ഓരോരുത്തരും വിശ്വാമിത്രനായി, വിശ്വത്തിന്റെ മുഴുവന്‍ കൂട്ടുകാരനായി മാറണമെന്ന് സ്വാമി സന്ദീപ് ചൈതന്യ പറഞ്ഞു. ആരോടും ശത്രുതയില്ലായ്മയാണ്, എല്ലാവരിലും തന്നെ ദര്‍ശിക്കാന്‍ കഴിയലാണ് ഗീത ഉപദേശിക്കുന്നത്; ആരുടെയെങ്കിലും നെഞ്ചിലേക്ക് അമ്പയക്കാനല്ല.
മഹാരഥന്മാരെന്നാല്‍ ഒറ്റയ്ക്ക് പതിനായിരം പേരോട് യുദ്ധം ചെയ്യാന്‍ കഴിയുന്നവരാണ്. എല്ലാവരും മഹാരഥന്മാരാണ്. ആയിരക്കണക്കിന് വികാരവിചാരങ്ങളോട് പൊരുതി ജയിക്കാന്‍ ഏവര്‍ക്കും കഴിയും. അവയ്ക്കനുസരിച്ച് ജീവിക്കുകയല്ല വേണ്ടത്.
ഇന്ദ്രിയങ്ങളെ - ആഗ്രഹങ്ങളെ - ജയിക്കാന്‍ കഴിയുന്നവനാണ് ദശരഥന്‍. ഇന്ദ്രിയങ്ങളെ അടക്കിയാല്‍ മനസ്സ് അയോദ്ധ്യ അഥവാ ശാന്തമായ അവസ്ഥ ആകും. ആയോധനം നിലച്ച ഭൂമിയാണ് അയോധ്യ. അപ്പോള്‍ ബോധം, അതായത് രാമന്‍ ജനിക്കും. സീത മനസ്സാണ്. സ്വര്‍ണമാനിനെ കണ്ട് മനസ്സ് വിഷയാസക്തിയിലേക്ക് പോകുന്നു. ബോധത്തില്‍ നിന്ന് മനസ്സ് പോകുന്ന ദുഃഖമാണ് രാമന്റേത്.
സ്വരണ്ണമൂടികൊണ്ട് സത്യത്തിന്റെ മുഖം മറച്ചിരിക്കുന്നു എന്ന് ഉപനിഷത് പറയുന്നു. നാമത്തിലും രൂപത്തിലും ആകൃഷ്ടരായി അതിനപ്പുറത്തുള്ള സത്യം അറിയാതെ പോകുന്നു. ഇടക്കിടെയുണ്ടാകുന്ന രാമസ്മരണ (ബോധസ്മരണ) കൊണ്ടാണ് അശോകവനിയെന്ന ദുഃഖമില്ലാത്തിടത്ത് സീതയ്ക്കു കഴിയാനാകുന്നത്. ധര്‍മ്മം നശിക്കാത്തതും ക്ഷേത്രം ക്ഷയിക്കുന്നതുമാണ്. നശിക്കുന്നതും നശിക്കാത്തതുമായ സംയോഗമാണ് ധര്‍മ്മക്ഷേത്രം. അത് സാധ്യമായാല്‍ അനശ്വരനാണെന്ന് അറിയാന്‍ കഴിയും. ധര്‍മ്മം സ്വീകരിക്കുന്നവര്‍ക്ക് നാശമുണ്ടാകില്ല.
ഭാരതീയ ദര്‍ശനം ആരും സൃഷ്ടിച്ചതല്ലെന്ന് സ്വാമി വിശദീകരിച്ചു. ഋഷിമാര്‍ മന്ത്രത്തെ കണ്ടവരാണ്, നിര്‍മിച്ചവരല്ല. ജനിച്ചതിന് മരണമുണ്ട്. നിര്‍മിച്ചതിന് നാശമുണ്ട്. എന്നാല്‍ നിര്‍മിക്കാത്തതിനെ നശിപ്പിക്കാന്‍ സാധ്യമല്ല. ശാസ്ത്രത്തെ അശുദ്ധമാക്കാന്‍ ആരു വിചാരിച്ചാലും പറ്റില്ല. ആരും ഒരുസമയത്തും ശാസ്ത്രം പഠിക്കാന്‍ അയോഗ്യരുമല്ല. പക്ഷെ മുന്‍വിധികളോടെ ശാസ്ത്രത്തെ സമീപിച്ചാല്‍ സത്യം അറിയാനോ, സൗന്ദര്യം അനുഭവിക്കാനോ കഴിയാതെ പോകും.