ഗീത എല്ലാറ്റിനേയും യജ്ഞമാക്കുന്നു. ഇന്ദ്രിയങ്ങളെ ആത്മസംയമനമാകുന്ന യോഗാഗ്നിയില്‍ ഹോമിക്കുന്നു. കാഴ്ച യജ്ഞമാണ്, അറിവില്‍ ഹോമിച്ചാല്‍. അതില്‍ നിറം ചേര്‍ക്കരുത്. പ്രപഞ്ചത്തെ ജ്ഞാനാഗ്നിയില്‍ സ്വീകരിക്കുന്നതാണ് യജ്ഞം. എല്ലാം അറിവില്‍ പരിശുദ്ധമാകുന്നു. അറിവാണ് ഏറ്റവും പവിത്രം. അനാഥര്‍ക്ക്, അശരണര്‍ക്ക് വിശപ്പടക്കാന്‍ എന്തെങ്കിലും നല്‍കുകയല്ലേ ഗീതാപ്രഭാഷണത്തേക്കാള്‍ മുഖ്യം എന്ന് ചിലര്‍ ചോദിക്കാറുണ്ട്. അനാഥരെ സംരക്ഷിക്കുന്നവര്‍ എപ്പോഴും അനാഥരെ കാത്തിരിക്കുന്നു. അവര്‍ പരോക്ഷമായെങ്കിലും പ്രശ്നങ്ങളെ സ്നേഹിക്കുന്നു. അതേസമയം അനാഥരുണ്ടാകാത്ത സംസ്കാരത്തെ ജനിപ്പിക്കാനുള്ള ശ്രമമാണ് അറിവു പകരല്‍. അതാണ് ശാശ്വതമായ മോചനം.
നമ്മുടെ സൃഷ്ടി യജ്ഞഭാവത്തിലാണ്. തന്നിലെ യജ്ഞഭാവത്തിന് തടസ്സം വരുമ്പോഴൊക്കെ ഏത് അധര്‍മിക്കും അലോസരമുണ്ടാകും. ശാസ്ത്രം ശ്രവിച്ച മനസ്സുകൊണ്ട് വിഷയങ്ങളില്‍ പോയി തളര്‍ന്ന മനസ്സിനെ ഉയര്‍ത്തി കാമനകളെ ജയിക്കണം. വികാരവിചാരങ്ങളുടെ കൂടെ പോകരുത്. ഒരിക്കലും സ്വയം താഴ്‌ത്തരുത്. പഴയ നിസ്സാരകാര്യങ്ങള്‍ ഓര്‍ത്ത് വിഷമിച്ച് കഴിയുന്നതാണ്, ഗതകാലസ്മരണകളുമായി കഴിയുന്നതാണ് ഏറ്റവുംവലിയ പാപം. സങ്കല്‍പങ്ങളെ ഉപേക്ഷിക്കാതെ ഒരുവനും യോഗിയോ സന്ന്യാസിയോ ആകില്ല. കര്‍മ്മഫലത്തെ ആശ്രയിക്കാതെ ചെയ്യേണ്ട കര്‍മ്മങ്ങള്‍ ചെയ്യുന്നവരാണ് സന്ന്യാസി. ഒരാളോടും ദേഷ്യമില്ലാത്തവര്‍, ഒന്നും ആഗ്രഹിക്കാത്തവര്‍, വിഷയധ്യാനം ഒഴിഞ്ഞവര്‍, രണ്ടെന്ന ഭാവത്തെ അതിജീവിച്ചവര്‍ നിത്യസന്ന്യാസികളാണ്. ഇത്ര ലളിതമാണ് സന്ന്യാസം.
കര്‍മ്മവും സന്ന്യാസവും ജ്ഞാനികള്‍ക്ക് രണ്ടല്ല, ജ്ഞാനംകൊണ്ട് പ്രാപിക്കാവുന്നതുതന്നെ കര്‍മ്മം കൊണ്ടും പ്രാപിക്കുന്നു. രണ്ടും പരസ്പര പൂരകമാണ്. സ്വഗുണത്തിനനുസരിച്ച കര്‍മ്മങ്ങള്‍ ചെയ്യണം. സ്വരൂപത്തില്‍നിന്ന് അന്യമായിട്ടുള്ളത് താനാണെന്ന് ധരിക്കുന്നതുതന്നെ പരധര്‍മമാണ്. ഞാന്‍ ശരീരമാണ്, മനസ്സാണ്, വികാരവിചാരങ്ങളാണ് എന്നൊന്നും കരുതരുത്. ഞാന്‍ കൊല്ലുന്നു എന്നു പറയുന്നതുതന്നെ പരധര്‍മമാണ്. എനിക്ക് കര്‍തൃത്വമില്ല. നമ്മുടെ സ്വരൂപം ആനന്ദമാണ്. ഇത് ധ്യാനത്തിലൂടെ അനുഭവിക്കാം.