Published using Google Docs
ധ്യാനം വേണ്ടത് ഉള്ളിലേക്കാണ്, ഉള്ളിലാണ് ഭഗവാന്‍ www.jyothisham.org
Updated automatically every 5 minutes

www.jyothisham.org

ധ്യാനം വേണ്ടത് ഉള്ളിലേക്കാണ്, ഉള്ളിലാണ് ഭഗവാന്‍

എല്ലാറ്റിലും ഞാനാണ്, എല്ലായിടത്തും ഞാനാണ് എന്നറിഞ്ഞവന്‍ പിന്നെ ആഗ്രഹിക്കുന്നില്ല. അപൂര്‍ണനാണ് ആഗ്രഹം. ‘അതു’കൂടി കിട്ടിയാല്‍ പൂര്‍ണമാകുമെന്നതാണ് ആഗ്രഹത്തിന്റെ അടിസ്ഥാനം. വിശ്വത്തിന് ഉണ്മ നല്‍കുന്നത് ഞാനാണെന്ന അറിവിലാകണം നമ്മുടെ അടിത്തറ. ഞാനെന്ന ബോധമാണ് ചുറ്റുപാടുമുള്ള എല്ലാറ്റിനേയും നിലനിര്‍ത്തുന്നത്. നിദ്രയിലേക്ക് പ്രവേശിക്കുമ്പോള്‍ കാലവും ദേശവും ഇല്ല. എല്ല‍ാം എവിടെയോ ലയിക്കുന്നു. ആനന്ദമെന്ന അനുഭവത്തിലേക്കാണ് ഇങ്ങനെ ദിവസവും ന‍ാം അറിയാതെ പ്രവേശിക്കുന്നത്. അതിലേക്ക് ബോധപൂര്‍വ്വം പ്രവേശിക്കലാണ് ധ്യാനം. ഇളകാത്ത ദീപത്തെപ്പോലെയാകണം നമ്മള്‍.

മിതമായ ഭക്ഷണം, ഉറക്കം, വിഹാരകര്‍മ്മങ്ങള്‍, എല്ല‍ാം മിതമായ രീതിയില്‍ വേണം. മിതത്വമാണ് ഒരുവനെ സത്യം അറിയാന്‍ സഹായിക്കുന്നത്. അത് വിഷമം പിടിച്ച ഒന്നല്ല. ഒരുപാട് പ്രയാസങ്ങള്‍ വേണ്ട അത് നേടാന്‍. ക്രമമായ ഭക്ഷണം, വിനോദം, കര്‍മ്മവ്യാപാരം, ഉറക്കം, ഉണരല്‍ - എല്ലാറ്റിലും ക്രമത്തെ പിന്തുടരുന്നവര്‍ക്ക് യോഗഫലമായി ദുഃഖനിവൃത്തിയുണ്ടാകും. ഗതകാല സങ്കല്പങ്ങളോ ഭാവികാല ആശങ്കകളോ ഇല്ലാതെ അങ്ങേയറ്റത്തെ ജാഗ്രതയാണ് ധ്യാനം. ഒരു ഉള്‍വലിയല്‍, ഊര്‍ജസമാഹരണം ആണ് ധ്യാനം. ധ്യാനത്തില്‍ നിന്ന് ഉറക്കത്തിലേക്കല്ല, കര്‍മ്മത്തിലേക്കാണ് വരിക. പൂര്‍ണമായി വര്‍ത്തമാനത്തില്‍ വര്‍ത്തിക്കലാണ് അത്.

