കലണ്ടർ

                            ഡോ: കെ. സജി

ഇക്കലണ്ടറിന്നിത്തിരിക്കള്ളിയിൽ
കെട്ടിയിട്ടൊരീ ചെം, കറുപ്പക്കങ്ങ-
ളെന്റെ, നിന്റേയുമായുസ്സു കാക്കുമ-
ക്കുമ്പിൾ ചോരും കണങ്ങളാണോർക്കണം!

ഇറ്റിയിറ്റിക്കുറഞ്ഞു തീരും മുൻപ്
പറ്റുമെങ്കിൽ നാം ചെയ്യേണമൂഴിയിൽ
പെറ്റുപെറ്റു പെരുകും പരമ്പര-
യറ്റു പോകാതിരിക്കുവാൻ വല്ലതും...

മണ്ണിനൊട്ടും ചവയ്ക്കുവാനാവാത്ത,
തിന്നുവെന്നാൽ ദഹിയ്ക്കാത്തതൊക്കെയും
കാശുനൽകിയും, ദാനം വരിച്ചുമീ
ജീവിതം തന്ന മണ്ണിനെത്തീറ്റുവോർ!

വെള്ളമൂറുന്ന ചെങ്കൽമലകളെ
യന്ത്രമൊന്നിനാൽ മാന്തിപ്പറിച്ചെടു-
ത്തന്നമെന്നും വിളയും വയലിലി-
ട്ടുള്ള വറ്റും മുടക്കുന്ന 'പണ്ഡിതർ' !

ഒട്ടിയൂർദ്ധ്വൻവലിയ്ക്കും പുഴയിലേയ്-
ക്കൊട്ടുമേയറപ്പില്ലാതെ മാലിന്യ-
മൊക്കെയിട്ടാക്കറുത്തനീറ്റിൻ വിഷം
മുറ്റുമാവിയിൽ മൂക്കുപൊത്തുന്നവർ!

വറ്റിയാകേ വരണ്ടൊരീയാറ്റിന്റെ
യസ്ഥിവാരിപ്പണിഞ്ഞു നീലാംബരം
മുട്ടിനിൽക്കുന്ന സൗധങ്ങളായിരം,
ഇറ്റുവെള്ളമില്ലാതെന്തു പാർപ്പിടം!


ജീവവായു കൈക്കൊണ്ടും കൊടുത്തുമീ
മണ്ണിലൊത്തു ജീവിച്ച മരങ്ങളെ
കണ്ണടച്ചു കടപുഴക്കിക്കാടു
വെട്ടി സ്വന്തം ശവക്കുഴി തോണ്ടുവോർ !

ഇക്കലണ്ടറിന്നിത്തിരിക്കള്ളിയിൽ
കെട്ടിയിട്ടൊരീ ചെം, കറുപ്പക്കങ്ങ-
ളെന്റെ, നിന്റേയുമായുസ്സു കാക്കുമ-
ക്കുമ്പിൾ ചോരും കണങ്ങളാണോർക്കണം!

ഇറ്റിയിറ്റിക്കുറഞ്ഞു തീരും മുൻപ്
പറ്റുമെങ്കിൽ നാം ചെയ്യേണമൂഴിയിൽ
പെറ്റുപെറ്റു പെരുകും പരമ്പര-
യറ്റു പോകാതിരിക്കുവാൻ വല്ലതും...

--------------------------------- ഡോ.കെ.സജി.