തള്ളേലൊട്ടി
സുധാകരന്‍ മൂര്‍ത്തിയേടം
ഇത്തിരി ചേമ്പുണ്ടു
തെക്കെത്തൊടിയിൽ നീ -
യിത്തവണ തിരുവാതിര -
യുണ്ണുവാനെത്തുമെന്നോർത്തു
പറിയ്ക്കാതെ വെച്ചതാ-
ണിപ്പൊഴും കാണുമേ
പോയി നോക്കട്ടെ ഞാൻ
ഇഷ്ടമാണല്ലോ,
പുഴുക്കേറെയെന്നമ്മ
കൊക്കിക്കിതച്ചൊരു
തൂമ്പയെടുക്കുന്നു.
അത്രയ്ക്കു ലീവില്ലയമ്മേ
തിരിക്കണ -
മുത്തരവാദിത്ത മെത്രയോ
ജോലിയിൽ
പത്തുനാൾ കൂടി കഴിയണ -
മാതിരയെത്തു വാനെന്നെന്‍റെയുളളം
മൊഴിഞ്ഞുവോ?
ഒറ്റയ്ക്കു തൂമ്പയും പൊക്കി -
ക്കിളയ്ക്കുവാ-
നെത്തിയ സാഹസം മെല്ലെ -
ത്തടഞ്ഞു ഞാൻ
പറ്റുമോയെന്നു നോക്കട്ടെ
പരിചയ മൊട്ടുമില്ലാതായി
മണ്ണിൽ കിളയ്ക്കുവാൻ
കൊത്തിനോവിക്കാതെ
മേൽ മണ്ണു മാന്തി വെ-
ച്ചൊറ്റക്കിളയ്ക്കു പറിച്ചൂ
കിഴങ്ങിനെ
ഇത്രയേയുള്ളോ?, ചതിച്ചൂ
തുലാവർഷമിക്കുറി,
കാണ്ഡത്തിലെങ്ങുംപരതിയി-
ട്ടൊറ്റക്കിഴങ്ങാണു പറ്റി
നിൽക്കുന്നതെ-
ന്നദ്ഭുതമമ്മയ്ക്കു ,യാത്ര
ഞാൻ നീട്ടുന്നു ....