അറിവില്ലായ്മയില്‍ നിന്ന് അറിവിലേക്കുള്ള (ശിലായുഗത്തില്‍ നിന്ന് ആധുനികകാലത്തേക്കുള്ള) പ്രയാണമായിട്ടാണ് ചരിത്രത്തെ ഇന്ന് നാം പഠിക്കുന്നത്. എന്നാല്‍, ഋഷികളുടെ പഠനരീതി വിപരീതമായിരുന്നു. ഉപനിഷദ് പറയുന്നു: "കുട്ടീ, ഇവിടെ അറിവ്, ഉണ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്നാണ് അറിവില്ലായ്മയിലേക്ക് പോകുന്നത്." ഇല്ലായ്മയില്‍ നിന്നല്ല ഭഗവാന്‍ ലോകം സൃഷ്ടിച്ചത്. ഇല്ലായ്മയില്‍ നിന്ന് ആര്‍ക്കും ഒന്നും ഉണ്ടാക്കാന്‍ പറ്റില്ല. ഉള്ള ആ സദ് വസ്തു ആഗ്രഹിച്ചു പലതാകാന്‍. മറ്റുള്ളവ ഉണ്ടായി എന്നതു തന്നെ ഒരു തോന്നല്‍ മാത്രവുമാണ്. ഈ ഒരു രീതി ഉപനിഷദിലും ഗീതയിലുമൊക്കെയേയുള്ളൂ. മറ്റു മതഗ്രന്ഥങ്ങളിലില്ല. എല്ലാറ്റിലുമുള്ള ആ സദ് വസ്തുവെ കാണലാണ് വിശ്വരൂപദര്‍ശനം.
വ്യാവഹാരിക സത്യവും പാരമാര്‍ത്ഥിക സത്യവും കാണേണ്ടതുണ്ട്. സൂര്യോദയം കണ്ട് പൂര്‍ണമായി അനുഭവിക്കാനും അതോടൊപ്പം അത് അയഥാര്‍ഥമാണെന്ന് അറിയാനും കഴിയണം. സൂര്യന്‍ ഉദിക്കുന്നുമില്ല, അസ്തമിക്കുന്നുമില്ല. നിലനില്‍ക്കുന്നേയുള്ളൂ. ഉദയവും അസ്തമയവും ഭൂമിയിലുള്ളവരുടെ തോന്നലാണ്. ഭഗവാനെ കാണുന്നതിന് തടസ്സം ആഗ്രഹങ്ങളാണ്. സ്വന്തമാക്കണമെന്ന തോന്നലില്‍ പൂവിനെ നോക്കുമ്പോള്‍ നമുക്ക് പൂവ് നഷ്ടമാകുന്നു.
ഭഗവാനെ പരമാര്‍ത്ഥികമായി അറിയാനും കാണാനും പ്രവേശിക്കാനും അനന്യമായ ഭക്തികൊണ്ടേ സാധ്യമാകൂ. ഭക്തന്‍ അതീവ ശ്രദ്ധാലുവാണ്. ഇന്ന് കാണുന്ന ഭക്തര്‍ എല്ലാം ഭഗവാനെ ഏല്പിച്ച് അനങ്ങാതിരിക്കുന്നവരാണ്. ഭഗവാനുവേണ്ടി എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നവര്‍, ഭഗവാന്‍ മാത്രം ലക്ഷ്യമായവര്‍ (നമുക്ക് ലക്ഷ്യം വേറെ പലതുമാണ്. വേറെയാവുന്നത് വേറെ പേരില്‍ അറിയുന്നതു കൊണ്ടാണ്. അത് ആനന്ദത്തിനു വേണ്ടിയാണ്. പക്ഷേ, ആ വഴിയില്‍ അതു കിട്ടുകയുമില്ല), ഒന്നിനോടും ദ്വേഷമില്ലാത്തവര്‍ ഇവരൊക്കെ ഭഗവാനെ പ്രാപിക്കും. പരമലക്ഷ്യം ഭഗവാനായാല്‍ മറ്റു കാര്യങ്ങള്‍ എങ്ങനെ നടക്കും എന്നാണ് പേടി. അതു ശരിയായാല്‍ മറ്റെല്ലാം ശരിയാവും. ഇപ്പോള്‍ ഒന്നും സ്വസ്ഥമല്ലാത്തതും ലക്ഷ്യം വേറെയായതിനാലാണ്.
ക്ഷേത്രം, ആരാധന തുടങ്ങിയവയിലൂടെ സഗുണനായി ഭജിക്കുന്നവനാണോ, അവ്യക്തവും നാശരഹിതവുമായി കണ്ട് ഗുണരഹിതനായി ഭജിക്കുന്നവനാണോ ശ്രേഷ്ഠന്‍ എന്ന് അര്‍ജുനന്‍ ചോദിക്കുന്നു. കൊച്ചുകുട്ടിയെ ചേര്‍ത്തുപിടിച്ച് "നീയല്ലേ എന്റെ കുട്ടന്‍" എന്നു പറഞ്ഞ് മുതിര്‍ന്നവനെ നോക്കി കണ്ണിറുക്കി കാട്ടുന്ന മാതൃഭാവത്തിലാണ് ഇവിടെ ഭഗവാന്റെ മറുപടി. കൊച്ചുകുട്ടിക്ക് ആ ശ്രദ്ധയും കരുതലും ആവശ്യമാണ്. എന്നില്‍ മനസ്സിനെ പ്രവേശിപ്പിച്ച് എല്ലാം സമര്‍പ്പിക്കുന്നവരായി ദേശകാലവസ്തു പരിമിതികളില്ലാതെ ശ്രദ്ധയോടെ ഉപാസിക്കുന്നവര്‍ ശ്രേഷ്ഠരാണെന്ന് ഭഗവാന്‍ പറയുന്നു.