ചത്. ബൈജു സീറ്റില്‍ പോയി തളര്‍ന്നിരുന്നു. ഇപ്പൊ എല്ലാം വ്യക്തമായി കാണാന്‍ പറ്റുന്നുണ്ട്. രാവിലെ പല്ല് തേച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ബസ്‌ പോണത് കണ്ടത്. അത് തിരിച്ചു വരുമ്പോ കയറിപ്പറ്റാനുള്ള തത്രപ്പാടില്‍ ബ്രഷ് പോക്കറ്റില്‍ ഇട്ട കാര്യം മറന്നതാ. ആകെ നാറി. ചിന്നുവിനോട്  അപ്പൊ തന്നെ വിളിച്ചു പറഞ്ഞു. കേട്ട പാടെ അപ്പുറത്ത് നിന്ന് എന്തോ ഒരു ശബ്ദം കേട്ടു. ' ബൈജു ഞാന്‍ പത്തു മിനിറ്റ് കഴിഞ്ഞു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു".കുറച്ച് കഴിഞ്ഞപ്പോ ചിന്നു തിരിച്ചു വിളിക്കുന്നു. 'ഞാന്‍ ഇവിടെ ഇരുന്നു ചിരിച്ചു ചിരിച്ചു കറങ്ങി വീണു. അതാ പത്തു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞത്.' അപ്പോഴും ചിന്നുവിന്റെ ചിരി നിന്നിട്ടില്ല. അതും കൂടി കേട്ടപ്പോ ബൈജു ഒന്ന് കൂടി തളര്‍ന്നു. പ്രേമി അതാ ഒരു ഗ്ലാസ്‌ വെള്ളവുമായി വരുന്നു. കോമഡി ആണ് അവന്‍ ഉദ്ദേശിച്ചത്. അവനെ ബൈജു കണ്ണ് പൊട്ടുന്ന തെറി വിളിച്ചു ഓടിച്ചു.

ജോലി അന്വേഷണം തുടങ്ങി. ശനിയാഴ്ച ഒരിടത്തു ഇന്റര്‍വ്യൂ ഉണ്ട്. ഓഫീസ് കുറച്ച് അടുത്താണ്.

രാവിലെ തന്നെ തപ്പി പിടിച്ചു എത്തി. അവന്മാര്‍ ഒരു ഇരയെ കാത്തിരിക്കുന്ന പോലെ ആയിരുന്നു.

അവന്മാര്‍ ബൈജുവിനെ ചവിട്ടി കൂട്ടി അവിടെ ഇട്ടു. അതിനിടക്ക് ഒരുത്തന് ക്ലാസ്സ്‌ ഡയഗ്രം വരച്ചു കാണിച്ചു കൊടുക്കാന്‍ പറഞ്ഞു. ജ്യോമെട്രി ബോക്സ്‌ എടുത്തിട്ടില്ല സാറേ ..ഒരു സ്കേല്‍ എങ്കിലും താ. അല്ലാതെങ്ങനാ വരയ്ക്കുന്നത് എന്നൊക്കെ ബൈജു മനസ്സില്‍ പറഞ്ഞു. ബൈജു വരച്ചു കൊടുത്ത ഡയഗ്രം കണ്ടിട്ട് ഒരുത്തന്‍ അപ്പോഴേ ബോധം കേട്ടു വീണു. അടുത്തവന്‍ ബൈജുവിനെ തളളി പുറത്താക്കി. ഒരുവിധത്തില്‍ അവിടെ നിന്ന് തടി കേടാകാതെ രക്ഷപെട്ടു. പോരാ .. ഇനിയും പഠിച്ചേ പറ്റൂ. ഇനി എന്തായാലും പഠിച്ചു പ്രിപെയര്‍ ചെയ്തിട്ട് പോകാം. ബൈജു തീരുമാനിച്ചു. അപ്പോഴാണ്‌ വെള്ളിടി പോലെ ഒരു ഫോണ്‍ കാള്‍. ചിന്നുവിന്റെ...

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 24

    ചിന്നുവിന് ട്രാന്‍സ്ഫര്‍. അതായിരുന്നു ഞെട്ടിക്കുന്ന ആ വാര്‍ത്ത. ഹൈദരാബാദില്‍ പുതിയതായി തുടങ്ങിയ സെന്റരിലേക്ക്. ആദ്യമൊന്നു ഞെട്ടിയെങ്കിലും അത് പൊളിക്കാന്‍ ബൈജു പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു. അതിന്റെ ഫലമായി ആ ട്രാന്‍സ്ഫര്‍ ക്യാന്‍സല്‍ ആയി. വീണ്ടും കോര്‍ണര്‍ ഹൌസില്‍ പോയി ബിജുവും ചിന്നുവും കൂടി അത് ആഘോഷിച്ചു.

     അങ്ങനെ ഇരിക്കെയാണ് പ്രേമി കാര്‍ വാങ്ങിയത്. മാത്രമല്ല അവന്‍ ഓഫീസില്‍ വന്നിട്ട് വന്‍ പാര്‍ട്ടി ഒക്കെ നടത്തി. അത് കണ്ടപ്പോള്‍ ബൈജുവിനും ഒരു ആഗ്രഹം തോന്നി. ഒരു കാര്‍ വാങ്ങിയാലോ. ലോണ്‍ എടുത്താല്‍ തിരിച്ചടയ്ക്കാം എന്നൊരു ആത്മ വിശ്വാസം ഒക്കെ ഉണ്ട് ഇപ്പൊ. പക്ഷെ ലൈസെന്‍സ് ഇല്ല. ആദ്യം ഡ്രൈവിംഗ് പഠിക്കണം. എങ്കിലല്ലേ അവര്‍ അത് തരൂ. അപ്പൊ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പറ്റിയ ഡ്രൈവിംഗ് സ്കൂള്‍ കണ്ടു പിടിക്കുന്ന കാര്യം ചിന്നുവിനെ ഏല്‍പ്പിച്ചു. അവള്‍ക്കാണെങ്കില്‍ നല്ലത് പോലെ ഡ്രൈവിംഗ് അറിയുകയും ചെയ്യാം. എവിടെയൊക്കെയോ തപ്പി ഒടുവില്‍ ചിന്നു ഒരു സ്കൂള്‍ കണ്ടു പിടിച്ചു. ഒരു മലയാളി ഇന്സ്ട്രുക്ടര്‍ ആണ് ഉള്ളത്. ബൈജു ഹാപ്പി ആയി. അപ്പൊ തന്നെ കിസ്സ്‌ ചെയ്യുന്ന സ്മൈലി ഉള്ള ഒരു എസ് എം എസ് ഒക്കെ ചിന്നുവിന് വിട്ടു.

     അടുത്ത ബുധനാഴ്ച തന്നെ പോയി ചേര്‍ന്നു. ആശാന്‍ കൊള്ളാം. പാവം മനുഷ്യന്‍. റാഫി എന്നാണു പേര്. കാറിന്റെ പ്രധാന ഭാഗങ്ങള്‍ ഒക്കെ കാണിച്ചു തന്നു. കേട്ടപ്പോ ബിജുവിന് ഇന്റെരെസ്റ്റ്‌ ആയി.

കൊള്ളാമല്ലോ എന്ന് അവന്‍ മനസ്സിലോര്‍ത്തു. ആദ്യത്തെ രണ്ടു ക്ലാസ്സുകള്‍ സ്ടിയരിംഗ് സ്റെടി ആകാന്‍ വേണ്ടി ആണെന്ന് റാഫി ആശാന്‍ പറഞ്ഞു. എന്തായാലും വലിയ കുഴപ്പമില്ലാതെ രണ്ടു ക്ലാസ്സും ബൈജു നിരപ്പാക്കി. രാവിലെ ബി ടി എം ഒക്കെ കറങ്ങി ഒരു ചായ ഒക്കെ കുടിച്ചു ഇങ്ങു പോന്നു. അടുത്തയാഴ്ച കളി മാറി. ക്ലച്, ബ്രേക്ക്‌ ഒക്കെ കണ്ട്രോള്‍ ചെയ്യാന്‍ പറഞ്ഞു. അപ്പോഴാണ്‌ ഇത് വിചാരിച്ച പോലെ എളുപ്പ പണിയല്ല എന്ന് ബൈജുവിന് മനസ്സിലായത്‌.  ചവിട്ടാന്‍ മൂന്നു സാധനവും ഉണ്ട് ആകെ രണ്ടു കാലുമുണ്ട്. ഈ ആള്‍ക്കാര്‍ ഒക്കെ എങ്ങനെ ആണാവോ ഇതൊക്കെ ഓടിച്ചു കൊണ്ട് നടക്കുന്നത് . പണ്ടൊക്കെ വിചാരിച്ചത് ഇത് ഈസി ആണെന്നാണ്. കാരണം അന്നൊക്കെ ഓരോരുത്തര്‍ സ്ടിയരിംഗ് തിരിക്കുന്നതല്ലേ കണ്ടിട്ടുള്ളൂ. താഴെ ഇത്രയും പരിപാടികള്‍ ചെയ്യണം എന്ന് ആരറിഞ്ഞു. റോഡില്‍ കൂടി ഇത് കൂള്‍ ആയി ഓടിച്ചു കൊണ്ട് നടക്കുന്നവരോട് ആദ്യമായി ബഹുമാനം തോന്നി ബൈജുവിന്. ഗിയര്‍ മാറുമ്പോ ക്ലച് ചവിട്ടണം എന്നത് മറന്നതിന് റാഫി ആശാന്‍ കുറെ വഴക്കും പറഞ്ഞു. അതിനു അപ്പൊ തന്നെ ബൈജു മറുപടി കൊടുത്തു. പക്ഷെ ചവിട്ടിയത് അക്സിലേറെറ്റര്‍ ആയിരുന്നു എന്ന് മാത്രം. അടുത്ത തവണ ബ്രെക്കിലും ചവിട്ടി. റാഫി ആശാന്‍ മൂക്ക് കൊണ്ട് കാറിന്റെ ഗ്ലാസ്സില്‍ ക്ഷ വരച്ചു. അതില്‍ നിന്ന് ബൈജു പുതിയ പാഠം ഒന്നും പഠിച്ചില്ലെങ്കിലും ആശാന്‍ പഠിച്ചു. പുള്ളി പിന്നെ സീറ്റ് ബെല്‍റ്റ്‌ ഇട്ടു ഇരിക്കാന്‍ തുടങ്ങി. റോഡിലൂടെ പോകുന്നവര്‍ക്ക് ഒരു ഭീഷണിയായിക്കൊണ്ട് ബൈജുവിന്റെ ഡ്രൈവിംഗ് പഠിത്തം പുരോഗമിച്ചു. സാധാരണ മനുഷ്യന് വേണ്ടി ഉണ്ടാക്കിയിരിക്കുന്ന അസാധാരണമായ ഒരു യന്ത്രമാണ് കാര്‍ എന്ന് പണ്ട് ആരാണ്ടോ പറഞ്ഞിട്ടുണ്ട്.

ബൈജു റോഡില്‍ കൂടി പോകുന്ന പെണ്‍പിള്ളേരെ നോക്കുന്നതൊക്കെ നിര്‍ത്തിയിട്ടു കാറുകളെ നോക്കാന്‍ തുടങ്ങി. ഒരാഴ്ച കൊണ്ട് ഒരുവിധം ഉള്ള കാറുകളെ പറ്റി ബൈജുവിന് ഒരു ധാരണ ആയി.

അങ്ങനെ ഇരിക്കെ ഒരു അവധി ദിവസം വന്നു. വെള്ളിയാഴ്ച ആണ്. മറ്റെല്ലാ ബാന്‍ഗ്ലൂര്‍ വാസികളെയും പോലെ ബൈജുവും ഇത് കണക്കാക്കി മുമ്പേ തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ്‌ എടുത്തു വച്ചിരുന്നു. ചിന്നു ഇത്തവണ വീട്ടില്‍ പോകുന്നില്ല എന്ന് പറഞ്ഞു. ചിന്നു ഇവിടെ നില്‍ക്കുന്നത് കൊണ്ട് ബൈജുവിനും വീട്ടില്‍ പോകാന്‍ അര്‍ദ്ധ മനസ്സേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ നാട്ടില്‍ പോകുന്നതിനു വേറെ ഒരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു. അവിടെ കൊച്ചച്ചന്റെ അടുത്ത് ഒരു പഴയ അംബാസ്സഡര്‍ കാര്‍ ഉണ്ട്. അതില്‍ കുറച്ചു ഡ്രൈവിംഗ് പ്രാക്ടീസ് ഒക്കെ ചെയ്തു നോക്കണം.

നാട്ടില്‍ ചെന്നപ്പോ അതാ വേറൊരു സര്‍പ്ര്യസ്. വടക്കേതിലെ പ്രദീപ്‌ ചേട്ടന്‍ പുതിയ കാര്‍ വാങ്ങിയിരിക്കുന്നു. ഹ്യുണ്ടായി ഐ ട്വന്റി. ബൈജു വെറുതെ അതിനു ചുറ്റും ഒക്കെ നടന്നു നോക്കി.

'എന്താ ഒരു ട്രിപ്പ്‌ അടിക്കണോ ? ' പ്രദീപ്‌ ചേട്ടന്‍ ചോദിച്ചു. അകത്തു കയറി നോക്കി. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത ഉടന്‍ ഒരു  മണി ശബ്ദം കേട്ട്. 'അതെന്തിനാ ? ' ബൈജു ചോദിച്ചു. 'സീറ്റ് ബെല്‍റ്റ്‌ ഇടാനുള്ള മുന്നറിയിപ്പാണ്'. പ്രദീപ്‌ ചേട്ടന്‍ പറഞ്ഞു. മൂന്നു തവണ അടിച്ചതിനു ശേഷം അത് നിന്ന്. 'ഇത് കൊള്ളാമല്ലോ. മൂന്നു തവണ അടിച്ചതിനു ശേഷം നിന്നു. സീറ്റ് ബെല്‍റ്റ്‌ ഇട്ടില്ലെങ്കിലും നില്‍ക്കും' ബൈജു പറഞ്ഞു. പ്രദീപ്‌ ചേട്ടന്‍ ചെറുതായി ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു. 'ഡാ അതിന്റെ അര്‍ഥം എന്താണെന്നു അറിയാമോ ? ആദ്യം മണി അടിക്കുമ്പോ തന്നെ സീറ്റ് ബെല്‍റ്റ്‌ ഇട്ടോ. അല്ലെങ്കില്‍ ഈ മണി നിന്റെ ശവമടക്കിനു അടിക്കാം  എന്നാണ് . മന്നസിലായോ ' അത് കേട്ട് ബൈജു ചിരിച്ചു.

ഒന്ന് രണ്ടു തവണ ഒക്കെ അത് അങ്ങനെ ഓടിച്ചു നോക്കി. ഒരു കാര്‍ വാങ്ങണം എന്ന മോഹം ആകെ കലശലായി.

അടുത്താഴ്ച തന്നെ മഹേഷിനെയും കൊണ്ട് കുറെ കാര്‍ ഷോറൂം കറങ്ങി നോക്കി. അപ്പോഴാണ്‌ ഈ മേഘലയില്‍ നടന്നു കൊണ്ടിരിക്കുന്ന വിപ്ലവത്തിന്റെ കഥയൊക്കെ ബൈജു അറിയുന്നത്. നാട്ടില്‍ ആകെ കണ്ടിട്ടുള്ള വണ്ടികള്‍ അംബിയും മാരുതി എണ്ണൂറും മാത്രമാണ്. എന്നാല്‍ ഇപ്പോഴോ എന്തുമാത്രം പുതിയ വണ്ടികള്‍. ഓരോന്നിന്റെയും പ്രത്യേകതകള്‍ കേട്ട് ബൈജുവിന്റെ കണ്ണ് തള്ളി.

എ ബി എസ്, എയര്‍ബാഗ്, പവര്‍ സ്ടീയരിംഗ്, പവര്‍ വിന്‍ഡോസ്‌ , ക്രൂസ് കണ്ട്രോള്‍ അങ്ങനെ അങ്ങനെ എത്രയെത്ര. ഓരോന്നിന്റെയും വില കേട്ടിട്ട് കണ്ണ് വീണ്ടും തള്ളി. ഈ ക്രൂസ് കണ്ട്രോള്‍ ഒക്കെ എവിടെ ഉപയോഗിക്കാന്‍ പറ്റുമോ ആവോ. ആദ്യത്തെ സംശയം ഹാച് ബാക്ക് വേണോ സെടാന്‍ വേണോ എന്നാണു. ചിന്നുവിന്റെ അഭിപ്രായത്തില്‍ ചെറിയ കാര്‍ ആണ് നല്ലത്. ഇവിടത്തെ ട്രാഫിക്‌ ബ്ലോക്കില്‍ കൊണ്ട് പോകാനും പാര്‍ക്ക് ചെയ്യാനുമൊക്കെ അതാണ്‌ നല്ലതെന്ന് ചിന്നു ശക്തിയുക്തം വാദിച്ചു. പക്ഷെ ബൈജുവിന്റെ മനസ്സില്‍ ഒരു വലിയ കാര്‍ വാങ്ങിയാലോ എന്ന് ചെറിയ ഒരു ചിന്ത ഉണ്ടാവാതിരുന്നില്ല. സേല്‍സ് മാന്റെ വാചകം കൂടി കേട്ടപ്പോ പിന്നെ വലിയ കാര്‍ തന്നെ വാങ്ങിയേക്കാം എന്ന് ബൈജു തീരുമാനിച്ചു. വണ്ടിയുടെ കൂടെ എന്തൊക്കെ ഫ്രീ കിട്ടും എന്നായി പിന്നത്തെ അന്വേഷണം. മാരുതി ആണെങ്കില്‍ ഒരു കാര്‍ മാത്രമേ തരൂ. അതിന്റെ ഒപ്പം അഞ്ചു പൈസയുടെ സാധനം ഫ്രീ തരില്ല. മാത്രമല്ല ബുക്ക്‌ ചെയ്താല്‍ കുറച്ചു കാലം കഴിഞ്ഞേ കിട്ടൂ പോലും. ബൈജുവിന് വട്ടായി. അതൊക്കെ കണ്ടിട്ട് ചിന്നു ക്ലാസ്സിക്‌ ഐഡിയയും കൊണ്ട് വന്നു. ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ കാര്‍ വാങ്ങിയിട്ട് പിന്നെ മാറ്റി വാങ്ങാം എന്ന്. അവളെ ബൈജു വഴക്ക് പറഞ്ഞു ഓടിച്ചു. ചിന്നു ഒരു സൈഡില്‍ പോയി മുഖം വീര്‍പ്പിച്ചു ഇരിപ്പായി.

ഒടുവില്‍ രണ്ടു പേരും കൂടി ഒരു ധാരണയില്‍ എത്തി. ഒരു വലിയ കാര്‍ തന്നെ വാങ്ങാം എന്ന്. ഇപ്പോഴാണെങ്കില്‍ ഡിസ്കൌന്റ് ഉണ്ട്. മാത്രമല്ല എപ്പോഴായാലും കാര്‍ മാറ്റി വാങ്ങുമ്പോള്‍ നഷ്ടമേ വരൂ. അപ്പൊ പിന്നെ കുറച്ചു കാലത്തേക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒരെണ്ണം തന്നെ നോക്കാം

 എന്ന് വിചാരിച്ചു. അങ്ങനെ അടുത്ത ശനിയാഴ്ച രണ്ടു പേരും കൂടി ഷോ റൂമില്‍ പോയി. കാര്‍ കൊള്ളാം. ഉഗ്രന്‍ ഫീച്ചേര്‍സ്. ഡീസല്‍ ആണ്. നല്ല മൈലേജ് ഉണ്ടത്രേ. അതിനിടക്ക് ഒരു രസമുണ്ടായി. സേല്‍സ് മാന്‍ എന്തോ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ ചിന്നുവിനോടായി പറഞ്ഞു. 'മാഡം..ഹസ്ബന്റിനു കാര്‍ ഇഷ്ടപെട്ടല്ലോ. മാഡം എന്നാ ഒന്നും പറയാത്തത് എന്ന് ' അത് കേട്ട് ചിന്നു ആകെ നാണിച്ചു തല താഴ്ത്തി തറയില്‍ കാല്‍വിരല്‍ കൊണ്ട് ജാവ എന്നെഴുതി.  

ബൈജു അയാളോട് പറഞ്ഞു. ഡേയ് നമ്മള്‍ കെട്ടിയിട്ടില്ല. കെട്ടു ഉറപ്പിച്ചിട്ടേ ഉള്ളൂ എന്ന്.

ഇപ്പൊ നാണിച്ചത്‌ സേല്‍സ് മാന്‍ ആണ്. അങ്ങേര്‍ കാല്‍ വിരല്‍ കൊണ്ട് തറയില്‍ കാറിന്റെ പടം വരച്ചു. കാറിന്റെ പ്രത്യേകതകള്‍ ഒക്കെ പുള്ളി വര്‍ണിക്കുകയാണ്. വണ്ടിക്കു നല്ല പവര്‍ ആണ്. സ്പീഡ് എടുത്തു കഴിഞ്ഞാല്‍ ബ്രേക്ക്‌ ചവിട്ടിയാല്‍ പോലും നില്‍ക്കില്ല എന്നൊക്കെ. അത് കേട്ട് ബൈജു ഞെട്ടി. 'ഹേ അങ്ങനത്തെ വണ്ടി വേണ്ട. ബ്രേക്ക്‌ ചവിട്ടിയാല്‍ നില്‍ക്കണം. ' ബൈജു പറഞ്ഞു. സേല്‍സ് മാന്‍ ചിരിച്ചിട്ട് പറഞ്ഞു. വണ്ടി നില്‍ക്കും സാര്‍. ഞാന്‍ അതിന്റെ പവര്‍ അത്രയ്ക്കുണ്ട് എന്നാ ഉദ്ദേശിച്ചത് . അത് കേട്ട് ബൈജുവും ചിന്നുവും ഒന്ന് ചിരിച്ചു.

    അങ്ങനെ ഒടുവില്‍ വണ്ടി ഫൈനലൈസ് ചെയ്തു. ലോണിന്റെ കാര്യം ഒക്കെ അന്വേഷിച്ചു.

കുറച്ചു പൈസ സേവിംഗ് ഉണ്ടായിരുന്നത് കൊണ്ട് ഡൌണ്‍ പേമെന്റ് നടത്താം എന്ന് തീരുമാനിച്ചു.ചിന്നുവും കുറച്ചു പൈസ തരാം എന്ന് പറഞ്ഞെങ്കിലും ബൈജു അത് നിരസിച്ചു. അതൊക്കെ കല്യാണം കഴിഞ്ഞിട്ട് നിന്റെ കയ്യില്‍ നിന്ന് വാങ്ങിച്ചോളാം എന്ന് അവന്‍ പറഞ്ഞു.
അടുത്ത ആഴ്ച ബുക്ക്‌ ചെയ്യണം.

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 25

       കാര്‍ അങ്ങനെ ഒരുവിധം തീരുമാനമായി. ബുക്ക്‌ ചെയ്യുന്നതിന് മുമ്പ് പണിക്കരോട് സമയം ഒന്ന് നോക്കിക്കണം. അമ്മയോട് പറഞ്ഞു. പക്ഷെ അതിനു ഇത്രയും ശക്തമായ തിരിച്ചടി കിട്ടും എന്ന് ബൈജു കരുതിയില്ല. ഇപ്പൊ വണ്ടി വാങ്ങിയാല്‍ വാങ്ങുന്നവന്‍ കുത്തുപാള  എടുക്കും എന്ന് പണിക്കര്‍ തീര്‍ത്തു പറഞ്ഞു. അമ്മ വിഷമത്തോടെ അത് ബൈജുവിനെ അറിയിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ട് നോക്കിയാല്‍ മതി എന്നും പണിക്കര്‍ പറഞ്ഞു. എന്ത് ചെയ്യുമെന്ന് പറ. വളരെ വിഷമത്തോടെ ബൈജു ചിന്നുവിനെ വിളിച്ചു പറഞ്ഞു. അവള്‍ക്കു അതിലേറെ വിഷമമായി. 'അങ്ങേരോട് പോകാന്‍ പറ. നമുക്ക് വാങ്ങാം' എന്ന് ആദ്യം പറഞ്ഞെങ്കിലും ഉടനെ തന്നെ ചിന്നു അഭിപ്രായം മാറ്റി. 'അല്ലെങ്കില്‍ വേണ്ട അല്ലെ.. ബൈജുവിന് ദോഷം ഉണ്ടാവും. ഒരു വര്‍ഷമല്ലേ. നമുക്ക് വെയിറ്റ് ചെയ്യാം. അപ്പോഴേക്കും നമ്മുടെ കല്യാണവും കഴിയും' അവള്‍ സമാധാനിപ്പിച്ചു. കല്യാണത്തിന്റെ കാര്യം കേട്ടപ്പോ ബൈജുവിന്റെ വിഷമം ഒക്കെ കുറച്ചു കുറഞ്ഞു. കാര്‍ വാങ്ങിയിട്ട് അവള്‍ക്കും ഓടിക്കാന്‍ കൊടുക്കണം എന്നൊക്കെ ആദ്യമേ രണ്ടു പേരും കൂടി തീരുമാനിച്ചിരുന്നതാണ്. ഒടുവില്‍ മോഹന്‍ ലാല്‍ പറയുന്ന പോലെ സംഭവിച്ചതെല്ലാം നല്ലതിന് , ഇനി വരാന്‍ പോകുന്നതും നല്ലത് എന്നൊക്കെ പറഞ്ഞു രണ്ടു പേരും കാര്‍ വാങ്ങല്‍ ഫ്രിഡ്ജില്‍ വച്ചു. ഒരു കണക്കിന് കുറച്ചു കഴിഞ്ഞു വാങ്ങുന്നതാ നല്ലത് . പുതിയ കുറെ മോഡലുകള്‍ വരാനുണ്ട്. അങ്ങനെ ഒക്കെ വിചാരിച്ചു അവര്‍ സമാധാനിച്ചു.

