Published using Google Docs
ഈശ്വരന്‍ എല്ലാറ്റിലും അപാര ജാഗരൂകതയോടെ വര്‍ത്തിക്കുന്നു www.jyothisham.org
Updated automatically every 5 minutes

www.jyothisham.org

ഈശ്വരന്‍ എല്ലാറ്റിലും അപാര ജാഗരൂകതയോടെ വര്‍ത്തിക്കുന്നു

സ്വാമി വിവേകാനന്ദന്‍

ഈ ലോകം നായയുടെ വളഞ്ഞ വാലുപോലെയാണ്. അതിനെ നേരെയാക്കാന്‍ ശതവത്‌സരങ്ങളായി ആളുകള്‍ ശ്രമിച്ചുവരുന്നു. എന്നാല്‍ പിടിവിടുമ്പോള്‍ അതു പിന്നേയും വളയുന്നു. അതങ്ങനെയല്ലാതാവാന്‍ തരമുണ്ടോ? മനുഷ്യന്‍ ആദ്യമായി സക്തിയില്ലാതെ കര്‍മ്മം ചെയ്യാന്‍ പഠിക്കണം; എങ്കില്‍ അയാള്‍ക്കു വിശ്വാസ (മത) ഭ്രാന്തുണ്ടാവില്ല. ഈ ലോകം നായയുടെ ചുരുളന്‍ വാല്‍പോലെയാണെന്നും, ഒരിക്കലും നേരേയാകയില്ലെന്നും മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ നാം വിശ്വാസഭ്രാന്തരാവില്ല. ലോകത്ത് ഈ ഭ്രാന്തില്ലായിരുന്നെങ്കില്‍ ഇപ്പോഴത്തേക്കാള്‍ വളരെ കൂടുതല്‍ പുരോഗതി ഉണ്ടാകുമായിരുന്നു. സ്വാഭിപ്രായജ്വരം മനുഷ്യാഭിവൃദ്ധിയെ സഹായിക്കുമെന്നു വിചാരിക്കുന്നത് അബദ്ധമാണ്. നേരേമറിച്ച്, വിദ്വേഷവും വിരോധവും ജനിപ്പിച്ചും ജനങ്ങളെ തമ്മില്‍ തല്ലിച്ചും അവരിലുള്ള സഹതാപം നശിപ്പിച്ചും മനുഷ്യാഭിവൃദ്ധിയെ തടസ്സപ്പെടുത്തുന്ന ഒരു ഘടകമാണത്.

നാം ചെയ്യുന്നതും നമുക്കുള്ളതുമാണ് ലോകത്തിലേയ്ക്കും നല്ലതെന്നും, നാം ചെയ്യാത്തതും നമുക്കില്ലാത്തതും പ്രയോജനശൂന്യമാണെന്നും നാം വിചാരിച്ചുകളയുന്നു. അതിനാല്‍, നിങ്ങളെ മതഭ്രാന്തു ബാധിക്കുന്ന ലക്ഷണം കണ്ടുതുടങ്ങിയാല്‍ ശ്വാവിന്റെ വളഞ്ഞ വാലിന്റെ കഥ ഓര്‍മ്മിക്കുക. ലോകത്തിന്റെ കാര്യം ആലോചിച്ച് നിങ്ങള്‍ ഉറക്കമിളയ്ക്കയോ സ്വൈരക്കേടനുഭവിക്കയോ വേണ്ട; നിങ്ങളുടെ സഹായം കൂടാതെതന്നെ അതു നടന്നുകൊള്ളും. മതഭ്രാന്തിനെ തിരസ്‌കരിച്ചശേഷമേ, നിങ്ങള്‍ക്കു ശരിയായ രീതിയില്‍ കര്‍മ്മം ചെയ്യാന്‍ കഴിയൂ. അനല്പമായ സഹാനുഭൂതിയും പ്രേമവായ്പുമുള്ള വിവേചനപടുവും അക്ഷോഭ്യശീലനുമായ മനുഷ്യനത്രേ, സമചിത്തനും ശാന്തപ്രകൃതിയുമായ മനുഷ്യനത്രേ, ശരിയായ കര്‍മ്മം ചെയ്യുന്നതും, അങ്ങനെ തനിക്കുതന്നെ നന്മചെയ്യുന്നതും. മത ഭ്രാന്തന്‍ ബുദ്ധികെട്ടവനും സഹാനുഭൂതി നശിച്ചവനും ആകുന്നു; ലോകത്തെ നേരേയാക്കാനോ, സ്വയം പരിശുദ്ധനും പരിപൂര്‍ണ്ണനുമാകാനോ അയാള്‍ക്ക് ഒരിക്കലും സാധിക്കുന്നതല്ല.

