അന്താരാഷ്ട്ര ഇബ്നു ബത്തൂത അകാദമിക് സമ്മേളനം

അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് മഅദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഇബ്നു ബത്തൂത സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിന് മലപ്പുറം സ്വലാത്ത് നഗറില്‍ അരങ്ങൊരുങ്ങി. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ന്യൂനപക്ഷ കാര്യ മന്ത്രാലയം, മൊറോക്കോയിലെ അഗാദിര്‍ സര്‍വകലാശാല, മലേഷ്യന്‍ അന്താരാഷ്ട്ര ഇസ്ലാമിക് സര്‍വകലാശാല എന്നിവരുടെ പങ്കാളിത്തത്തോടെ ഐക്യരാഷ്ട്ര സഭ നാഗരിക സഖ്യം (UNAOC), ഡെല്‍ഹിയിലെ ഹംദര്‍ദ് ഫൗണ്ടേഷന്‍‍ എന്നിവരോടൊപ്പം  2018 ഡിസംബര്‍ 4 - 6 വരെ  സംഘടിപ്പിക്കപ്പെടുന്ന പ്രസ്തുത അക്കാദമിക് സമ്മേളനത്തില്‍

"സഞ്ചാരം, വ്യാപാരം, പാരമ്പര്യം, ഒഴുക്കുകള്‍" എന്ന പ്രമേയത്തിലൂന്നി ഇബ്നു ബത്തൂതയുടെ വീക്ഷണങ്ങളെ ചര്‍ച്ച ചെയ്യും.

കിഴക്കും പടിഞ്ഞാറും തമ്മില്‍  അതി പ്രാചീന കാലം മുതലേ നിലനിന്ന ആഗോള വ്യാപാര ശൃംഖലയിലെ വിശ്വസ്ത കണ്ണിയായാണ് മലബാര് എക്കാലവും‍ വര്‍ത്തിച്ചത്. ചൈന മുതല്‍ ജാവ, സിലോണ്‍, മാലിദ്വീപ് വഴി പേര്‍ഷ്യയിലേക്കും തുടര്‍ന്ന് യൂറോപിലേക്കും നീണ്ട വ്യപാരത്തിലെ രണ്ട് ലോകത്തേയും ബന്ധിപ്പിച്ച പ്രദേശമായിരുന്നു മലബാര്‍. ഈ ബന്ധങ്ങള്‍ മലബാറില്‍ സവിശേഷമായൊരു സാംസ്കാരിക ഭൂമികയെ രൂപപ്പെടുത്തി. പതിനാലാം നൂറ്റാണ്ടിലെ മൊറോക്കന്‍ സഞ്ചാരി ഇബ്നു ബത്തൂത തന്‍റെ ആഗോള സഞ്ചാരത്തിനിനിടയില്‍ മലബാര്‍ സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിത തുറമുഖ നഗരം എന്നും മഹിമയില്‍ ഈജിപ്തിലെ പ്രസിദ്ധ അലക്സ്ണ്ട്രിയ തുറമുഖത്തോടും ഉപമിച്ച കോഴിക്കോട് നഗരത്തിലാണ് ഇബ്നു ബത്തൂത അകാദമിക് സമ്മേളനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മലബാറിന്‍റെ സവിശേഷമായ ഈ വ്യാപാര - സാംസ്കാരിക വിനിമയ ബന്ധങ്ങള്‍ പ്രാചീന കാലത്തു നിന്നും ആധുനിക കാലത്തേക്ക് എത്തിച്ചേരുന്ന ഒഴുക്കിനെ  ഈ അകാദമിക് സമ്മേളനം പരിശോധിക്കുന്നു. ഇബ്നു ബത്തൂത പഠനങ്ങളില്‍ ആഗോള പ്രശസ്തരും ഏറ്റവും മികച്ച പഠനങ്ങള്‍ നടത്തിയവരുമായ‍ ഗവേഷകരുടെ ഒരു നിര തന്നെ മഅദിന്‍ അകാദമി സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിലേക്ക് എത്തിച്ചേരുന്നു എന്നതും ഇതിന്‍റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.

മഅദിന്‍ ഇരുപതാം വാര്‍ഷികം വൈസനിയം സമ്മേളനത്തോടനുബന്ധിച്ച് 2017 ഏപ്രില്‍ മാസത്തിലാണ് മലബാറും ഇബ്നു ബത്തൂതയും തമ്മിലുള്ള ഈ ബന്ധങ്ങളെ കുറിച്ചു പഠനം നടത്താന്‍ ഇബ്നു ബത്തൂതയുടെ നാടായ മൊറോക്കോയിലെ അഗാദിര്‍ സര്‍വകലാശാലയില്‍ മഅദിന്‍ അകാദമി പഠന കേന്ദ്രം തുടങ്ങിയതും ഒന്നാം അന്താരാഷ്ട്ര ഇബ്നു ബത്തൂത സമ്മേളനം സംഘടിപ്പിച്ചതും. കോഴിക്കോട്ടെ രണ്ടാം സമ്മേളനത്തില്‍ ഇബ്നു ബത്തൂതയുമായി ബന്ധപ്പെട്ട മലബാറിലെ സംസ്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നുണ്ട് സംഘാടകര്‍.