    അങ്ങനെ ഒരു ദിവസം.. ബൈജു നല്ല പണിയില്‍ ആണ്. അപ്പൊ അതാ വരുന്നു പ്രേമി. ഒരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞു അവന്‍ ബൈജുവിനെ പുറത്തേക്കു വിളിച്ചു. രണ്ടു പേരും കൂടി മുകളിലത്തെ നിലയിലുള്ള കഫെറ്റെറിയായില്‍ പോയി. ഓഫീസില്‍ ഇപ്പൊ വന്‍ പൊളിറ്റിക്സ് ആണെന്നും സീ ഈ ഓ യുടെ കൈമണികള്‍ക്ക് മാത്രമേ ഇത്തവണ പ്രൊമോഷന്‍ ഉള്ളൂ എന്നും കേട്ടുവത്രേ. ഇതൊക്കെ കണ്ടിട്ട് രക്തം തിളയ്ക്കുന്നു എന്നൊക്കെ പറഞ്ഞു പ്രേമി ചായ കപ്പ്‌ മേശപ്പുറത്തു ഇടിച്ചു വച്ചു. ഇതൊക്കെ കണ്ടിട്ട് ബൈജുവും ആകെ ചൂടായി. ഇന്നിനി പണി എടുക്കുന്നില്ല  അന്ന് രണ്ടു പേരും കൂടി തീരുമാനിച്ചു. ഉച്ച കഴിഞ്ഞിട്ട് വീട്ടിലേക്കു പോകാം എന്ന് പ്രേമി പറഞ്ഞു. എന്തൊക്കെയോ പറഞ്ഞു ലീവ് ആക്കിയിട്ടു രണ്ടു പേരും രണ്ടു മണിയായപ്പോ തന്നെ ഇറങ്ങി. പ്രേമിക്കു പഴയ ഒരു മാരുതി കാര്‍ ഉണ്ട്. വെയിലത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്നത് കാരണം കാര്‍ ആകെ ചൂട് പിടിച്ചു ഇരിക്കുകയായിരുന്നു. പക്ഷെ ചൂടൊന്നും ബൈജു അറിഞ്ഞില്ല. പ്രേമിയും. കുറച്ചു ദൂരം പോയിട്ടും കാറിലെ ചൂട് കുറയുന്നില്ല. ഏ സി വര്‍ക്ക് ചെയ്യുന്ന ശബ്ദം കേട്ടപ്പോ നാട്ടില്‍ മഴ സീസണില്‍ പാടത്തു നിന്ന് വെള്ളം പമ്പ്‌ ചെയ്തു കളയാന്‍ കൊണ്ട് വരുന്ന മോട്ടോര്‍ ആണ് ബൈജുവിന് ഓര്‍മ വന്നത്. 'ഹേയ് ബൈജു .. വണ്ടി എങ്ങനെ ഉണ്ട് ? ഇതില്‍ climate control

ഒക്കെ ഉണ്ട്. ബൈജു ഞെട്ടി. പക്ഷെ ഞെട്ടല്‍ തീരുന്നതിനു മുമ്പേ പ്രേമി അത് വിശദീകരിച്ചു കൊടുത്തു. 'അതായതു പുറത്തു ചൂടാണെങ്കില്‍ അകത്തും നല്ല ചൂടായിരിക്കും. തണുപ്പാണെങ്കിലും അങ്ങനെ  തന്നെ. അത് കേട്ട് ബൈജു അറിയാതെ ചിരിച്ചു പോയി. പ്രേമിയുടെ അപ്പാപ്പന്‍ വാങ്ങിയ കാര്‍ ആണത്രേ അത്. കൈമാറി കിട്ടിയതാണത്രേ.  അങ്ങനെ ഒരു മണിക്കൂര്‍ നേരത്തെ അധ്വാനത്തിന് ശേഷം പ്രേമിയുടെ വീട്ടിലെത്തി. മര്യാദയ്ക്ക് ഓടുന്ന ഒരു കാര്‍ ആണെങ്കില്‍ ഇരുപതു മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലമാണ്. ഒരു മണിക്കൂറില്‍ കൂടുതല്‍ എടുത്തു. പ്രേമി ആകെ അലങ്കോലമായ ഒരു ചായ ഇട്ടു കൊടുത്തു. അതൊക്കെ കുടിച്ചു കമ്പനിയെ കുറെ തെറിയും വിളിച്ചു കഴിഞ്ഞപ്പോ രണ്ടു പേര്‍ക്കും കുറച്ചു ആശ്വാസം ആയി. കുറച്ചു കഴിഞ്ഞപ്പോ ആരോ പ്രേമിയെ ഫോണില്‍ വിളിച്ചു. ഫോണ്‍ അറ്റന്‍ഡ് ചെയ്തിട്ട് തിരിച്ചു വന്ന പ്രേമി മറ്റൊരാള്‍ ആയിരുന്നു. മുഖത്ത് മീശയും താടിയും ഒഴികെ പുറത്തു കാണാന്‍ പറ്റുന്ന സ്ഥലമൊക്കെ ചുവന്നു തുടുത്തിരിക്കുന്നു. മാത്രമല്ല മേലാകെ ഒരു രോമാഞ്ചം പോലെ പ്രേമി കുളിര് കോരി ഇരിക്കുന്നു. അത് കണ്ടപ്പോഴേ ബൈജുവിനു കാര്യം പിടി കിട്ടി. ലവന്‍ ഏതോ മധുര കരിമ്പ്‌ കടിച്ചിട്ടുണ്ട്‌. അതെ അത് തന്നെ. പ്രേമിയുടെ ഗേള്‍ ഫ്രണ്ട് വരുന്നു. ലുധിയാനയില്‍ നിന്ന്. വൈകിട്ടത്തെ ഫ്ലൈറ്റില്‍ ആണത്രേ വരുന്നത്. അവളെ കൂട്ടിക്കൊണ്ടു വരാന്‍ പ്രേമി ബൈജുവിനെയും ക്ഷണിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ്. ചിന്നു ഇന്ന് റൂം മേറ്റ്‌ ന്റെ ബര്‍ത്ത്ഡേ ട്രീടിനു പോവും എന്ന് പറഞ്ഞിരുന്നു. അപ്പൊ ഇനി ടൈം ഉണ്ട്. പോയേക്കാം.

ബൈജു തീരുമാനിച്ചു.

     അങ്ങനെ ആ തല്ലിപ്പൊളി കാറില്‍ രണ്ടു പേരും കൂടി ഒരു വിധം ആറു മണിക്ക് തന്നെ എയര്‍ പോര്‍ടിലെത്തി. ഫ്ലൈറ്റ് എട്ടാം നമ്പര്‍ പ്ലാട്ഫോമില്‍ വരും എന്ന് പ്രേമി പറഞ്ഞു. ഏഴു മണി ആയപ്പോ അവള്‍ എത്തി. ഗുല്‍ എന്നാണ് പുള്ളിക്കാരിയുടെ പേര്. ഗോതമ്പിന്റെ നിറമുള്ള ഒരു സുന്ദരി. കണ്ടപാടെ രണ്ടെണ്ണം കൂടി ഓടി വന്നു കെട്ടിപ്പിടിച്ചു കുറെ നേരം നിന്നു. അത് കണ്ടു സഹിക്ക വയ്യാതെ ബൈജു ഇടയ്ക്ക് കയറിയിട്ട് 'എന്നാ നമുക്ക് പോയാലോ.. നേരം വൈകും' എന്നൊക്കെ പറഞ്ഞു. പ്രേമി അവളെ ബൈജുവിനു പരിചയപ്പെടുത്തി. തിരിച്ചു വരുന്ന വഴി കാറിലിരുന്നു ബൈജു ചിന്നുവിനെ പറ്റി ഓര്‍ക്കുകയായിരുന്നു. അവളിപ്പോ എന്തെടുക്കുകയായിരിക്കുമോ എന്തോ. അവരുടെ പീ ജിക്ക് തൊട്ടടുത്തുള്ള ഒരു കോഫി ഷോപ്പില്‍ വച്ചാണ് ട്രീറ്റ്‌. ഒന്‍പതു മണി ആവുമ്പോ തിരിച്ചെത്തും എന്നാ അവള്‍ പറഞ്ഞത്. സമ്മാനം കൊടുക്കാന്‍ ഒരു ടെഡി ബെയര്‍ നെ വാങ്ങിച്ചു കൊണ്ട് പോയിട്ടുണ്ട്. ഈ പെണ്‍ പിള്ളാര്‍ക്ക് പാവ എന്ന് വച്ചാല്‍ പ്രാന്താനെന്നു തോന്നുന്നു. ഇതൊക്കെ ഓര്‍ത്തു ബൈജു സ്വയം ഇരുന്നു ചിരിച്ചു. അരേ ബൈജു..എന്താണ് ചിരിക്കുന്നത് .. പ്രേമി ചോദിക്കുകയാണ്. ഹേ ഒന്നുമില്ല എന്ന് പറഞ്ഞു ബൈജു ഒരു വിഡ്ഢി ചിരി ചിരിച്ചു. പ്രേമിയും ഗുലും കൂടി തകര്‍ക്കുകയാണ്. ഭയങ്കര ബഹളം. അല്ലെങ്കിലും ഈ നോര്‍ത്ത് ഇന്ത്യന്‍സ് ഇങ്ങനെ ആണ്. രണ്ടു പേര്‍ തമ്മില്‍ കാണുകയാണെങ്കില്‍ ഏഴു മൈല്‍ ചുറ്റളവിലുള്ള എല്ലാവരും അറിയുന്ന രീതിയിലുള്ള ബഹളമായിരിക്കും. അതൊക്കെ മലയാളികള്‍. ഒന്ന് ചുണ്ടനക്കണമെങ്കില്‍ തന്നെ കുറെ നേരം പിടിക്കും.

    വഴിയില്‍ പോലീസ് ചെക്കിംഗ് ഉണ്ട്. ഇന്ന് വെള്ളിയാഴ്ച ആണല്ലോ. അതായിരിക്കും. എന്തായാലും അവരുടെ വണ്ടി പോലിസ് തടഞ്ഞു. ഒരു കോണ്‍സ്റ്റബിള്‍ മുന്നോട്ടു വന്നു. ബൈജുവും പ്രേമിയും പുറത്തിറങ്ങി. സര്‍. യുവര്‍ കാര്‍ ഓവര്‍ സ്പീഡ്. ഫൈന്‍ ത്രീ ഹണ്ട്രഡു എന്ന് ശുദ്ധമായ കന്നഡ ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അത് കേട്ടിട്ട് ബൈജുവിന് ചിരി പൊട്ടി. പണ്ടേ ദുര്‍ബല. ഇപ്പൊ ഗര്‍ഭിണി എന്ന അവസ്ഥയിലുള്ള ഈ കാര്‍ ഓവര്‍ സ്പീഡില്‍ ഓടി എന്ന് പറഞ്ഞാല്‍ മാരുതി കമ്പനിക്ക് വരെ ചിരി വരും. ഡേയ് ബൈജു. എന്തെങ്കിലും കന്നഡ പറഞ്ഞു രക്ഷിക്കൂ എന്ന് പ്രേമി നിലവിളിക്കാന്‍ തുടങ്ങി. അങ്ങനെ ബൈജു കളത്തിലിറങ്ങി. സര്‍. ജാസ്തി സ്പീടില്ല സര്‍. ഹെല്പ് മാടു സര്‍.. എന്നൊക്കെ ബൈജു അങ്ങേരുടെ കാലു പിടിച്ചു പറഞ്ഞു. ഡേയ് കയ്യില്‍ കാശ് വല്ലതുമുണ്ടെങ്കില്‍ കൊടുക്ക്‌ എന്ന് പറഞ്ഞു. പ്രേമി പേഴ്സ് പുറത്തെടുത്തു. തടിച്ചിരിപ്പുണ്ട്‌. ഇവനോട് നേരത്തെ പറഞ്ഞില്ലെങ്കില്‍ ഇവന്‍ അഞ്ഞൂറോ ആയിരമോ എടുത്തു കൊടുക്കും. എന്നാല്‍ ബൈജുവിന് എന്തെങ്കിലും പറയാന്‍ പറ്റുന്നതിനു മുമ്പ് അവനെ ഞെട്ടിച്ചു കൊണ്ട് പ്രേമി ഒരു നൂറു രൂപ എടുത്തു നീട്ടി. ശെടാ . ഇവന്‍ ഇത്രയ്ക്കൊക്കെ പുരോഗമിച്ചോ ... നൂറു രൂപ കണ്ടതും പോലീസുകാരന്‍ തല ചൊറിയാന്‍ തുടങ്ങി. ഫൈന്‍ ത്രീ ഹണ്ട്രഡു സര്‍ വിത്ത്‌ റെസീപ്റ്റ്. ടു ഹണ്ട്രഡു വിത്തൌട്ട് റെസീപ്റ്റ്. സോഫ്റ്റ്‌വെയര്‍ താനേ ... കൊഞ്ചം കൂടി അട്ജസ്റ്റ് പണ്ണുങ്ക സാര്‍.' എന്നൊക്കെ അയാള്‍ പറഞ്ഞു. ബാന്ഗ്ലൂരിലെ പോലീസുകാര്‍ക്ക് ഒരു ഗുണമുണ്ട്. സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവന്‍ ഇതു വേഷത്തില്‍ വന്നാലും അവന്മാര്‍ ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കും.

എന്തായാലും നൂറു രൂപ കൂടി കൊടുക്കേണ്ടി വരും എന്നാ തോന്നുന്നത്. പ്രേമിയോടു കാര്യം പറഞ്ഞു.

ഇപ്പൊ ഞെട്ടിയത് ബൈജുവാണ്. പ്രേമിയുടെ കയ്യില്‍ ആകെ നൂറു രൂപയെ ഉള്ളൂ പോലും.

ബൈജു ആ പേഴ്സ് വാങ്ങി നോക്കി. അത് മുഴുവന്‍ പ്രേമി ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരച്ചതിന്റെ സ്ലിപ്പുകളാണ് .കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലാതെയാണ് ശവം ഗേള്‍ ഫ്രണ്ട് നെയും കൊണ്ട് ഇറങ്ങിയിരിക്കുന്നത്. ബൈജു ഓര്‍ത്തു. അവന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നൂറു  രൂപ കൂടി എടുത്തു നീട്ടി. എന്ത് പറ്റി എന്ന് പറഞ്ഞു ഗുല്‍ തല വെളിയിലിട്ടു. ഒന്നുമില്ല, നീ ഇറങ്ങണ്ട എന്ന് പ്രേമി പറഞ്ഞു. ഇനി ഇവളും പ്രേമിയെ പോലെ പിച്ച ആയിരിക്കുമോ .. പണി കിട്ടുമോ എന്നൊക്കെ ബൈജു ഓര്‍ത്തു. എന്തായാലും ഒടുവില്‍ തടിയൂരി. ഡാര്‍ലിംഗ്. പെട്രോള്‍ അടിക്കാനും ഗുല്‍ നു ഡിന്നര്‍ കൊടുക്കാനും കുറച്ചു പൈസ കടം തരണം എന്നൊക്കെ പ്രേമി പറഞ്ഞു. അവനെ ചീത്ത വിളിച്ചു കൊണ്ട് ഗുല്‍ കാണാതെ ബൈജു കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ എടുത്തു കൊടുത്തു.അത് വാങ്ങിയ ഉടനെ പ്രേമി അടുത്ത നമ്പര്‍ ഇട്ടു. അപ്പൊ ബൈജു ഇവിടെ ഇറങ്ങുകയല്ലേ.. നാളെ കാണാം ട്ടോ ..' എന്നൊക്കെ പറഞ്ഞിട്ട് ബൈജുവിനെ എം ജി റോഡിന്റെ തിരക്കിലേക്ക് ഇറക്കി വിട്ടു.

    ബൈജു അവിടെ ഇറങ്ങി ആകാശത്തോട്ട് നോക്കി. മെട്രോയുടെ പണി നടക്കുന്നത് കാരണം നില്‍ക്കാന്‍ കുറച്ചു തണല്‍ ഉണ്ട്. അവിടെ കയറി നിന്ന് ബൈജു ചിന്നുവിനെ വിളിച്ചു. 'ഹലോ. ആന്റി ഉണ്ടോ ? വീട്ടിലാണോ ? " എന്നിങ്ങനെ ചിന്നുവിന്റെ കുറെ ചോദ്യം. ബൈജുവിന് അപകട സൂചന പിടി കിട്ടി. അവളുടെ അടുത്ത് ഫ്രണ്ട് ഉണ്ട്. അവര്‍ക്ക് മനസ്സിലാവാതിരിക്കാന്‍ വേണ്ടി ചിന്നു പൊട്ടന്‍ കളിക്കുന്നതാ. പക്ഷെ അത് കേട്ടാലെ ആര്‍ക്കും മനസ്സിലാവും എന്തോ തരികിട ആണെന്ന്.

അപ്പൊ ഇനി നേരെ റൂമിലേക്ക്‌ വിടാം. ഒരു ഓട്ടോ പിടിച്ചു. അവന്‍ ചോദിച്ച പൈസ തന്നെ സമ്മതിച്ചു കീഴടങ്ങി. റൂമിലെത്തി. കുളിച്ചു ഭക്ഷണം കഴിച്ചു വന്നപ്പോഴേയ്ക്കും മണി പത്തായി.

ചിന്നുവിന്റെ അനക്കമൊന്നുമില്ല. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന പോലെ ബൈജുവിന് തോന്നി.

പൂച്ച മത്തിതലയുടെ മുന്നില്‍ ഇരിക്കുന്ന പോലെ ബൈജു മൊബൈലിന്റെ മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. പതിനൊന്നു മണി ആയിട്ടും ഒരു അനക്കവും കാണാത്തത് കൊണ്ട് ബൈജുവിന് ടെന്‍ഷന്‍ ആയി. ഇരുന്നിരുന്നു പന്ത്രണ്ടു മണി ആയപ്പോ അതാ ഒരു മെസ്സേജ്.

'ഗുഡ് നൈറ്റ്‌' . അത് കണ്ടതും ബൈജുവിന് കളി ആയി. 'ഇത്രയും നേരം എവിടെ പോയി കിടക്കുകയായിരുന്നു ' എന്ന് പറഞ്ഞു ചൊറിഞ്ഞ മുഖമുള്ള സ്മൈലി പിടിപ്പിച്ച ഒരു മെസ്സേജ് വിട്ടു. അതിനു ഒരു മറുപടിയും ഇല്ല. അതോടെ ബൈജുവിന്റെ പിടി വിട്ടു. പായ വിരിച്ചു കിടന്നു.

    രാവിലെ ഓഫീസില്‍ എത്തി. ദേഷ്യം കാരണം ബൈജു ചിന്നുവിനെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല. അവള്‍ ഇടയ്ക്കിടയ്ക്ക് ബൈജു ഇരിക്കുന്നതിനു മുന്നില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഉലാത്തുന്നുണ്ട്. ബൈജു നോക്കും എന്ന പ്രതീക്ഷയില്‍ ആണ് നടക്കുന്നതെങ്കിലും അവന്‍ മൈന്‍ഡ് ചെയ്തില്ല. ഒന്ന് രണ്ടു തവണ നടന്നതിനു ശേഷം ചിന്നു സീറ്റില്‍ പോയി ഇരുന്നു. അതാ വരുന്നു ഒരു മെസ്സേജ്. 'സോറി . ഇന്നലെ കൌ ന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. ആ കുട്ടി ഒരു മണി വരെ കത്തി വച്ച് കൊണ്ടിരുന്നത് കാരണം എല്ലാവരും ഉറങ്ങാതെ ഇരിക്കുകയായിരുന്നു. അതാ ഒന്നും ചെയ്യാന്‍ പറ്റാഞ്ഞത്‌. ' അത് ശരി. ഈ കൌസ്തുഭ ഇപ്പോഴും ഒരു പാര ആണല്ലോ. ഇവരെ കൊണ്ട് തോറ്റു.

എന്നാലും ബൈജു വിട്ടു കൊടുത്തില്ല. 'എന്നാ പിന്നെ നിനക്ക് എന്തെങ്കിലും പ്ലാന്‍ ഇറക്കി പുറത്തു പോയി അയക്കാന്‍ പാടില്ലായിരുന്നോ ? ' അവന്‍ വീണ്ടും ഒരു മെസ്സേജ് അയച്ചു. 'എനിക്ക് മനസ്സില്ലായിരുന്നു " എന്ന് പറഞ്ഞിട്ട് മുമ്പ് ബൈജു അയച്ചതിനേക്കാള്‍ ചൊറിഞ്ഞ മുഖമുള്ള ഒരു സ്മൈലി വച്ച ഒരു മെസ്സേജ് അതാ വരുന്നു. ഹോ. ആകെ കലിപ്പായി. പണി വാങ്ങിച്ചു. ബൈജു കുറെ നേരം അവിടെ ഇരുന്നു പോയി. ഇനി അവളുടെ പിണക്കം മാറണമെങ്കില്‍ കാലു പിടിക്കേണ്ടി വരും. ഉച്ച കഴിഞ്ഞിട്ട് ബൈജു അവളുടെ മുന്നില്‍ കൂടി തിരിച്ചു ഉലാത്തി നോക്കി. അവളുടെ ക്യുബിക്കിളിനു മുന്നില്‍ ചെന്ന് നിന്ന് ചുമച്ചു നോക്കി. അവളുടെ അടുത്തിരുന്ന പ്രേമി ആ ചുമ കേട്ടിട്ട് ഒരു ടാബ്ലെറ്റ് കൊണ്ട് ബൈജുവിന്റെ അടുത്തേക്ക് ചെന്നു. ഡേയ്. നീ ഇന്നലെ ആ വെയിലത്ത്‌ ഇറക്കി വിട്ടപ്പോ വെയിലടിച്ചു ചുമ പിടിച്ചതാണ് എന്നൊക്കെ ബൈജു വച്ച് താങ്ങി. അത് കേട്ട ചിന്നു ചെറുതായി തല പൊക്കി. ബൈജു നോക്കുന്നത് കണ്ടിട്ട് അവള്‍ തല താഴ്ത്തി. പക്ഷെ അവര്‍ തമ്മില്‍ പറയുന്നതൊക്കെ അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രേമിക്കു ആകെ ഫീല്‍ ആയി. ആ ഗുല്‍ പറഞ്ഞത് കൊണ്ടാണ് അപ്പൊ പെട്ടെന്ന് പോകേണ്ടി വന്നത്. സോറി . എന്നൊക്കെ പ്രേമി ആകെ വികാരാധീനന്‍ ആയി പറഞ്ഞു. അപ്പോഴതാ ഫോണില്‍ ഒരു മെസ്സേജ്. 'സോറി ബൈജു. ചുമ പിടിച്ചോ ? മരുന്ന് വേണോ ? " ചിന്നുവാണ്. ബൈജുവിന് അവളോട്‌ പാവം തോന്നി. പിണക്കം തീര്‍ന്ന സന്തോഷത്തില്‍ ബൈജു പ്രേമിയോടു പറഞ്ഞു.. സരമില്ലടെയ്.. നിന്റെ വിഷമം എനിക്ക് മനസ്സിലാവും. സാരമില്ല' എന്നൊക്കെ പറഞ്ഞിട്ട് അവന്‍ സീറ്റില്‍ പോയി ഇരുന്നു. അതിന്റെ പിറകെ അതാ വരുന്നു ചിന്നു .. അടുത്ത ക്യുബിക്കിളില്‍ ഇരിക്കുന്ന പ്രാച്ചിയെ കാണാന്‍ ഉള്ള പോക്കാണെന്നാണ് വയ്പ്. പക്ഷെ ഇത്തവണ പോകുന്ന വഴി ചിന്നു ഒരു പുഞ്ചിരി പാസ്സാക്കി.

ബൈജുവിന് അത് ഇഷ്ടപ്പെട്ടെങ്കിലും അവന്‍ അത് പുറത്തു കാണിച്ചില്ല.

    ആറു മണി ആയി . വര്‍ക്ക് എല്ലാം കഴിഞ്ഞു. ഇറങ്ങിയെക്കാം. വേറെ എല്ലാവനും കുത്തിയിരുന്ന് പണിയുന്നുണ്ട്. ചിന്നുവിനെ ഒന്ന് പാളി നോക്കി. അവള്‍ പ്രാച്ചിയുമായി എന്തോ കഥ പറഞ്ഞു നില്‍ക്കുന്നുണ്ട്. കാര്‍ത്തിക് റോഷന്റെ ഏതോ പുതിയ ഹിന്ദി പടം ഇറങ്ങിയിട്ടുണ്ടല്ലോ. അതില്‍ നായിക ഇട്ട ചുരിദാര്‍ എവിടെ കിട്ടുമെന്നുള്ള ചര്‍ച്ച ആയിരിക്കും. ഇവളുമാര്‍ക്ക് വേറൊന്നും  ഇല്ലല്ലോ സംസാരിക്കാന്‍. ബൈജു ഓര്‍ത്തു. അവന്‍ പതുക്കെ മെഷീന്‍ ഒക്കെ ഷട്ട് ഡൌണ്‍ ചെയ്തു.

സീറ്റില്‍ നിന്നും എണീറ്റ്‌ നിന്ന് കൈ ഒക്കെ പൊക്കി ഒന്ന് മൂരി നിവര്‍ത്തി. ചിന്നുവിനെ കാണിക്കാനാണ്. എന്നിട്ട് പതുക്കെ പുറത്തേക്കു നടന്നു. ലിഫ്റ്റില്‍ കയറി. ഗ്രൌണ്ട് ഫ്ലോര്‍ അമര്‍ത്തി. അപ്പൊ അതാ ഡോര്‍ തനിയെ തുറക്കുന്നു. പെട്ടെന്ന് പെയ്ത ഒരു മണ്‍സൂണ്‍ മഴ പോലെ ചിന്നു ഓടി വന്നു ലിഫ്റ്റില്‍ കയറി. അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്. 'എന്തിനാ ഓടി ഇവിടെ കയറിയത് ? എന്നെ വീണ്ടും ചൊറിയാനല്ലേ ? ഇന്ന് നിന്റെ കൌ ഉം അവളുടെ ആരൊക്കെയോ ഒക്കെ ഇല്ലേ.. ? " അവന്‍ ആകാവുന്ന പോലെ ഒക്കെ മുഖം കറുപ്പിച്ചു ചോദിച്ചു. അവള്‍ പക്ഷെ തിരിച്ചൊന്നും പറഞ്ഞില്ല. മാത്രമല്ല ആ മുഖം ഒന്ന് കൂടി വിടര്‍ന്നു.. " ലിഫ്റ്റ്‌ നാലാമത്തെ ഫ്ലോറില്‍ എതിയാതെ ഉള്ളൂ. ജാംബവാന്റെ മുത്തച്ഛന്‍ ജീവിചിരുന്നപ്പോ വച്ച ലിഫ്റ്റ്‌ ആണ്. നാലാമത്തെ ഫ്ലോറില്‍ ലിഫ്റ്റ്‌ നിന്നു. പക്ഷെ ആരും കയറിയില്ല. ആരോ അത് വെയിറ്റ് ചെയ്തു നിന്നു ക്ഷമ നശിച്ചിട്ടു പടി ഇറങ്ങി പോയി എന്ന് തോന്നുന്നു. ഡോര്‍ തനിയെ അടഞ്ഞു. വീണ്ടും നീങ്ങി തുടങ്ങി. പെട്ടെന്നായിരുന്നു അത്. ചിന്നു ബിജുവിനെ കെട്ടിപ്പിടിച്ചു അവന്റെ രണ്ടു കവിളിലും പെട്ടെന്ന് ഓരോ ഉമ്മ അങ്ങ് ചാര്‍ത്തി. ലിഫ്റ്റ്‌ താഴെ എത്തിയതൊന്നും ബൈജു അറിഞ്ഞില്ല. ഡോര്‍ തുറന്നപ്പോ ഒപ്പം വര്‍ക്ക് ചെയ്യുന്ന ഉമ മുകളിലേക്ക് പോകാന്‍ വേണ്ടി താഴെ നില്‍ക്കുന്നുണ്ടായിരുന്നു. ഉമ രണ്ടു പേരോടും ഹായ് പറഞ്ഞു. ചിന്നു തിരിച്ചും പറഞ്ഞെങ്കിലും ബൈജു വായും പൊളിച്ചു ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു.

    കുറച്ചു നേരം അവന്‍ പുറത്തു തന്നെ കുറച്ചു നേരം നിന്നു. 'ഇതിനാ ഞാന്‍ ഓടി കയറിയത്... ഇനിയെങ്കിലും പിണക്കം മാറിയോ ?" ചിന്നുവിന്റെ മെസ്സേജ്. 'എല്ലാം മാറി മോളെ.. ഞാന്‍ ആണ് സോറി പറയേണ്ടത്.. ഐ ആം ദി സോറി ' എന്ന് പറഞ്ഞു ചിരിക്കുന്ന  ഒരു സ്മൈലി ഒക്കെ വച്ച് അവന്‍ ഒരു മെസ്സേജ് വിട്ടു. അന്ന് രാത്രിയിലെ അവരുടെ സംസാരം ആകെപ്പാടെ ഇമോഷണല്‍ ആയിരുന്നു. ചിന്നു ടെറസില്‍ കയറി നിന്നാണ് സംസാരം. ചിന്നുവിന്റെ  റൂം മേറ്റ്‌ അവളുടെ അമ്മായിയുടെ വീട്ടിലേക്കു പോയിരിക്കുകയാണ്. ബൈജു പതിവ് പോലെ റൂമിന്റെ മുന്‍വശത്ത് വെറുതെ ഇട്ടിരിക്കുന്ന ആ കല്ലില്‍ ഇരുന്നും. 'ഇന്ന് ആകെ സന്തോഷം ആണ് ബൈജു..എന്നെ ഒന്ന് പെട്ടെന്ന് കല്യാണം കഴിച്ചു കൊണ്ട് പോ. അപ്പൊ എന്നും എനിക്കിത് പോലെ ഹാപ്പി ആയി ഇരിക്കാമല്ലോ  ' അവള്‍ പറഞ്ഞു.. 'ചെയ്യാം മോളെ..' അവന്‍ അറിയാതെ പറഞ്ഞു പോയി. 'മോളോ.. അയ്യേ.. ' ചിന്നുവിനു ആകെ നാണം. 'സോറി .. അറിയാതെ വിളിച്ചു പോയതാ .. ശരിക്കും പറഞ്ഞാല്‍ നിന്നെ മോളെ എന്നല്ല വിളിക്കേണ്ടത്..' ബൈജു പറഞ്ഞു.. അത് കേട്ട് ചിന്നു പൊട്ടിച്ചിരിച്ചു. ' നീ പറഞ്ഞത് ശരിയാ. നമുക്ക് വീട്ടില്‍ പറയാം. ' അവന്‍ പറഞ്ഞു. 'ഞാന്‍ ചേച്ചിയോട് ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ അന്ന്...' അവളുടെ ശബ്ദം മുറിഞ്ഞു... 'അതൊന്നും നീ ഓര്‍ക്കണ്ട. അടുത്ത തവണ വീട്ടില്‍ പോകുമ്പോ നമുക്ക് രണ്ടു പേര്‍ക്കും അവരവരുടെ വീട്ടില്‍ പറയാം. ഇതിങ്ങനെ നീട്ടികൊണ്ട് പോകുന്നത് റിസ്ക്‌ അല്ലേ " ബൈജു പറഞ്ഞു. " അത് ശരിയാ..പറയാം.. പക്ഷെ എന്റെ വീട്ടുകാരുടെ കാര്യമോര്‍ത്താ എനിക്ക് പേടി " അവള്‍ പറഞ്ഞു.. അത് പറയുമ്പോ അവളുടെ ശബ്ദം ഇടറിയിരുന്നു..'പക്ഷെ ഇങ്ങനെ നീട്ടികൊണ്ട് പോകുന്നതിലും അര്‍ത്ഥമില്ല ചിന്നൂ.. എന്നായാലും പറഞ്ഞല്ലേ പറ്റൂ.. അവര്‍ സമ്മതിച്ചു കഴിഞ്ഞാല്‍ പിന്നെ ഇന്ന് നീ ചെയ്ത പോലെ ഒളിച്ചു ഉമ്മ വയ്ക്കണ്ടല്ലോ ' അവന്‍ അവളെ സമാധാനിപ്പിക്കാന്‍ കൂടി കരുതി പറഞ്ഞു... അത് കേട്ടിട്ട് ചിന്നുവും അവനും എന്തിനോ വേണ്ടി വെറുതെ ചിരിച്ചു. അങ്ങനെ അവര്‍ രണ്ടും അത് തീരുമാനിച്ചു. . അടുത്ത വെള്ളിയാഴ്ച ആണ് വീട്ടില്‍ പോകുന്നത്... അന്ന് എല്ലാം പറയണം. ആ ദിവസം പെട്ടെന്ന് തന്നെ വന്നെത്തി... നേരിയ പരിഭ്രമത്തോടും എല്ലാം ഭംഗിയായി നടക്കണേ എന്ന പ്രാര്‍ത്ഥനയോടും കൂടി ആ പാവങ്ങള്‍ ബാംഗ്ലൂരില്‍ നിന്നു യാത്ര തിരിച്ചു..

