photo (1).jpg

                                                             ശീതള ചിത്രങ്ങൾ

                                       നാരായണന്‍കുട്ടി 
മുറ്റത്തെ മുല്ലയുടെ
വേരുകൾ
വടക്കേ കുളത്തിലേയ്ക്ക്
വച്ചു പിടിക്കുന്നു
ചെത്തിയും
ചെമ്പരത്തിയും
മാവും പ്ലാവുമെല്ലാം
അതിന്റെ പുറകേ..

ചില്ലകളെല്ലാം
തെക്കേപ്പറമ്പിലെ
മുത്തശ്ശിയുടെ
ചിതയ്ക്കു മുകളിലേയ്ക്ക്
ചാഞ്ഞു കുട പിടിക്കുന്നു.

ഉരപ്പുരയിൽ
വലിച്ചെറിഞ്ഞ
ചളുങ്ങിയ
ചെപ്പു കുടത്തിൽ
വിതുമ്പിത്തുളുമ്പുന്ന
മുത്തശ്ശി.

മരങ്ങൾക്കു മാത്രം
വരയ്ക്കാൻ കഴിയുന്ന
നന്ദിയുടെ
ശീതള ചിത്രങ്ങൾ..