രക്ഷിതാക്കളുടേത് ജാംബവധ൪മ്മം
നമ്മുടെ വാക്കുകള്‍ പ്രചോദനാത്മകമായിരിക്കണം. ജാംബവധര്‍മ്മമാണ് നാം സ്വീകരിക്കേണ്ടത്. ഉറങ്ങിക്കിടക്കുന്ന സാധ്യതയെ തിരിച്ചറിയുക, ഓര്‍മ്മപ്പെടുത്തി ഉണര്‍ത്തുക. എന്നാല്‍ ഇന്ന് പലരും ശല്യരുടെ ധര്‍മ്മമാണ് അനുഷ്ഠിക്കുന്നത്. കര്‍ണസാരഥിയായ ശല്യര്‍ കര്‍ണനോട് പറഞ്ഞുകൊണ്ടിരുന്നതു പോലെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകളാണ് പറയുന്നത്. എല്ലാ സാധ്യതകളേയും തച്ചുടയ്ക്കുന്ന വാക്കുകളാണ് ശല്യരുടേത്.
കുട്ടികളോടും യുവാക്കളോടും എങ്ങനെ സംസാരിക്കണമെന്നതിന് ഉത്തമമാതൃകയാണ് അര്‍ജുനനോടുള്ള കൃഷ്ണന്റെ സമീപനം. തെറ്റായ തീരുമാനം എടുത്തിരിക്കുന്ന ഓരാളെ മോശക്കാരനാക്കി ചിത്രീകരിക്കുകയല്ല, അയാള്‍ക്കുള്ളില്‍ തീരുമാനത്തെ കുറിച്ചുള്ള സംശയം ജനിപ്പിക്കുകയാണ് വേണ്ടത്. ‘നീ മിടുക്കനാണ്, ഇത് നിനക്കു ചേര്‍ന്നതാണോ എന്ന് ആലോചിക്കുക‘ എന്നതും ‘കഴുതേ നീയിതേ ചെയ്യൂ‘ എന്നതും കേള്‍ക്കുന്നവരില്‍ ഏതുതരം ഫലങ്ങളാണുണ്ടാക്കുക എന്ന് ചിന്തിക്കുക. നമ്മുടെ കുട്ടികളില്‍ നമുക്ക് പ്രതീക്ഷയില്ലെങ്കില്‍ ആര്‍ക്കാണുണ്ടാവുക? അവരെ പൂര്‍ണമായി വിശ്വസിക്കുക. ഞാനുണ്ട് നിന്റെ കൂടെ എന്നധൈര്യവും അങ്ങേയറ്റം സാന്ത്വനമേകുന്ന വാക്കുകളും നല്‍കുക, കൃഷ്ണനെപ്പോലെ.
ഞങ്ങള്‍ കൌരവരെ ജയിക്കുന്നതാണോ കൌരവര്‍ ഞങ്ങളെ ജയിക്കുന്നതോണോ ശ്രേയസ്കരം എന്നാണ് അര്‍ജുനന്റെ സംശയം. നാം വികാരങ്ങളെ ജയിക്കണോ വികാരങ്ങള്‍ നമ്മെ ജയിക്കണോ എന്നതാണ് ഇവിടെ വിവക്ഷിക്കുന്നത്. പലതും ഉപേക്ഷിക്കേണ്ടിവരും എന്ന തോന്നല്‍ നമുക്ക് ഭയമാണ്. അതിനുദാഹരണമാണ് ഈ സംശയം.അര്‍ജുനന് ഭഗവനാണ് ഉപദേശം നല്‍കുന്നത്. ഉണ്മയുടെ രഹസ്യവും ഇല്ലാതാവലിന്റെ രഹസ്യവും ആരറിയുന്നുവോ അവനെയാണ് ഭഗവാന്‍ എന്നു പറയുന്നത്. സസഫൂര്‍ണ ഐശ്വര്യം, ധര്‍മ്മം, യശസ്സ്, ശ്രേയസ്സ്, വൈരാഗ്യം, മോക്ഷം എന്നീ ഭഗകള്‍ ആരിലുണ്ടോ അയാളാണ് ഭഗവാന്‍.