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 26

     രാവിലെ തന്നെ ട്രെയിന്‍ എത്തി. ചിന്നു മിടിക്കുന്ന ഹൃദയത്തോടെ പുറത്തിറങ്ങി. പുറത്തു അച്ഛന്‍ കാറുമായി കാത്തു നില്‍പ്പുണ്ട്.  എല്ലാ തവണയും നാട്ടില്‍ വരുന്നത് പോലെയല്ലല്ലോ ഇന്ന്. അവള്‍ പതിയെ ബാഗ് കാറിന്റെ ഡിക്കിയില്‍ കൊണ്ടു വച്ചു. 'എന്താടീ..യാത്രയൊക്കെ എങ്ങനിരുന്നു ? " അച്ഛന്‍ ചോദിച്ചു. "സുഖമായിരുന്നു അച്ഛാ.. അച്ഛന്‍ എപ്പോ വന്നു ? " അവള്‍ ചോദിച്ചു. "ഞാന്‍ വന്നിട്ട് പത്തു മിനിറ്റ് ആയി. എനിക്കറിയാമായിരുന്നു ഇത് ലേറ്റ് ആവും ന്ന് "  അച്ഛന്‍ പറഞ്ഞു. 'ഹോ. ഈ അച്ഛന്റെ ഒരു ബുദ്ധി.. " ചിന്നു ചിരിച്ചു കൊണ്ടു പറഞ്ഞു. ഔപചാരികത ഒന്നുമില്ലാതെയാണ് അച്ഛന്‍ അവളോട്‌ സംസാരിക്കുന്നത്. കാര്‍ വിട്ടു. നഗരം ഉണര്‍ന്നു വരുന്നു. റോഡില്‍ പത്രക്കാരും രാവിലെ എണീറ്റ്‌ പണിക്കു പോകുന്ന തൊഴിലാളികളും ഒക്കെയുണ്ട്.   വീട്ടിലെത്തി. അമ്മ പുറത്തിരിപ്പുണ്ട്. എന്താ അച്ഛനും മോളും കൂടി ഇത്രയും താമസിച്ചത് ? ഞാന്‍ വിളിക്കാന്‍ തുടങ്ങുകയായിരുന്നു. അമ്മ പറഞ്ഞു. പക്ഷെ ചിന്നുവിന്റെ ഉള്ളില്‍ ഒരു പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു. ഇതെങ്ങനെ പറയും. ഒരു തുടക്കം കിട്ടണമല്ലോ. അച്ഛന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അവള്‍ തിരിച്ചും മറിച്ചും മറുപടി പറയുന്നത് കേട്ടിട്ട് അച്ഛന്‍ തിരിഞ്ഞു നോക്കി. 'എന്ത് പറ്റി നിനക്ക് ? സുഖമില്ലേ ? എന്താ പുറകില്‍ പോയി ഇരിക്കുന്നത് ? സാധാരണ നീ മുന്നില്‍ വന്നു ഞെളിഞ്ഞിരിക്കുന്നതാണല്ലോ.. " അച്ഛന്‍ ചോദിച്ചതൊന്നും അവള്‍ കേട്ടില്ല. വീണ്ടും ചോദിച്ചപ്പോള്‍ അവള്‍ എന്തോ പിറുപിറുത്തു. 'നല്ല തലവേദന അമ്മേ.. ഒന്ന് കിടക്കട്ടെ' ഇത്രയും പറഞ്ഞിട്ട് ചിന്നു മുകളിലത്തെ മുറിയിലേക്ക് പോയി. ഡ്രസ്സ്‌ മാറിയിട്ട് അവള്‍ കിടക്കയിലേക്ക് വീണു. എങ്ങനെ പറയും ? അച്ഛനും അമ്മയും വളരെ സ്നേഹത്തോടെ രാവിലെ തൊട്ടു നോക്കി ഇരിക്കുകയാണ്. എന്തോ. അവള്‍ പഴയ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു. ചിന്നു എം സി എ പഠിക്കാന്‍ പോയപ്പോള്‍ ആണ് അവളുടെ അച്ഛന്റെ ഏറ്റവും അടുത്ത ഒരു ഫ്രണ്ട് ന്റെ മകള്‍ ഒരു പയ്യന്റെ ഒപ്പം ഇറങ്ങി പോയത്. അന്ന് ആ അങ്കിള്‍ വീട്ടില്‍ വന്നത് ചിന്നു ഓര്‍ത്തു. ആകെ തളര്‍ന്നു വിഷമിച്ചു വന്ന അദ്ദേഹത്തെ ചിന്നുവിന്റെ അച്ഛനായിരുന്നു സമാധാനിപ്പിച്ചത്. അന്ന് ആ അങ്കിള്‍ പോയ ശേഷം ചിന്നു കേള്‍ക്കെ അവളോട്‌ അച്ഛനും അമ്മയും പറഞ്ഞു.. ചിന്നു ഒരിക്കലും ഇങ്ങനൊന്നും ആവില്ല എന്നതാണ് ആശ്വാസം എന്ന്.  അതൊക്കെ ഒരു സിനിമ കാണുന്നത് പോലെ ചിന്നുവിന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. എങ്ങനെ തുടങ്ങണം. എന്ത് പറയണം എന്നറിയില്ല. എന്തായാലും അച്ഛന്‍ ചിലപ്പോ പുറത്തു പോകും. അപ്പൊ അമ്മയോട് സൂചിപ്പിക്കാം. ഇത് വരെ സംഭരിച്ചു വച്ചിരുന്ന ധൈര്യം ഒക്കെ ചോര്‍ന്നു പോയിരിക്കുന്നു.

    ഒരുവിധത്തില്‍ അവിടുന്നെഴുനേറ്റു. ഒരു കുളി പാസ്സാക്കി. താഴേക്കു ഇറങ്ങി ചെന്നു. അമ്മ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്. ദോശയും ചട്നിയും. അവള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ബ്രേക്ക്‌ ഫാസ്റ്റ് ആണ്.  എന്നും അതിന്റെ മേല്‍ ചാടി വീഴാറുള്ള ചിന്നു ഇന്ന് അത് കണ്ടിട്ട് ഒന്നും മിണ്ടിയില്ല. മാത്രമല്ല അവളുടെ കണ്ണുകള്‍ ചെറുതായി നിറഞ്ഞു. എന്താ മോളെ ? എന്ത് പറ്റി ? സുഖമില്ലേ ? അമ്മ ചോദിച്ചു. അവള്‍ ഒന്നും മിണ്ടിയില്ല. 'ഇല്ല കുഴപ്പമൊന്നുമില്ല അമ്മേ. ചൂട് വെള്ളത്തില്‍ കുളിച്ചത് കൊണ്ട് കണ്ണ് നിറഞ്ഞത. സാരമില്ല" എന്നൊക്കെ എന്തൊക്കെയോ ചിന്നു പറഞ്ഞു. എന്നിട്ട് പതിയെ ദോശ മുറിച്ചു ചട്നിയില്‍ മുക്കി കഴിക്കാന്‍ തുടങ്ങി. 'എന്നത്തേയും പോലെ ഇങ്ങനിരിക്കാതെ രാവിലെ തന്നെ ബ്യൂട്ടി പാര്‍ലറില്‍ ഒക്കെ ഒന്ന് പോയിട്ട് വാ കേട്ടോ. ഉച്ച കഴിഞ്ഞു നിന്നെ കാണാന്‍ ഒരാള് വരുന്നുണ്ട് " ദോശ ചുട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു. ഒരു വെള്ളിടി പോലെയാണ് ആ വാക്കുകള്‍ ചിന്നുവിന്റെ ചെവിയില്‍ വീണത്‌. അവളുടെ മുഖം വിളറി വെളുത്തു. കണ്ണുകളില്‍ നിന്ന് ധാരയായി കണ്ണീര്‍ ഒഴുകി. പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന അമ്മ അത് കണ്ടില്ല. പെട്ടെന്ന് തന്നെ ടവല്‍ എടുത്തു അവള്‍ മുഖം തുടച്ചു. എന്നിട്ട് ഇടറിയ ശബ്ദത്തില്‍ ചോദിച്ചു.'എന്താ അമ്മേ നേരത്തെ പറയാതിരുന്നത് ? എന്നോട് ആരും പറഞ്ഞില്ലല്ലോ ' എന്നൊക്കെ അവള്‍ പറഞ്ഞു. 'അതിനെന്തിനാ നേരത്തെ തന്നെ ഇതൊക്കെ പറയുന്നത് ? നീ എന്തായാലും വരും എന്ന് പറഞ്ഞിരുന്നല്ലോ. നല്ല ആള്‍ക്കാരാണ്. പയ്യന്‍ ബാന്‍ഗ്ലൂര്‍ തന്നെ ജോലി ചെയ്യുകയാണ്. ഇന്റല്‍ എന്നൊരു കമ്പനിയില്‍ ആണ്. അവന്റെ സഹോദരി അവിടെ കല്യാണമൊക്കെ കഴിച്ചു സെറ്റില്‍ട് ആണ്. നടക്കുകയാണെങ്കില്‍ നല്ലതല്ലേ. ജാതകം നോക്കിയപ്പോ ഏഴു പൊരുത്തം ഉണ്ട്. നോക്കിക്കോളാനാണ് ആ പണിക്കര്‍ പറഞ്ഞത്. വേറൊരു പ്രൊപോസല്‍ കൂടി വന്നിട്ടുണ്ട്. അതിന്റെ ജാതകം കൂടി ഒന്ന് നോക്കാനാണ് അച്ഛന്‍ പോയിരിക്കുന്നത്. ചേരുമെങ്കില്‍ നീ നാളെ തിരികെ പോകുന്നതിനു മുമ്പ് അവരോടും കൂടി വന്നു കാണാന്‍ പറയാം. അമ്മ അവിടെ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. 'എന്താ അമ്മേ.. എന്നെ കെട്ടിച്ചു വിടാന്‍ ഇത്രയ്ക്കു തിടുക്കമായോ ? " അവള്‍ ചോദിച്ചു. ചിന്നുവിന്റെ ചോദ്യവും ഇടറിയ ശബ്ദവും വിളറിയ മുഖവും ഒക്കെ കണ്ടു അമ്മയ്ക്ക് പേടിയായി. നിന്റെ പ്രായത്തിലുള്ളവര്‍ക്കൊക്കെ കുട്ടികളായി. നിന്റേതു നടക്കാതിരുന്നാല്‍ നമുക്ക് പിന്നെ വിഷമം ആവില്ലേ ? ഇത് എങ്ങനെയും നടക്കാന്‍ പ്രാര്‍ത്ഥിക്കൂ. അമ്മ പറഞ്ഞു. ദോശ ഒരുവിധം തീര്‍ത്തതിനു ശേഷം അവള്‍ മുകളിലത്തെ മുറിയിലേക്ക് പോയി. മൊബൈലില്‍ ഒരു മെസ്സേജ് വന്നു കിടപ്പുണ്ട്. 'എന്തായി? എത്തിയോ ? ' ബൈജു അയച്ചതാണ്.  'എത്തി' അവള്‍ മറുപടി അയച്ചു. ഉടന്‍ വരുന്നു അടുത്തത് 'എനി പ്രോബ്ലം ? ' ചിന്നുവിന്റെ ഒരു വാക്കിലുള്ള മെസ്സേജുകള്‍ കണ്ടാല്‍ ബിജുവിന് ടെന്‍ഷന്‍ കയറും. അങ്ങനെ അയച്ചതാവും. ചിന്നു അതിനു മറുപടി അയച്ചില്ല. ഒരു കാര്യം ചെയ്യാം. ബ്യൂട്ടി പാര്‍ലറില്‍ പോകുമ്പോ വിളിക്കാം. അവിടെ പോയിട്ട് കാര്യമായി ഒന്നും ചെയ്യാനില്ല. മുടി ഒന്ന് വെട്ടി ശരിയാക്കണം. മുഖത്തെ ചെറിയ സ്കാര്‍സ് ഒക്കെ കളയണം. അത്രേയുള്ളൂ.

    പന്ത്രണ്ടു മണി ആയപ്പോ ചിന്നു അവിടുന്ന് ഇറങ്ങി. വീട് കഴിഞ്ഞു കുറച്ചായപ്പോ ഫോണ്‍ എടുത്തു. ബൈജു ഒരു റിംഗ് കേട്ടപ്പോ തന്നെ ഫോണ്‍ എടുത്തു. പാവം ടെന്‍ഷന്‍ ആയിട്ടുണ്ടാവും.  ചിന്നു വിഷമത്തോടെ പറഞ്ഞു.. 'ബൈജു എല്ലാം കഴിഞ്ഞു. ഇന്ന് ആരോ പെണ്ണ് കാണാന്‍ വരുന്നെന്നു' അവള്‍ക്കു ആ വാചകം മുഴുമിക്കാനായില്ല. അപ്പോഴേക്കും ചിന്നു വിതുമ്പി പോയി. അങ്ങേ തലയ്ക്കല്‍ നിന്നൊന്നും കേള്‍ക്കാനില്ല. ബൈജു ആകെ തകര്‍ന്നു നില്‍ക്കുകയാവും. മുക്കിയും മൂളിയും അവള്‍ ഉള്ള കാര്യം പറഞ്ഞു. ഒടുവില്‍ എല്ലാം കേട്ടതിനു ശേഷം ബൈജു പറഞ്ഞു  ' ഒരു കാര്യം ചെയ്യൂ. കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറയ്‌. ബാക്കി പിന്നെ നോക്കാം. നമ്മുടെ കാര്യം തല്ക്കാലം മിണ്ടണ്ട. ഇപ്പൊ പറഞ്ഞാല്‍ അത് ചിലപ്പോ വഴക്കാവും. 'അപ്പൊ അവര്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാലോ ബൈജൂ ? " അവള്‍ ചോദിച്ചു. 'ഹേയ്. അങ്ങനെ ആയാലും നിനക്കിഷ്ടമില്ലാതെ നിന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ ? " അവന്റെ മറുചോദ്യം.  അത് കേട്ട് ചിന്നു ഒരു നിമിഷം നിന്നു. സത്യം പറഞ്ഞാല്‍ അങ്ങനെ ഉറപ്പില്ല. അച്ഛന്‍ ചിലപ്പോ വാശി പിടിച്ചു നടത്തിക്കും. അവള്‍ ഓര്‍ത്തു. എന്ത് വന്നാലും സമ്മതിക്കണ്ട. ഇഷ്ടമായില്ല എന്ന് തന്നെ പറയാം. അവള്‍ തീരുമാനിച്ചു. 'അങ്ങനെ തന്നെ ചെയ്യാം ബൈജു' അവള്‍ പറഞ്ഞു. 'എപ്പോഴാ അവര്‍ വരുന്നത്? " ബൈജു ചോദിച്ചു. ശബ്ദത്തില്‍ ധൈര്യം ഉണ്ടെങ്കിലും അവന്റെ ഉള്ളില്‍ നേരിയ ഭയമുണ്ട്. "ഞാന്‍ ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കാം ചിന്നൂ. നീ ധൈര്യമായി ഇരിക്കൂ. പറ്റുമെങ്കില്‍ പോകുന്ന വഴിയില്‍ ഏതേലും അമ്പലം കണ്ടാല്‍ ഒന്ന്  പ്രാര്‍ഥിച്ചോളു എന്നവന്‍ പറഞ്ഞു. അതൊക്കെ കേട്ടപ്പോ ചിന്നുവിന് കുറച്ചു ധൈര്യം ആയി. "ശരി. എന്തായാലും ദൈവം രക്ഷിക്കും" അവളും പറഞ്ഞു. പിന്നെ വിളിക്കാം എന്ന് പറഞ്ഞിട്ട് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു.

     തിരികെ വന്നു ഊണ് കഴിച്ചു എന്ന് വരുത്തി. ഏതു ഡ്രസ്സ്‌ ഇടണം എന്നൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ചേച്ചി വിളിച്ചു. ഡീ. നന്നായി ഒരുങ്ങി നിന്നോ ട്ടാ. വരുന്നത് നല്ല ആള്‍ക്കാരാണ്. നടന്നാല്‍ നിന്റെ ഭാഗ്യം. എല്ലാത്തിനും ഉം എന്ന് മൂളിയിട്ട് പാവം ചിന്നു ഫോണ്‍ വച്ചു. രണ്ടര ആയപ്പോ അവരെത്തി. പയ്യനും അങ്ങേരുടെ അനിയത്തിയും. അനിയത്തിക്ക് രണ്ടു കുട്ടികളുണ്ട്. ഒരെണ്ണം തോളത്തും ഒരെണ്ണം താഴെയും. കാണാന്‍ നല്ല സ്മാര്‍ട്ട്‌ അയ പയ്യനും സഹോദരിയും. അര മണിക്കൂര്‍ താമസിച്ചതില്‍ അവര്‍ ക്ഷമാപണം പറഞ്ഞു. ബ്ലോക്കില്‍ കുടുങ്ങിയതാണത്രെ. അതൊക്കെ കേട്ടതും അച്ഛന്റെ മുഖം വിടരുന്നത് അവള്‍ കണ്ടു. കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അമ്മ അകത്തേക്ക് വന്നു. എന്നിട്ട് ചായ അമ്മ തന്നെ എടുത്തു വിതരണം ചെയ്തു. 'ചിന്നൂ. വന്നേയ്ക്കു .' അമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. വിറയ്ക്കുന്ന കാലുകളും അതിനെക്കാള്‍ വിറയ്ക്കുന്ന ഹൃദയവുമായി അവള്‍ സ്വീകരണ മുറിയിലേക്ക് ചെന്നു. 'എപ്പോ വന്നു ? എങ്ങനെ ഉണ്ട് ബംഗ്ലൂരിലെ ജീവിതം ? " എന്നൊക്കെ ആ ചേച്ചി ചോദിച്ചു. ചിന്നു എന്തൊക്കെയോ മണ്ടന്‍ മറുപടി പറഞ്ഞു. ചിന്നുവിന്റെ വിറയല്‍ കണ്ടപ്പോ അച്ഛന്‍ പറഞ്ഞു എന്നാല്‍ പിന്നെ അവര്‍ തമ്മിലെന്തെങ്കിലും സംസാരിക്കണമെങ്കില്‍ സംസാരിച്ചോട്ടെ ന്നു. മുകളിലേക്ക് പൊയ്ക്കോളാന്‍ അമ്മ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. പയ്യനോട് മുകളിലേയ്ക്ക് ചെന്നോ എന്ന് അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. പയ്യന്‍ ആളല്പം കടുപ്പം ആണെന്ന് തോന്നുന്നു. അധികം ഒന്നും ചിരിക്കാതെ അങ്ങേര്‍ മുകളിലേക്ക് പോയി. ചിന്നുവും മനസ്സില്ലാ മനസ്സോടെ അങ്ങേരുടെ പുറകെ പോയി.

     മുകളില്‍ ഒരു ലിവിംഗ് റൂം ഉണ്ട്. അവിടെ സോഫയില്‍ അഭിമുഖമായി അവര്‍ ഇരുന്നു. 'എവിടെയാ ജോലി ചെയ്യുന്നത് ? " അങ്ങേര്‍ ചോദിച്ചു. ചിന്നു കമ്പനിയുടെ പേര് പറഞ്ഞു. 'എവിടെയാ ക്യാമ്പസ്‌ ? " അവള്‍ പറഞ്ഞു ഹെബ്ബാളിനു അടുത്താണ്. മാന്യത എംബസി പാര്‍ക്ക്‌ എന്ന് പറയും. അപ്പൊ അങ്ങേര്‍ പറഞ്ഞു "എനിക്കറിയാം. ഏതു ടെക്നോളജിയില്‍ ആണ് വര്‍ക്ക്‌ ചെയ്യുന്നത് ? " അവള്‍ പറഞ്ഞു 'ഡോട്ട് നെറ്റ് '. 'ഏതു വെര്‍ഷന്‍ ആണ് നിങ്ങള്‍ ഇപ്പൊ യൂസ്  ചെയ്യുന്നത് ? എങ്ങനെയുണ്ട് പ്രൊജക്റ്റ്‌ ? എന്തൊക്കെ ചെയ്യാനുണ്ട് ? " അങ്ങനെ ഒരു പത്തു ചോദ്യം അങ്ങേര്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു. ചോദിച്ചതില്‍ ചിലതൊക്കെ ചിന്നു മറുപടി പറഞ്ഞു. അങ്ങേരും ജാവയില്‍ ആണ് വര്‍ക്ക് ചെയ്യുന്നത്. എന്താണ് കരിയര്‍ പ്ലാന്‍ ? ഇപ്പൊ കുറച്ചു വര്‍ഷമായില്ലേ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് . ലീഡ് ആകേണ്ട സമയമൊക്കെ ആയല്ലോ " എന്നൊക്കെ അയാള്‍ സ്വയം പറഞ്ഞു. ചിന്നു അതിനു മറുപടി പറഞ്ഞില്ല. എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു  അവള്‍. ലാലേട്ടന്‍ പറഞ്ഞ പോലെ EJB യില്‍ തുടങ്ങി കോര്‍ ജാവയിലൂടെ പല പല മേഖലകളിലൂടെ അങ്ങേരുടെ ചോദ്യങ്ങള്‍ നീണ്ടു. ഒടുവില്‍ ചിന്നുവിന് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ചോദിക്കുക പോലും ചെയ്യാതെ അങ്ങേര്‍ അഭിമുഖം അവസാനിപ്പിച്ചു. തിരികെ താഴെ വന്നിരുന്ന പയ്യനോട് 'എല്ലാം സംസാരിച്ചോ ? " എന്ന് അച്ഛന്‍ തമാശയായി ചോദിച്ചു. അങ്ങേര്‍ ഗൌരവം വിടാതെ തന്നെ 'ടെക്നിക്കലി അത്ര മോശമല്ല ? " എന്ന് മറുപടി പാസ്സാക്കി. അത് കേട്ട് അച്ഛന്റെ കണ്ണ് തള്ളുന്നത് ചിന്നു വ്യക്തമായി കണ്ടു. അമ്മയുടെ മുഖത്തും ഒരു അമ്പരപ്പ് പടര്‍ന്നു.

     അവര്‍ ഇറങ്ങിയ ശേഷം അമ്മ ചിന്നുവിനോട് പറഞ്ഞു ..' കൊള്ളാം അല്ലെ ? നീ എന്ത് പറയുന്നു ? അയാള്‍ എന്താ നിന്നോട് ചോദിച്ചത് ? "  ഇത് കാത്തിരിക്കുകയായിരുന്നു ചിന്നു. 'ലയെര്‍ കംപോനെന്റ്സ് എങ്ങനെയാ നിങ്ങളുടെ പ്രോജെക്ടില്‍ യൂസ് ചെയ്യുന്നത് ? ബീന്‍സ് ഒക്കെ ഇപ്പോഴും യൂസ് ചെയ്യുന്നുണ്ടോ ? വെബ്‌ 2  ആണോ ലേറ്റസ്റ്റ് ആണോ നിങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ? " ഇങ്ങനെയൊക്കെയ അങ്ങേര്‍ ചോദിച്ചത് അമ്മേ. അവള്‍ പറഞ്ഞു. അമ്മയ്ക്ക് ഒരു വസ്തു മനസ്സിലായില്ല. 'അപ്പൊ പേര്‍സണല്‍ ആയിട്ടൊന്നും ചോദിച്ചില്ലേ? " അമ്മ വീണ്ടും ചോദിച്ചു. "തിരികെ വന്നപ്പോ അമ്മ അങ്ങേരുടെ മറുപടി ശ്രദ്ധിച്ചില്ലേ ? അയാള്‍ക്ക് ടെക്നോളജി മാത്രമേ ഇഷ്ടമുള്ളൂ" അവള്‍ വെറുപ്പോടെ പറഞ്ഞു. "പക്ഷെ നല്ല ആള്‍ക്കാരാ അവര്‍. നല്ല പൈസ ഉണ്ട്. വലിയ കുടുംബമാണ്. അയാളുടെ അനിയത്തിയെ കല്യാണം കഴിച്ചയാള്‍ യൂ ക്കെയിലാണ്." എന്നൊക്കെ അമ്മ പറഞ്ഞു. 'അപ്പൊ അമ്മയ്ക്ക് അങ്ങേരെ കണ്ടിട്ട് ഒന്നും തോന്നിയില്ലേ ? " ചിന്നു ചോദിച്ചു. അത് കേട്ടുകൊണ്ട് അച്ഛന്‍ ഉള്ളിലേക്ക് വന്നു. "അവന്‍ വലിയ ജാഡ ആണെന്ന് തോന്നുന്നു. നിനക്ക് ഇഷ്ടപ്പെട്ടോ ?" അച്ഛന്‍ ചോദിച്ചു. "ഇല്ല. എനിക്കൊട്ടും ഇഷ്ടമായില്ല" അവള്‍ കടുപ്പിച്ചു പറഞ്ഞു. "സാരമില്ല. മറ്റേ ജാതകം ചേരുന്നുണ്ട്. അവരോടു നാളെ വരാന്‍ പറയാം " അച്ഛന്‍ പറഞ്ഞു. മുകളിലേക്ക് ചെന്ന ചിന്നു അപ്പൊ തന്നെ ബിജുവിന് മെസ്സേജ് അയച്ചു "അത് ചീറ്റി. പക്ഷെ വേറൊരെണ്ണം കൂടിയുണ്ട് നാളെ" എന്ന്. വിഷമിച്ചിരിക്കുന്ന ഒരു സ്മൈലിയുടെ പടമുള്ള മെസ്സേജ് തിരികെ വന്നു. അത് കണ്ടു ചിന്നുവിനും വിഷമമായി. പക്ഷെ അവള്‍ക്ക് ഇപ്പൊ എന്തോ ധൈര്യം വന്നത് പോലെ തോന്നി. "സമാധാനമായിരിക്കൂ ബൈജൂ" എന്ന് പറഞ്ഞു അവള്‍ മറുപടി അയച്ചു. അടുത്ത ദിവസമായി. അവര്‍ പതിനൊന്നു മണിക്ക് വരും എന്നറിയിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചു മണിക്കാണ് ചിന്നുവിന്റെ ട്രെയിന്‍. അതുകൊണ്ട് നേരത്തെയാക്കിയതാണ്.