എല്ല‍ാം നമ്മള്‍ കാണും കേള്‍ക്കും. ആ ഇന്ദ്രിയങ്ങള്‍ വേറെയാണ്. കാതിന്റെ കാതും കണ്ണിന്റെ കണ്ണും ഒക്കെയായി നിലകൊള്ളുന്ന പ്രാണനാണ് അത്. സ്വപ്നം കാണുന്ന കണ്ണും സ്വപ്നത്തില്‍ കേള്‍ക്കുന്ന കാതും ഏതാണെന്ന് ആലോചിക്കുക. ധ്യാനത്തില്‍ സൂക്ഷ്മേന്ദ്രിയങ്ങള്‍ പ്രവര്‍ത്തനനിരതമാകും. ചിന്തകള്‍ ഏത്, എപ്പോള്‍, എങ്ങനെ വരുമെന്ന് പറയാനാകില്ല, അവ വരും. പക്ഷേ, അവയ്ക്കു പിറകേ പോകരുത്. ആത്മാവുകൊണ്ട് ആത്മാവിനെ കാണുന്നവന്‍, തന്നില്‍ തന്നെ സന്തോഷിക്കുന്നവന്‍ ആണ് യോഗി.

വൃക്ഷത്തെ കാണുമ്പോള്‍ ജാതി തിരിച്ചാണ് (മാവ്, തെങ്ങ്, കവുങ്ങ് എന്നിങ്ങനെ) കാഴ്ചയെങ്കില്‍ സത്യം മനസ്സിലാകുന്നില്ല. അവര്‍ണനീയമായ തലങ്ങളിലേക്ക് ദൃശ്യത്തേയും ശബ്ദത്തേയുമൊക്കെ കൊണ്ടുപോകുന്നതാണ് ധ്യാനം. മനനം ചെയ്യാന്‍ പറ്റുന്നതിലും അപ്പുറത്താണത്. വിശ്വം മുഴുവന്‍ ഒരു നടനമാണ്. നൃത്തത്തില്‍ നടനവും നര്‍ത്തകനും രണ്ടല്ല. അതുമായി ഇഴുകിച്ചേരണം. ആ ഭാവത്തില്‍ ഭൂമിയുടേയും നക്ഷത്രങ്ങളുടേയും സംഗീതം വരെ കേള്‍ക്ക‍ാം.

ന‍ാം ജനലിലൂടെ പുറത്തുനോക്കുമ്പോള്‍ പുതിയതൊന്നുമില്ലെന്ന് തോന്നുന്നുവെങ്കില്‍ ന‍ാം ഒന്നും കാണുന്നില്ല. ഇപ്പോള്‍ കച്ചവടക്കണ്ണുകൊണ്ട് എല്ല‍ാം വില നിശ്ചയിച്ചാണ് കാണുന്നത്. പഴയതൊക്കെ നിലനില്‍ക്കെ കാഴ്ചപ്പാടില്‍ ഒരു മാറ്റമാണ് ധ്യാനമുണ്ടാക്കുന്നത്. ഉന്നതമായ ഒരു തലത്തിലേക്കുള്ള ഉയര്‍ച്ച. നിയന്ത്രിതമാര്‍ന്ന, ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത, ഒരൊത്തുതീര്‍പ്പിനുമില്ലാത്ത മനസ്സ് മറ്റൊന്നിലും ആശ്രയിക്കാതെ തന്നില്‍തന്നെ നില്‍ക്കുമ്പോള്‍ എല്ലാ ആഗ്രഹങ്ങളും വിട്ടുപോകും.

പുറത്തേക്കല്ല ധ്യാനം വേണ്ടത്. ഇപ്പോള്‍ എന്തു പറഞ്ഞാലും ഭഗവാനേ എന്നു പറഞ്ഞ് പുറത്തേക്ക് ധ്യാനിക്കും. ഉള്ളിലേക്കൊഴിച്ച് മറ്റെല്ലായിടത്തും ന‍ാം നോക്കും. ഉള്ളിലാണ് ഭഗവാന്‍. താന്‍ തന്നെയാണ് ലക്ഷ്യമാകേണ്ടത്. അമൃതത്വം ആഗ്രഹിക്കുന്നവന്‍ എല്ലാറ്റിന്റേയും ആധാരമറിയാന്‍ ഉള്ളിലേക്ക് തിരിയും.