Published using Google Docs
ആധ്യാത്മിക തത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം www.jyothisham.org
Updated automatically every 5 minutes

www.jyothisham.org

ആധ്യാത്മിക തത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം

അമൃതാനന്ദമയി അമ്മ

നമ്മുടെ രാജ്യത്ത് വ്യത്യസ്ത മതവിഭാഗക്കാരുടെ ധാരാളം ആരാധനാലയങ്ങളുണ്ട്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിഖ്മതസ്ഥരും അവരവരുടെ ആരാധനാലയങ്ങളില്‍ പോകുന്നു. ഈ ആരാധനാലയങ്ങളില്‍ അവരെത്തി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ മതബോധം വര്‍ദ്ധിച്ചു വരുന്നതായി കാണുന്നില്ല. അഴിമതിയും അക്രമവും നടത്താന്‍ ഒരുമതവും പറയുന്നില്ല. പക്ഷേ അക്രമവാസനയും അഴിമതിയും പെരുകുന്ന കഥകള്‍ നമ്മള്‍ കേള്‍ക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മക്കള്‍ ചിന്തിക്കുന്നുണ്ടോ?

ജനങ്ങള്‍ക്ക് ഈശ്വര വിശ്വാസം ഉണ്ടെങ്കിലും ശരിയായ ആധ്യാത്മിക ബോധം ലഭിക്കുന്നില്ല. ആരാധനാലയങ്ങളില്‍ ആരാധനകള്‍ക്കും പൂജകള്‍ക്കും നേതൃത്വം നല്കുന്നവരുണ്ട്. വിവിധ മതവിഭാഗങ്ങളില്‍ അവര്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. പക്ഷേ, അവരില്‍ ഏറിയപങ്കും ഗൃഹസ്ഥരാണ്. പൂജയും ആരാധനാക്രമങ്ങളും പഠിച്ച്, അത് ഒരു ജോലിയായി അവര്‍ ചെയ്യുന്നു. ഇത് അവര്‍ക്ക് ജീവിക്കുവാനുള്ള മാര്‍ഗം മാത്രമാണ്. ഇവരില്‍ എത്ര പേര്‍ പൂജയെയും ആരാധനയെയും അന്തഃകരണശുദ്ധിക്കുള്ള സാധനയായികാണുന്നുണ്ട്? അതിനാല്‍ ക്ഷേത്രത്തിലോ ദേവാലയങ്ങളിലോ വരുന്ന ഭക്തര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്കുവാന്‍ അവര്‍ക്കു സാധിക്കുന്നില്ല.

പള്ളിക്കമ്മറ്റികളും ക്ഷേത്രകമ്മറ്റികളും ബോര്‍ഡുകളും ഉണ്ടെങ്കിലും അവര്‍ക്കും ആധ്യാത്മികതത്വങ്ങള്‍ ഉള്‍ക്കൊള്ളുവാനോ പ്രചരിപ്പിക്കുവാനോ സമയമില്ല. ഉത്സവങ്ങളും പെരുന്നാളും എങ്ങനെ ഗംഭീരമാക്കാം, തങ്ങള്‍ക്ക് എന്തു നേട്ടമുണ്ടാകാം എന്നതിലാണ് പൊതുവെ അവരുടെ ശ്രദ്ധ. മിക്ക ഭക്തന്‍ന്മാര്‍ക്കും മതത്തിന്റെ അടിസ്ഥാനതത്വങ്ങളെ സംബന്ധിച്ച് ഒന്നുംതന്നെ അറിയില്ല. മതപരമായ ചടങ്ങുകളുടെയും ആചാരങ്ങളുടെയും ശരിയായ അര്‍ത്ഥം അറിയാതെ പലരും പൂര്‍വ്വികര്‍ ചെയ്തുവരുന്നത് അതേപടി അനുകരിക്കുകയാണ്. അച്ഛന്‍ അമ്പലത്തില്‍ ചെയ്യുന്നതു കണ്ടു നിന്ന മകന്‍, വലുതാകുമ്പോള്‍ അതു തന്നെ അനുകരിക്കുന്നു. ആചാരങ്ങള്‍ക്കു പിന്നിലുള്ള തത്വമോ ശാസ്ത്രീയതയോ അറിയാന്‍ ഒട്ടും ശ്രമിക്കുന്നില്ല.