     കൃത്യം പതിനൊന്നു മണിയായി. ചിന്നു ഇടയ്ക്കിടയ്ക്ക് ജനാലയിലൂടെ പുറത്തേക്കു നോക്കുന്നുണ്ട്. അമ്മയും പുറത്തു പോയി ഗേറ്റിലേയ്ക്ക് നോക്കുന്നുണ്ട്. അവര്‍ വരല്ലേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ് ചിന്നു നോക്കുന്നതെങ്കില്‍ അമ്മ നോക്കുന്നത് മറിച്ചാണെന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ .കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക് അവിടെ വന്നു നിന്നു. രണ്ടു പേരുണ്ട്. പയ്യന് ബിസിനസ്‌ ആണെന്നാണ് പറഞ്ഞത്. പുറകിലിരിക്കുന്നയാളിനെ കണ്ടാല്‍ ഒരു ബിസിനസ്‌ നടത്തുന്നയാളിന്റെ ലുക്ക്‌ ഒന്നുമില്ല. അമ്മ പറഞ്ഞു..''അവരാണെന്ന് തോന്നുന്നു' എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി. അതെ അവര്‍ തന്നെ. രണ്ടു പേരെയും അമ്മയും അച്ഛനും കൂടി സ്വീകരിച്ചു. പയ്യന്റെ ഒപ്പം വന്നയാള്‍ പരിചയപ്പെടുത്തി. പയ്യനും പുള്ളിയുടെ ആത്മാര്‍ത്ഥ സുഹൃത്തും ആണ് വന്നിരിക്കുന്നത് . പയ്യന് രണ്ടു ബസ്‌ സ്വന്തമായുണ്ട്.  മാത്രമല്ല പയ്യന്‍ പാരമ്പര്യമായി നല്ല പണക്കാരന്‍ ആണെന്ന് സുഹൃത്ത്‌ വിശദീകരിച്ചു. പയ്യന്റെ ചേട്ടന്‍ ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തുകയാണ്. അച്ഛന് ഇവിടെ കോണ്ട്രാക്ടര്‍ ആണെന്നുമൊക്കെ പുള്ളി പറഞ്ഞു. നല്ല ഒന്നാംതരം പൊങ്ങച്ചക്കാര്‍   ആണെന്ന് തോന്നുന്നു. പാവം ചിന്നു പേടിച്ചു അകത്തെ മുറിയില്‍ ചായയുമായി നില്‍ക്കുകയാണ്. അമ്മ വിളിച്ചാലുടനെ ചെല്ലണം. എന്തായാലും ഇതൊന്നടങ്ങിയ ശേഷം നമ്മുടെ കാര്യം പറയണം. ഇനി വച്ച് താമസിപ്പിച്ചാല്‍ പറ്റില്ല എന്ന് ബൈജു പറയുന്നത് എന്തുകൊണ്ടാണെന്ന് ചിന്നുവിന് ഇപ്പൊ പിടി കിട്ടി. 'ചിന്നൂ' ..വിളി വന്നു.

    ചിന്നു മുറിയിലേക്ക് ചെന്നു. ചായ വച്ചു പിറകിലേക്ക് മാറി. അച്ഛന്‍ അവളോട്‌ അവിടെ നില്ക്കാന്‍ പറഞ്ഞു. പയ്യന്‍ ഒന്നും മിണ്ടുന്നില്ല. കൂട്ടുകാരന്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

വലിയ വിദ്യാഭ്യാസം ഒന്നും ഉള്ളതാണെന്ന് തോന്നുന്നില്ല. 'ഐ ടി ആണല്ലേ ? ' അവന്റെ ബോറന്‍ ചോദ്യം. ചിന്നു അതെ എന്ന് പറഞ്ഞു. "ബാന്‍ഗ്ലൂര്‍ എവിടായിട്ടു വരും ? ഞാന്‍ പണ്ട് ടൂറിനു ബംഗ്ലൂര്‍ വന്നിട്ടുണ്ട് " എന്നൊക്കെ അവന്‍ വച്ചു താങ്ങുകയാണ്. ചിന്നുവിനെ മറുപടി പറയാന്‍ പോലും അനുവദിച്ചില്ല. അവന്റെ ചോദ്യത്തിന്റെ പോക്ക് കണ്ടപ്പോ അച്ഛന് എന്തോ പന്തികേട്‌ തോന്നി. ഇനി അവര്‍ എന്തെങ്കിലും സംസാരിച്ചോട്ടെ അല്ലേ എന്ന് അച്ഛന്‍ കൂട്ടുകാരനോട് ചോദിച്ചു. 'അതെയതെ. ജയാ നിനക്കെന്തെങ്കിലും സംസരിക്കണ്ടേ ? " എന്ന് അവന്‍ ചിരിച്ചുകൊണ്ട് പയ്യനോട് ചോദിച്ചു. പയ്യനും തലയാട്ടി. ഇന്നലത്തെ പോലെ രണ്ടു പേരെയും മുകളിലത്തെ മുറിയിലേക്ക് വിട്ടു. ഇന്നലെ വന്ന പയ്യനെ പോലെ അല്ല ഇങ്ങേര്‍. കുറച്ചു ഗൌരവക്കാരനാണ്‌. 'അല്ല . ഈ ഐ ടി എന്ന് പറയുമ്പോ എന്ത് ജോലിയാണ് ചിന്നു ചെയ്യുന്നത് ? " അയാള്‍ തുടങ്ങി. 'ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിട്ടാണ് വര്‍ക്ക്‌ ചെയ്യുന്നത്" എന്ന് ചിന്നു ഒരുവിധം പറഞ്ഞൊപ്പിച്ചു. എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍ എന്ന് അവള്‍ ഉള്ളില്‍ പ്രാര്‍ഥിക്കുകയായിരുന്നു. അതാ അവന്റെ അടുത്ത ചോദ്യം. 'സാലറി ഒക്കെ എങ്ങനെ ? നല്ല പേ ഒക്കെ ഉണ്ടോ ? " അത് കേട്ടതും ഉള്ളില്‍ ചൊറിഞ്ഞു വന്നെങ്കിലും ചിന്നു വെറുതെ തലയാട്ടിയതേ ഉള്ളൂ. എനിക്ക് രണ്ടു ബസ്‌ ഉണ്ട്. നിങ്ങളുടെ റൂട്ടില്‍ ഓടുന്നതാണ് ഒരെണ്ണം. മറ്റേതു ടൂറിസ്റ്റ് ബസ്‌ ആണ്. ഒരെണ്ണം കൂടി ഉടനെ വരുന്നുണ്ട്. എന്നൊക്കെ അയാള്‍ പറഞ്ഞു. അപ്പൊ കൂട്ടുകാരന്‍ മാത്രമല്ല ഇങ്ങേരും മോശമല്ല. കുറച്ചു വാചകം കൂടി അടിച്ച ശേഷം അങ്ങേര്‍ സംസാരം നിര്‍ത്തി. രണ്ടെണ്ണവും ഉടന്‍ തന്നെ ഇറങ്ങി. പിറകെ അറിയിക്കാം എന്ന് പറഞ്ഞിട്ട്. അച്ഛനും അമ്മയും എന്ത് പറയുന്നു എന്നറിയാന്‍ ചിന്നു കാതോര്‍ത്തു. അച്ഛന്‍ പറയുകയാണ്‌ .' ഇത് എന്തായാലും വേണ്ട. അവന്റെ കൂട്ടുകാരന്‍ എന്ന് പറയുന്നവന്‍ ചോദിക്കുകയാണ് ഇവിടെ പറമ്പില്‍ തെങ്ങെത്രയുണ്ട് ? വരുമാനം ഒക്കെ എത്ര കിട്ടും എന്നൊക്കെ. മാത്രമല്ല പയ്യന്റെ അനിയത്തിയെ കല്യാണം കഴിപ്പിച്ചു വിട്ടപ്പോ സ്ത്രീധനം എത്ര കൊടുത്തു എന്നൊക്കെ അവന്‍ ഈ ചെറിയ ഗ്യാപ്പില്‍ സൂചിപ്പിച്ചുവത്രെ. ഇനിയും അവന്‍ വല്ലതും ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ അവനെ തല്ലിയേനെ എന്നൊക്കെ അച്ഛന്‍ പറഞ്ഞു. അമ്മയ്ക്ക് കുറച്ചു വിഷമം ആയി. രണ്ടു ആലോചനയും ചീറ്റിയല്ലോ. എന്നാല്‍ ഇതൊക്കെ കേട്ട് ചിന്നുവിന്റെ മനം കുളിര്‍ത്തു. ഗുരുവായൂരപ്പന്‍ തുണച്ചു.അപ്പൊ തന്നെ മുകളില്‍ ചെന്നു ബൈജൂനു ഒരു മെസ്സേജ് വിട്ടു ചിന്നു.

      ഇന്ന് ദീപാവലി ആണ് . സാധാരണ അന്നൊക്കെ വീട്ടില്‍ ഉണ്ടാവാറുണ്ട് ചിന്നു. ഇന്ന് അമ്മയും അച്ഛനും മാത്രം വീട്ടിലുള്ളത് കൊണ്ട് കുറച്ചു വിളക്ക് മാത്രമേ കത്തിക്കുന്നുള്ളൂ. നാലര ആയപ്പോ ചിന്നു ഇറങ്ങി. അച്ഛന്‍ സ്റെഷനില്‍ കൊണ്ട് വിട്ടു. കൃത്യ സമയത്ത് തന്നെ ട്രെയിന്‍ വന്നു. കുറച്ചു ദൂരം ചെന്നപ്പോ ബൈജുവിന്റെ വിളി വന്നു. അവനും ബസ്സില്‍ കയറി അത്രേ. അടുത്ത് ആരും വരാത്തത് കൊണ്ട് കുറച്ചു നേരം സംസാരിക്കാം എന്ന് ചിന്നു കരുതി. എന്തായാലും ഉടനെ തന്നെ ഇത് വീട്ടില്‍ പറയണം. ചിന്നു അവനോടു പറഞ്ഞു. 'അത് ശരി. നിനക്ക് പേടിയായിട്ടല്ലേ ഉടനെ പറയണ്ട എന്നൊക്കെ പറഞ്ഞത് ? " ബിജുവിന് ദേഷ്യം വന്നു. 'അതെ. ധൈര്യം ഇപ്പോഴും അത്രയ്ക്ക് വന്നിട്ടില്ല. പക്ഷെ എനിക്ക് പേടിയാകുന്നു. ഇത് പോലെ വല്ല ആലോചനയും വന്നു ഉറപ്പായാല്‍ എന്ത് ചെയ്യും ? " എന്നൊക്കെ ചിന്നു സ്വയം പറഞ്ഞു. ബൈജു അവളെ സമാധാനിപ്പിച്ചു.

     ബൈജുവിന്റെ ബസ്‌ നല്ല സ്പീഡില്‍ നീങ്ങുകയാണ്. അടുത്ത സീറ്റില്‍ ഒരു പ്രായമായ അങ്കിള്‍ ഉണ്ട്.  അതുകാരണം അവനു അധികം സംസാരിക്കാനും പറ്റുന്നില്ല. കുറച്ചു കഴിഞ്ഞപ്പോ അതാ വരുന്നു ചിന്നുവിന്റെ മെസ്സേജ്. 'എനിക്കിപ്പോ ഒരു guilty feeling ബൈജൂ. ഞാന്‍ അവരെയൊക്കെ പറ്റിക്കുകയല്ലേ എന്നൊരു ഫീലിംഗ്." അത് കണ്ടിട്ട് എന്ത് തിരികെ അയക്കണം എന്നോര്‍ത്ത് ബൈജു കുറച്ചു നേരമിരുന്നു. ഡിന്നര്‍ കഴിക്കാന്‍ ബസ്‌ ഒരിടത്ത് നിര്‍ത്തി. അവന്‍ ചിന്നുവിനെ വിളിച്ചു. 'എന്താ ചിന്നു ഇപ്പൊ ഒരു വിഷമം. ഈ ടോപ്പിക്ക് നമ്മള്‍ കുറെ തവണ ഡിസ്കസ് ചെയ്തതല്ലേ ? നീ ഇപ്പൊ ഏതെങ്കിലും ഒരാളിന്റെ ഒപ്പം സ്കൂളിലോ കൊളജിലോ പഠിക്കുമ്പോ ഇറങ്ങി പോകുന്ന പോലെയാണോ ഇത് ? നമ്മള്‍ matured ആയ രണ്ടു പേരല്ലേ ?  മാത്രമല്ല കുറച്ചു കാലമായി ജോലി ചെയ്തു ഇനി സെറ്റില്‍ ചെയ്യേണ്ട സമയമായ രണ്ടു പേര്‍. ഇപ്പൊ എന്താ നിനക്ക് മറിച്ചു തോന്നുന്നത് ? അതോ അവരൊക്കെ പറയുന്ന പോലെ ഏതെങ്കിലും ഹൈ പ്രൊഫൈല്‍ ആളിനെ കെട്ടാന്‍ നിനക്കും ആഗ്രഹം തോന്നിയോ ? " അവന്‍ ചോദിച്ചു. എന്നാല്‍ അതിന്റെ മറുപടി ചിന്നുവിന്റെ ഒരു കരച്ചില്‍ ആയിരുന്നു. പറഞ്ഞത് കുറച്ചു കൂടിപോയെന്നു അവനു തോന്നി. പക്ഷെ അവന്റെ ഉള്ളിലുള്ള വിഷമം ആണ് അപ്പൊ ബൈജുവിന്റെ കൊണ്ട് അങ്ങനെ പറയിച്ചത്. സോറി എന്ന് പറഞ്ഞു ചിന്നുവിന്റെ ഒരു മെസ്സേജ് വന്നു. സോറി മാത്രമല്ല ബൈജുവിനുള്ള പണിയും അതിലുള്ളില്‍ ഉണ്ടായിരുന്നു. 'അപ്പൊ ഇങ്ങനെയൊക്കെയാണ് ബൈജു എന്നെ പറ്റി വിചാരിച്ചിരിക്കുന്നതല്ലേ ? എല്ലാ തവണത്തെയും  പോലെ ഇത്തവണയും ഞാന്‍ സോറി പറഞ്ഞേക്കാം. തീര്‍ന്നല്ലോ" എന്ന് വേണ്ട അവളുടെ വിഷമം മുഴുവന്‍ ആ മെസ്സേജില്‍ ഉണ്ടായിരുന്നു. അത് കണ്ടു ബൈജുവിന് വിഷമമായി. ഡീ ഞാന്‍ അങ്ങനെ ഉദ്ദേശിച്ചതല്ല. നീ ഫീല്‍ ആകാതെ. ഇന്ന് ദീപാവലിയല്ലേ. കരയല്ലേ എന്നൊക്കെ പറഞ്ഞു ബൈജു അവളെ സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോ പതിവ് പോലെ ചിന്നു കരച്ചില്‍ നിര്‍ത്തി. 'പോട്ടെ ചക്കരേ.. ദീപാവലി സ്വീറ്റ്സ് കൊണ്ട് വന്നോ ? അവിടെ മഴയുണ്ടോ " എന്നൊക്കെ ഓരോ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ചു ബൈജു അവളെ ഒരുവിധത്തില്‍ ചിരിപ്പിച്ചു. നിര്‍ത്തിയിട്ട ബസ്സില്‍ ഉണ്ടായിരുന്ന എല്ലാവരും ആഹാരം കഴിച്ചു തിരികെ കയറിയിരിക്കുന്നു. അടുത്ത സീറ്റിലെ അങ്കിള്‍ വിന്‍ഡോയിലൂടെ ബൈജുവിന്റെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ചമ്മിയ മുഖവുമായി ബൈജു തിരിച്ചു സീറ്റില്‍ വന്നിരുന്നു. 'എന്താ മോനെ ? ആകെ പ്രശ്നത്തിലാണെന്ന് തോന്നുന്നു. എന്ത് പറ്റി ? എന്തെങ്കിലും ഉപദേശം വേണോ ? " അങ്കിള്‍ ചോദിച്ചു. 'ഹേ ഇല്ല അങ്കിളേ .. തല്ക്കാലം എനിക്ക് മാനേജ് ചെയ്യാവുന്നതേ ഉള്ളൂ " എന്ന് അവന്‍ ഒരു ചെറു  ചിരിയോടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. ഗുഡ് ലക്ക് എന്ന് പറഞ്ഞിട്ട് അങ്കിള്‍ സീറ്റ് പുറകോട്ടേയ്ക്കാക്കി ബ്ലാങ്കറ്റ് പുതച്ചു കിടന്നു. ടി വിയില്‍ വിജയിന്റെ ശിവകാശി ഓടുന്നുണ്ട്. വിജയ്‌ എന്തൊക്കെയോ എടുത്തിട്ട് പൊട്ടിക്കുന്നു.. പൂത്തിരി കത്തിക്കുന്നു എന്ന് വേണ്ട ആകെപ്പാടെ ബഹളമാണ്. ഇന്ന് ആരെയും ഉറക്കില്ല എന്ന വാശിയോടെയാണ് അവന്മാര്‍ ആ പടം ഓടിക്കുന്നത്. കുറെ പാവങ്ങള്‍ ഉറക്കം പോയ വിഷമത്തില്‍ പടം കണ്ടിരിപ്പുണ്ട്. പടക്കം മാത്രമല്ല. വിജയ്‌ ഇടയ്ക്ക് ഒരു വെല്‍ഡിംഗ് യൂണിറ്റ് കൊണ്ട് വന്നു എന്തൊക്കെയോ വെല്‍ഡ് ചെയ്യുന്നുമുണ്ട്. ബൈജുവും സീറ്റ് പുറകിലെയ്ക്കാക്കി വിന്‍ഡോയിലൂടെ പുറത്തേക്കു നോക്കി. പാലക്കാട്‌ കഴിഞ്ഞു. പച്ചപ്പ്‌ നിറഞ്ഞ ഭംഗി ചെറിയ അരണ്ട വെളിച്ചത്തില്‍ കാണാന്‍ പറ്റുന്നുണ്ട്. അങ്ങ് ദൂരെ ചെറിയ മത്താപ്പുകള്‍ പൊങ്ങി വന്നു പല നിറങ്ങളില്‍ പൊട്ടി ചിതറുന്നത്‌ കാണാം.  റോഡിന്റെ വശങ്ങളിലുള്ള വീടുകളുടെ മുറ്റത്ത്‌ ദീപങ്ങള്‍ പ്രകാശിക്കുന്നു. മയക്കം കണ്ണുകളിലേയ്ക്ക് പടര്‍ന്നിരിക്കുന്നു. അതിലേതോ വീട്ടിന്റെ മുറ്റത്ത്‌ വേറൊരു വിളക്ക് പോലെ ചിന്നു നില്‍ക്കുന്നത് ബൈജു കണ്ടു.. ദൂരെ ചിന്നുവും പ്രകാശം നിറഞ്ഞ വിളക്കുകള്‍ സ്വപ്നത്തില്‍ കണ്ടു മയങ്ങുന്നുണ്ടായിരുന്നു ...

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 27

      വണ്ടി കൃത്യസമയത്ത് തന്നെ  ബാംഗ്ലൂര്‍ എത്തി. എങ്ങനെയെങ്കിലും ചിന്നുവിനെ കാണാന്‍ ബൈജുവിന് കൊതിയായി. പെണ്ണ് കാണല്‍ പൊട്ടിയത് കാരണം രണ്ടു പേരും വന്‍ സന്തോഷത്തിലായിരുന്നു.  ചിന്നുവും റൂമില്‍ എത്തിയപാടെ ഓഫീസില്‍ പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കുളിച്ചു റെഡി ആയിട്ടു വന്നിട്ട് മുഖം മുഴുവന്‍ പൌഡര്‍ പൂശി ചിന്നു കണ്ണാടിയില്‍ നോക്കി വെറുതെ കുറെ നേരം പുഞ്ചിരിച്ചു. അത് കണ്ടുകൊണ്ടു കൌ വന്നു. എന്താ മോളെ വെറുതെ നിന്ന് ചിരിക്കുന്നത് ? വട്ടായാ? എന്ന് കൌ ചോദിച്ചു. 'എന്ത് പറയാനാ എന്റെ കൌസ്തുഭേ.. ആരായാലും ചിരിച്ചു പോകും " എന്നൊക്കെ ചിന്നു വെറുതെ പറഞ്ഞു. കൌ നു ഒരു വസ്തുവും മനസ്സിലായില്ല. രാവിലെ കുറച്ചു നേരത്തെ വരണേ ചിന്നൂ എന്നൊക്കെ ഒരു മെസ്സേജ് അയച്ചിട്ട് ബ്രേക്ക്‌ഫാസ്റ്റ്  കഴിക്കാന്‍ വേണ്ടി ഇറങ്ങി ബൈജു. സന്തോഷം കൂടിപോയത് കാരണം ആറേഴു ദോശയും ഒരു ചായയും ഒക്കെ ഒറ്റയടിക്ക് അകത്താക്കി. ബൈജുവിന്റെ കഴിപ്പ്‌ കണ്ടിട്ട് ഹോട്ടല്‍ നടത്തുന്ന ദിവാകരേട്ടന്‍ അന്തം വിട്ടു നോക്കുന്നുണ്ടായിരുന്നു. അങ്ങേരെ വെറുതെ പുഞ്ചിരിച്ചു കാണിച്ചു ബൈജു വീണ്ടും കഴിപ്പ്‌ തുടര്‍ന്നു. തിരിച്ചു പടേ എന്ന് പറഞ്ഞു റൂമിലെത്തി. മഹേഷ്‌ ഇതൊക്കെ കണ്ടു അവിടിരിപ്പുണ്ട്‌. പാന്റ്സും ഷര്‍ട്ടും ഒക്കെ വലിച്ചു കയറ്റി മുഖത്ത് കുറച്ചു പൌഡറും  കക്ഷത്ത്‌ കുറച്ചു പെര്‍ഫ്യൂമും ഒക്കെ അടിച്ചിട്ട് ബൈജു ചാടിയിറങ്ങി.  അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ഹോ. ചിന്നുവായിരിക്കും. ആവേശത്തോടെ ബൈജു ഫോണ്‍ എടുത്തു. അല്ലല്ലോ. പരിചയമില്ലാത്ത ഏതോ നമ്പര്‍ ആണ്. 'ഹലോ ബൈജുവല്ലേ ? ' ഒരു സ്ത്രീശബ്ദം. ആളെ പിടി കിട്ടി. നാട്ടില്‍ നിന്ന് അമ്പിളി കുഞ്ഞമ്മ  ആണ്. 'അതെ കുഞ്ഞമ്മ. എന്തു പറ്റി ? നമ്പര്‍ കണ്ടിട്ട് ആരാന്നു മനസ്സിലായില്ല. ' ബൈജു പറഞ്ഞു. കുറച്ചു വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ ശേഷം കുഞ്ഞമ്മ കാര്യത്തിലേക്ക് കടന്നു.  കുഞ്ഞമ്മയുടെ മകന്‍ ദീപു ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ ബാംഗ്ലൂരിലേക്ക് വരുന്നുണ്ട്. ഇന്ന് രാവിലെ എത്തും. അവനെ ഒന്ന് ഇന്റര്‍വ്യൂ നു കൊണ്ട് പോകണം. ദീപുവിന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാനായിരുന്നു പ്ലാന്‍. പക്ഷെ പെട്ടെന്ന് ആ പയ്യന് നാട്ടിലേക്ക് പോകേണ്ടി വന്നു. അവനു വേറെ അവിടെ പരിചയമുള്ള ആരുമില്ല. അപ്പോഴാണ്‌ ബൈജുവിന്റെ  കാര്യം ഓര്‍ത്തത്‌ എന്നൊക്കെ കുഞ്ഞമ്മ പറഞ്ഞു. പക്ഷെ ബൈജു അതില്‍ പാതിയും കേട്ടില്ല. ചിന്നുവിനെ കാണല്‍ നടക്കില്ലല്ലോ എന്നായിരുന്നു അവന്റെ വിഷമം. ചിന്നുവാണെങ്കില്‍ അവിടിരുന്നു എപ്പോ വരും എപ്പോ വരും എന്നൊക്കെ മെസ്സേജ് അയക്കുന്നുമുണ്ട്.  'ഇപ്പൊ വരാം.' എന്ന് ബൈജു മറുപടി അയച്ചു. കുഞ്ഞമ്മ ദീപുവിന്റെ കയ്യില്‍ നമ്പര്‍ കൊടുത്തിട്ടുണ്ടത്രേ. ആകെപ്പാടെ എടങ്ങേറായല്ലോ  ഭഗവാനേ. അവന്‍ അറിയാതെ ദൈവത്തെ വിളിച്ചു പോയി.

      കൃത്യം പത്തു മിനിറ്റ് കഴിഞ്ഞപ്പോ ദീപു വിളിച്ചു. അവന്‍ മജെസ്ടിക്കില്‍ എത്തിയത്രേ. 'അണ്ണാ ഞാന്‍ ഇവിടെ ഒരു വലിയ ബസ്‌ സ്റ്റാന്റ് ഇല്ലേ അവിടെ എത്തി കേട്ടോ. അണ്ണന്‍ ഇങ്ങോട്ട് വരുമോ അതോ ഞാന്‍ തനിയെ വരണോ ? " ലവന്‍ ആദ്യമായിട്ടാണ് വീട് വിട്ടു വരുന്നത്. എഞ്ചിനീയറിംഗ് പഠിച്ചത് തന്നെ അവന്റെ വീട്ടില്‍ നിന്ന് പോയി വന്നാണ്. 'ഡേയ്. ഞാന്‍ കുറച്ചു ദൂരെയാണ്. എന്തു ചെയ്യണമെന്നു ഞാന്‍ പറഞ്ഞു തരാം.നീ ബസ്സില്‍ വന്നാല്‍ മതി. മടിവാള വന്നു ഞാന്‍ നിന്നെ പിക്ക് ചെയ്യാം." ബൈജു പറഞ്ഞു. "അണ്ണാ. ഒറ്റയ്ക്കോ ? " ലവന്റെ അന്തം വിട്ട ചോദ്യം. 'ഡാ. നീ പേടിക്കണ്ട. ഞാന്‍ പറയുന്ന പ്ലാട്ഫോമില്‍ പോയി നില്‍ക്കുക. എന്നിട്ട് നിന്റെ നമ്പര്‍ ബസ്‌ വരുമ്പോ അതില്‍ കയറി മടിവാള ടിക്കറ്റ്‌ എടുക്കുക. അത്രയേ ഉള്ളൂ. " ബൈജു പ്ലാട്ഫോമിന്റെയും ബസ്സിന്റെയും നമ്പര്‍ പറഞ്ഞു കൊടുത്തു. ദീപു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. 'അണ്ണാ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തെക്കല്ലേ. എന്തേലും ഡൌട്ട് ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കും. എന്തൊരു മുട്ടന്‍ ബസ്‌ സ്റ്റാന്റ് അണ്ണാ..' ലവന്‍ ആദ്യമായിട്ടാണ് ഇത്രയും വലിയ ബസ്‌ സ്റ്റാന്റ് ഒക്കെ കാണുന്നതെന്ന് തോന്നുന്നു.  'ഡേയ് നീ ഒന്നും പേടിക്കണ്ട. എന്തു ഡൌട്ട് ഉണ്ടേലും എന്നെ വിളിച്ചാല്‍ മതി. അതൊക്കെ പോട്ടെ നിനക്ക് ഹിന്ദിയോ തമിഴോ വല്ലതും അറിയാമോ ? " ബൈജു ചോദിച്ചു. ബെസ്റ്റ് . അവനു മലയാളവും ഇംഗ്ലിഷുമല്ലാതെ ഒരു വസ്തു അറിയില്ല. ഒടുവില്‍ ബൈജു ഗഫൂര്‍ക്ക ദോസ്തിനെ പോലെ ഒന്ന് രണ്ടു അത്യാവശ്യ വാക്കുകള്‍ ഒക്കെ പഠിപ്പിച്ചു കൊടുത്തു. ഫോണിലൂടെ തന്നെ ഇന്‍സ്ട്രക്ഷന്‍ കൊടുത്തു ദീപുവിനെ ഒടുവില്‍ ഒരു ബസ്സില്‍ കയറ്റി. 'ഓന്ത്  മടിവാള' ദീപു കണ്ടക്ടരോട് പറയുന്നത് ഫോണിലൂടെ കേള്‍ക്കാം. ബൈജുവിന് ചിരി വന്നു. 'ഡാ. ഓന്തല്ല . ഒന്തു എന്ന് വേണം പറയാന്‍. ഒരു കാര്യം ചെയ്യ്. നീ ഇനി കന്നഡ പറയണ്ട. ഇംഗ്ലീഷ് പറഞ്ഞാ മതി. നീ ഇങ്ങനെ കന്നഡ പറഞ്ഞാല്‍ അവന്മാര്‍ നിന്നെ കൈ വയ്ക്കും." പാവം ചിന്നു ഓഫീസിലെത്തി. അതിന്റെ എസ് എം എസ് വന്നു. ഇന്ന് മിക്കവാറും മുട്ടന്‍ അടി നടക്കും. ബൈജു ഓര്‍ത്തു. SMS space Y എന്നൊക്കെ ബൈജു മെസ്സേജ് അയച്ചു. ആ ദീപൂനു വരാന്‍ കണ്ട സമയം.

