Published using Google Docs
മതാചാര്യന്മാര്‍ ലോകത്തിന്റെ കണ്ണാടിയാകണം www.jyothisham.org
Updated automatically every 5 minutes

www.jyothisham.org

മതാചാര്യന്മാര്‍ ലോകത്തിന്റെ കണ്ണാടിയാകണം

അമൃതാനന്ദമയി അമ്മ

ലോകത്തെല്ലായിടത്തും പ്രശ്നങ്ങളാണെന്ന് മക്കള്‍ക്കു തോന്നുന്നുണ്ട്, അല്ലേ? ഭാരതത്തിലെ വിവിധ നഗരങ്ങളില്‍ ബോംബ് ഭീഷണിയുണ്ട്. ഭീകരാക്രമണ ഭീഷണിയുണ്ട്. അതുകൊണ്ട് സ്വന്തം ജീവനെക്കുറിച്ചും മക്കള്‍ക്ക് വേവലാതിയുണ്ട് എന്ന് അമ്മയ്ക്കറിയാം. ലോകത്തില്‍ ഇന്നു കാണുന്ന പ്രശ്നങ്ങള്‍ക്ക് ഒറ്റവാക്കിലൊരു പരിഹാരം ‘കാരുണ്യ’മാണ്.

എല്ലാ മതങ്ങളുടെയും അടിസ്ഥാനതത്വം അന്യരോടു കാരുണ്യം കാട്ടുകയെന്നതാണ്. മതാചാര്യന്മാര്‍ കാരുണ്യത്തിന്റെ പ്രാധാന്യം സ്വജീവിതത്തിലൂടെ മറ്റുള്ളവര്‍ക്കും കാട്ടിക്കൊടുക്കാന്‍ സന്നദ്ധരാകണം. ഉത്തമമാതൃകകള്‍ ഇല്ലാത്തതാണ് ഇന്നത്തെലോകത്തിന്റെ ഏറ്റവും വലിയ ദാരിദ്ര്യം. ആ കുറവു നികത്താന്‍ മതാചാര്യന്മാര്‍ ധൈര്യം കാട്ടണം. ലോകത്തില്‍ സ്നേഹത്തിന്റെയും ​ഐക്യത്തിന്റെയും ശാന്തിഗീതം പാടാന്‍ മതാധ്യക്ഷന്മാര്‍ മുന്നോട്ടു വരണം. അവര്‍ ലോകത്തിന്റെ കണ്ണാടിയാകണം. കണ്ണാടി വൃത്തിയാക്കുന്നതു കണ്ണാടിക്കുവേണ്ടിയല്ല, അതില്‍ നോക്കുന്നവരെ വൃത്തിയായിക്കാണാന്‍ വേണ്ടിയാണ്. മതാചാര്യന്‍ന്മാര്‍ ലോകത്തിന് മാതൃകയാവണം. അനുയായികളുടെ കര്‍മ്മത്തിലും ചിന്തയിലുമുള്ള ശുദ്ധിയും വൃത്തിയും മതാചാര്യന്മാര്‍ കാട്ടിക്കൊടുക്കുന്ന മാതൃകപോലിരിക്കും . ശ്രേഷ്ഠന്മാര്‍ ആചരിച്ചു കാണിച്ചാലേ മറ്റുള്ളവരും അതിന്റെ പ്രചോദനമുള്‍ക്കൊണ്ട് ശ്രേഷ്ടമായി പ്രവര്‍ത്തിക്കൂ. ഒരര്‍ത്ഥത്തില്‍ എല്ലാവരും ശ്രേഷ്ഠരാകണം. കാരണം, ആരെങ്കിലുമൊക്കെ നമ്മളെ ഓരോരുത്തരെയും മാതൃകയാക്കുന്നുണ്ടാകും. അവരെ പരിഗണിക്കേണ്ടത് ധര്‍മമാണ്. ശ്രേഷ്ഠന്മാരുടെ ലോകത്തില്‍ ആയുധങ്ങളും യുദ്ധവും ഉണ്ടാവില്ല. എപ്പോഴോ കണ്ടൊരു ദുഃസ്വപ്നമായി മാറും. പടക്കോപ്പുകള്‍ മനുഷ്യന്‍ ലക്ഷ്യം തെറ്റി സഞ്ചരിച്ച ഭൂതകാലത്തിന്റെ പ്രതീകമാകണം. അങ്ങനെയായാല്‍ അവ ഏതെങ്കിലും മ്യുസിയത്തില്‍ കൊണ്ടുവെയ്ക്കാനുള്ള കാഴ്ചവസ്തുക്കളായി മാറും.

