Published using Google Docs
തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം www.jyothisham.org
Updated automatically every 5 minutes

www.jyothisham.org

തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം

പല ജന്മങ്ങളിലൂടെ പരമമായ ശാന്തിയെ പ്രാപിക്കും എന്ന് ഗീത പറയുന്നത് ഒരുപാട് അനുഭവങ്ങളിലൂടെ സത്യം അറിയും എന്നതിനെയാണ്. എന്തെങ്കിലും കാരണവശാല്‍ അറിയാനുള്ള ശ്രമത്തിനിടയില്‍ ഈ ദേഹം വെടിയേണ്ടി വന്നാല്‍ സൂക്ഷ്മ ശരീരം അടുത്ത ദേഹത്തിലൂടെയും ആ അന്വേഷണം തുടരും. ഈ ജന്മത്തില്‍ അപരിചിതമായ കാര്യങ്ങള്‍ ആദ്യകാഴ്ചയില്‍ തന്നെ പരിചിതമായി തോന്നുന്നത് അതിനാലാക‍ാം. ആത്മസാക്ഷാത്കാരത്തിനായുള്ള മാര്‍ഗ്ഗത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തണം.

ആശ്രമത്തില്‍ വിദ്യയഭ്യസിച്ച മഹാബ്രാഹ്മണന്‍ കൗശികന്‍ പരംപൊരുളിനെ അറിഞ്ഞത് വീട്ടമ്മയില്‍ നിന്നും ഇറച്ചി വെട്ടുകാരില്‍ നിന്നുമാണ്. തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം. തന്നെത്തന്നെ ആശ്രയമായിക്കണ്ട് അങ്ങേയറ്റം ആസക്തിയോടെ സമഗ്രമായി ജ്ഞാനത്തെ അറിയണം. ഈശ്വരനെക്കുറിച്ച് ‘കുറച്ചറിയല്‍’ അസാധ്യമാണ്. ഉള്‍ക്കൊണ്ടതുമായി താദാത്മ്യം പ്രാപിച്ച് സ്വജീവിതത്തെ വ്യാപാരങ്ങളില്‍ അനുഭവിക്കുന്നവനായിത്തീരണം. അറിവിലും കര്‍മ്മത്തിലും ചേര്‍ച്ചയുണ്ടാകണം.

ഏത് അറിഞ്ഞിട്ട് ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞു തരാമെന്ന് ഭഗവാന്‍ പറയുന്നു. അത് നീ തന്നെയാണ്. (തത്ത്വം അസി). ഇത് ഉപദേശവാക്ക്യമാണ്. ഇതു കേട്ടവര്‍ അറിവ് ബ്രഹ്മമാണെന്നും (പ്രജ്ഞാനം ബ്രഹ്മ) ആത്മാവ് ബ്രഹ്മമാണെന്നും (അയമാത്മാബ്രഹ്മ) മനനം ചെയ്യുന്നു. അവസാനം അനുഭവ വാക്യമായി അഹം ബ്രഹ്മാസ്മി - ഞാന്‍ ബ്രഹ്മമാകുന്നു - പുറത്തു വരുന്നു. ആയിരത്തില്‍ ഒരാളേ ഇതിനായി യത്നിക്കുന്നുള്ളൂ. അതില്‍ ആയിരത്തില്‍ ഒരാളേ താത്വികമായി, ശരിയ‍ാംവണ്ണം അറിയുന്നുള്ളൂ.