     എന്തായാലും അര മണിക്കൂര്‍ കഴിഞ്ഞപ്പോ ദീപു മടിവാള എത്തി എന്നറിയിപ്പു കിട്ടി . 'അണ്ണാ. ഞാന്‍ ഇവിടെ ഹനുമാന്‍ സ്വാമിയുടെ വലിയ പ്രതിമയൊക്കെ ഉള്ള ഒരു അമ്പലത്തിന്റെ മുന്നില്‍ നില്‍പ്പുണ്ട്. വേഗം വാ' അവന്‍ ഫോണിലൂടെ നിലവിളിക്കുകയാണ്. പോലീസ് സ്റ്റേഷന്റെ മുന്നിലത്തെ സ്റ്റോപ്പില്‍ ബസ്‌ ഇറങ്ങിയ അവന്‍ എങ്ങനെ അവിടെയെത്തിയോ ആവോ. ബൈജു ചെന്നപ്പോ ഒരു ബാഗും തൂക്കി പുള്ളിക്കാരന്‍ നില്‍പ്പുണ്ട്. ബൈജുവിനെ കണ്ടതും അവന്റെ മുഖത്ത് ഒരു ആശ്വാസം തെളിഞ്ഞു. 'അണ്ണാ. ഞാന്‍ പേടിച്ചു പോയി ട്ടാ. നമുക്ക് വേഗം പോകാം. പന്ത്രണ്ടു മണിക്ക് അവിടെ എത്തണം. വൈറ്റ്ഫീല്‍ഡ് എന്നൊരു സ്ഥലത്താണ്. 'ഡാ. അതൊക്കെ എനിക്കറിയാം. നീ വാ. " അവനെ വിളിച്ചു കൊണ്ട് പോയി പല്ല് തേപ്പിച്ചു കുളിപ്പിച്ചിട്ടു വേഗം ഇറങ്ങി. ഈ സമയത്ത് മുടിഞ്ഞ ട്രാഫിക്‌ ആണ്. ഉടനെ ഒന്നും എത്തുമെന്ന് തോന്നുന്നില്ല. ഒരു ഓട്ടോക്കാരന്റെ കാലു പിടിച്ചു സമ്മതിപ്പിച്ചു. വൈറ്റ് ഫീല്‍ഡില്‍ പോകാമോ എന്ന് ചോദിച്ചതിനു അവന്‍ തന്തക്കു വിളിച്ചില്ലാന്നെ ഉള്ളൂ. ഇവന്റെയൊക്കെ ജാഡ കണ്ടാല്‍ ബെന്‍സ് ഓടിച്ചു നടക്കുകയാണെന്ന് തോന്നും. ദീപു ഇതൊക്കെ കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ്. 'അണ്ണന് നല്ല ഹിന്ദിയൊക്കെ അറിയാമല്ലോ അണ്ണാ" അവന്‍ ചോദിക്കുകയാണ്. വായടച്ചിട്ടു പുസ്തകം തുറന്നു നോക്കടാ എന്ന് അവനോടു പറയേണ്ടി വന്നു. ചിന്നുവിന്റെ രണ്ടു മെസ്സേജ് കൂടി വന്നു. ഇനി അവള്‍ അയക്കില്ല. വാശിക്കാരിയാ. അല്ല, അവളെ പറഞ്ഞിട്ട് കാര്യമില്ല. രാവിലെ കാണാന്‍ വേണ്ടി നേരത്തെ വരാന്‍ അവള്‍ കുറെ ഓടി കാണും. അവള്‍ക്കു പി ജിയിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനും പറ്റിയിട്ടുണ്ടാവില്ല. എന്ത് ചെയ്യുമെന്ന് പറ. ഓരോ തലവേദനകള്‍ വരുന്ന വഴിയേ. ദീപു മടിയില്‍ ഒരു പുസ്തകവും തുറന്നു വച്ചിട്ട് വഴിയിലൂടെ പോകുന്ന സോഫ്റ്റ്‌വെയര്‍ കിടാങ്ങളെ വായി നോക്കുകയാണ്.

     ഒരു വിധത്തില്‍ സംഭവ സ്ഥലത്തെത്തി .  ഓട്ടോയില്‍ നിന്നിറങ്ങിയപ്പോഴേ ആറേഴു പിള്ളേര്‍ ഓടി വന്നു. ആദ്യം ബൈജു ഒന്ന് അമ്പരന്നുവെങ്കിലും പിന്നെ കാര്യം മനസ്സിലായി. ദീപുവിന്റെ കൂട്ടുകാരാണ്. ഇവന്മാരെല്ലാം ബാച്ചായി വന്നിരിക്കുകയാണ്. ചെന്ന പാടെ ദീപു എല്ലാവരെയും ബൈജുവിന് പരിചയപ്പെടുത്തി. ബാന്‍ഗ്ലൂര്‍ ഒന്ന് രണ്ടു വര്‍ഷമായി സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു എന്നൊക്കെ ദീപു പരിചയപ്പെടുത്തിയത് കൊണ്ട് അവന്മാരെല്ലാം വന്‍ ആരാധനയോടെ നോക്കിക്കൊണ്ട്‌ നില്‍ക്കുകയാണ്.അവന്മാരുടെ കൌതുകം ഒക്കെ കണ്ടപ്പോള്‍ പണ്ട് ജോലി തെണ്ടി നടന്നതൊക്കെ ബൈജൂനു ഓര്‍മ വന്നു. എന്തായാലും വെയിറ്റ് വിടണ്ട. ലവന്മാര്‍ എന്തൊക്കെയോ കാര്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്. ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് കറങ്ങാന്‍ പോകേണ്ട സ്ഥലങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയാണ്. അത് ശരി. ഇവന്റെ ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് എങ്ങനേലും ഓഫീസിലെത്തണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് . ഇന്നിനി ചിന്നുവിനെ എന്ത് പറഞ്ഞു മനസ്സിലാക്കും എന്ന് പിടി കിട്ടുന്നില്ല. കുറച്ചു കഴിഞ്ഞു. ഇന്റര്‍വ്യൂ തുടങ്ങി. ആദ്യം കയറിയത് ദീപുവിന്റെ ഗ്യാങ്ങില്‍ പെട്ട പ്രദീപാണ്. അവന്റേതു പതിനഞ്ചു മിനിറ്റ് കൊണ്ട് കഴിഞ്ഞു. അവന്‍ ഓടി വന്നു ബാക്കിയുള്ളവന്മാരോട് എന്തൊക്കെയോ അടക്കം പറയുന്നത് ബൈജു കണ്ടു. അത് കേട്ടതും അവന്മാരെല്ലാം എണീറ്റ്‌ വരി വരിയായി പുറത്തേക്കു പോയി. എന്താ സംഭവം എന്ന് ബൈജു ചോദിച്ചു. അവര്‍ക്ക് ഒരു വര്‍ഷം എക്സ്പീരിയന്‍സ് വേണം അണ്ണാ. അപ്പൊ സി വി ഒന്ന് ചെറുതായി മാറ്റാന്‍ വേണ്ടി അടുത്തുള്ള ഡി ടി പി സെന്ററിലേയ്ക്ക് പോയതാണ്. ഇവന്മാര്‍ക്ക് ഒന്നിനും ഒരു വര്‍ഷം തികച്ചു എക്സ്പീരിയന്‍സ് ഇല്ല. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു വീണ്ടും ഇന്റര്‍വ്യൂ തുടങ്ങി. ആദ്യം കയറിയത് സുമേഷാണ്. അവന്‍ ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോ പുറത്തു വന്നു. പിന്നെ ജിതിന്‍. അവന്‍ പത്തു മിനിട്ടേ എടുത്തുള്ളൂ. മൂന്നാമത് കയറിയത് ദീപുവാണ്. ഇത്തവണ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ അവന്‍ വെളിയിലെത്തി. പക്ഷെ ഒറ്റയ്ക്കല്ല എന്ന് മാത്രം. ഒപ്പം എച് ആറും ഉണ്ട്. വന്ന പാടെ അവര്‍ ഒരു ചോദ്യം. ദീപുവിന്റെ ഒപ്പം വന്നതില്‍ ഇനി വെയിറ്റ് ചെയ്യുന്നത് ആരൊക്കെയാണെന്ന്. ബാക്കിയുള്ള മൂന്നു പയ്യന്മാര്‍ കൈ പൊക്കി. അവരുടെ പേര് ചോദിച്ചതിനു ശേഷം അവര്‍ അവരവരുടെ സി വികള്‍ തിരികെ ഏല്‍പ്പിച്ചു. ഇനി ഒപെനിംഗ് വല്ലതും വരുമ്പോ അറിയിക്കാം. വെയിറ്റ് ചെയ്യേണ്ടതില്ല എന്ന് പറഞ്ഞു.

     ദീപുവിന്റെ മുഖത്ത് ഒരു ചെറിയ ചിരിയുണ്ട്. ബൈജുവിനും ഒരു വസ്തു പിടി കിട്ടിയില്ല. എല്ലാവരെയും വിളിച്ചു ഒടുവില്‍ പുറത്തിറങ്ങി. 'ഡേയ് എന്തുവാ പറ്റിയത് ? അവരെന്താ ഇറക്കി വിട്ടത് ? " ബൈജു ചോദിച്ചു.  ഒന്ന് രണ്ടു തവണ ചോദിച്ചപ്പോള്‍ ദീപു ഉള്ള സത്യം പറഞ്ഞു. ഇവന്മാര്‍ പുറത്തു പോയി റെസ്യുമെ മാറ്റിയപ്പോള്‍ വര്‍ക്ക്‌ എക്സ്പീരിയന്‍സ് കാണിക്കാന്‍ വേണ്ടി ഓരോ കമ്പനിയുടെ പേര് വെറുതെ എഴുതി വച്ചുവത്രേ. 'ഡേ. അതിനെന്താ പ്രശ്നം ? ഇവിടെ തെലുങ്കന്മാര്‍ മൊത്തം ചെയ്യുന്ന പരിപാടിയാ ഇത് " ബൈജു പറഞ്ഞു. 'അണ്ണാ അതല്ല പ്രശ്നം. എല്ലാവരും എഴുതിയ കമ്പനിയുടെ പേരാണ് പ്രശ്നമായത്‌. ദേ ഇവന്‍ എഴുതിയത് കണ്ണൂര്‍ ഇന്‍ഫോടെക്  എന്നാ. ആ സുജിത്ത് എഴുതിയത് കാലിക്കറ്റ്‌ ഇന്‍ഫോടെക് എന്നും ഒക്കെയാണ്. കഷ്ടകാലത്തിനു ആ  എച് ആര്‍ ഒരു മലയാളിയായിരുന്നു. അതും തലശേരിയിലുള്ള സ്ത്രീ. അവര്‍ പറഞ്ഞു വടക്കോട്ടുള്ള ഓരോ സ്ഥലത്തിന്റെ പേരെടുത്ത് അതിന്റെ വാലില്‍ ഇന്‍ഫോടെക്ക് എന്ന് എന്ന് ചേര്‍ത്താല്‍ കമ്പനി ആവില്ല എന്ന്. വേഗം വിട്ടോളാന്‍ പറഞ്ഞു. അപ്പ ഞാന്‍ പറഞ്ഞു വേറെ ആള്‍ക്കാരും ഉണ്ട് ന്നു. അതാ അവര്‍ പുറത്തു വന്നു എല്ലാവരോടും പോയ്ക്കോളാന്‍ പറഞ്ഞെ ." ദീപു ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു. 'ബെസ്റ്റ്. അവര്‍ തല്ലാഞ്ഞത് ഭാഗ്യം. ഡാ. ഇതൊക്കെ എന്നോടും കൂടി ഒരു വാക്ക് ചോദിച്ചിട്ട് വേണ്ടേ ചെയ്യാന്‍. ' ബൈജു എല്ലാവനെയും കളിയാക്കി. എന്നിട്ട് അവന്‍ മനസ്സില്‍ പറഞ്ഞു ' കോക്കനട്ട്..ഇവന്മാരുടെ പിള്ളേര് കളി കാരണം ഇന്ന് ചിന്നുവിന്റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കും .

    ഒരു വിധത്തില്‍ ദീപുവിനെ അവന്റെ കൂട്ടുകാരുടെ ഒപ്പം കയറ്റി അയച്ചു. ചിന്നു മെസ്സേജ് അയക്കുന്നത്  നിര്‍ത്തിയോ എന്തോ. അനക്കമൊന്നുമില്ല . എന്തായാലും ദീപു പോയത് അവളെ അറിയിച്ചേക്കാം. "എപ്പോ എത്തും ? " ഉടന്‍ തന്നെ മറുപടി വന്നു. ലക്ഷണം കണ്ടിട്ട് ഉടക്കിലല്ല എന്ന് തോന്നുന്നു. ആ ഒരു ധൈര്യത്തില്‍ ബൈജു നേരെ അവളെ വിളിച്ചു. 'എവിടെ പോയിരിക്കുകാണ് ? എപ്പോ വരും ? " അവള്‍ അത്ര  രസത്തിലല്ല. 'ഇപ്പൊ വരാം. എന്ത് പറ്റി ? " അവന്‍ ചോദിച്ചു. "എന്ത് പറ്റിയെന്നു ഇപ്പോഴാണോ ചോദിക്കുന്നത് ? അതെങ്ങനെ. വേറെ ആരെങ്കിലും വന്നാല്‍ പിന്നെ .." അങ്ങനെ പറഞ്ഞിട്ട് അവള്‍ ഫോണ്‍ പടെ എന്ന് പറഞ്ഞു കട്ട്‌ ചെയ്തു. ബൈജു പതിവ് പോലെ ഇതികര്‍ത്തവ്യതാ മൂഡന്‍ ആയി അങ്ങനെ വായും പൊളിച്ചു നിന്നു. ഇതാണ് പെണ്‍ പിള്ളേരുടെ ഒരു കുഴപ്പം. ഇതൊക്കെ നേരെ ചൊവ്വേ പറഞ്ഞുകൂടെ. അവന്‍ ഓര്‍ത്തു. ടിന്റു മോന്റെ ഏതോ ജോക്കില്‍ കണ്ട പോലെ. ദൈവം ടിന്റു മോന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു പതിവ് പോലെ വരം ഓഫര്‍ ചെയ്തു. 'എനിക്ക് വീട്ടില്‍ നിന്നു അമേരിക്കയിലേക്ക് ഒരു റോഡ്‌ കെട്ടി തരണം' എന്നാണു ടിന്റു ചോദിച്ചത്. അപ്പൊ ദൈവം പറഞ്ഞു അതൊന്നും നടപ്പില്ല, വേറെ ചോദിക്കൂ എന്ന്. അപ്പൊ ടിന്റു പറഞ്ഞു "എന്നാല്‍ ഒരു കാര്യം ചെയ്യ് ദൈവമേ. ഡുണ്ടു മോളുടെ മനസ്സ് വായിക്കാനുള്ള ശക്തി തന്നാലും മതി " ഇത് കേട്ടതും ദൈവം ചോദിച്ചുവത്രേ "നേരത്തെ  പറഞ്ഞ റോഡ്‌ നാല് വരി വേണോ അതോ ആറു വരി വേണോ " എന്ന്. അല്ല. ആരായാലും സുല്ലിട്ടു പോകും. ദൈവത്തിനെ പറഞ്ഞിട്ട് കാര്യമില്ല.

    പക്ഷെ ചിന്നു അത്രയ്ക്ക് പ്രശ്നക്കാരിയല്ല. ഇത് വേറെന്തോ കുഴപ്പമാണ്. അപ്പൊ അതാ അവള്‍ വീണ്ടും വിളിക്കുന്നു. 'ബൈജു. ഒരു കാര്യം ചെയ്യാമോ . എനിക്കൊരു സാധനം അത്യാവശ്യമായി വേണം. 'എന്താ പറയ്‌. " ബൈജു സന്തോഷത്തോടെ പറഞ്ഞു. ചിന്നുവിന്റെ ശബ്ദം ആകെ താഴ്ന്നിരിക്കുന്നു. അവള്‍ക്കു സുഖമില്ലേ ആവോ.  "എന്ത് പറ്റി ? നിനക്ക് സുഖമില്ലേ ? " ബൈജു ചോദിച്ചു. 'അതെ. വയ്യ" അവള്‍ പറഞ്ഞു. അത് കേട്ടതും അവന്‍ അങ്കലാപ്പിലായി. ' ഹേയ് എന്ത് പറ്റി ? ആശുപത്രിയില്‍ പോണോ ? എങ്കില്‍ ഞാന്‍ പുറത്തു വരാം. നീ ഇറങ്ങി വാ. ഞാന്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോകാം" .അവന്‍ വിളിച്ചു കൂവി. 'അതൊന്നും വേണ്ട ബൈജു. ഇതങ്ങനത്തെ അസുഖമല്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വരുന്നതാ.' ചിന്നു താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു. ബൈജുവിന് ആദ്യം കാര്യം പിടി കിട്ടിയില്ലെങ്കിലും ഒന്നാലോചിച്ചപ്പോ സംഗതി മനസ്സിലായി. 'എനിക്ക് പെയിന്‍ സഹിക്കാന്‍ പറ്റുന്നില്ല.' അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 'എനിക്കൊരു ഹെല്പ് ചെയ്യുമോ ? ഒരു പാരസെറ്റമോള്‍ ടാബ്ലറ്റ് വാങ്ങിക്കൊണ്ട് വരുമോ ? ' അവള്‍ ചോദിച്ചു. 'എന്താ ചിന്നു ഇങ്ങനൊക്കെ പറയുന്നത്. ഹെല്പ് എന്നൊക്കെ. ഞാന്‍ വാങ്ങി തരില്ലേ ? ' അവനു ദേഷ്യം വന്നു. പക്ഷെ അവളുടെ പ്രതികരണം തണുത്തതായിരുന്നു. ' നമുക്ക് പിന്നെ തല്ലു പിടിക്കാം ബൈജു. ഇപ്പൊ ഇത് വാങ്ങി കൊണ്ട് വാ. പ്ലീസ് ' അവള്‍ കരയുന്ന പോലെ പറഞ്ഞു. പിന്നെ ബൈജു ഒന്നും മിണ്ടിയില്ല. ടാബ്ലെറ്റ് വാങ്ങി ഉടന്‍ തന്നെ ഓഫീസിലെത്തി. അവളുടെ ക്യുബിക്കിളിനടുത്തു കൂടി പ്ലാനില്‍ നടന്നു. ചിന്നു തല കുനിച്ചിരിക്കുന്നത് അവന്‍ കണ്ടു. അടുത്ത് ചെന്ന് എന്തോ സംശയം ചോദിക്കുന്ന നാട്യത്തില്‍ അവന്‍ ആ ടാബ്ലെറ്റ് അവള്‍ക്കു കൊടുത്തു. തല ഉയര്‍ത്തി നോക്കിയ ചിന്നുവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒന്നും മിണ്ടാതെ അവള്‍ അത് വാങ്ങി. ബൈജു സീറ്റില്‍ പോയി ഇരുന്നു. മെയില്‍ ഒക്കെ വായിച്ചു നോക്കി. അതാ അവളുടെ മെസ്സേജ്.' സോറി ബൈജു". സ്ഥിരമുള്ള പരിപാടി തന്നെ അല്ലെ ? എന്ന്  പറഞ്ഞു അവന്‍ മറുപടി അയച്ചു. തിരികെ കരഞ്ഞു കൊണ്ടിരിക്കുന്ന സ്മൈലി ഉള്ള ഒരു മെസ്സേജ് വന്നു. അപ്പൊ അവനു പാവം തോന്നി. 'സാരമില്ല. വൈകിട്ട് ഫോണ്‍ ചെയ്യുമ്പോ സംസാരിക്കാം. ഇപ്പൊ കുറവില്ലേ ? എന്ന് ചോദിച്ചു അവന്‍ വീണ്ടും മെസ്സേജ് അയച്ചു. യെസ് എന്ന് ഒറ്റ വാക്കില്‍ മറുപടിയും കിട്ടി. അന്ന് വൈകിട്ട് ഇറങ്ങുന്നതിനു മുമ്പ് ചിന്നു ഒരു മെസ്സേജ് അയച്ചു. അവളുടെ ഒപ്പം ചെല്ലാമോ എന്ന്. സത്യം പറഞ്ഞാല്‍ കുറച്ചു പണി ഉണ്ട് തീര്‍ക്കാന്‍. നാളെ രാവിലെ നേരത്തെ വന്നു തീര്‍ക്കാം. ചിന്നുവിന് എന്തോ കാര്യമായ പ്രോബ്ലം ഉണ്ട്. അല്ലെങ്കില്‍ അവള്‍ നിര്‍ബന്ധിക്കില്ല.  ആറ് മണിയായപ്പോള്‍ ഇറങ്ങുകാണ്. പുറത്തു നില്‍ക്കാം എന്ന് ഒരു മെസ്സേജ് അയച്ചിട്ട് അവള്‍ ഇറങ്ങി പോകുന്നത് ബൈജു കണ്ടു. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവനും ഇറങ്ങി. എന്താ ബൈജു ഇന്ന് കറങ്ങാന്‍ വരുന്നോ എന്നൊക്കെ പ്രേമി അവിടിരുന്നു ചോദിക്കുന്നുണ്ട്. അവനാണെങ്കില്‍ ആ ഫ്ലോര്‍ മുഴുവന്‍ കേള്‍ക്കുന്ന വിധത്തിലാണ് അലറുന്നത്. ഒരു ദിവസം നിന്റെ വായില്‍ ഞാന്‍ തുണി തിരുകും എന്ന് പറഞ്ഞിട്ട് ബൈജു പുറത്തേക്കോടി.

     അടുത്തുള്ള കോഫി ഷോപ്പിന്റെ അടുത്ത് ചിന്നു നില്‍പ്പുണ്ട്. അവനെ കണ്ടതും പാവം ചിന്നുവിന്റെ തളര്‍ന്ന മിഴികള്‍ വിടര്‍ന്നു. നമുക്ക് ഒരു കോഫി കുടിച്ചാലോ എന്ന് അവള്‍ ചോദിച്ചു. രണ്ടു പേരും കൂടി അകത്തു കയറി. അധികം ആരുമില്ല അകത്തു. ഒന്ന് രണ്ടു ടെക്കികള്‍ അകത്തു വാചകമടിച്ചു ഇരിപ്പുണ്ട്. അവര്‍ ഒരു മൂലയ്ക്ക് പോയി ഇരുന്നു. കോഫിക്ക് ഓര്‍ഡര്‍ ചെയ്തു . നേര്‍ത്ത ശബ്ദത്തില്‍ സംഗീതം മുഴങ്ങുന്നുണ്ട്. സുഖമുള്ള തണുപ്പില്‍ കോഫിയുടെ മദിപ്പിക്കുന്ന മണം പരന്നു കിടക്കുന്നു. വിളറിയ ഓറഞ്ചു നിറത്തിലുള്ള പ്രകാശം ചിന്നുവിനെ കൂടുതല്‍ സുന്ദരിയാക്കി. നമുക്ക് ഇഷ്ടമുള്ള കോഫി ബീന്‍ കാണിച്ചു കൊടുത്താല്‍ അവര്‍ നമ്മുടെ മുന്നില്‍ വച്ച് പൊടിച്ചു കാപ്പി ഉണ്ടാക്കി തരും. അതാണ്‌ അവിടത്തെ പ്രത്യേകത. അവര്‍ റാക്കില്‍ നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം സെലക്ട്‌ ചെയ്തു തിരികെ പോയിരുന്നു. ഇരുപതു മിനിറ്റ് എടുക്കും അത് വച്ച് കോഫി ഉണ്ടാക്കാന്‍. രണ്ടു പേരും ഒരു നിമിഷം മുഖത്തോട് മുഖം നോക്കിയിരുന്നു. ചിന്നുവിന്റെ മുഖത്തെ വിഷമം അല്പം കുറഞ്ഞിട്ടുണ്ട്. അവള്‍ അവന്റെ കൈ കവര്‍ന്നെടുത്തു. എന്നിട്ട് പതിയെ പറഞ്ഞു. 'സോറി ബൈജു. എന്റെ സിടുവേഷന്‍ അതായിരുന്നു. ബൈജു ആ ടാബ്ലെറ്റ് കൊണ്ട് വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ കഷ്ടപ്പെട്ടേനെ. ' അവള്‍ പറഞ്ഞു. അവളുടെ കൈ വല്ലാതെ തണുത്തിരിക്കുകയായിരുന്നു. 'ഇന്ന് ഞാന്‍ രാവിലെ മുതല്‍ അവിടിരുന്നു കരയുകയായിരുന്നു.' അവളുടെ കണ്ണില്‍ അപ്പോഴും ഒന്ന് രണ്ടു തുള്ളി കണ്ണീര്‍ ഉണ്ടായിരുന്നു. 'എന്താ ചിന്നൂ. വിഷമിക്കാതെ. ഇനി കരച്ചില്‍ നിര്‍ത്തു..' അവന്‍ പറഞ്ഞ. 'അങ്ങനെയല്ല ബൈജൂ..എന്താന്നറിയാമോ വേദന..' അവള്‍ തുടര്‍ന്നു. 'മാത്രമല്ല ചിലപ്പോ ഇത് ഭയങ്കര ഓവര്‍ ആവും. അപ്പൊ ചിലപ്പോ ഓഫീസില്‍ ആണെങ്കില്‍ ശരിക്കും വിഷമിക്കും. എന്തെങ്കിലും പുറത്തു നിന്ന് വാങ്ങേണ്ടി വന്നാല്‍ ആരോട് പറയും. ചിലപ്പോ പെട്ടെന്ന് എഴുനേറ്റു പോകാനും പറ്റാത്ത അവസ്ഥയില്‍ ആയിരിക്കും. അറിയാവുന്ന പെണ്‍കുട്ടികള്‍ ആരും അടുത്തില്ലെങ്കില്‍ ഇതൊന്നും ആരോടും പറയാന്‍ കൂടി പറ്റില്ല '. അവള്‍ പറയുന്നത് കേട്ടിട്ട് ബൈജുവിന് സങ്കടം തോന്നി. 'ഈ വേദന ആ സമയത്ത് എല്ലാ പെണ്‍കുട്ടികള്‍ക്കും കാണുമോ ചിന്നൂ.? അതോ നിനക്ക് മാത്രമേ ഉള്ളോ ? "  അവന്‍ ചോദിച്ചു. ' ചിലര്‍ക്കൊക്കെ ഉണ്ടാവും. ഞാന്‍ അപ്പൊ അമ്മയെ വിളിച്ചു ചൊറിഞ്ഞുകൊണ്ടിരിക്കും. അമ്മ അവിടിരുന്നു എന്ത് ചെയ്യാനാ.. ചൂട് വെള്ളം കുടിക്കൂ എന്നൊക്കെ പറയും." അവള്‍ പറഞ്ഞു. 'ചൂടുവെള്ളം കുടിച്ചാല്‍ ഇത് മാറുമോ ? " അവന്‍ ചോദിച്ചു. 'മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കാതെ അവിടിരിക്ക്‌ ട്ടാ..' അവള്‍ ചിരിച്ചു കൊണ്ട് അവനെ പിടിച്ചു ചെറുതായി തള്ളി. തള്ളിയത് ചെറുതായിട്ടാണെങ്കിലും പുറകിലേക്ക് ബൈജു ചായ്ഞ്ഞതിന്റെ ആംഗിള്‍ കുറച്ചു കൂടിപോയത് കാരണം അവന്‍ മലര്‍ന്നടിച്ചു വീണു.അയ്യോ എന്ന് വിളിച്ചു കൊണ്ട് ചിന്നു ചാടി എഴുനേറ്റു വന്നു. മാത്രമല്ല അടുത്ത ടേബിളില്‍ ഇരുന്നവരും. എല്ലാവരും കൂടി ബൈജുവിനെ പൊക്കിയെടുത്തു വീണ്ടും കസേരയില്‍ ഇരുത്തി.ഒരു വളിച്ച ചിരിയോടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി അവന്‍ നന്ദി പറഞ്ഞു. 'സോറി ബൈജൂ.. ഞാന്‍ അറിയാതെ...' എന്ന് ചിന്നു വിഷമത്തോടെ പറഞ്ഞു. 'സാരമില്ല. നീ എന്നെ തവിട് പൊടിയാക്കിയേനെ' എന്നവനും പറഞ്ഞു. 'പോട്ടെ ട്ടോ' എന്ന് പറഞ്ഞിട്ട് ചിന്നു ബൈജുവിന്റെ കൈത്തണ്ട പിടിച്ചുയര്‍ത്തി ചെറുതായി ഒരുമ്മ വച്ചു. അതോടെ ബൈജു സ്മാര്‍ട്ട്‌ ആയി. 'ഒരെണ്ണം കൂടി തരുമോ ? എങ്കില്‍ ഞാന്‍ ഇനിയും വീഴാന്‍ റെഡി ആണെന്ന് അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'അയ്യട. അത് മനസ്സിലിരിക്കട്ടെ ' എന്ന് പറയേണ്ട താമസം ചിന്നുവിന്റെ ഫോണ്‍ ശബ്ദിച്ചു. എടുത്തു നോക്കിയിട്ട് അവള്‍ പറഞ്ഞു 'അമ്മയാണ്.മിണ്ടരുത്' എന്നിട്ട് ചിന്നു കാള്‍ എടുത്തു. എന്തൊക്കെയോ കുറച്ചു നേരം സംസാരിച്ചിട്ടു ഫോണ്‍ വച്ചു. എന്നിട്ട് അവള്‍ ചെറു ചിരിയോടെ പറഞ്ഞു. നിനക്ക് ഡേറ്റ് ആയല്ലോ. ഇന്നെന്താ വിളിയും കരച്ചിലും ഒന്നുമില്ലാത്തത് എന്ന് അമ്മ ചോദിച്ചുവത്രേ. 'അതെല്ലാം നീ എന്റെ നെഞ്ചത്ത്‌ തീര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞില്ലേ ? ' എന്ന് ബൈജുവും ചിരിച്ചുകൊണ്ട് ചോദിച്ചു. "സത്യം പറയട്ടെ. ഇപ്പൊ അവരോടൊക്കെ സംസാരിക്കുമ്പോഴുള്ളതിനേക്കാള്‍ സെക്യൂരിറ്റി ഫീലിംഗ് എനിക്ക് ബൈജുവിനോട് സംസാരിക്കുമ്പോഴാ കിട്ടുക". അവള്‍ പറഞ്ഞു. അത് കേട്ട് ബൈജു ചെറുതായി ഒന്ന് പുഞ്ചിരിച്ചു. നിന്നെ സമാധാനിപ്പിക്കുമ്പോഴോക്കെ  പേടിച്ചിട്ടു എന്റെ ഉള്ളില്‍ കയ്യും കാലും വിറയ്ക്കുന്നത് നീ കണ്ടില്ലല്ലോ അല്ലെ എന്ന് അവന്‍ മനസ്സില്‍ ചോദിച്ചു.

