Published using Google Docs
ഗൃഹസ്ഥാശ്രമിയുടെ ധര്‍മ്മം www.jyothisham.org
Updated automatically every 5 minutes

www.jyothisham.org

ഗൃഹസ്ഥാശ്രമിയുടെ ധര്‍മ്മം

സ്വാമി വിവേകാനന്ദന്‍

മുഴുവന്‍ ജനസമുദായത്തിനും ആധാരവും അതിന്റെ താങ്ങും തൂണും ഗൃഹസ്ഥാശ്രമിയാകുന്നു. അയാളാണ് സമുദായത്തിലെ പ്രധാന സമ്പാദകന്‍. ദരിദ്രന്മാര്‍, ബലഹീനന്മാര്‍, പണിയെടുക്കരുതാത്ത സ്ത്രീകളും കുട്ടികളും ഇവരെല്ലാം ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിയ്ക്കുന്നു. അതു കാരണം ഗൃഹസ്ഥന്‍ അവശ്യം അനുഷ്ഠിക്കേണ്ടതായി ഏതാനും കര്‍ത്തവ്യങ്ങളുണ്ട്. ഈ കര്‍ത്തവ്യങ്ങള്‍ ഗൃഹസ്ഥനു ചെയ്തു തീര്‍ക്കാന്‍ തക്ക ബലം തോന്നിക്കുന്നവയായിരിക്കണം: അല്ലാതെ തന്റെ ധര്‍മ്മത്തിനു നിരക്കാത്ത കാര്യങ്ങളാണ് താന്‍ ചെയ്യുന്നത് എന്നു തോന്നിക്കുന്നവയാകരുത്. അതുകൊണ്ട് ഗൃഹസ്ഥന് ഒരു ദൗര്‍ബ്ബല്യം പറ്റിപ്പോയാലും, അയാള്‍ ഒരു തെറ്റു ചെയ്തുപോയാലും, അങ്ങനെ വന്നുപോയി എന്ന് അയാള്‍ പരസ്യമായി പറയരുത്. താന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കാര്യത്തില്‍ പരാജയം നിശ്ചയമാണെന്നു തനിക്കറിയാമെന്നുള്ളപ്പോള്‍ അതിനെപ്പറ്റിയും സംസാരിക്കരുത്. അങ്ങനെ ഉള്ളിലെ അവസ്ഥ പുറത്തുവിടുന്നത് ആവശ്യമില്ലാത്തതെന്നുമാത്രമല്ല, അതു മനുഷ്യന്റെ ബലം കെടുത്തി ന്യായമായ സ്വധര്‍മ്മാനുഷ്ഠാനത്തിന് അയാളെ അപ്രാപ്തനാക്കുകയും ചെയ്യുന്നു. എന്നാല്‍ എപ്പോഴും ഈ രണ്ടു വസ്തുക്കള്‍ സമ്പാദിക്കാന്‍ അയാള്‍ തീവ്രപ്രയത്‌നം ചെയ്തുകൊണ്ടിരിക്കണം - ഒന്നാമതു ജ്ഞാനം; രണ്ടാമതു ധനം. ഇത് അയാളുടെ ധര്‍മ്മത്തില്‍പെട്ടതാകുന്നു, ധര്‍മ്മം നിര്‍വ്വഹിക്കാത്ത ഒരുവനെ പുരുഷനെന്ന് എണ്ണാവതല്ല. ധനസമ്പാദനത്തിനുവേണ്ടി അദ്ധ്വാനം ചെയ്യാത്ത ഗൃഹസ്ഥാശ്രമി അസദ്‌വൃത്തനാകുന്നു. അനേക ജനങ്ങള്‍ തന്നെ ആശ്രയിച്ചിരിക്കെ, പണിയെടുക്കാതെ അലസനായി കാലം കഴിച്ചു തൃപ്തിയടയുന്നവന്‍ അധര്‍മ്മചാരിതന്നെ. ഗൃഹസ്ഥനു ധനമുണ്ടാകുന്നപക്ഷം അതുമൂലം അനേകശതം ആളുകളെ പുലര്‍ത്താവുന്നതാണ്.

