രാഗദ്വേഷങ്ങള്‍ക്ക് സാധകന്‍ വശഗനാകരുത്. എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ച് കര്‍മ്മങ്ങളില്‍ പൂര്‍ണസ്വാതന്ത്ര്യം പ്രാപിക്കുകയാണ് സാധകന്റെ കര്‍മ്മം.
ഇന്ദ്രിയങ്ങള്‍ അതിനു ചേര്‍ന്ന വിഷയങ്ങളിലേക്ക് പോവുക സാധാരണമാണ്. ഇതുമൂലം നമ്മില്‍ ജനിക്കുന്ന താല്പര്യങ്ങളാണ് രാഗം. ഇന്ദ്രിയാനുഭവങ്ങളിലൂടെ നമ്മിലുണ്ടാകുന്ന പ്രതികൂലപ്രതികരണങ്ങളാണ് ദ്വേഷം.
ഇന്ദ്രിയങ്ങള്‍ പോകുന്ന വഴികളിലെ നന്മതിന്മകള്‍ നിരൂപിച്ച് നാം സംഘര്‍ഷത്തിന് അടിപ്പെടരുത്. ഈ ലോകവും ഇതിലെ സര്‍വവും ഈശ്വര്യചൈതന്യമാണെന്ന് തിരിച്ചറിയുന്നതോടെ ഇന്ദ്രിയമാര്‍ഗങ്ങളെ ചൊല്ലിയുള്ള ആകുലതകള്‍ ഇല്ലാതാകുന്നു.
മനസ്സ് ആകാശത്ത് പറക്കുന്ന പട്ടം പോലെ സ്വതന്ത്രമായി വ്യാപാരിക്കും. അതിനെ നിയന്ത്രിക്കുന്ന ചരട് ഈശാവാസ്യമിദംസര്‍വം എന്ന തിരിച്ചറിവാകണമെന്നുമാത്രം. അങ്ങനെ വന്നാല്‍ ഇന്ദ്രിയങ്ങള്‍ സൃഷ്ടിക്കുന്ന രാഗദ്വേഷങ്ങള്‍ക്ക് മനസ്സില്‍ ഇടമില്ലാതാകും.
എല്ലാ കര്‍മ്മങ്ങളും ഭഗവാനില്‍ സമര്‍പ്പിച്ച് ചെയ്യണം. ഇതിന് ‘ഞാന്‍’ എന്ന അഹങ്കാരം ഇല്ലാതാകണം. അഹങ്കാരത്തിന്റെ നാശത്തിലാണ് ആത്മബോധം ഉദിക്കുന്നത്. ഇതോടെ വ്യക്തിയുടെ മനസ്സിന് സിദ്ധിക്കുന്ന സ്വാതന്ത്ര്യം തന്നെയാണ് മോക്ഷം.
സംന്യാസം സ്വീകരിക്കുന്നവര്‍ തനിക്ക് തന്നെ പിണ്ഡം വെക്കുന്നത് ഈ അഹംബോധത്തെ ഇല്ലായ്മ ചെയ്യുന്നതിന്റെ പ്രതീകമാണ്. പിന്നെ ബാക്കിയുള്ളത് ആത്മവിചാരത്തോടു കൂടിയ ബുദ്ധിയാണ്. അസൂയ പലപ്പോഴും അഹങ്കാരത്തെ ഇല്ലാതാക്കുന്നതിന് തടസ്സമാകും. അസൂസയെ ജയിക്കാന്‍ അതിന് കാരണമായതിനോട് ബഹുമാനം വളര്‍ത്തുകയാണ് ഏറ്റവും നല്ല ഉപാധി.