     രണ്ടു പേരും ഇറങ്ങി. ഞാന്‍ ഫോറത്തിലേയ്ക്ക് പോവുകയാണ്. അത് വരെ ഞാനും വരാം. എന്ന് പറഞ്ഞിട്ട് രണ്ടു പേരും ഫോറം ലക്ഷ്യമാക്കി നടന്നു. ഇത് കൊറമംഗല ഫോറം പോലെ അല്ല. കുറച്ചു കൂടി ചെറുതാണ്. അങ്ങോട്ട്‌ പത്തു മിനിറ്റ് നടക്കാനേ ഉള്ളൂ. ഇടയ്ക്ക് ഒരു മെഡിക്കല്‍ സ്റ്റോര്‍ കണ്ടപ്പോ ചിന്നു പറഞ്ഞു 'ഒരു സാധനം വാങ്ങാനുണ്ട്‌. ഇപ്പ വരാം ' എന്ന് . അവിടെ പോയി എന്തോ വാങ്ങി പെട്ടെന്ന് തന്നെ അവള്‍ തിരികെ വന്നു. ഇന്ന് അമ്മായിയുടെ വീട്ടിലേക്കു പോവുകയാണ്. അവളുടെ കയ്യില്‍ രണ്ടു ബാഗ് ഉണ്ട്. ഒരെണ്ണം ഇങ്ങു തന്നേക്ക്‌. ഞാന്‍ പിടിക്കാം. എന്ന് അവന്‍ പറഞ്ഞു. അവള്‍ തോളില്‍ ഇട്ടിരുന്ന ബാക്ക് പായ്ക്ക് ഊരി കൊടുത്തു. ഫോറത്തില്‍ എത്തി. കയറുന്നിടത്ത് ബാഗ്‌ ചെക്ക്‌ ചെയ്യും. ബൈജു അവളുടെ ബാഗ്‌ എടുത്തു കൊടുത്തു.  ചെക്ക്‌ ചെയ്ത സ്ത്രീ അതില്‍ നിന്ന് ഒരു പൊതി എടുത്തിട്ട് എന്താണിത് എന്ന് ചോദിച്ചു. അങ്ങനെ ചോദിച്ചെങ്കിലും അവര്‍ക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു. It's her bag എന്ന് ബൈജു ഒരു വളിച്ച ചിരിയോടെ പറഞ്ഞു. അവരും അപ്പൊ തന്നെ അത് തിരികെ കൊടുത്തു. അകത്തു കയറിയപ്പോള്‍ അവന്‍ ചോദിച്ചു. ഇങ്ങനത്തെ സാധനങ്ങള്‍ ഒക്കെ ഉണ്ടെങ്കില്‍ എന്തിനാടീ ബാഗ്‌ എന്റെ കയ്യില്‍ തന്നതെന്ന്. അപ്പൊ അതാ വരുന്നു ചിന്നുവിന്റെ ചുട്ട മറുപടി. 'അതിലെന്താ ഇത്ര നാണക്കേട്‌ ? കല്യാണം കഴിഞ്ഞാല്‍ ചിലപ്പോ ഇതൊക്കെ ആരാ വാങ്ങി തരേണ്ടി വരുന്നതെന്നറിയാമോ ? " അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. 'അതിനെന്റെ കുത്താ വില്‍ കം ' എന്ന് അവന്‍ പറഞ്ഞു. അത് കേട്ട് ചിന്നു പൊട്ടിച്ചിരിച്ചു. 'അതേയ് ഞാന്‍ ഇപ്പൊ വരാം." എന്ന് പറഞ്ഞിട്ട്  അവള്‍ കയ്യിലിരുന്ന ബാഗ്‌ ബിജുവിന്റെ പക്കല്‍ കൊടുത്തിട്ട് മറ്റേ ബാഗ്‌ വാങ്ങി റസ്റ്റ്‌ റൂമിലേക്ക്‌ പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവള്‍ തിരികെ വന്നു. എന്നിട്ട് പറഞ്ഞു 'ഹോ. ഇപ്പോഴാണ് ആശ്വാസമായത്. ആണുങ്ങള്‍ക്ക് ഇങ്ങനത്തെ വല്ല ബുദ്ധിമുട്ടും ഉണ്ടോ ?' എന്നവള്‍ പറഞ്ഞു. ബൈജുവും അത് ശരി വച്ചു. ഒരു കണക്കിന് ഇവരെയൊക്കെ സമ്മതിക്കണം. ഇങ്ങനത്തെ ഓരോ പ്രശ്നങ്ങള്‍ ഉള്ളപ്പോ തന്നെ എന്തൊക്കെ കാര്യങ്ങള്‍ ആണ് പെണ്ണുങ്ങള്‍ ഒരേ സമയം കൂള്‍ ആയി കൈകാര്യം ചെയ്യുന്നത്. ' ആദ്യമായി അവരോടു അവനു കുറച്ചു ബഹുമാനം തോന്നി. രണ്ടു പേരും അവിടെ ഒന്ന് രണ്ടു കടകളില്‍ കയറിയിട്ട് പെട്ടെന്ന് തന്നെ ഇറങ്ങി. 'രാത്രി വിളിക്കാം കേട്ടോ ' എന്ന് പറഞ്ഞിട്ട് ചിന്നു യാത്രയായി.

    അന്ന് രാത്രി മുഴുവന്‍ ഇടവിട്ട്‌ ചിന്നു വിളിക്കുന്നുണ്ടായിരുന്നു. വേദന ഉണ്ടത്രേ. ഇന്റര്‍നെറ്റ്‌ എടുത്തു നോക്കിയിട്ട് ബൈജു ഓരോ മണ്ടന്‍ ഉപദേശങ്ങള്‍ അവള്‍ക്കു കൊടുത്തു അതിന്റെ തെറിയും കയ്യോടെ വാങ്ങിച്ചു. അവസാനമായപ്പോള്‍ ബൈജുവിന്റെ  ആവനാഴിയിലെ അസ്ത്രങ്ങള്‍ എല്ലാം തീര്‍ന്നു. ശെടാ. ഇത് നമുക്ക് വരാത്തത് കാരണം എന്ത് ചെയ്യണമെന്നു അറിയുകയുമില്ല. ഇനി തെറി വിളിക്കല്ലേ എന്റെ ചിന്നുവേ. എന്ന് പറഞ്ഞു അവന്‍ സാഷ്ടാംഗം വീണു. അത് കേട്ടതും ചിന്നു വീണ്ടും ഇടിച്ചു ഫോണ്‍ കട്ട്‌ ചെയ്തു. മണി പാതിരാത്രി രണ്ടര ആയി. ഇത്രയും നേരം ടെറസില്‍ ഇരുന്നത് കൊണ്ട് വേറെ ആരും ഇതൊന്നും കേട്ട് കാണില്ല. റൂമിന്റെ ഡോര്‍ അടച്ചിരിക്കുന്നു. ചിലപ്പോ മഹേഷ്‌  എത്തിക്കാണും. അവന്‍ ഡോറില്‍ മുട്ടി. വാതില്‍ തുറന്നപ്പോ കുറെ പുക പുറത്തേക്കു വന്നു. മഹേഷ്‌ ഒന്നാം തരം പുകവലിക്കാരന്‍ ആണ്. അകത്തിരുന്നു വലിച്ചു തള്ളുകയായിരുന്നെന്നു തോന്നുന്നു. പുക ഒന്നടങ്ങിയപ്പോ അതിനിടയില്‍ നിന്ന് മഹേഷ്‌ ഇറങ്ങി വന്നു.    'എന്തുവാടെ നീ ഇത് വരെ തൂങ്ങീലേ ? അവന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. 'ഇല്ലടാ . ഉറക്കം വരുന്നില്ല .' എന്ന് ബൈജു ക്ഷീണിച്ച ശബ്ദത്തില്‍ പറഞ്ഞു. 'നീ ഒരു കാര്യം ചെയ്യ്‌. ആ ഫോണ്‍ കുറച്ചു നേരം ഓഫ്‌ ആക്കി വയ്ക്ക്. അപ്പൊ ഉറക്കം താനേ വന്നോളും.' എന്ന് പറഞ്ഞിട്ട് മഹേഷ്‌ പൊട്ടിച്ചിരിച്ചു. ഇത് കേട്ടതും ബൈജുവിന്റെ മുഖത്ത് ചിരിയാണോ ആശ്വാസമാണോ എന്നൊന്നും നിര്‍വചിക്കാന്‍ പറ്റാത്ത ഒരു ഭാവം വിടര്‍ന്നു.  എന്നിട്ട് ഫോണ്‍ സൈലന്റ് ആക്കി വച്ചിട്ട് അവന്‍ ഒറ്റ ഉറക്കം ഉറങ്ങി. നാളെ എന്താവുമോ എന്തോ. രാവിലെ പേടിച്ചു പേടിച്ചാണ് ഫോണ്‍ എടുത്തു നോക്കിയത്. ഇപ്പൊ ഇപ്പൊ ഉറക്കമുണര്‍ന്നാല്‍ ആദ്യം ചെയ്യുന്ന പണി ഫോണ്‍ ചെക്ക്‌ ചെയ്യലാണ്. പല്ല് തേയ്ക്കുന്നത് വരെ പിന്നെയാണ്. കാരണം പല്ല് തേയ്ക്കാന്‍ താമസിച്ചാലും സാരമില്ല. പല്ല് അവിടെ തന്നെ കാണും. പക്ഷെ അവളുടെ മെസ്സേജ് കണ്ടിട്ട് മൈന്‍ഡ് ചെയ്തില്ലെങ്കില്‍ ചിലപ്പോ ആ പല്ല് അവള്‍ തന്നെ അടിച്ചു കൊഴിക്കും.. സ്നേഹം കൂടിയാല്‍ അവള്‍ എന്താണ് ചെയ്യുക എന്ന് ചിലപ്പോ പ്രവചിക്കാന്‍ പറ്റില്ല. എന്തായാലും അടിക്കു ശേഷമുള്ള എല്ലാ ദിവസത്തിന്റെയും തുടക്കത്തിലെന്ന പോലെ ഇന്നും ചിന്നുവിന്റെ മെസ്സേജ് ഉണ്ട്. രാവിലെ നാലിന് അയച്ചിരിക്കുന്നു. ഉമ്മ വച്ചോണ്ടിരിക്കുന്ന ഒന്ന് രണ്ടു സ്മൈലിയും ഒരു സോറിയും ഒരു ഗുഡ് മോര്‍ണിങ്ങും. കൊള്ളാം. നല്ല തുടക്കം. ബൈജു പായ ചുരുട്ടി.

ഇതുവരെയുള്ള എല്ലാ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 28

ഞാന്‍ എന്റെ പ്രിയന് വേണ്ടി വാതില്‍ തുറന്നു.

എന്റെ പ്രിയനോ പൊയ്കളഞ്ഞിരുന്നു.

അവന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ വിവശയായിരുന്നു.

ഞാന്‍ അന്വേഷിച്ചു. അവനെ കണ്ടില്ല.

ഞാന്‍ അവനെ വിളിച്ചു. അവന്‍ ഉത്തരം പറഞ്ഞില്ല.

നഗരത്തില്‍ ചുറ്റി സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു.

അവര്‍ എന്നെ അടിച്ചു.. മുറിവേല്‍പ്പിച്ചു. മതില്‍ കാവല്‍ക്കാര്‍ എന്റെ മൂടുപടം എടുത്തു കളഞ്ഞു.

യരുശലേം പുത്രിമാരെ.. നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമ പരവശയായിരിക്കുന്നു എന്ന് അവനോടറിയിക്കേണമേ  എന്ന് ഞാന്‍ ആണയിടുന്നു

മുന്‍ ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

     ശിശിരം വന്നണഞ്ഞു. മഞ്ഞില്‍ കുളിച്ച പ്രഭാതങ്ങളും സന്ധ്യകളും ബാംഗ്ലൂരിനെ കൂടുതല്‍ സുന്ദരിയാക്കി. Buy one Get one ഓഫറില്‍ രണ്ടു ബ്ലാങ്കറ്റ് വാങ്ങിയതില്‍ ഒരെണ്ണം ചിന്നു ബൈജുവിന് കൊടുത്തു. പകരം Winter Gears for you and your loved one ഓഫറില്‍ കിട്ടിയ girls' jacket അവന്‍ ചിന്നുവിനും കൊടുത്തു.  അങ്ങനെ തണുപ്പിനെ നേരിടാന്‍ അവര്‍ തയ്യാറെടുത്തു. രണ്ടു വര്‍ഷം മുമ്പ് ഇത് പോലൊരു തണുത്ത ദിവസമാണ് ബൈജു ചിന്നുവിനോട് സ്വന്തം ഇഷ്ടം ആദ്യമായി അറിയിച്ചു പണി വാങ്ങിച്ചത്. ഇത്തവണ  റിമൈന്‍ഡര്‍ സെറ്റ് ചെയ്തു വച്ചിരുന്നത് കൊണ്ട് തടി കേടാവാതെ ബൈജു രക്ഷപെട്ടു. സാധാരണ ചിന്നുവാണ് ഇതു പോലുള്ള കാര്യങ്ങള്‍ ഓര്‍ത്തു വച്ചിരിക്കുന്നത്. ഇത്തവണ നമ്മുടെ വാര്‍ഷികം നല്ലത് പോലെ ആഘോഷിക്കണം. എനിക്കൊരുപാട് ആഗ്രഹങ്ങള്‍ ഒക്കെ ഉണ്ട്. എന്ന് ചിന്നു പറഞ്ഞു. പതിവ് പോലെ അത് കേട്ടതും അവളുടെ മുന്‍പില്‍ വച്ച് ബൈജു പഴ്സ് തുറന്നു നോക്കുകയും ചിന്നുവിന്റെ  വായിലിരിക്കുന്നത് കേള്‍ക്കുകയും ചെയ്തു. രാത്രി വിളിക്കുമ്പോ വിശദമായി പറയാം എന്ന് മെസ്സേജ് അയച്ചിട്ട് ചിന്നു ഓഫീസില്‍ നിന്ന് ഇറങ്ങി. മുമ്പൊക്കെ ഇറങ്ങിയതില്‍ പിന്നെ ഉടനെ തന്നെ അവള്‍ വിളിക്കുമായിരുന്നു. പക്ഷെ ഒരിക്കല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് നടന്നു ചിന്നു ഒരു സ്ലാബിനിടയില്‍ കൂടി ഓടയില്‍ വീഴാന്‍ പോയതില്‍ പിന്നെ അത് രണ്ടു പേരും കൂടി നിര്‍ത്തി വച്ചിരിക്കുകയാണ്.

     രാത്രിയായപ്പോള്‍ ചിന്നു വിളിച്ചു. പതിവിലധികം ആര്‍ദ്രമായ ശബ്ദത്തില്‍ അവള്‍ സംസാരം തുടങ്ങി. ബീഫ് അടിച്ചു വയറു വീര്‍പ്പിച്ചു ഇരിക്കുകയായിരുന്നെങ്കിലും ബൈജുവും വളരെ സ്നേഹത്തോട് കൂടി എന്താ മോളെ എന്നൊരു വിളി വിളിച്ചു. സാധാരണ അതിനെ കളിയാക്കുമെങ്കിലും ഇത്തവണ ചിന്നു ആകെ ഡൌണ്‍ ആയി. നാണത്തോടു കൂടി അവള്‍ ഒടുവില്‍ മനസ്സ് തുറന്നു. അവളുടെ ഒരു ഫ്രണ്ട് ഉണ്ടല്ലോ. ഒരു കവിത ഫ്രാന്‍സിസ്. അവള്‍ കല്യാണം കഴിച്ചിട്ട് കണ്ട പബ്ബിലും പാര്‍ക്കിലും ഒക്കെ കറങ്ങി നടക്കുകയാണ്. അത് കണ്ടിട്ട് ചിന്നൂനും ഒരു ആഗ്രഹം. പബ്ബില്‍ പോകാന്‍. തന്നെ കല്യാണം കഴിക്കാന്‍ പോകുന്ന ആളിന്റെ ഒപ്പം മാത്രമേ ആദ്യമായി പബില്‍ പോകൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുകയായിരുന്നു പോലും ചിന്നു. ഇപ്പൊ ബൈജുവിനെ കിട്ടിയതില്‍ പിന്നെ അവള്‍ക്കു ആഗ്രഹം നിയന്ത്രിക്കാന്‍ പറ്റുന്നില്ല. ഇത് കേട്ട് ബൈജുവിന് ചിരി വന്നു. അല്ല ചക്കരേ അവിടെയൊക്കെ മുടിഞ്ഞ കാശാ.. മാത്രമല്ല അവന്മാര്‍ കപ്പിളിനെ മാത്രമേ അകത്തു കയറ്റൂ. അത് കേട്ടതും ചിന്നു പറഞ്ഞു .. പൈസ ഞാന്‍ കൊടുക്കാം. പിന്നെ കപ്പിള്‍. നമ്മള്‍ ഇപ്പോ കപ്പിള്‍ ആണല്ലോ. എന്ന് പറഞ്ഞു  അവള്‍ വന്‍ ചിരി ചിരിച്ചു. ബൈജുവും അത് കേട്ട് ചിരിച്ചു. 'അല്ല .. നമ്മള്‍ അവിടെ പോയിട്ട് എന്ത് ചെയ്യാനാ ? ഞാന്‍ പണ്ട് ഒരുപാടു പബ്ബുകളിലൊക്കെ പോയിട്ടുണ്ട്. അവിടെ പോയി വെറുതെ സൊറ പറഞ്ഞിരുന്നിട്ട് തിരിച്ചു വരും. അതാ പരിപാടി. ബൈജു പറഞ്ഞു. അത് കേട്ടതും ചിന്നുവിന്റെ മറുപടി. നമുക്ക് പോയി ഡാന്‍സ് ചെയ്യാം എന്ന്. എനിക്ക് ഡാന്‍സ് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണെന്ന്. അത് കേട്ട് ബൈജു ഒരു നിമിഷം നിശബ്ദനായി. ജീവിതത്തില്‍ ഇന്ന് വരെ ഡാന്‍സ് ചെയ്തിട്ടില്ല. പാര്‍ടിക്കൊക്കെ പോകുമ്പോ കൂടെയുള്ളവര്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടു നില്‍ക്കുന്നതല്ലാതെ ഇതൊന്നും അറിയില്ല. ഇനി ഡാന്‍സ് ചെയ്തില്ലെങ്കില്‍ ഞാന്‍ വെറും പഴഞ്ചന്‍ ആണെന്ന് അവള്‍ വിചാരിക്കുമോ. അല്ലെങ്കിലേ ചിന്നുവിന് സല്‍സ പഠിക്കാന്‍ പോണം എന്ന് പറഞ്ഞു ഇടയ്ക്ക് ബഹളം കൂട്ടിയിട്ടുള്ളതാ. പിന്നെ കൂടെ ഡാന്‍സ് ചെയ്യാന്‍ ആണുങ്ങള്‍ വേണമല്ലോ എന്ന് വിചാരിച്ചാണ് അവള്‍ വേണ്ടാ എന്ന് വച്ചത്. അന്ന് ബൈജുവിനെയും അത് പഠിക്കാന്‍ പോകാന്‍ വിളിച്ചുവെങ്കിലും റിലീസിന്റെയും പ്ലാനിങ്ങിന്റെയും പേര് പറഞ്ഞു അവന്‍ അത് മുടക്കി. ഹോ. ആകെ വന്ന സന്തോഷമൊക്കെ പോയി.. 'എന്താ ചക്കരേ ഒന്നും മിണ്ടാത്തത് ?' അവള്‍ ചോദിക്കുന്നു. അവന്‍ ചിരിച്ചിട്ട് പറഞ്ഞു അപ്പൊ നിനക്കും അങ്ങനൊക്കെ വിളിക്കാനറിയാം അല്ലേ ? ചിലപ്പോ ഒക്കെ നിന്നെ അങ്ങനെ വിളിച്ചാല്‍ നീ തിരിച്ചു എന്തൊക്കെയാ എന്നെ വിളിക്കുന്നതെന്ന് വല്ല ഓര്‍മയുമുണ്ടോ ? ". " അതൊക്കെ സ്നേഹം കൊണ്ട് പറയണതല്ലേ .. പോട്ടെ ട്ടാ .." അവള്‍ ബൈജുവിനെ സമാധാനിപ്പിച്ചു.

    അങ്ങനെ ചിന്നുവിന്റെ സുഹൃത്തും റൂം മീറ്റും സര്‍വോപരി ഒന്നാം തരം പാരയുമായ ജെസ്സിനോട് നല്ല പബ് ഏതാണെന്ന് ചിന്നു പ്ലാനില്‍ ചോദിച്ചു മനസ്സിലാക്കി. ജെസ്സും അവളുടെ ബോയ്‌ ഫ്രണ്ടും സ്ഥിരം പോണ സ്ഥലമാണത്രേ . രണ്ടെണ്ണവും നല്ല പിച്ചകള്‍ ആയതു കാരണം അധികം കാശ് ചെലവുള്ള സ്ഥലമായിരിക്കില്ല എന്ന് ബൈജു അവളോട്‌ പറഞ്ഞു. പറഞ്ഞത് പോലെ തന്നെ ജെസ്സ് ഒരു പബ്ബിന്റെ പേര് പറഞ്ഞു തന്നു. ബ്രിഗേഡ് റോഡില്‍ ഒരു വശത്തായി വരും. ഒരു തലയ്ക്കു എഴുനൂറു രൂപയാണ് അവന്മാര്‍ വാങ്ങിക്കുന്നത്. ഒരു ബോട്ടില്‍ ബിയര്‍ , കുറച്ചു സ്നാക്സ് എന്നിവ ഫ്രീ ഉണ്ട്. അവിടെയാകുമ്പോ ആരും കാണുകയുമില്ല. എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നതെന്ന് ജെസ്സ് കുറെ തവണ ചിന്നുവിനോട് ചോദിച്ചു. ഒരു ഫ്രണ്ട് നാട്ടില്‍ നിന്ന് വരുന്നുണ്ട്. അവര്‍ക്ക് പോകാനാ എന്ന് ചിന്നു മറുപടി പറഞ്ഞു. അത്രയ്ക്ക് വിശ്വാസമായില്ലെങ്കിലും ജെസ്സ് ഒരു വിധം അടങ്ങി.

     അങ്ങനെ ആ ദിവസം വന്നെത്തി. ഒരു വെള്ളിയാഴ്ചയാണ്. ബൈജു അന്ന് ലീവ് എടുത്തു. ചിന്നു ഉച്ചയ്ക്ക് പല്ല് വേദനയെന്നോ പനിയെന്നോ മറ്റോ പറഞ്ഞിട്ട് ഓഫീസില്‍ നിന്ന് ചാടി വരാം എന്ന് പറഞ്ഞു. ബ്രിഗേഡ് റോഡിന്റെ താഴെയുള്ള റെക്സ് സിനിമയുടെ അടുത്ത് വന്നാല്‍ മതി. അവിടെ നിന്ന് ഒരുമിച്ചു പോകാം എന്ന് ബൈജു അവളോട്‌ പറഞ്ഞു. അവള്‍ അത് തല കുലുക്കി സമ്മതിച്ചു. നാല് മണിക്ക് വരാം എന്ന് പറഞ്ഞ ചിന്നുവിനെ നാലരയായിട്ടും കാണാനില്ല. അതാ വരുന്നു അവളുടെ ഫോണ്‍. 'അതേയ് ബൈജു ഞാന്‍ ബ്ലോക്കില്‍ കുടുങ്ങിയതാ. ഇപ്പൊ ഇതാ ഒരു പൊക്കമുള്ള ബില്‍ഡിംഗ്‌ന്റെ അടുത്തായി. എവിടെയാ ഈ റെക്സ് ? ' ചിന്നു ചോദിക്കുകയാണ്. 'കഴുത.. അപ്പൊ നീ എന്തോര്‍ത്തിട്ടാ അവിടെ വരാം എന്ന് പറഞ്ഞെ ? ' അവന്‍ ചൂടായി. അത് കേട്ടിട്ട് അവളും ചൂടായി. 'പെട്ടെന്ന് പറഞ്ഞു തന്നോ. അല്ലെങ്കില്‍ ഞാന്‍ ഈ ഓട്ടോയില്‍ തന്നെ തിരിച്ചു പോകും. ഹല്ലാ പിന്നെ. ' അത് കേട്ടതും ബൈജു അടങ്ങി. വഴിയൊക്കെ പറഞ്ഞു കൊടുത്തു. പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോ ചിന്നു വന്നിറങ്ങി. അവള്‍ ഒരു ജീന്‍സും ടോപ്പും ഒക്കെയായി പബ്ബിലേയ്ക്ക് വേണ്ട വേഷമൊക്കെ ഇട്ടാണ് വന്നിരിക്കുന്നത്. നീ ആകെപ്പാടെ ഒരു സുന്ദരി ആയിട്ടുണ്ടല്ലോ എന്ന് വന്നപാടെ ബൈജു ചിന്നുവിനെ ഒന്ന് പുകഴ്ത്തി. 'വേണ്ട വേണ്ട .. ഈ നമ്പര്‍ വേണ്ട.' എന്ന് അവളും പറഞ്ഞു.അവന്റെ നമ്പര്‍ പൊളിഞ്ഞത്തിന്റെ ചമ്മല്‍ മറയ്ക്കാന്‍ അവനും പൊട്ടിച്ചിരിച്ചു. ലിവിസ് ന്റെ ഒരു ഷോ റൂം ഉണ്ട്. ചൊമല നിറത്തില്‍. അതിന്റെ മുന്നില്‍ ഉള്ള വഴി പിടിച്ചു അകത്തേക്ക് പോകുമ്പോഴാണ് പബ്. അതിന്റെ ഒരു അഡ്വാന്റെജ് എന്താന്നു വച്ചാല്‍ ആള്‍ക്കൂട്ടത്തില്‍ ആരും ശ്രദ്ധിക്കപ്പെടാതെ നടന്നു പോയിട്ട് ടപേ എന്ന് പറഞ്ഞു ചാടി കയറാം. അങ്ങനത്തെ ഒരു സ്ഥലമാണ്. ജെസ്സിനെ സമ്മതിക്കണം. ഇതൊക്കെ കണ്ടു പിടിക്കുന്നതിന്. ചിന്നു പറഞ്ഞു. 'ഡീ . അവള് പോയി കണ്ടു പിടിച്ചത് ഇപ്പൊ നമുക്ക് ഉപകാരമായില്ലേ. നീ ഇനി വെറുതെ അവളെ പറ്റി പരദൂഷണം പറയണ്ട." എന്ന് ബിജുവും പറഞ്ഞു. അല്ലേലും ഒരു പെണ്ണിന് വേറൊരു പെണ്ണിനെ, അവളിനി എത്ര അടുത്ത സുഹൃത്തായാലും കണ്ണെടുത്താല്‍ കണ്ടുകൂടല്ലോ. അക്കാര്യത്തില്‍ നമ്മള്‍ ആണുങ്ങള്‍ തന്നെ ഭേദം. ബൈജു ഓര്‍ത്തു.

