ഗീത നമുക്ക് അപരിമിതമായ സ്വാതന്ത്ര്യം തരുന്നു. രഹസ്യത്തേക്കാള്‍ രഹസ്യമായ അറിവിനെ പറഞ്ഞുതരാമെന്ന് ഭഗവാന്‍ പറയുന്നു. തുടര്‍ന്നു പറയുന്നത് ഇതിനെ ഒന്നൊഴിയാതെ ആലോചിച്ച് വിമര്‍ശനവിധേയമാക്കി എങ്ങിനെ തോന്നുന്നുവോ (അറിവിന്റെ വെളിച്ചത്തില്‍ എന്താണോതോന്നുന്നത്) അതുപോലെ ചെയ്യു എന്നാണ്. ഭഗവാന്‍ നമ്മുടെ മുഴുവന്‍ സാധ്യതയും പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുന്നു.
ലോകത്തിലെ എല്ലാ അനിഷ്ടങ്ങളും ഇഷ്ടങ്ങളും നമ്മുടെ ഉള്ളിലുണ്ട്. നാം കണ്ണാടി നോക്കുന്ന പോലെയാണ് ലോകത്തെ കാണേണ്ടത്. നമ്മുടെ പ്രതിരൂപമാണ് വിശ്വം. അറിവാകുന്ന ദൃഷ്ടി കൊണ്ടേ ഇതിനെ കാണാന്‍ കഴിയൂ. സൂര്യോദയം കണ്ട്, ചന്ദ്രനെ കണ്ട്, പൂക്കളെ കണ്ട് ഒക്കെ മതിയായവനേ ഇനി ജന്മം വേണ്ടെന്ന് പറയു. ഈ ഭാരതഭൂമിയില്‍ ഇനിയും ജനിക്കാന്‍ തയ്യാറാണെന്നാണ് സ്വാമി വിവേകാനന്ദന്‍ തന്നെ പറഞ്ഞത്. ഈ പ്രപഞ്ചത്തിലെല്ലാറ്റിലൂടെയുമാണ് നാം കടന്നുവന്നത്. നമുക്കായി എല്ലാം ഒരുത്തിയിരിക്കുന്നു. ഈ വന്ന വഴിയെ പ്രാര്‍ഥനാപൂര്‍വം സ്മരിക്കുന്നതിന്റെ ഭാഗമായാണ് നാം പ്രതീകങ്ങള്‍ അര്‍ഹിക്കുന്നത്. ധ്യാനത്തിലൂടെ നാം വന്നവഴികളിലേക്ക് സഞ്ചരിക്കാം.ധ്യാനം പരിശീലിക്കുന്നത് സൈക്കിള്‍ പഠിക്കുന്ന പോലെയാണ്. പഠിക്കുന്ന സമയത്ത് അതിന്റേതായ നിയമങ്ങള്‍ മുഴുവന്‍ പാലിക്കണം. സൈക്കിള്‍ ദപഠിക്കുന്ന സമയത്ത് ആരും ഒരു കൈവിട്ട് ചവിട്ടില്ല. പഠിച്ചു കഴിഞ്ഞാല്‍ പല നിയമങ്ങളും കടന്ന് അനായാസേന സഞ്ചരിക്കും. ധ്യാനം സ്വായത്തമാക്കിയാല്‍ പുതിയ സാധ്യതകള്‍ തേടാം. പിന്നെ ഒരിടത്തിരിക്കണമെന്നും തന്നെയില്ല.
ആത്മജ്ഞാനം നേടിയവര്‍ മുഴുവന്‍ സമയവും എന്തു ചെയ്യുമ്പോഴും ധ്യാനാവസ്ഥയിലായിരിക്കും. ഇത് അറിവുകൊണ്ട് വേണം നേടാന്‍. കടുത്ത പരീക്ഷണങ്ങളൊന്നും വേണ്ട. മാര്‍ഗത്തില്‍ വാശിപിടിച്ച് ലക്ഷ്യത്തെ അവഗണിക്കരുത്. ഞാന്‍ ചെയ്തത് ശരിയായില്ല എന്ന കുറ്റബോധം ഒരിക്കലും പാടില്ല. ‘എനിക്കിനി പറ്റില്ലല്ലോ, പണ്ടായിരുന്നെങ്കില്‍’ എന്ന ചിന്തയും വേണ്ട. എപ്പോഴായാലും എങ്ങനെയായാലും ശ്രദ്ധയാണ് പരമപ്രധാനം.
ആത്മാന്വേഷണത്തിനായി ഗൃഹത്തിലിരിക്കുന്നവന്‍ വനത്തിലിരിക്കുന്നവനെപ്പോലെയും വനത്തിലിരിക്കുന്നവന്‍ ഗൃഹസ്ഥനെപ്പോലെയും ആചരിക്കരുതെന്ന് തപോവനസ്വാമികള്‍ പറയുന്നു. വിവേകിയായ ഗൃഹസ്ഥന്‍ ഭോഗേച്ഛ കൂടാതെ സ്വധര്‍മാനുഷ്ഠാനമായി വിഷയങ്ങള്‍ ഗ്രഹിക്കുന്നു. അതിലൂടെ ആത്മസത്യത്തെ പ്രാപിക്കുന്നു.