മതത്തിന്റെ ഉപരിപ്ലവതയില്‍ ഭ്രമിച്ചതാണ് നമുക്കു പറ്റിയ തെറ്റ്. ആ തെറ്റ് നമുക്കു തിരുത്താം മതത്തിന്റെ ഹൃദയത്തെ നമുക്ക് ഒന്നുചേര്‍ന്നു സാക്ഷാത്കരിക്കാം. അതു വിശ്വപ്രേമമാണ്; ഹൃദയത്തിന്റെ വിശുദ്ധിയാണ്; സര്‍വതിലുമുള്ള ഏകത്വ ദര്‍ശനമാണ്. ലോകം ഒരു ഗ്രാമം പോലെ ചുരുങ്ങി പരസ്പരം അടുക്കുകയും അറിയുകയും ചെയ്യുന്ന കാലഘട്ടമാണ് ഇത്. കേവലം മതസഹിഷ്ണുതയല്ല ഇനി നമുക്ക് വേണ്ടത് നാം പരസ്പരം ആഴത്തില്‍ മനസ്സിലാക്കണം. തെറ്റിദ്ധാരണകളും അവിശ്വാസവും നീങ്ങണം. മത്സരത്തിന്റെ ഇരുണ്ട യുഗങ്ങളോടു നമുക്ക് വിടചൊല്ലാം. മതങ്ങള്‍ തമ്മില്‍ ക്രിയാത്മകമായി സഹായിക്കാനുള്ള പുതിയൊരു യുഗത്തിനു തുടക്കം കുറിക്കാം. മതമേലധ്യക്ഷന്മാരുടെ ഒത്തുചേരലും ആശയവിനിമയവും ഒക്കെ നല്ലതാണ്. ആത്യന്തികമായി സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷയാണ് നമുക്കു വേണ്ടത്. മൂന്നാം സഹസ്രാബ്ദത്തിലേക്ക് നാം കാല്‍കുത്തിയതേയുള്ളൂ. ഭാവിലോകം ഈ സഹസ്രാബ്ദത്തെ മതമൈത്രിയുടെയും മതസഹകരണത്തിന്റെയും സഹസ്രാബ്ദമെന്നുവിളിക്കാന്‍ ഇടവരണം.

അന്യമതങ്ങളെപ്പറ്റി ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനുമുള്ള വിജ്ഞാനകേന്ദ്രങ്ങള്‍ ഓരോ മതവും ആരംഭിക്കം. ഇതു പരസ്പരം വിമര്‍ശിക്കാനും കുറവുകള്‍ കണ്ടുപിടിക്കാനും ആകരുത്. മതങ്ങള്‍ തമ്മിലുള്ള സമാനതകള്‍ പഠിക്കാനും മഹാത്മാക്കളുടെ ത്യാഗവും കാരുണ്യവും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ കാഴ്ചപ്പാടോടുകൂടി വേണം ഇത്തരം കേന്ദ്രങ്ങള്‍ നടത്തേണ്ടത്.

സൂര്യനു മെഴുകുതിരിയുടെ ആവശ്യമില്ല. ഈശ്വരനു നമ്മില്‍ നിന്നു യാതൊന്നും ആവശ്യമില്ല. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതാണ് യഥാര്‍ഥ ഈശ്വര പൂജ. കാരുണ്യമില്ലാത്ത പ്രവര്‍ത്തനം, കഴുകാത്ത പാത്രത്തില്‍ പാല്‍ ഒഴിക്കുന്നതുപോലെയാണ്. ജനഹൃദയങ്ങളില്‍ ഈ കാരുണ്യം വളര്‍ത്തുന്നതില്‍ എല്ലാ മതങ്ങളും ഊന്നല്‍ കൊടുക്കണം.

നമ്മുടെ ജീവിതവൃക്ഷം സ്നേഹമാകുന്ന മണ്ണില്‍ ഉറച്ചു നില്‍ക്കട്ടെ. സത്കര്‍മങ്ങളാകട്ടെ അതിലെ ഇലകള്‍. അനുകമ്പാപൂര്‍ണ്ണമായ വാക്കുകളാവട്ടെ അതിലെ പുഷ്പങ്ങള്‍ ശാന്തിയാകട്ടെ അതിലെ ഫലങ്ങള്‍. സ്നേഹത്താല്‍ ഒന്നായിത്തീര്‍ന്ന ഒരു കുടുംബമായി ലോകം വളര്‍ന്നു വികസിക്കട്ടെ അങ്ങനെ ശാന്തിയും സമാധാനവും കളിയാടുന്നലോകം നമുക്കു സ്വായത്തമാകട്ടെ.

മതങ്ങള്‍ തമ്മില്‍ സ്നേഹത്തോടും ശാന്തിയോടും സന്തോഷത്തോടും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന, സംഘര്‍ഷമില്ലാത്ത ഒരു നല്ലനാളയെ സൃഷ്ടിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം; കൂട്ടായി പ്രയത്നിക്കാം.

കടപ്പാട്: മാതൃഭുമി