     പബ്ബിന്റെ ബോര്‍ഡ്‌ കണ്ടു. അകത്തേയ്ക്ക് കയറി. ഡോറില്‍ രണ്ടു തടിയന്മാര്‍ നില്‍പ്പുണ്ട്. അവര്‍ കയ്യോടെ പൈസ വാങ്ങിച്ചു. എന്നിട്ട് രണ്ടു പേരുടെയും കയ്യില്‍ ഓരോ ബാന്‍ഡ് കെട്ടിക്കൊടുത്തു.

എന്നിട്ട് വളരെ ഭവ്യതയോടെ അകത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. ചെറിയ ഇരുണ്ട ഒരു പാസ്‌ വേയിലൂടെ വേണം അകത്തേക്ക് പോകാന്‍. വന്‍ ആംബിയന്‍സ്. ചിന്നു ചെറിയ പേടിയോടെ ബൈജുവിന്റെ കയ്യില്‍ തൂങ്ങി. അകത്തെ ഫ്ലോര്‍ കൊള്ളാം. ചെറിയ ഇരുളും വെളിച്ചവും വീണ അന്തരീക്ഷം. ഒരു വശത്ത് ബാര്‍. നടുക്കായി ഡാന്‍സിംഗ് ഫ്ലോര്‍. അവിടവിടെ പ്രകാശത്തിന്റെ ചെറിയ തുരുത്തുകളില്‍ പ്രണയിതാക്കള്‍ ഇരിപ്പുണ്ട്. കസേരയ്ക്കു പകരം ലൌന്‍ജ് ആണ്. അവര്‍ രണ്ടു പേരും ഒരു മൂലയില്‍ പോയിരുന്നു. അവര്‍ രണ്ടും ഒരല്പം അകലം വിട്ടാണ് ഇരുന്നത്. ചിന്നു ചുറ്റിനും നോക്കിയിട്ട് പറഞ്ഞു സംഗതി കൊള്ളാമല്ലോ എന്ന്. അവന്‍ അപ്പുറത്തിരിക്കുന്നവരെ ഒക്കെ ഒന്ന് നോക്കി. എല്ലാ തരത്തിലുള്ള മുതലുകളും ഉണ്ട്. നെറ്റിയിലും ചെവിയിലും ഒക്കെ തുളച്ചു കമ്മലിട്ടവന്മാര്‍, ജെല്‍ തേച്ചു ഷോക്ക്‌ അടിച്ച പോലെ മുടി എഴുനേല്‍പ്പിച്ചു നിര്‍ത്തിയിരിക്കുന്നവര്‍,

വരമ്പ് പോലെ മീശയും താടിയും വച്ചവന്മാര്‍, അമീര്‍ ഖാന്‍ ചെയ്ത പോലെ കീഴ്താടിക്ക് താഴെ കുറ്റിക്കാട് പോലെ അല്പം രോമം നിര്‍ത്തിയിരിക്കുന്നവര്‍ എന്ന് വേണ്ട സകല അലവലാതികളും ഉണ്ട്. ആരോ കാലില്‍ ചെറുതായി ഞോണ്ടുന്നു . ചിന്നുവാണ്. അടുത്ത ടേബിളില്‍ ഇരിക്കുന്നവനെ കാണിച്ചിട്ട് അവള്‍ പറയുകയാണ്‌ അവന്റെ മുടി കണ്ടോ ? തലയില്‍ പശു കിടാവ് നക്കിയ പോലെ ഉണ്ട് അല്ലേ ' എന്ന്. അത് കേട്ടിട്ട് ബൈജുവിന് ചിരി വന്നു.  സംഗതി ശരിയാ. തലയില്‍ കൂടി റോഡ്‌ റോളര്‍ കയറ്റി ഇറക്കിയ പോലുണ്ട്. പണ്ട് മൃഗാശുപത്രിയില്‍ കുത്തി വയ്പ്പിക്കാന്‍ വേണ്ടി കൊണ്ട്  വരുന്ന ചെവിയില്‍ കമ്മലിട്ട കന്നുകാലികലെയാണ് ബൈജുവിന് ഓര്‍മ വന്നത്. പക്ഷെ അവന്റെ ഒപ്പമുള്ള പെണ്ണ് കൊള്ളാം. ഇറുകിയ ഒരു ടോപ്പും കഷ്ടിച്ച് മുട്ടറ്റം എത്തുന്ന ഒരു സ്കര്‍ട്ടും . ബൈജുവിന്റെ നോട്ടം കണ്ടിട്ട് ചിന്നു അവന്റെ കയ്യില്‍ ഒരു നുള്ള് വച്ച് കൊടുത്തു. 'അതേയ്.. മതി നോക്കിയത്..' അവള്‍ ശാസിച്ചു. 'അല്ല. നീയല്ലേ പണ്ട് പറഞ്ഞത് വേറെ പിള്ളേരെ നോക്കിയാലോന്നും ഞാന്‍ ഒന്നും പറയില്ല എന്നൊക്കെ .. എന്നിട്ട് ? അതൊക്കെ പോട്ടെ.. നിനക്ക് ഇങ്ങനെ വല്ലതും ഡ്രസ്സ്‌ ചെയ്തു കൂടെ ചക്കരേ' അവന്‍ കുസൃതിയോടെ ചോദിച്ചു. 'ഹയ്യട. അത് മാത്രം നല്ല ഓര്‍മ. വേല മനസ്സിലിരിക്കട്ടെ .' എന്ന് പറഞ്ഞുവെങ്കിലും ചിന്നുവിന്റെയും നോട്ടം ആ പെണ്ണിന്റെ മേലായിരുന്നു. അവള്‍ പറഞ്ഞു 'ആ കുട്ടി ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ഭയങ്കര ചീപ് സാധനമാണ്. കമേര്‍സ്യല്‍ സ്ട്രീറ്റില്‍ ഇരുനൂറു രൂപയ്ക്കു കിട്ടുന്നതാണ്.. രണ്ടും കൂടി. ' . 'എങ്കില്‍ ഉറപ്പിച്ചോ. അത് അവന്‍ അവള്‍ക്കു വാങ്ങി കൊടുത്തതായിരിക്കും. അവന്റെ കോലം കണ്ടാലറിയാം അവന്‍ ഇവളെ തീറ്റി പോറ്റി പിച്ചയെടുത്തിരിക്കുകയാണെന്നു" ..' ബൈജു ചിരിച്ചു കൊണ്ട് പറഞ്ഞു. " ബൈജുവിന്ഒരു കാര്യം അറിയാമോ ? നിങ്ങള്‍ ആണുങ്ങള്‍ വായിനോക്കുന്നതിനേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളെ വായി നോക്കുന്നത് പെണ്ണുങ്ങള്‍ തന്നെയാണ്. പുതിയ ഡ്രസ്സ്‌, മാല, വള അങ്ങനെ അങ്ങനെ.. ' ചിന്നു പറഞ്ഞു. 'അത് ശരി.. അപ്പൊ ഇനി മുതല്‍ നമുക്ക് ഒരുമിച്ചു വായി നോക്കാം ട്ടാ..' അവന്‍ പറഞ്ഞു. 'അത് വേണ്ട. മനസ്സിലിരിപ്പ് പിടി കിട്ടി . ഞാന്‍ നോക്കിക്കോളാം.' അവളും പറഞ്ഞു.

    കുറച്ചു നേരം കഴിഞ്ഞപ്പോ ഒരുത്തന്‍ അവരുടെ ടേബിളില്‍ വന്ന് ഒരു മെനു കൊണ്ട് വച്ചു. ഡ്രിങ്ക് സെലക്ട്‌ ചെയ്യാനാണ്. മെക്സിക്കന്‍ ഡ്രീം എന്ന് പറഞ്ഞിട്ടൊരു മോക് ടയില്‍ അവര്‍ ഓര്‍ഡര്‍ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോ നാട്ടില്‍ സപ്ലൈ ചെയ്യുന്ന റേഷന്‍ മണ്ണെണ്ണ പോലത്തെ നീല നിറത്തിലുള്ള ഒരു സാധനവും കൊണ്ട് അവന്‍ വന്നു. ചിന്നുവും ബൈജുവും മുഖാമുഖം നോക്കി. 'ഇത് കുടിച്ചാല്‍ പണി കിട്ടുമോ ? ' അവള്‍ ചോദിച്ചു. 'ശരിയാ. കണ്ടിട്ട് പണ്ട് കെമിസ്ട്രി ലാബില്‍ ഉണ്ടായിരുന്ന എന്തോ സാധനം പോലെ തോന്നുന്നു. കോപ്പെര്‍ സല്‍ഫേറ്റോ എന്നോ  മറ്റോ പറയും ' അവനും പറഞ്ഞു. കുറച്ചു സ്നാക്സ് അവിടെ നിരത്തി വച്ചിട്ടുണ്ട്. ബൈജു പോയി അതില്‍ കുറച്ച് രണ്ടു ചെറിയ പ്ലേറ്റില്‍ എടുത്തു കൊണ്ട് വന്നു. രണ്ടു പേരും കൂടി അതും കൊറിച്ചു കൊണ്ട് ചുറ്റിനും നോക്കിയിരിക്കുകയാണ്. 'അല്ല. ഇവിടൊന്നും നടക്കുന്നില്ലല്ലോ. എല്ലാവനും തീറ്റിയും കുടിയും തന്നെ. ' ബൈജു ആരോടെന്നില്ലാതെ പറഞ്ഞു. 'ഇപ്പൊ തുടങ്ങുമായിരിക്കും. അതിനു മുമ്പ് നമുക്ക് ഇത് ഫിനിഷ് ചെയ്യാം. ' എന്ന് പറഞ്ഞു ചിന്നു തീറ്റ തുടര്‍ന്നു. ഒരു മൂലയ്ക്ക് ഒരു മൈക്ക് സെറ്റും കുറെ സാധന സാമഗ്രികളും ഒക്കെ കൊണ്ട് വച്ചിട്ടുണ്ട്. അല്പം കഴിഞ്ഞപ്പോ ഒരു ടീഷര്‍ട്ടും ബര്‍മൂടയും ഇട്ടു ഒരുത്തന്‍ അതിന്റെ ഇടയിലേക്ക് കയറി. അവന്‍ അവിടത്തെ ഡി ജെ ആണ്. വിക്കി എന്നാണു പേര്. ഗണപതിക്ക്‌ അടിക്കാനെന്ന പോലെ അവന്‍ ഒരു ഡിസ്ക് എടുത്തു വച്ചു. വിചാരിച്ച പോലല്ല.. അസഹ്യമായ ശബ്ദം. അടുത്ത് തിന്നും കുടിച്ചും ഇരിക്കുന്നവന്മാര്‍ ഒക്കെ കൈ കൊട്ടാനും ബഹളം വയ്ക്കാനും തുടങ്ങി. ആ ബഹളം കേട്ട വിക്കി കൂടുതല്‍ കൂടുതല്‍ ശബ്ദത്തില്‍ പാട്ട് വച്ചുകൊണ്ടിരുന്നു. സിഗരറ്റിന്റെ ദുര്‍ഗന്ധം അവിടെ നിറഞ്ഞു നില്‍ക്കുന്നത് കാരണം ചിന്നു അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. നമുക്ക് പോയാലോ എന്നൊക്കെ അവള്‍ ചോദിച്ചു തുടങ്ങി. 'ഹേ. എന്തായാലും വന്നതല്ലേ.  എന്താവും എന്ന് നോക്കിയിട്ട് പോകാം ' എന്ന് ബൈജു പറഞ്ഞു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ഏതോ ടബ്ബാം കൂത്ത്‌ പാട്ട് വച്ചിട്ട് വിക്കി അവിടെ വെളിച്ചപ്പാട് തുള്ളുകയാണ്. കണ്ടിട്ട് അവന്റെ ട്രൌസറിനുള്ളില്‍ ഉറുമ്പ് കയറിയ പോലുണ്ട് എന്ന് ബൈജു പറഞ്ഞു. ബഹളത്തിനിടയില്‍ ചിന്നുവിന്റെ പൊട്ടിച്ചിരി ആരും കേട്ടില്ല. സംഗീതം മൂര്‍ധന്യാവസ്ഥയില്‍ എത്തി. അവിടെയിരുന്ന പിള്ളേര്‍ ഒക്കെ നടുത്തളത്തിലേയ്ക്ക്  ഇറങ്ങിതുടങ്ങി. വിക്കി എന്തൊക്കെയോ പാട്ടുകള്‍ വച്ചലക്കുകയാണ്. വെറുതെ ഇരിക്കുന്നവരെ ഒക്കെ അവന്‍ ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നുണ്ട്‌. പണ്ടാരക്കാലന്‍. ഡാന്‍സ് അറിഞ്ഞുകൂടാത്തവര്‍ എന്ത് ചെയ്യുമോ എന്തോ. ബൈജു ഓര്‍ത്തു. അവന്‍ ചിന്നുവിനെ ഒന്ന് പാളി നോക്കി. അവള്‍ മറ്റുള്ളവര്‍ ഡാന്‍സ് ചെയ്യുന്നത് ഉറ്റു നോക്കിയിരിക്കുകയാണ്. ചെറുതായി കാലു കൊണ്ട് താളം പിടിക്കുന്നുമുണ്ട്.  'വാ നമുക്കും ഇറങ്ങാം' എന്ന് പറഞ്ഞു കൊണ്ട് ചിന്നു അവന്റെ കയ്യില്‍ പിടിച്ചു എഴുനേറ്റു. 'ഈശ്വരാ. രക്ഷിക്കണേ 'എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് അവനും എഴുനേറ്റു.

     വുഡന്‍  ഫ്ലോര്‍ ആണ്. അതുകൊണ്ട് തെന്നി വീഴാന്‍ ചാന്‍സ് ഉണ്ട്. ചിന്നു ചെറുതായി ആടി തുടങ്ങി. രണ്ടു പേരും കൂടി പണ്ടത്തെ ഹിന്ദി സിനിമകളില്‍ ദേവാനന്ദ്‌ ഷര്‍മിള ജോടികളെ പോലെ കൈ കോര്‍ത്ത്‌ നില്‍ക്കുകയാണ്. ചുറ്റിനും വന്‍ ഡാന്‍സ് നടക്കുന്നു. പാവം ബൈജു. അവന്‍ ചില സ്റെപ്പുകള്‍ പുറത്തെടുക്കാന്‍ നോക്കി. രാജ് കപൂറിനെയാണ് ഉദ്ദേശിച്ചതെങ്കിലും വന്നതെല്ലാം പണ്ട് മാര്‍ത്താണ്ടത്തു കോളേജില്‍ പഠിച്ചപ്പോ കണ്ടു പഠിച്ച പാണ്ടി സ്റെപ്സ്‌. അത് കണ്ടു ചിന്നു കളിയാക്കി ചിരിച്ചു. 'അയ്യേ. എന്തൊക്കെയാ ഈ കാണിക്കുന്നത് ? ' അവള്‍ ചിരി നിര്‍ത്തുന്നില്ല. ബൈജു ധൈര്യം അഭിനയിക്കാന്‍ നോക്കി. പക്ഷെ അത് സംഗതി കൂടുതല്‍ കുളമാക്കിയതേ ഉള്ളൂ. മാങ്ങ പറിയും ചെളി കുത്തും മാത്രമല്ല ഇടയ്ക്കിടയ്ക്ക് ഓരോ ഹോയ് വിടുകയും ചെയ്തു ബൈജു. ചുറ്റിനും നിന്ന് തുള്ളി കളിക്കുന്നവരെ നോക്കി ചില സ്റെപ്സ്‌ ഒക്കെ ബൈജു ട്രൈ ചെയ്തു നോക്കി. ആ ബഹളം ഒക്കെ തീരാറായപ്പോഴെയ്ക്കും ഒന്ന് രണ്ടു സ്റെപ്പുകള്‍ ബൈജു പഠിച്ചെടുത്തു. അവന്റെ മുഖം വിടര്‍ന്നു. എന്നാല്‍ ചിന്നുവിന്റെ മുഖത്ത് തിരിച്ചായിരുന്നു. അവളുടെ മുഖം ആകെ വാടിയിരുന്നു. രണ്ടു പേരും വീണ്ടും ടേബിളില്‍ പോയിരുന്നു.  അവള്‍ ഒന്നും മിണ്ടുന്നില്ല. ബൈജുവും ആകെ സൈലന്റ് ആയി. അവള്‍ക്കു നാണക്കേടായി കാണും. 'നമുക്ക് പോകാം' എന്ന് പറഞ്ഞു അവള്‍ എഴുനേറ്റു. പുറകെ നിരാശനായി ബൈജുവും. വിക്കിയുടെ മുന്നിലൂടെ വേണം പുറത്തേക്കു പോകാന്‍. നെക്സ്റ്റ് വീക്ക്‌ കാണാം എന്ന് വിക്കി അവരെ നോക്കി വിളിച്ചു പറഞ്ഞു. മാത്രമല്ല അവന്‍ ഫോണിലൂടെ ആരോടോ സംസാരിക്കുന്നുണ്ട്. അടുത്തെത്തിയപ്പോള്‍ ബൈജു വ്യക്തമായും കേട്ടു. 'ഡേയ് അടുത്ത ശനിയാഴ്ച നീ ഇങ്ങോട്ടിറങ്ങ് , നമുക്ക് അലംബാക്കാം' എന്ന് അവന്‍ വ്യക്തമായ കോട്ടയം മലയാളത്തില്‍ വച്ചു താങ്ങുന്നത്. അമ്പടാ. നീ മലയാളി ആയിരുന്നല്ലേ. ശരി. പിന്നെ എടുത്തോളാം.

     ഇന്ന് ഇനി ചിന്നുവിനെ എങ്ങനെ സമാധാനിപ്പിക്കും , കമ്പ്ലീറ്റ്‌ ഇമേജ് പോയല്ല്ലോ എന്നൊക്കെയോര്‍ത്ത് ബൈജു ഓട്ടോ വിളിച്ചു. ചിന്നു ഒന്നും മിണ്ടുന്നില്ല. നിശബ്ദത അസഹ്യമായപ്പോള്‍ അവന്‍ പറഞ്ഞു. 'സോറി മോളെ. എനിക്കീ ഡാന്‍സ് ഒന്നും അറിയില്ല. ഞാന്‍ അങ്ങനെ ഒരിടത്തും ഡാന്‍സ് പാര്‍ടിയില്‍ ഒന്നും അങ്ങനെ പോകാറില്ല. പിന്നെ പണ്ടേ എനിക്ക് അലര്‍ജിയൊക്കെ ഉണ്ടായിരുന്നത് കൊണ്ട് ഇങ്ങനത്തെ ഒരു പരിപാടിക്കും ഞാന്‍ പോയിട്ടില്ല. നിനക്ക് നാണക്കേടായി അല്ലെ ? അവിടെ വന്ന എല്ലാവരും എന്തൊരു ഡാന്‍സ് ആയിരുന്നു ..' എന്നൊക്കെ വിക്കി വിക്കി അവന്‍ പറഞ്ഞൊപ്പിച്ചു. എന്നാല്‍ ചിന്നു മറുപടിയൊന്നും പറഞ്ഞില്ല. പകരം അവള്‍ അവനെ വാരിപ്പുണര്‍ന്നു. കണ്ണീര്‍ ഒഴുകുന്ന മിഴികളോടെ അവള്‍ അവന്റെ കവിളില്‍ ചുംബിച്ചു. ആ കണ്ണീര്‍ അവന്റെ മുഖത്തേയ്ക്കും ഒഴുകിയിറങ്ങി. 'എന്തിനാ ബൈജു അങ്ങനെയൊക്കെ ചെയ്തത് ? ഞാന്‍ നിര്‍ബന്ധിച്ചോ ഡാന്‍സ് ചെയ്യാന്‍ ? അറിയില്ല എന്ന് പറഞ്ഞാല്‍ പോരായിരുന്നോ ? ബൈജുവിന്റെ ഡാന്‍സ് കണ്ടിട്ടാണോ ഞാന്‍ ഇഷ്ടപ്പെട്ടത് ? ' അവള്‍ വിങ്ങി വിങ്ങി കരയുകയാണ്. ' ബൈജു അവിടെ എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി പാട് പെടുന്നത് കണ്ടിട്ട് എനിക്ക് കരച്ചിലാണ് വന്നത് ' എന്ന് പറഞ്ഞു കൊണ്ട് അവള്‍ അവന്റെ ചുമലില്‍ ചാഞ്ഞു. ഒരു പെരുമഴ പെയ്തു തോര്‍ന്നത്‌ പോലെ തോന്നി ബൈജുവിന്. എന്തൊക്കെയോ പറഞ്ഞു അവന്‍ ചിന്നുവിനെ സമാധാനിപ്പിച്ചു. 'പോട്ടെ മോളെ. ഞാന്‍ കരുതി എന്റെ ഡാന്‍സ് കണ്ടിട്ട് നീ കരഞ്ഞു പോയതാണെന്ന്. ' അവന്‍ പറഞ്ഞത് കേട്ടു അവളുടെ മുഖത്ത് ഒരു ചെറു ചിരി പടര്‍ന്നു. 'അതെ. അത് കണ്ടാല്‍ ആരും ചിരിച്ചു പോകും. ' അവളും പറഞ്ഞു. 'എന്തായാലും ഇനി ഇങ്ങനത്തെ അക്രമം ഒന്നും വേണ്ട എന്റെ ചക്കരേ ' എന്ന് അവനും പറഞ്ഞു.  ഇരുട്ട് വീണത്‌ കാരണം പുറത്തു നിന്ന് നോക്കിയാല്‍ ഒന്നും കാണാന്‍ പറ്റില്ല. റിക്ഷ ഡ്രൈവര്‍ ഇതൊക്കെ കുറെ കണ്ടതാണെന്ന മട്ടില്‍ പുറത്തോട്ടു നോക്കി ഏകാഗ്രതയോടെ വണ്ടി ഓടിക്കുകയാണ്. പുറത്തു നിന്ന് ഇടയ്ക്കിടയ്ക്ക് പ്രകാശം അകത്തേക്ക് ചിതറി വീഴുന്നുണ്ട്‌. ഓടിയോടി ഒടുവില്‍ അത് ചിന്നൂന്റെ വീടിനടുത്തെത്തി. റിക്ഷാക്കാരന്‍ രണ്ടിനെയും അര്‍ഥം വച്ചൊന്നു നോക്കി. എന്നിട്ട് പൈസയും വാങ്ങി പോയി. 'അവന്റെ നോട്ടം കണ്ടോ ? നിന്റെ കെട്ടിപ്പിടിത്തം കണ്ടിട്ടാ ' ബൈജു ചിന്നുവിനെ കളിയാക്കി. പക്ഷെ അവള്‍ മൈന്‍ഡ് ചെയ്തില്ല. 'വേറെ ആരെയുമല്ലാലോ.. അങ്ങേര്‍ക്കെന്താ ..' എന്നൊക്കെ ചോദിച്ചു അവള്‍. അവരുടെ പതിവ് സ്ഥലത്തെത്തി. വീട്ടിലേക്കു കയറുന്നതിനു മുമ്പ് ചിന്നു നാണത്തോടെ മുഖം താഴ്ത്തി അവനോടു പറഞ്ഞു..'ഇന്ന് ഞാന്‍ കെട്ടിപ്പിടിച്ചപ്പോള്‍ എന്തോ ഒരു തോന്നല്‍. something which I can't ...' അവളുടെ സംസാരം ഇടയ്ക്ക് വച്ചു മുറിഞ്ഞു. 'എനിക്കും തോന്നി.' ബൈജുവും പറഞ്ഞു. അവന്‍ അവളെ അടുത്തേക്ക് ചേര്‍ത്തു. ഒരു മരത്തിന്റെ ചുവട്ടില്‍ ആണ് നില്‍ക്കുന്നത് അവര്‍. അവിടത്തെ ഇരുണ്ട ആ അന്തരീക്ഷം അവരെ പ്രലോഭിപ്പിച്ചു. അവളുടെ മുടി നീക്കി കഴുത്തിന്‌ പുറകില്‍ അവന്‍ ചുംബിച്ചു. പക്ഷെ എന്തോ ഞെട്ടലിലെന്ന പോലെ ചിന്നു അകന്നു മാറി. 'വേണ്ട ബൈജു... ഞാന്‍ പോട്ടെ ' എന്ന് പറഞ്ഞിട്ട് അവള്‍ ഓടി പോയി.

     ബൈജുവും റൂമിലേയ്ക്ക് നടന്നു. ഫോണ്‍ ശബ്ദിക്കുന്നു. എന്ത് പറ്റി .. ഇന്നവള്‍ നേരത്തെ വിളിക്കുന്നു. ഓ. ഓര്‍ത്തില്ല. ഇന്ന് ചിന്നു റൂമില്‍ തനിച്ചാണ്. കൌ നാട്ടില്‍ പോയിരിക്കുകയാണ്. അവന്‍ ഫോണ്‍ എടുത്തു. ചിന്നു ഒന്നും മിണ്ടുന്നില്ല. ഇടക്ക് ബൈജു.. ബൈജുവേ.. എന്നൊക്കെ വിളിക്കുന്നുണ്ട്. 'എന്ത് പറ്റി കുട്യേ ? ' അവനും ചോദിച്ചു. ലജ്ജയില്‍ മുങ്ങിയ ശബ്ദത്തില്‍ ചിന്നു പറഞ്ഞു തുടങ്ങി. 'പണ്ട് മില്‍സ് ആന്‍ഡ്‌ ബൂണ്‍ വായിക്കുമ്പോ അതിലൊക്കെ ഇങ്ങനെ വരുമായിരുന്നു. ഉമ്മ വയ്ക്കുന്നതൊക്കെ. പക്ഷെ ഇത്രയും ഫീലിങ്ങ്സ്‌ ഒക്കെ വരും എന്നെനിക്കറിയില്ലായിരുന്നു. ഇന്നെന്തോ ബൈജു ഉമ്മ വച്ചപ്പോള്‍ ഞാന്‍ ആകെ melt ആയിപ്പോയി. എന്നാലും നമ്മള്‍ തെറ്റല്ലേ ചെയ്തത് ? ' അവള്‍ പറഞ്ഞു. 'അതൊന്നും എനിക്കറിയില്ല ചിന്നൂ. ഇതൊക്കെ നമ്മുടെ കണ്ട്രോളില്‍ ഉള്ള കാര്യങ്ങള്‍ അല്ല എന്നാ എനിക്ക് തോന്നുന്നത് . കുറച്ച് നേരം കൂടി നീ അവിടെ നിന്നെങ്കില്‍ ചിലപ്പോ ..' അവന്‍ പറഞ്ഞത് മുഴുമിപ്പിച്ചില്ല. 'എന്ത് ചെയ്യുമായിരുന്നു എന്ന് ? പറ ..' അവളും വിജ്രഭിച്ച ശബ്ദത്തില്‍ ചോദിച്ചു. 'അത്.. അത്... അതൊക്കെ ... ' അവനും നാണം. 'ഇത് തെറ്റല്ലേ എന്നൊക്കെ ചോദിച്ചാല്‍... sesual ആയ ഫീലിങ്ങ്സ്‌ ഒക്കെ എല്ലാവര്‍ക്കും രണ്ടു രീതിയിലല്ലേ ... ചിലര്‍ക്ക് അതും വെറും fleshy ആയിരിക്കും. പക്ഷെ ബാക്കിയുള്ളവര്‍ക്ക് മിക്കപ്പോഴും ലവ് സെക്സില്‍ എത്തുന്നത്‌ sex is the extension of true love ആയതു കൊണ്ടാണെന്ന് ഞാന്‍ എവിടോ വായിച്ചിട്ടുണ്ട്. '' ബൈജു പറഞ്ഞു. 'വേണ്ട ബൈജു.. നമുക്ക് ഈ സംസാരം ഇവിടെ വച്ചു നിര്‍ത്താം. എനിക്കെന്തോ പോലെ തോന്നുന്നു. ഇനി ഇങ്ങനൊന്നും സംസാരിക്കണ്ട കേട്ടോ. പേടിയാകുന്നു  ' അവള്‍ പറഞ്ഞു. 'വയ്ക്കല്ലേ. വയ്ക്കല്ലേ.. ' അവന്‍ വിളിച്ചു കൂവി. 'ശരി നിര്‍ത്തി.. നീ ചോദിച്ചത് കൊണ്ട് പറഞ്ഞുന്നെ ഉള്ളൂ. ' എന്നവനും പറഞ്ഞു.  നാളെക്കാണാം എന്ന് പറഞ്ഞു രണ്ടു പേരും ഉറങ്ങാന്‍ കിടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ബൈജുവിന്റെ മൊബൈല്‍ മിന്നി തെളിഞ്ഞു. ചിന്നുവിന്റെ മെസ്സേജ് ആണ്. അവന്‍ അത് തുറന്നു നോക്കി. പരസ്പരം ചുംബിക്കുന്ന രണ്ടു ചുണ്ടുകള്‍. തിരിച്ചും അത് പോലെ ഒന്ന് അയച്ചിട്ട് അവന്‍ കണ്ണുകള്‍ പൂട്ടി.