തമാശയായി പറയാറുള്ള ഒരു കഥയുണ്ട്: ഒരു മാനേജര്‍ നാലു ജീവനക്കാരെവിളിച്ച് ഓരോ ജോലി ഏല്‍പ്പിച്ചു. ഒന്നാമന്‍ കുഴികുഴിയ്ക്കണം, രണ്ടാമന്‍ അതില്‍ വിത്തിടണം, മൂന്നാമന്‍ അതില്‍ വെള്ളമൊഴിക്കണം, നാലാമന്‍ ആ കുഴി മണ്ണിട്ട് മൂടണം. ഒരാള്‍ കുഴിയെടുത്തു വിത്തിടേണ്ട ആള്‍ അതു ചെയ്തില്ല. ഇതുകാര്യമാക്കാതെ മറ്റുള്ളവര്‍ വെള്ളമൊഴിക്കുകയും കുഴിമൂടുകയും ചെയ്തു. ഫലമോ? അവര്‍ ചെയ്ത ജോലിയെല്ലാം പാഴായി. ഈ ജോലികള്‍ എല്ലാം ചെയ്തത് വിത്തു കിളിര്‍പ്പിക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍ അതുമാത്രം ഉണ്ടായില്ല. ഇതുപോലെയാണ് ക്ഷേത്രത്തിലും മറ്റ് ആരാധനാലയങ്ങളിലും പോകുന്ന പലരും. ശരിയായതത്വം ഉള്‍ക്കൊണ്ടു അതു ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാതെ, വെറും ആചാരം എന്നവണ്ണം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.

വിശ്വാസികളുടെ എണ്ണം വര്‍ധിച്ചെങ്കിലും ഭക്തികൊണ്ടുള്ള പ്രയോജനം സമൂഹത്തിന് ലഭിക്കുന്നില്ല. ഭക്തിയും ആധ്യാത്മികതയും ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല. മാറ്റം ഒട്ടുമില്ല എന്ന് അമ്മ പറയുന്നില്ല.

ഇത്രയെങ്കിലുമൊക്കെ പിടിച്ചുനില്ക്കുവാന്‍ നമുക്കു കഴിയുന്നുണ്ടല്ലോ. മക്കള്‍ എല്ലാവരും വേണ്ടവണ്ണം ശ്രദ്ധിച്ചാല്‍ ഇതിലും എത്രയോ മടങ്ങ് മാറ്റം വ്യക്തിയിലും സമൂഹത്തിലും വരുത്തുവാന്‍ കഴിയും എന്നകാര്യത്തില്‍ തര്‍ക്കമില്ല.

ഏതു വിശ്വാസത്തിലാണെങ്കിലും ഏതു മത വിഭാഗത്തിലാണെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങള്‍ സാമൂഹിക നന്മയ്ക്കുവേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാന്‍ മക്കള്‍ക്ക് കഴിയും. മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള ആചാരങ്ങള്‍ നമ്മള്‍ പാലിക്കണം.

ഉത്സവങ്ങള്‍ കെങ്കേമമാക്കുവാന്‍ മാത്രമല്ല നമ്മള്‍ ശ്രമിക്കേണ്ടത്. ഉത്സവങ്ങള്‍ക്കു പിന്നിലെ ആധ്യാത്മികതത്ത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും വേണം. അങ്ങനെചെയ്താല്‍ എല്ലാവര്‍ക്കും സന്തോഷവും സമാധാനവും കൈവരും.

കടപ്പാട്: മാതൃഭുമി