സത്യം ഏറ്റവും ലളിതവും പ്രാപിക്കാന്‍ ഏറെ എളുപ്പമുള്ളതുമാണ്. ഇല്ലാത്ത പൂട്ട് തുറക്കാന്‍ ശ്രമിച്ചാണ് നാം പരാജയപ്പെടുന്നത്. ഒട്ടും സങ്കീര്‍ണമല്ലാത്തതിനെ നാം പറഞ്ഞ് സങ്കീര്‍ണമാക്കുകയാണ്. ബ്രഹ്മത്വം പ്രാപിച്ചവന്‍ ഒന്നിലും ദുഃഖിക്കുന്നില്ല, ഒന്നും ആഗ്രഹിക്കുന്നില്ല. സര്‍വഭൂതങ്ങളിലും സമഭാവനയുള്ള അവന് ഉത്തമമായ ഭക്തിയുണ്ടാകും. മരിച്ചു കഴിഞ്ഞല്ല, ഇവിടെ, ഇപ്പോഴാണ് മോക്ഷം വേണ്ടത്.
മനുഷ്യനൊഴികെ മറ്റു ജീവികള്‍ എല്ലായ്പ്പോഴും സമാധി അവസ്ഥയിലാണ്. ഭക്തികൊണ്ട് തത്ത്വവിചാരത്തിലൂടെ ഭഗവാനിലേക്ക് നാം പ്രവേശിക്കണം. ഈ ഭക്തിക്ക് ക്ഷേത്രദര്‍ശനമോ കുറിയുടെ വലിപ്പമോ വ്രതങ്ങളോ ഒന്നും ബാധകമല്ല. ഭഗവാനെ ശരണം പ്രാപിക്കലെന്നത് അമ്പലത്തില്‍പോയി ഉറക്കെ വിളിക്കലല്ല. ബുദ്ധിസങ്കല്പങ്ങള്‍ക്കു പിന്നിലെ ബോധത്തെ അറിയലാണത്.
ഏകാന്തധ്യാനത്തിലാണ് ഒരുവന്‍ തന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നത്.മനസ്സുകൊണ്ട് എല്ലാ കര്‍മ്മങ്ങളും ഭഗവാനില്‍ സമര്‍പ്പിക്കണം. കരചലനങ്ങള്‍ എവിടെയാണോ അവിടെ മനോബുദ്ധികളും ഉണ്ടായിരിക്കലാണ് ഈ സമര്‍പ്പണം. വേറൊരു ഈശ്വരനെ കെട്ടിവലിച്ച് ബുദ്ധിമുട്ടണ്ട. ഒന്നു ചെയ്യുമ്പോള്‍ വേറൊന്നും ചിന്തിക്കരുത്. നാമം ചൊല്ലി കറിക്കരിയണ്ട. കറിക്കരിയുമ്പോള്‍ പൂര്‍ണ ശ്രദ്ധയോടെ കറിക്കരിയുക. അപ്പോള്‍ പരമാത്മാവില്‍ ഉറച്ച മനസ്സുണ്ടാകും. ശാന്തമായ പരമപദത്തെ പ്രാപിക്കും.
അഹങ്കാരംകൊണ്ട് യുദ്ധ ചെയ്യില്ലെന്ന് കരുതിയാലും പ്രകൃതി അതു ചെയ്യിക്കുമെന്ന് ഭഗവാന്‍ അര്‍ജുനനോട് പറയുന്നു. അര്‍ജുനന്റെ പ്രകൃതം അതാണ്. പ്രകൃതി ഗുണങ്ങള്‍ക്കനുസരിച്ച് സ്വാഭാവികമായ കര്‍മ്മങ്ങള്‍ ഏതൊരാളും ചെയ്തേ മതിയാകൂ. യന്ത്രപ്പാവകളെപ്പോലെ സകല സൃഷ്ടിവര്‍ഗങ്ങളെയും കര്‍മ്മത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നവനായി ഭഗവാന്‍ എല്ലാ ജീവജാലങ്ങളുടെയും കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്നു.
നാലുതരത്തില്‍ നമുക്ക് ലോകത്തെ നോക്കിക്കാണാം. ഒന്നിന്റെ ആ രൂപത്തില്‍ കാണുന്നത് - സ്ത്രീയായി, പുരുഷനായി, പുസ്തകമായി, മേശയായി ഒക്കെ കാണുന്നത് വസ്തുദൃഷ്ടി. അമ്മയായി, അച്ഛനായി, സഹോദരനായി, ഗീതയായി ഒക്കെ കാണുന്നത് പ്രതീകദൃഷ്ടി. എല്ലാം ഭഗവാന്റെ വിഭൂതിയായി കാണുന്നത് ദിവ്യദൃഷ്ടി. ആ വിഭൂതിയെ താന്‍ തന്നെയായി കാണുന്നത് പരംദിവ്യദൃഷ്ടി. ഈ വളര്‍ച്ചയിലേക്കാണ് ഗീത നമ്മെ നയിക്കുന്നത്.