വായിച്ചിട്ട് അഭിപ്രായങ്ങള്‍ ഇടണേ. അടുത്ത ഭാഗം എഴുതാന്‍ ഒരു ഉത്സാഹം കിട്ടാനാ..

     

     ബാംഗ്ലൂരിനെ കൊടും ചൂട് പൊതിഞ്ഞു. ഉഷ്ണകാറ്റ് വീശുന്ന ദിനങ്ങളില്‍ അവര്‍ കൂടുതല്‍ അറിഞ്ഞു. ഫാഷന്‍ മോളുകളുടെ ട്രയല്‍ റൂമുകളില്‍, അടഞ്ഞ ലിഫ്ടിനുള്ളില്‍, റിക്ഷയുടെ ഇരുള്‍ ചാഞ്ഞു കിടക്കുന്ന പിന്‍ സീറ്റില്‍, തെരുവ് വിളക്കുകളുടെ പ്രകാശം ചിതറി വീഴുന്ന മര തണലുകളില്‍ ഒക്കെ അവര്‍ സ്വയം അറിഞ്ഞു കൊണ്ടിരുന്നു. ചെയ്യുന്നത് തെറ്റാണെന്ന് ഇടയ്ക്ക് തോന്നിയെങ്കിലും പേരിട്ടു വിളിക്കാന്‍ പറ്റാത്ത ഒരു സുഖം അവരെ വീണ്ടും വീണ്ടും അതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ചുറ്റിനും തിളച്ചു മറിയുന്ന പ്രകൃതി അവര്‍ അറിഞ്ഞില്ല.

     ചിന്നു അതിനിടയ്ക്ക് ജോലി മാറാനുള്ള ശ്രമങ്ങള്‍ ഒക്കെ തുടങ്ങിയിരുന്നു. ഇടയ്ക്കൊക്കെ ഒന്ന് രണ്ടു ഇന്റര്‍വ്യൂ ഒത്തു വരും. അവള്‍ പോയിട്ട് പോയത് പോലെ തിരികെ വരും. അങ്ങനെയിരിക്കെ ബൈജുവിന്റെ ഒരു സുഹൃത്ത്‌ വഴി അവന്റെ കമ്പനിയില്‍ ചിന്നുവിന് ഒരു ഇന്റര്‍വ്യൂ സംഘടിപ്പിച്ചു. ശനിയാഴ്ച ആണ് ഇന്റര്‍വ്യൂ. അവള്‍ക്കൊരു കൂട്ടിനു ബൈജുവും വരാം എന്ന് പറഞ്ഞു. രണ്ടു പേരും കൂടി രാവിലെ തന്നെ സ്ഥലത്തെത്തി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചേക്കാം എന്ന് പറഞ്ഞു രണ്ടു പേരും ഒരു ഹോട്ടലില്‍ കയറി. പണ്ടത്തെ പോലെ ഫേസ് ടു  ഫേസ് ഇരിക്കുന്ന പരിപാടിയൊക്കെ അവര്‍ നിര്‍ത്തി. സോഫ പോലത്തെ സീറ്റില്‍ രണ്ടു പേരും അടുത്തടുത്തിരുന്നാണ് തീറ്റിയും കുടിയുമൊക്കെ. ഇഡ്ഡലി വെട്ടി വിഴുങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചിന്നു ബൈജുവിന്റെ തോളില്‍ ചാഞ്ഞു. അവന്‍ അവളെ പ്ലാനില്‍ തള്ളി നീക്കി. ഡീ. അടങ്ങിയിരിക്കു. ആള്‍ക്കാര് കാണും. പക്ഷെ അവള്‍ മാറിയില്ല. മാത്രമല്ല ഒരു കുസൃതി ചിരിയോടെ അവള്‍ പറഞ്ഞു..'ഇല്ല ഞാന്‍ മാറൂല.. എന്നെ ഓരോന്ന് ചെയ്തു പഠിപ്പിച്ചിട്ടു...Now everyday I want that..". 'ഡീ ഇവിടിരുന്നു ഉമ്മ വയ്ക്കാനുള്ള തൊലിക്കട്ടിയൊന്നും   എനിക്കില്ല. നീ ആദ്യം ഈ ഇന്റര്‍വ്യൂ കടന്നു കൂടാന്‍ നോക്ക്. ' പക്ഷെ ചിന്നു അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അതേയ് . ഒരു ഇഡ്ഡലി മുറിച്ചു എന്റെ വായില്‍ വച്ച് താ .. അവള്‍ പറഞ്ഞു. 'ബെസ്റ്റ്. നീ അല്ലേ കഴുതേ പണ്ട് പറഞ്ഞത്. പബ്ലിക്‌ ആയി ഫുഡ്‌ ഒക്കെ എടുത്തു തീറ്റിക്കരുത് എന്നൊക്കെ' അവന്‍ ചോദിച്ചു. 'ഹേയ്..അതെല്ലാം ഞാന്‍ ഉപേക്ഷിച്ചു..ഇനി എല്ലാം ബൈജു പറയണ പോലെ..' അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. 'അവിടിരുന്നു മിണ്ടാതെ ആ ഇഡ്ഡലി കഴിച്ചിട്ട് ഇന്റര്‍വ്യൂ പോയി ക്ലിയര്‍ ചെയ്യാന്‍ നോക്ക് കഴുതേ.. ' അവന്‍ പറഞ്ഞു. മാത്രമല്ല അവളെ തള്ളി മാറ്റുകയും ചെയ്തു. ഒരു കുതിരയെടുപ്പിനുള്ള ജനക്കൂട്ടം ഇന്റര്‍വ്യൂവിനു വന്നിട്ടുണ്ട്. അവളെ മാത്രം സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിട്ടു. ബൈജു പുറത്തു നിന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. ചിന്നുവിന്റെ മെസ്സേജ്. 'ഒരുപാട് പേരുണ്ട് .. പേടിയാകുന്നു. ങ്ങീ... ' എന്ന് പറഞ്ഞിട്ട്. മിണ്ടാതെ അവിടിരുന്നു പഠിക്കു എന്ന് പറഞ്ഞു അവന്‍ മറുപടി അയച്ചു. അടുത്ത് നില്‍ക്കുന്നവന്‍ ഫോണിലൂടെ രഹസ്യമായി പിറ് പിറുക്കുന്നുണ്ട്. അവന്റെ കാമുകി അകത്തുണ്ട്. അവള്‍ എന്തൊക്കെയോ ചോദ്യം അകത്തിരുന്നു ചോദിക്കുന്നതാ. പാവം ലവന്‍ അവന്റെ ഏതോ കൂട്ടുകാരനെ ഒക്കെ വിളിച്ചു ചോദിച്ചു മനസ്സിലാക്കിയിട്ടു പറഞ്ഞു കൊടുക്കുകയാണ്. ഈ മൊബൈല്‍ ഫോണ്‍ എന്ന് പറയുന്നത് ഒരു വല്ലാത്ത സാധനം തന്നെ. അര മണിക്കൂര്‍ കഴിഞ്ഞപ്പോ സന്തോഷം നിറഞ്ഞ മുഖത്തോടെ ചിന്നു ഇറങ്ങി വന്നു. 'എന്തായി കുട്ടാ ? കിട്ടിയോ ? " അവന്‍ ചോദിച്ചു. 'ഇല്ല ചേട്ടാ.. എട്ടു നിലയില്‍ പൊട്ടി" അവളും അതേ താളത്തില്‍ പറഞ്ഞു. "അത് ശരി. മുഖത്തെ സന്തോഷം കണ്ടപ്പോ ഞാന്‍ വിചാരിച്ചു നീ ഓഫര്‍ ഒപ്പിച്ചു കാണുമെന്ന്" അവന്‍ പറഞ്ഞു. പക്ഷെ ചിന്നുവിന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ല. 'അത് ശരി. അപ്പൊ ഇനി എന്താ പരിപാടി ? " ബൈജു ഉദ്ദേശിച്ചത് ഭാവി പരിപാടി എന്താണെന്നായിരുന്നെങ്കിലും അവള്‍ പറഞ്ഞത് ലഞ്ചിന് പോകുന്ന കാര്യമായിരുന്നു. അപ്പോഴാണ്‌ ബൈജുവും ശ്രദ്ധിച്ചത് .മണി രണ്ടായി. അവര്‍ അടുത്ത് കണ്ട ഒരു ഹോട്ടലില്‍ കയറി. ചൈനീസ് ആണ്. കഴിക്കുന്നതിനിടയിലും ചിന്നു ഇന്റര്‍വ്യൂവിനെ പറ്റി ഒന്നും മിണ്ടുന്നില്ല. അവള്‍ ഇപ്പോള്‍ വേറൊരു ലോകത്താണ്. കഴിച്ചിട്ട് അവള്‍ പറഞ്ഞു ഇവിടെ ഓഫീസിനടുത്തു ഒരു ഷോപ്പിംഗ്‌ മോള്‍ ഉണ്ട്. അവിടെ മുകളിലത്തെ ഫ്ലോറില്‍ നഗരം മുഴുവന്‍ കാണാന്‍ കഴിയും. ഇരിക്കാന്‍ ലൌന്‍ജ് ഒക്കെയുണ്ട്. അവിടെ പോയിരിക്കാം എന്ന് അവള്‍ ഒരു സജെഷന്‍ വച്ചു. അവനും സമ്മതിച്ചു. അല്പം ക്ഷീണം തോന്നുന്നുണ്ടായിരുന്നു അവനും.

     അവര്‍ അവിടെയെത്തി. അവിടെ മുഴുവന്‍ ഇണക്കുരുവികള്‍ നിരന്നിരിപ്പുണ്ട്‌. ഒരു മൂലയ്ക്ക് ഒരു സ്ഥലം അവരും കണ്ടുപിടിച്ചു. ചിന്നു അപ്പോഴും ഏതോ ലോകത്താണ്. 'ഹോ. വല്ലാത്ത ക്ഷീണം' എന്ന് പറഞ്ഞു അവള്‍ അവന്റെ ചുമലില്‍ ചാഞ്ഞു ചെറുതായി കണ്ണടച്ചു. ഇത്തവണ നാനിച്ചത് ബൈജുവാണ്. 'എടീ. ആരേലും കാണും ' അവന്‍ പറഞ്ഞു. 'കാണുന്നെങ്കില്‍ കണ്ടോട്ടെ.' കണ്ണ് തുറക്കാതെ തന്നെ അവള്‍ പറഞ്ഞു. ബൈജു ചുറ്റിനും നോക്കി. അടുത്തൊക്കെ ഇതിനേക്കാള്‍ വലിയ കലാ പരിപാടികള്‍ നടക്കുകയാണ്. ഒരു പെണ്ണ് ഒരു നാണവുമില്ലാതെ അവളുടെ ചേട്ടന്റെ ചെവി കടിച്ചു വലിക്കുന്നു. ഈശ്വരാ. ഇപ്പോഴത്തെ പെണ്‍പിള്ളേര്‍ ഒന്നും ഒരു രക്ഷയുമില്ല. എണ്‍പത് തൊണ്ണൂറുകളിലെ ആണുങ്ങളെ പോലെയാണ് ഇപ്പോഴത്തെ പെണ്ണുങ്ങള്‍. അന്നത്തെ പെണ്ണുങ്ങളെക്കാള്‍ നാണം കുണുങ്ങികള്‍ ആണ് ഇപ്പോഴത്തെ ആണ്‍ പിള്ളേര്‍. അവന്‍ ഓര്‍ത്തു. ചിന്നു ഇതൊന്നുമറിയാതെ മയങ്ങുകയാണ്. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. എന്തോ ചെറിയ ശബ്ദം. ബൈജു നോക്കിയപ്പോ അവള്‍ കൂര്‍ക്കം വലിക്കുന്നതാണ്. അവന്‍ ചിന്നുവിനെ തട്ടിയുണര്‍ത്തി. 'ഡീ. ശബ്ദമുണ്ടാക്കാതെ കിടന്നുറങ്ങു. ' എന്ന് പറഞ്ഞു. അവള്‍ ഒരു ചെറു ചിരിയോടെ വീണ്ടും ചാഞ്ഞു. കുറച്ചു കഴിഞ്ഞപ്പോ അവള്‍ കണ്ണ് തുറന്നു. നേരെയിരുന്നു ചുറ്റിനും നോക്കി കണ്ണൊക്കെ തുടച്ചു. 'ബൈജു ഇവിടിരിക്ക്. ഞാന്‍ പോയി കോഫി വാങ്ങി വരാം ' അവള്‍ പറഞ്ഞു. 'എനിക്ക് കോഫി വേണ്ട. ഒരു ചായ മതി' അവന്‍ പറഞ്ഞു. അവള്‍ തലയും കുലുക്കി പോയി. കുറച്ചു കഴിഞ്ഞപ്പോ ഒരു ട്രേയില്‍ രണ്ടു കപ്പ് കോഫിയുമായി ചിന്നു വന്നു. 'അവിടെ ചായയൊന്നുമില്ല.. തല്ക്കാലം ഇത് കുടിക്ക്' അവള്‍ പറഞ്ഞു. കോഫി ചെറിയ ചൂടുണ്ട്. അവള്‍ ഊതി തണുപ്പിച്ചു ബൈജുവിന് കൊടുത്തു. എന്നിട്ട് അവളുടെ കപ്പെടുത്തു ഒരു കവിള്‍ മൊത്തി. 'അതേയ് ' അവള്‍ പറഞ്ഞു. 'എന്താ ? ' അവന്‍ ചോദിച്ചു. 'എനിക്കൊരാഗ്രഹം..' അവള്‍ പറഞ്ഞു. 'എന്താ ? പറയ്‌ .. രാവിലെ പറഞ്ഞതാണെങ്കില്‍ സോറി. ഇവിടെ ഇത്രയും ആളിന്റെയിടക്ക് പറ്റില്ല ട്ടാ ' അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഹോ അതല്ല.' എന്ന് പറഞ്ഞിട്ട് അവള്‍ അവന്റെ തലയ്ക്കു ഒരു തട്ട് വച്ച് കൊടുത്തു. 'അല്ലെങ്കിലും ഈ ആണുങ്ങള്‍ക്ക് ഇത് മാത്രമേ ചിന്തയുള്ളൂ ..' അവള്‍ പറഞ്ഞു . 'അതല്ല എന്റെ ആഗ്രഹം. നമുക്കുണ്ടാവുന്ന ആദ്യത്തെ കുട്ടിക്ക് കൃഷ്ണന്റെ പേരിടണം. കേശവ്, കൃഷ്ണ അങ്ങനെ എന്തെങ്കിലും.' അവള്‍ നാണത്തോടെ പറഞ്ഞു. അത് കേട്ട് ബൈജുവും നാണിച്ചു.അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. മഹേഷ്‌ ആണ്. അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു. 'അപ്പൊ പെണ്‍കുട്ടിയാണെങ്കിലോ ? അവന്‍ ചോദിച്ചു. 'എങ്കില്‍ രാധയുടെ പേരിടാം.' അവള്‍ ഉടന്‍ മറുപടി കൊടുത്തു. 'അത് ശരി. അപ്പൊ നീ എല്ലാം കണക്കു കൂട്ടി വച്ചിരിക്കുകയാണല്ലേ ? അവന്‍ ചോദിച്ചു.'പിന്നല്ലാതെ' അവളും ചിരിച്ചുകൊണ്ട് പറഞ്ഞു. 'അതൊക്കെ ശരിയാക്കാം. നമുക്ക് ഇത് വീട്ടില്‍ പറയാന്‍ ഇനിയും താമസിച്ചാല്‍ കുഴപ്പമാകും. ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ നീ പറയണം. ' അവന്‍ പറഞ്ഞു. അത് കേട്ടതും അവളുടെ ചിരി മാഞ്ഞു. എന്നിട്ട് അവള്‍ നിവര്‍ന്നിരുന്നു. 'ശരിയാണ് ബൈജു. ഇപ്പൊ എനിക്ക് നല്ല പേടിയുണ്ട്. നമ്മള്‍ ഇത്രയുമൊക്കെ ആഗ്രഹിച്ചും സ്വപ്നം കണ്ടിട്ടും ഒടുവില്‍...' അത്രയുമെത്തിയപ്പോള്‍ ബൈജു അവളുടെ വായ പൊത്തി. 'നടക്കില്ല എന്നൊന്നും പറയല്ലേ .. നടക്കും.നമ്മള്‍ പ്രാര്‍ഥിക്കുന്നുണ്ടല്ലോ.. ' അവന്‍ പറഞ്ഞു..' നീ ഇത്തവണ പോകുമ്പോള്‍ എന്തായാലും പറയണം' അവന്‍ തുടര്‍ന്നു. അന്ന് പിരിഞ്ഞിട്ടും ചിന്നു ആകെ വിഷമത്തിലായിരുന്നു. രാത്രി അവളുടെ മെസ്സേജ് വന്നു 'ഇത്തവണ എന്തായാലും പറയാം. ഇങ്ങനെ നീട്ടി വച്ചാല്‍ ഇത് കുഴപ്പമാകും' അവള്‍ ഉറപ്പിച്ച ലക്ഷണമാണ്. അവനും നല്ല ടെന്‍ഷന്‍ ആയി. ഈശ്വരാ എല്ലാം നല്ലത് പോലെ നടക്കണേ എന്ന് അവനും ഉള്ളുരുകി പ്രാര്‍ഥിച്ചു. 'എന്തുവാടെ നീ ഇങ്ങനെ വടി വിഴുങ്ങിയ പോലെ ഇരിക്കുന്നത് ?' മഹേഷിന്റെ ശബ്ദം കേട്ട് ബൈജു തിരിഞ്ഞു നോക്കി. 'എന്തായി നിന്റെ കാര്യങ്ങളൊക്കെ ? വല്ലതും നടക്കുമോ ? ' മഹേഷ്‌ ചോദിച്ചു. 'ഇത്തവണ വീട്ടില്‍ പറയുകയാ .. എന്താവും എന്നാലോചിച്ചിട്ട് ഒരു പേടി  അവന്‍ ഉള്ള കാര്യം പറഞ്ഞു. 'നീ പേടിക്കണ്ട ഡാ .. എല്ലാം നടക്കും. ഒന്നുമല്ലെങ്കിലും രണ്ടിലൊന്ന് അറിയാമല്ലോ. ' മഹേഷ്‌ പറഞ്ഞു. 'ഡേയ് അങ്ങനൊന്നും പറയാതെ. ഇത് നടക്കും എന്ന് പറ' അവന്‍ പറഞ്ഞു. അത് കേട്ട് മഹേഷ്‌ ചിരിച്ചു. 'അതൊക്കെ പോട്ടെ. നീ കുട്ടിക്ക് പേരിട്ടോ ? " മഹേഷിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് ബൈജുവിന്റെ കണ്ണ് തള്ളി. 'ഡേയ്. അത് നിനക്കെങ്ങനെ അറിയാം ? " അവന്‍ ചോദിച്ചു. അതൊക്കെ എനിക്കറിയാം. ഞാന്‍ ആരാ മോന്‍ എന്നൊക്കെ ആദ്യം കുറച്ചു വാചകമടിച്ചെങ്കിലും ഒടുവില്‍ മഹേഷ്‌ ഉള്ള കാര്യം പറഞ്ഞു. 'ഡാ പൊട്ടാ. അന്ന് ഞാന്‍ വിളിച്ചപ്പോ ഫോണ്‍ കട്ട്‌ ചെയ്യുന്നതിന് പകരം നീ അറ്റന്‍ഡ് ബട്ടണ്‍ ആണ് ഞെക്കിയത്. നിന്റെ ഡയലോഗ് കുറച്ചു ഞാന്‍ കേട്ടു. അപ്പൊ എനിക്ക് മനസ്സിലായി നീ അറിയാതെ ഞെക്കിയതാവും.പണി പാളിയെന്ന്. 'അതുകൊണ്ട് ഞാന്‍ അപ്പൊ തന്നെ കട്ട്‌ ചെയ്തു. എന്തായാലും കൊച്ചിനിടുന്ന പേര് കൊള്ളാം. കൃഷ്ണനും രാധയും. ഒരുമാതിരി സന്തോഷ്‌ പണ്ടിറ്റിന്റെ പടം പോലുണ്ട്' അവന്‍ കളിയാക്കി ചിരിച്ചു. ബൈജു ആകെ നാണത്തില്‍ മുങ്ങി പുതപ്പു തല വഴിയെ വലിച്ചിട്ടു ഉറക്കം നടിച്ചു കിടന്നു.

     ഒടുവില്‍ വെള്ളിയാഴ്ച വന്നു. ഇത്തവണ വീട്ടില്‍ നിന്ന് പെണ്ണ് കാണല്‍ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് ആ ഒരു ടെന്‍ഷന്‍ കുറവുണ്ട്. ചിന്നു പുലര്‍ച്ചെ തന്നെ സ്റെഷനില്‍ എത്തി. സത്യം പറഞ്ഞാല്‍ ടെന്‍ഷന്‍ കാരണം ട്രെയിന്‍ അല്പം പതുക്കെ പോയാലും സാരമില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ചിന്നു. ഇന്ന് പറയാന്‍ പോകുന്ന കാര്യം അങ്ങനത്തെ ആണല്ലോ. എവിടുന്നു തുടങ്ങും, എങ്ങനെ മുഴുമിപ്പിക്കും എന്നൊന്നും അറിയില്ല. അച്ഛന്‍ കാത്തു നില്‍പ്പുണ്ട്. എന്ത് പറ്റി മോളെ. ഇന്ന് ട്രെയിന്‍ സമയത്ത് തന്നെ വന്നല്ലോ എന്ന് പറഞ്ഞിട്ട് അച്ഛന്‍ കാര്‍ എടുത്തു കൊണ്ട് വന്നു. അവള്‍ മുമ്പിലത്തെ സീറ്റില്‍ കയറി. അച്ഛന്‍ ചോദിച്ചതിനൊക്കെ യാന്ത്രികമായി മറുപടി പറഞ്ഞു. 'എന്താ മോളെ ? സുഖമില്ലേ ? ' എന്നൊക്കെ അച്ഛന്‍ ചോദിച്ചത് അവള്‍ കേട്ടില്ല. വീട്ടിലെത്തി. കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. അച്ഛന്‍ പുറത്തേയ്ക്ക് പോകുമ്പോ അമ്മയോട് സാവകാശം പറയാം അവള്‍ തീരുമാനിച്ചു. ഉച്ച കഴിഞ്ഞപ്പോ അച്ഛന്‍ പുറത്തേക്കു പോയി. അവിടെ അടുത്തുള്ള ക്ലബ്ബിലേയ്ക്കാണ്. ഇനി സന്ധ്യ കഴിയും തിരികെ വരാന്‍. ചേച്ചി ചേട്ടന്റെ വീട്ടിലായത് കാരണം ചേച്ചിയെ പേടിക്കണ്ട. ഇന്ന് തന്നെയാണ് പറ്റിയ ദിവസം. അവള്‍ അമ്മയുടെ അടുത്തേക്ക് ചെന്ന്. അമ്മ കിച്ചണില്‍ എന്തോ പണിയിലാണ്. 'അതേയ് അമ്മേ.. ഒരു കാര്യം പറഞ്ഞാല്‍ അമ്മ പിണങ്ങുമോ ? ' അവള്‍ ചോദിച്ചു. 'എന്താ അത് ? ' അമ്മ തിരിഞ്ഞു നോക്കി. ബീന്‍സ് അരിഞ്ഞു കൊണ്ടിരുന്ന കത്തി അമ്മ താഴെ വച്ചു. 'പിണങ്ങില്ല എന്ന് പറഞ്ഞാലേ ഞാന്‍ പറയൂ' അവള്‍ പറഞ്ഞു. 'നീ കാര്യം പറയൂ. 'അമ്മയുടെ ക്ഷമ നശിച്ചു. 'എന്റെ ഒപ്പം വര്‍ക്ക്‌ ചെയ്യുന്ന ഒരു ബൈജു ഉണ്ട്. ബൈജുവിന് എന്നെ ഭയങ്കര ഇഷ്ടം. ' അവള്‍ തട്ടി മുട്ടി പറഞ്ഞു നിര്‍ത്തി. അത് കേട്ടു അമ്മ ചിരിച്ചു. 'കൊള്ളാം. നീ എവിടെ പോയാലും ആരെങ്കിലും ആരാധകര്‍ ഉണ്ടാവുമല്ലോ. ഇതേതാ ആള് ? അമ്മ ചോദിച്ചു. പണ്ട് ചിന്നു പ്ലസ്‌ ടൂവിനു പഠിക്കുമ്പോ ഒരു പയ്യന്‍ അവളുടെ പുറകെ നടന്നിരുന്നു. പി ജി ക്ക് പഠിക്കുമ്പോഴും അതേ. ചിന്നുവിന് തിരിച്ചു അവരോടു ഒരു അട്രാക്ഷനും തോന്നാത്തത് കൊണ്ട് അവള്‍ അതൊക്കെ അമ്മയോടും ചേച്ചിയോടും പറഞ്ഞിരുന്നു. അത് പോലെ ഒരെണ്ണം ആണ് ഇതെന്ന് വിചാരിച്ചാണ് അമ്മ ചിരിക്കുന്നത്. 'അമ്മേ. അത് പോലെയല്ല ഇത്. ബൈജു നല്ല കുട്ടിയാണ് ' അവള്‍ പറഞ്ഞു. അമ്മയുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു. 'നല്ലതെന്ന് പറഞ്ഞാല്‍ ? എന്താ നിനക്കും അവനെ ഇഷ്ടമാണോ ? " അമ്മ ചോദിച്ചു. 'എന്ന് ചോദിച്ചാല്‍ ... അതേ എന്നാണു തോന്നുന്നത് അമ്മേ..' അവളും പറഞ്ഞു. കത്തിയും പാത്രവും മാറ്റി വയ്ച്ചിട്ടു അമ്മ ഒരു കസേര വലിച്ചിട്ടു അതില്‍ ഇരുന്നു. ഒന്നും മിണ്ടുന്നില്ല. ചിന്നുവും തല താഴ്ത്തി ഇരിക്കുകയാണ്. 'നീ എന്താ ഉദ്ദേശിക്കുന്നത് ? ' കാര്യം മനസ്സിലായെങ്കിലും അവിശ്വസനീയമായ എന്തോ ഒന്ന് കേട്ട പോലെ അമ്മ വീണ്ടും ചോദിച്ചു. 'എനിക്കും ഇഷ്ടമാണ് അമ്മേ. അത് നടത്തി തരുമോ ?" അവള്‍ ഒറ്റ ശ്വാസത്തില്‍ മുഴുമിപ്പിച്ചു. അമ്മയുടെ മുഖത്തെ ചോര വാര്‍ന്നു പോയി. മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം അമ്മ എടുത്തു കുടിച്ചു. ആ നിശബ്ദത കണ്ടു ചിന്നുവും തളര്‍ന്നു. അവള്‍ മുകളിലത്തെ മുറിയിലേയ്ക്ക് പോയി. കട്ടിലില്‍ പോയി കമഴ്ന്നു കിടന്നു. അവളുടെ കണ്ണ് രണ്ടും നിറഞ്ഞു തുളുമ്പി തലയിണയിലേക്ക് ഒഴുകി. താഴെ കാര്‍ വന്ന ശബ്ദം. ഡോര്‍ തുറക്കുന്നതും അച്ഛന്‍ അകത്തേയ്ക്ക് കയറിയതും അവള്‍ അറിഞ്ഞു. 'മോളെവിടെ? " എന്ന് അച്ഛന്‍ ചോദിക്കുന്നത് അവള്‍ കേട്ടു. അമ്മ എന്തോ മറുപടി പറഞ്ഞു. പിന്നെ കുറച്ചു നേരത്തേക്ക് താഴത്തെ ശബ്ദങ്ങള്‍ ഒക്കെ നിലച്ചു. അമ്മ പറഞ്ഞിട്ടുണ്ടാവും. അവള്‍ ഓര്‍ത്തു. പേടിപ്പിക്കുന്ന ഒരു നിശബ്ദത. താഴേയ്ക്ക് ഇറങ്ങി ചെല്ലാന്‍ അവള്‍ ആദ്യമായി ഭയന്നു.

ഇത് വരെയുള്ള ഭാഗങ്ങള്‍ ഇവിടെ