അയഥാര്‍ത്ഥ്യങ്ങളുമായി താദാത്മ്യം പ്രാപിക്കാതെ കാപട്യങ്ങളില്ലാതെ സത്യസന്ധനായി ജീവിക്കുന്നവനാണ് ഭക്തന്‍. നമ്മുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് എങ്ങനെ എന്നു നോക്കിയാല്‍മതി നാമെങ്ങിനെ എന്നറിയാന്‍.
ശരീരമാണ് ക്ഷേത്രം എന്ന് ഭഗവാന്‍ പറയുന്നു. നശിക്കുന്നതാണ് ക്ഷേത്രം. നശിക്കാതിരിക്കണമെങ്കില്‍ നശിക്കാത്തതുമായി സമ്പര്‍ക്കം വേണം. അപ്പോള്‍ ക്ഷേത്രമെന്ന നിലയിലല്ല അതിനപ്പുറത്ത് നിലനില്പുണ്ടാകും. അനശ്വരഭാവത്തിലേക്ക് നശ്വരമായ ശരീരം ഉയരണമെങ്കില്‍ ധര്‍മ്മവുമായി ചേരണം. അല്ലെങ്കില്‍ സംഘര്‍ഷവും നാശവുമുണ്ടാകും.
കര്‍മ്മത്തെ ബീജമായി കണക്കാക്കുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കുന്ന വിളനിലമാണ് ശരീരം. അതിനാലാണ് പൂര്‍വ്വികര്‍ കര്‍മ്മം ശുദ്ധമാകണമെന്നു പറഞ്ഞത്. ശരീരത്തിന്റെ, ഉണ്ടായി നിലനിന്ന് നശിക്കുന്ന പരിണാമഭാവങ്ങളെ ഇല്ലാതാക്കാന്‍ സാധ്യമല്ല. സ്വയം ഞാനിതിനപ്പുറമാണെന്നും ഇവയെ നിരീക്ഷിക്കാന്‍ എനിക്കു കഴിയുമെന്നും അറിയണം. ഇങ്ങനെ ഞാന്‍ ശരീരമല്ലെന്നുള്ള അറിവാണ് ശരീരത്തെ അറിയല്‍. ഇതറിഞ്ഞവനാണ് ക്ഷേത്രജ്ഞന്‍.
എല്ലാ ക്ഷേത്രങ്ങളിലും അതതിനെ അറിഞ്ഞ ക്ഷേത്രജ്ഞന്‍ ഭഗവാനാണ്. ശരീരത്തില്‍ അറിവായി, സാക്ഷിയായി എല്ലാ മാറ്റങ്ങളും അറിയുന്നവനായി മാറാതെ വര്‍ത്തിക്കുന്നത് ഭഗവാന്‍ തന്നെ. ഇങ്ങനെ ക്ഷേത്രത്തേയും ക്ഷേത്രജ്ഞനേയും അറിയലാണ് ജ്ഞാനം.
പഞ്ചമഹാഭൂതങ്ങള്‍, അഹങ്കാരം (ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്നഭാവം), ബുദ്ധി (കാര്യകാരണവിവേത്തശേഷി), അവ്യക്തമായ മൂലപ്രകൃതി, ജ്ഞാന കര്‍മ്മേന്ദ്രിയങ്ങള്‍, മനസ്സ്, ഇന്ദ്രിയവിഷയങ്ങള്‍, ആഗ്രഹം, വിരോധം, സുഖദുഃഖം (അനുഭവങ്ങള്‍, അനുകൂല പ്രതികൂല പ്രതികരണങ്ങള്‍), സംഘാതം (വിഷയങ്ങളുമായി ഇന്ദ്രിയങ്ങളുടെ ചേര്‍ച്ച) ചേതന (ജീവന്‍), ഓജസ്സ് എന്നിവ ചേര്‍ന്നതാണ് ക്ഷേത്രം. 24 ഘടകങ്ങളാല്‍ (പഞ്ചഭൂതങ്ങള്‍ മുതല്‍ ഇന്ദ്രിയ വിഷയങ്ങള്‍ വരെ) ഉണ്ടായ ശരീരത്തില്‍ ഇച്ഛ മുതല്‍ ഓജസ്സുവരെ ഏഴു വികാരങ്ങളും ഉള്‍ക്കൊള്ളുന്നു എന്ന് ഭഗവാന്‍ പറയുന്നു.