ഇനി ഇന്നത്തെ പ്രസംഗത്തിലെ പ്രധാന സംഗതികള്‍ ചുരുക്കിപ്പറയാം. ഒന്നാമത്, നാമെല്ലാവരും ലോകത്തോടു കടപ്പെട്ടവരാണെന്നും,ലോകത്തിനു നമ്മോടൊരുവക കടപ്പാടുമില്ലെന്നും ഓര്‍മ്മവെയ്ക്കണം. ലോകത്തിന് എന്തെങ്കിലും ഗുണം ചെയ്യാന്‍ അവസരം കിട്ടുന്നത് നമുക്കെല്ലാവര്‍ക്കും വലിയ അനുഗ്രഹമാകുന്നു. ലോകത്തെ സഹായിക്കുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ നമ്മെത്തന്നെയാണ് സഹായിക്കുന്നത്. രണ്ടാമത്തെ സംഗതി, ഈ ജഗത്തിന് ഒരു ഈശ്വരന്‍ ഉണ്ടെന്നുള്ളതാകുന്നു. ഈ ജഗത്ത് (ഗതിയില്ലാതെ) അലയുന്നുവെന്നും അതിനു നിങ്ങളുടേയോ എന്‍േറയോ സഹായം ആവശ്യമായിരിക്കുന്നു എന്നുമുള്ളതു പരമാര്‍ത്ഥമല്ല. ഈശ്വരന്റെ സാന്നിദ്ധ്യം എപ്പോഴും ജഗത്തിലുണ്ട്. ഈശ്വരന്‍ അനശ്വരനായി, സദാ കര്‍മ്മപരായണനായി, എല്ലാറ്റിലും അപാര ജാഗരൂകതയോടെ വര്‍ത്തിക്കുന്നു. ജഗത്തു മുഴുവന്‍ ഉറങ്ങുമ്പോഴും ഈശ്വരന്‍ ഉറങ്ങുന്നില്ല; നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു; ലോകത്തിലുണ്ടാകുന്ന സകലപരിവര്‍ത്തനങ്ങളും സൃഷ്ടിവിശേഷങ്ങളും ഭഗവാന്‍േറതാകുന്നു.

മൂന്നാമതായി, നാം ആരേയും വെറുക്കരുത്. ഈ ലോകം എന്നും ഗുണദോഷസമ്മിശ്രമായിരിക്കും. ദുര്‍ബ്ബലന്മാരോടു സഹതപിക്കയും തെറ്റു ചെയ്യുന്നവരെക്കൂടി സ്നേഹിക്കയും ആകുന്നു നമ്മുടെ കര്‍ത്തവ്യം. നമുക്ക് ആദ്ധ്യാത്മികമായി ഉപര്യുപരിബലം ആര്‍ജ്ജിക്കേണ്ടതിലേയ്ക്ക് വ്യായാമം പരിശീലിക്കാനുള്ള അതികേമമായ ഒരു ധര്‍മ്മക്കളരിയാണ് ലോകം. നാലാമതായി, ഒരുതരത്തിലുള്ള അഭിപ്രായഭ്രാന്തും നമുക്കുണ്ടായിരിക്കരുത്; എന്തെന്നാല്‍ അഭിപ്രായഭ്രാന്ത് പ്രേമത്തിനു വിരുദ്ധമാണ്. ‘ഞാന്‍ പാപിയെ വെറുക്കുന്നില്ല; പാപത്തെയാണ് വെറുക്കുന്നത്’ എന്ന് മതഭ്രാന്തന്മാര്‍ ലാഘവത്തോടെ പ്രസംഗിക്കുന്നതു കേള്‍ക്കാറുണ്ട്. എന്നാല്‍ പാപത്തേയും പാപിയേയും തമ്മില്‍ യഥാര്‍ത്ഥത്തില്‍ വേര്‍തിരിച്ചു ഗ്രഹിക്കാന്‍ കഴിവുള്ള ഒരാളുടെ മുഖം കണ്ടെത്താന്‍ എത്ര വഴി പോകാനും ഞാന്‍ സന്നദ്ധനാണ്. അങ്ങനെ പറയാനെളുപ്പം കഴിയും. ധര്‍മ്മത്തേയും ധര്‍മ്മിയേയും (ഗുണത്തേയും ദ്രവ്യത്തേയും) തമ്മില്‍ ശരിയ്ക്കു വേര്‍തിരിച്ചറിയാന്‍ നമുക്കു സാധിച്ചാല്‍ നാം പരിപൂര്‍ണ്ണരായി. എന്നാല്‍ അതത്ര എളുപ്പമല്ല. കൂടാതെ, നാം എത്രകണ്ട് ശാന്തന്മാരാകുന്നുവോ, എത്രകണ്ട് നമ്മുടെ സിരകള്‍ അക്ഷോഭ്യമായി വര്‍ത്തിക്കുന്നുവോ, അത്രകണ്ട് നമ്മുടെ പ്രേമം വര്‍ദ്ധിക്കയും കര്‍മ്മം നന്നായിരിക്കയും ചെയ്യും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 5. പേജ് 81-82]