എല്ലാറ്റിന്റേയും പ്രഭവസ്ഥാനമായ, എല്ലാം നിറഞ്ഞിരിക്കുന്ന പരമാത്മാവിനെ സ്വന്തം കര്‍മ്മങ്ങള്‍കൊണ്ട് പൂജിക്കുന്നവരാണ് സിദ്ധിയെ പ്രാപിക്കുന്നത്. മറ്റുള്ളവരുടെ കര്‍മ്മം നന്നായി ചെയ്യുന്നതിലും ശ്രേയസ്കരമാണ് സ്വന്തം കര്‍മ്മം മോശമായാണെങ്കിലും ചെയ്യുന്നത്. നന്നായി ചെയ്യാനാകുന്നില്ല, അതില്‍ ദോഷമുണ്ട് എന്നൊക്കെ കരുതി സ്വന്തം കര്‍മ്മത്തെ ഉപേക്ഷിക്കുന്നതാണ് ദോഷം. ഏതൊരു കര്‍മ്മത്തിനും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ദോഷം കാണാന്‍ പറ്റും. അതിനാല്‍ ദോഷശങ്കയാല്‍ കര്‍മ്മംചെയ്യാതിരിക്കരുത്.
പരിശുദ്ധമായ ബുദ്ധിയോടുകൂടി ധൈര്യത്താല്‍ മനസ്സിലെ നിയമനംചെയ്ത് ശബ്ദാദിവിഷയങ്ങള്‍ക്ക് അപ്പുറത്തുനിന്ന് രാഗദ്വേഷങ്ങളെ പൂര്‍ണമായി കളഞ്ഞ്, മിതമായി ഭക്ഷിച്ച് വാക്കും മനസ്സും ശരീരവും തമ്മില്‍ പാരസ്പര്യം ഉണ്ടാക്കി ധ്യാനനിഷ്ഠനായി വൈരാഗ്യത്തെ നല്ലവണ്ണം ആശ്രയിച്ച് അഹങ്കാരം (ഞാന്‍ ചെയ്തു, ഞാന്‍ അനുഭവിക്കുന്നു എന്നെക്കെയുള്ള ഭാവം), ബലം, ദര്‍പ്പം, കാമം, ക്രോധം, തന്റേതെന്ന ഭാവം ഇവയൊക്കെ വെടിഞ്ഞ് ഒന്നിനോടും മമതയില്ലാതെ ശാന്തമായി ഏകാന്തതയില്‍ ഇരിക്കുന്നവര്‍ ബ്രഹ്മാനുഭൂതിക്ക് യോഗ്യനാണ്.
കരിങ്കല്ലിന് വിഗ്രഹമാകണമെങ്കില്‍ അനാവശ്യ ഘടകങ്ങളെ അടര്‍ത്തിമാറ്റണം. അഹങ്കാരം പ്രകൃതിയില്‍നിന്ന് നമ്മെ അകറ്റുന്നു, പൂര്‍ണതയെ പ്രാപിക്കുന്നതില്‍ നിന്ന് തടയുന്നു. പ്രകൃതിയുമായി പാരസ്പര്യമില്ലാത്തതിനുകാരണം ഭയമാണ്. ഇഴുകിച്ചേര്‍ന്നാല്‍ എന്തെങ്കിലും നഷ്ടമായാലോ എന്ന ഭയം. ഇവയൊക്കെ വെടിയണം. തിരക്കുപിടിച്ച ജീവിതത്തില്‍ ബഹളങ്ങളിലേക്കു പോകാതെ ശാന്തി കാത്തുസൂക്ഷിക്കാനാണ് ഗീത ഉപദേശിക്കുന്നത്.
സഹജമായ ഗുണങ്ങള്‍ക്കനുസരിച്ച് ഓരോരോ കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ വിഭജിക്കുമ്പോള്‍ ആയുഷ്കാലബ്രാഹ്മണനോ ശൂദ്രനോ ഇല്ലെന്ന് മനസ്സിലാക്കണം. ഒരാള്‍ രാവിലെ ധ്യാനിക്കുമ്പോള്‍ ബ്രാഹ്മണനാണ്, പിന്നെ കച്ചവടം ചെയ്യുമ്പോള്‍ വൈശ്യനാണ്, എതിരിടുമ്പോള്‍ ക്ഷത്രിയനാണ്, സമൂഹനന്മയ്ക്കായി ജനസേവനംചെയ്യുമ്പോള്‍ ശൂദ്രനാണ്. എല്ലാ ഗുണങ്ങളും എല്ലാവരിലുമുണ്ട്. ഗാന്ധിജിയുടെ ജീവിതത്തില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ട സന്ദേശം ഇതാണ്. ചെയ്യേണ്ട എല്ലാ കര്‍മ്മങ്ങളും എല്ലാവരും ചെയ്യണം.