Published using Google Docs
സ്വീകരിച്ചുകൊണ്ട് സ്വാംശീകരിക്കുക www.jyothisham.org
Updated automatically every 5 minutes

www.jyothisham.org

സ്വീകരിച്ചുകൊണ്ട് സ്വാംശീകരിക്കുക

ഒന്നിനേയും മാറ്റിവയ്ക്കലല്ല, തടഞ്ഞുനിര്‍ത്തലല്ല സ്വ‍ാംശീകരിച്ചുകൊണ്ട് ഉദാത്തീകരിക്കണം. അഹിംസ, ഇന്ദ്രിയ നിഗ്രഹം, സര്‍വഭൂതദയ, ക്ഷമ, ശാന്തി, തപസ്സ്, ധ്യാനം, സത്യം എന്നിവയാണ് ഭഗവാനു പ്രിയപ്പെട്ട പൂക്കള്‍. എന്റേത്, അവന്റേത് എന്നെണ്ണുന്നവന്‍ ഹിംസാലുവാണ്. ഞാന്‍ ഒന്നിനേയും ഹിംസിക്കില്ല എന്ന ചിന്തതന്നെ ഹിംസയാണ്. ഞാന്‍ എന്നും എന്റേത് എന്നും ചിന്തിച്ചു കഴിഞ്ഞാല്‍ നമുക്ക് കൊല്ലേണ്ടിവരും.

ബുദ്ധി, ജ്ഞാനം, വിവേകം, ക്ഷമ, സത്യം, ദമം, ശമം, സുഖം, ദുഃഖം, അഭാവം, ഭയം, അഭയം, അഹിംസ, സമത്വം, തുഷ്ടി, തപസ്സ്, ദാനം, യശസ്സ്, ദുഷ്കീര്‍ത്തി തുടങ്ങി എല്ലാ ചിത്തവൃത്തികളും ഭഗവാനില്‍ നിന്നുണ്ടായതാണ്. സപ്തര്‍ഷികളും നാല് മനുക്കളും മനഃസംബന്ധിയായ ഭഗവാന്റെ ഭാവങ്ങളാണ്. മനുക്കള്‍ മനസ്സിന്റെ നാല് അവസ്ഥകളാണ് - ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നിവ. സപ്തര്‍ഷികള്‍ മനസ്സിന്റെ 7 ഗുണങ്ങളാണ് - ഉപായചിന്ത, ധനലാഭചിന്ത, അപ്രായോഗികജ്ഞാനം, പ്രായോഗികജ്ഞാനം, മനോരാജ്യം, ബോധമാത്രത്വം, ചിന്താരാഹിത്യം എന്നിവ.

വൈദ്യുതി വിവിധ ഉപകരണങ്ങളിലൂടെ വിവിധ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതു പോലെയാണിവ. കാറ്റ്, ചൂട്, തണുപ്പ് ഇതൊക്കെ വൈദ്യുതി ഉണ്ടാക്കിയതാണ്, എന്നാല്‍ ഇതൊന്നും വൈദ്യുതിയല്ല. ഭഗവാന്റെ ഈ വിഭൂതിയേയും (വിസ്താരം) യോഗത്തേയും (ചേര്‍ച്ച) അറിയണം. മായകൊണ്ട് പലതായി തോന്നുന്നത്, പ്രപഞ്ചമായി സത്യത്തെ പെരുപ്പിക്കുന്നത് ആണ് വിസ്താരം. ഇതില്‍ ചേരാതെ ചേരുന്നതാണ് യോഗം.

ഭഗവാന്‍ എല്ലാറ്റിന്റേയും ഉത്പത്തിസ്ഥാനമാണ്, ഭഗവാനിലാണ് എല്ല‍ാം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മനസ്സുവച്ച് പ്രാണനൊപ്പം പ്രണവത്തെ ചേര്‍ത്ത് പാരസ്പര്യത്തെ അറിയണം. എന്റെ ഉത്പത്തി ദേവകളും മഹര്‍ഷികളും പോലും അറിയുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ അവര്‍ക്കും ആദിയാകുന്നു എന്ന് ഭഗവാന്‍ പറയുന്നു. ദേവകള്‍ എന്നാല്‍ ഇന്ദ്രിയങ്ങളെന്നും മഹര്‍ഷികള്‍ എന്നാല്‍ മനോബുദ്ധികള്‍ എന്നുമാണ് അര്‍ത്ഥം. അവയ്ക്കെല്ലാമപ്പുറത്താണ് ഭഗവാന്‍.