പുസ്തകശാലയിൽ
സുധാകരന്‍ മൂര്‍ത്തിയേടം
കുറുകെക്കെട്ടിയിട്ട
നിറമുള്ളതാം നാട
മുറിച്ചിന്നുദ്ഘാടനം
പുതു പുസ്തകശാല !
അകമേച്ചെന്നാൽ കാണാ-
മടങ്ങിയൊതുങ്ങിയു -
മഴകു വിടർത്തിയും
നിറയെ പുസ്തകങ്ങൾ!
ഒരു ഭാഗത്തെഷെൽഫിൽ
കാഥികർ ,ചിന്തകൻമാർ
മറുഭാഗത്തെ കോണിൽ
കവികൾ, സഞ്ചാരികൾ
കരയിപ്പിക്കുന്നവർ
കരയിൽ നിന്നു നീല -
ക്കടലിന്ന പാരത
കരളിൽ പകർത്തിയോർ
രാഗവും വിദ്വേഷവും
മോഹവും നിരാശയും
ദാഹമായൊടുങ്ങുന്ന
പാട്ടുകൾ, പ്രണയങ്ങൾ,
സത്യസൗന്ദര്യങ്ങളെ
മുത്തുകളാക്കി മാറ്റും
മർത്ത്യ ജീവിതച്ചിപ്പി -
ക്കകത്തെസംത്രാസങ്ങൾ
വിശപ്പിൻവിളിയായി
വിയർപ്പിൻവിശ്വാസമായ്
ഒറ്റനോട്ടത്തിൽ കണ്ടാ -
ലറിവോർ, മുഖം ,താടി,
പറ്റെ വെട്ടിയ മുടി,
പരുക്കൻ കൊമ്പൻ മീശ
ചെറ്റു പേർ പാശ്ചാത്യരാം
മറ്റുള്ളോർ പൗരസ്ത്യരും
കിഴക്കും പടിഞ്ഞാറും
തൊടുന്നോരതിർത്തിയിൽ
മുഴങ്ങും ശബ്ദങ്ങളും
ചുവപ്പിന്നീണങ്ങളും
മരണം, നിശ്ശബ്ദമാം
സഹന, മേകാന്തത
വിരഹം, വിധി,യുള്ളിൽ
പിടയുമുൻമാദങ്ങൾ!
ഒരു നാട ഞാനിപ്പോൾ
മുറിച്ചു കടന്നതീ
ചിര നാടകത്തിന്റെ
യരങ്ങിൽ; ഇനി മതി
മടങ്ങാമിപ്പോൾ വീട്ടിൽ
കടക്കാമതിന്നകം
മുറിച്ചീടൊല്ലാ ബന്ധം,
സ്ഥിരബന്ധിതം ജന്മം!