ആ നല്ല നാളുകൾ
നാരായണൻകുട്ടി R
ആത്മഹത്യാക്കുറിപ്പെഴുതാൻ
കൈ വിറയ്ക്കുേമ്പോൾ
അയലത്തെ രാമനെ
കുരിശു വരയ്ക്കുന്ന
കഥാപാത്രമാക്കി
ഒരു കഥയെഴുതി വച്ച്
ബസ്സുകാത്തു നിന്നാൽ
കഥകഴിയുമായിരുന്ന
ആ..
നല്ല നാളുകൾ
ഇനി എന്നു വരും..
കടം കയറി
ആത്മഹത്യ ചെയ്യാൻ
ധൈര്യമില്ലാതിരുന്നവർക്ക്
ബീഫ് കഴിച്ച്
പേടി കൂടാതെ
കൊല്ലപ്പെടാമായിരുന്ന
ആ..
നല്ല നാളുകൾ
ഇനി എന്നു വരും…
കണ്ണീരുപ്പിട്ട
കറിക്കലങ്ങൾ
അടുക്കള വിട്ടിറങ്ങിയ
നാളുകൾ...
അടുത്ത
എടിഎം വരെ ചെന്ന്
അമ്മയുടെ
വിയർപ്പും ചേർത്ത്
എനിക്കു വിളമ്പിത്തന്ന
ആ..
സുന്ദര നാളുകൾ
ഇനി എന്നു വരും...