ധര്‍മ്മത്തിനുവേണ്ടി അദ്ധ്വാനിച്ചു ധനം സമ്പാദിച്ചവരായി വളരെ പേര്‍ ഈ നഗരത്തില്‍ ഇല്ലായിരുന്നെങ്കില്‍ ഈ കാണുന്ന നാഗരികതയും ധര്‍മ്മശാലകളും മാളികകളും ഇവിടെ കാണുമായിരുന്നോ? അങ്ങനെയിരിക്കെ, ധനം തേടുന്നതു ദാനധര്‍മ്മങ്ങള്‍ക്കു വേണ്ടിയായാല്‍, അതു നിന്ദ്യമല്ല. സമുദായത്തിന്‍േറയും ജീവിതത്തിന്‍േറയും കേന്ദ്രം ഗൃഹസ്ഥാശ്രമിയാകുന്നു. ഉത്കൃഷ്ടമാര്‍ഗ്ഗങ്ങളില്‍ക്കൂടി ധനം സമ്പാദിച്ച് ഉത്കൃഷ്ടകാര്യങ്ങള്‍ക്കുവേണ്ടി ചെലവാക്കുന്നത് ഗൃഹസ്ഥന്റെ ഈശ്വരാരാധനമാകുന്നു. മോക്ഷപ്രാപ്തിയെ ഉദ്ദേശിച്ച് ഗുഹയിലിരുന്നു തപസ്സോ പ്രാര്‍ത്ഥനയോ നടത്തുന്ന തപസ്വി ചെയ്യുന്നതും, നല്ല വഴികളില്‍ക്കൂടി നല്ല കാര്യങ്ങള്‍ക്കുവേണ്ടി ധന സമ്പാദനത്തിനു പരിശ്രമിക്കുന്ന ഗൃഹസ്ഥന്‍ ചെയ്യുന്നതും, കാര്യത്തില്‍ ഒന്നുതന്നെയാണ്. ഈശ്വരനോടും ഈശ്വരസൃഷ്ടികളോടും തോന്നുന്ന ഭക്തിയാല്‍ പ്രേരിതമായ ആത്മസമര്‍പ്പണം, ആത്മപരി ത്യാഗം, എന്ന ഒരേ സദ്ഗുണത്തിന്റെ ഭാവഭേദങ്ങള്‍ മാത്രമാകുന്നു ഈ രണ്ടു പ്രവൃത്തികളിലും കാണുന്നത്.

ഒരു സത്‌പേരു സമ്പാദിക്കാന്‍ ഗൃഹസ്ഥന്‍ എല്ലാ വിധത്തിലും അദ്ധ്വാനിക്കണം. അയാള്‍ ചൂതു കളിക്കരുത്. ദുര്‍ജ്ജന സംസര്‍ഗ്ഗം ചെയ്യരുത്, കളവു പറയരുത്. അന്യന്മാര്‍ക്ക് ഉപദ്രവത്തിനുകാരണമാകരുത്. ജനങ്ങള്‍ പലപ്പോഴും തങ്ങള്‍ക്കു നിര്‍വ്വഹിക്കാന്‍ കഴിവില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുക നിമിത്തം ഉദ്ദേശ്യസിദ്ധിക്കു വേണ്ടി മറ്റുള്ള വരെ ചതിക്കുന്നു. നാം ചെയ്യുന്ന ഏതു കാര്യത്തിലും കാലപരിഗണന ആവശ്യമുണ്ട്. ഒരവസരത്തില്‍ പരാജയപ്പെട്ടേയ്ക്കാവുന്ന ഒരു കാര്യം മറ്റൊരവസരത്തില്‍ വലിയ വിജയമായി എന്നു വരാം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 2. പേജ് 33-35]