ഗീതയിലെ മര്‍മപ്രധാനമായ ശ്ലോകങ്ങള്‍ കരന്യാസമെന്ന പേരില്‍ കൈയില്‍ സൂക്ഷിക്കേണ്ട നിധിയായി സംഗ്രഹിച്ചിരിക്കുന്നു. കരന്യാസത്തിലൂടെ കരചലനങ്ങളിലേക്ക് ഗീതയെ ആവാഹിച്ച് പ്രതിഷ്ഠിച്ച് നാം ഗീതയായി മാറണം.
ഗീതയുടെ ഋഷിയായി വ്യാസനെ ധ്യാനിക്കുന്നു. അറിയാന്‍ ശ്രമിക്കുന്ന ബോധത്തില്‍ ഋഷീശ്വരന്മാരുടെ അനുഗ്രഹത്തിനായാണിത്. ഛന്ദസ്സ് അനുഷ്ടുപ്പ് ആണ്. ഗീതയാകട്ടെ ഇനി നമ്മുടെ വാക്ക് എന്നാണിവിടെ താത്പര്യം. ഭാഷണം ശാസ്ത്രവെളിച്ചത്തിലാകട്ടെ, നാവില്‍ സരസ്വതിയാകട്ടെ എന്ന പ്രാര്‍ഥനയാണിത്. എല്ലാറ്റിന്റെയും കേന്ദ്രത്തില്‍, ഹൃദയത്തില്‍ ഭഗവാനാണെന്ന സങ്കല്പത്തില്‍ ദേവതയായി ശ്രീകൃഷ്ണ പരമാത്മാവിനെ ധ്യാനിക്കുന്നു.
ദുഃഖിക്കാന്‍ പാടില്ലാത്തിനെച്ചൊല്ലി ദുഃഖിക്കുകയും എന്നിട്ട് പണ്ഡിതരെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു എന്ന വരിയാണ് ഗീതയുടെ ബീജം. നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും ബീജവും ഇതാണ്. അറിവുള്ളവര്‍ ദുഃഖിക്കില്ല. എല്ലാ ധര്‍മാധര്‍മ്മങ്ങളെയും പരിത്യജിച്ച് ആ സദ്വസ്തുവെത്തന്നെ ശരണം പ്രാപിക്കുക എന്നതാണ് ശക്തി. ജോലിയും കുടുംബവും വീടുമെല്ലാം ഉപേക്ഷിക്കണമെന്നല്ല, അസ്ഥിരമായവയില്‍ സ്ഥിരബുദ്ധി വയ്ക്കരുത് എന്നാണിവിടെ അര്‍ഥം. എല്ലാ പാപങ്ങളില്‍നിന്നും നമ്മെ ഭഗവാന്‍ മോചിപ്പിക്കുമെന്നും ദുഃഖിക്കേണ്ടെന്നുമുള്ള വരിയാണ് ഗീത അടിച്ചുറപ്പിച്ച കുറ്റി. ഇതിലാണ് നാം നമ്മെ കെട്ടേണ്ടത്.
ശാസ്ത്രങ്ങള്‍ പരമമായ സത്യത്തെ മുറിവേല്പിക്കുന്നില്ല, അഗ്നി ദഹിപ്പിക്കുന്നില്ല, വെള്ളം നനയ്ക്കുകയോ കാറ്റ് ഉണക്കുകയോ ചെയ്യുന്നില്ല. ആത്മാവ് നിത്യമായതും സര്‍വവ്യാപിയും ഇളക്കമില്ലാത്തതുമാണ്. വിശ്വത്തിലെ എല്ലാം ഭഗവാന്റെ രൂപങ്ങളാണ്. ഇവ പ്രതിപാദിക്കുന്ന രണ്ടാം അധ്യായത്തിലെ 23, 24 ശ്ലോകങ്ങളും 11ം അധ്യായത്തിലെ 5-ം ശ്ലോകവും കരന്യാസത്തിന്റെയും ഹൃദയാദിന്യാസത്തിന്റെയും ഭാഗമായി വിരലുകളിലേക്കും ഹൃദയാദികളിലേക്കും ധ്യാനരൂപത്തില്‍ സന്നിവേശിപ്പിക്കണം. ഈ അറിവിന്റെ നിറവിലായിരിക്കണം നമ്മുടെ വാക്കും മനസ്സും പ്രവൃത്തിയും. നമ്മുടെ ദൃഷ്ടിയായും കവചമായും അസ്ത്രമായും തീരേണ്ടത് ഗീതാശ്ലോകങ്ങളാണ്.
ഗീതയുടെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളിച്ച നാമജപമാണ് നൂറ്റെട്ട് നാമങ്ങളടങ്ങിയ അഷ്ടോത്തര ശതനാമാവലി. നാം ഗീതയായി മാറിക്കഴിഞ്ഞാല്‍ ഈ നാമാവലി നമുക്കുള്ളതാണ്. നമുക്ക് നമ്മെ പൂജിക്കാനുള്ളതാണ്.