ഞാന്‍ ചെയ്തവനാണ് എന്ന ഭാവമില്ലാത്ത, ബുദ്ധി ഫലാകാംക്ഷയില്‍ പറ്റിപ്പിടിക്കാത്ത ഒരുവന്‍ ലോകത്തെ മുഴുവന്‍ കൊന്നാലും അവന്‍ കൊല്ലുന്നില്ലെന്ന് ഭഗവാന്‍ പറയുന്നു. ഒരു പ്രകാരത്തിലും ആ കര്‍മ്മം അവനെ ബന്ധിക്കുന്നില്ല. അവനങ്ങിനെ സച്ചിദാനന്ദം ലക്ഷണമായി ഇരിക്കുന്നു. അവനില്‍ ഒരിക്കലും ഒരപ്രിയവും ഇല്ല. അതുകൊണ്ട് അവന്റെ കര്‍മ്മങ്ങള്‍ ലോകത്തിന് അപ്രിയത്തെ ഉണ്ടാക്കുന്നില്ല. പ്രിയവുമുണ്ടാക്കുന്നില്ല. പ്രിയമുണ്ടെങ്കില്‍ അവിടെ അപ്രിയവുമുണ്ട്.
അറിവ്, അറിയേണ്ടത്, അറിയുന്നവന്‍ ഇതു മൂന്നുമാണ് കര്‍മ്മത്തിന്റെ പ്രേരണ. നാമെന്തു ചെയ്യുമ്പോഴും ആരെ സഹായിക്കുമ്പോഴും ഉപദ്രവിക്കുമ്പോഴും അതിന്റെ പ്രേരണയെന്തെന്ന് അറിയണം. പ്രേരണ അറിഞ്ഞാല്‍ നമ്മുടെ പ്രവൃത്തികളില്‍ ഉറപ്പുണ്ടാകും. ആര്‍ക്കും ഇളക്കാന്‍ കഴിയില്ല.
ശരീരമുള്ളവന് കര്‍മ്മങ്ങള്‍ മുഴുവനായി ത്യജിക്കാന്‍ സാധ്യമല്ല. കര്‍മ്മഫലത്തെ ത്യജിക്കുന്നവനാണ് ശരിയായ ത്യാഗി. ഫലത്തോടുള്ള സമീപനത്തിലാണ് മാറ്റം വരേണ്ടത്. കര്‍മ്മത്തിന് ഇഷ്ടം, അനിഷ്ടം, സമ്മിശ്രം എന്നിങ്ങനെ മൂന്നുതരത്തിലാണ് ത്യാഗികളാല്ലാത്തവര്‍ക്ക് ഫലം ലഭിക്കുക. ഈ മൂന്നുതരത്തില്‍ അവര്‍ ലോകത്തെ അനുഭവിക്കും. സന്ന്യാസിക്ക് ഇഹത്തിലും പരത്തിലും (ഒരിടത്തും) ഇവ മൂന്നുമില്ല.
എല്ലാ കര്‍മ്മങ്ങള്‍ക്കും അഞ്ച് കാരണങ്ങളുണ്ട്. അധിഷ്ഠാനം (ഇരിപ്പിടം), കര്‍ത്താവ് (വ്യക്തിബോധം), ജ്ഞാന-കര്‍മ്മേന്ദ്രിയങ്ങള്‍, വിവിധ ചേഷ്ടകള്‍, ദൈവം (പ്രകൃതിശക്തി) ഇവയാണ് കാരണങ്ങള്‍. മനുഷ്യന്‍, ശരീരം, വാക്ക്, മനസ്സ് എന്നിവകൊണ്ട് ന്യായമായോ, അന്യായമായോ ഏതു കര്‍മ്മം ചെയ്യുന്നതിനും ഈ അഞ്ചാണ് കാരണം. യാഥാര്‍ത്ഥ്യം ഇതായിരിക്കെ തന്നെ കര്‍ത്താവായി കാണുന്നവന്‍ സംസ്കാരശൂന്യമായ ബുദ്ധികൊണ്ട് സത്യത്തെ കാണുന്നില്ല. അവന്‍ തന്റെ ശേഷി, തന്റെ ശേഷി, താന്‍ നേടി, താന്‍ അനുഭവിക്കുന്നു എന്നൊക്കെ കരുതുന്നു. ദുര്യോധനന് ഈ ഭാവമാണുള്ളത്.ദുര്യോധനന്‍ ചിന്താശൂന്യനാണ്. ഭഗവാന്‍ ചിന്താരഹിതനും. അതുകൊണ്ട് യുദ്ധം രണ്ടുപേര്‍ക്കും പ്രശ്നമല്ല. അര്‍ജ്ജുനന് ഒരുപാട് ചിന്തകളുണ്ട്. നടുക്കാണ് നില്പ്. ഒന്നുകില്‍ താഴേയ്ക്ക്, ദുര്യോധനന്റെ അജ്ഞാനത്തിലേക്ക് വീഴാം. പക്ഷേ, പറ്റില്ല. ഭഗവാന്റെ അവസ്ഥയിലേക്ക് ഉയരുക മാത്രമാണ് അന്വേഷണം ആരംഭിച്ചവരുടെ വഴി.